UPDATES

മുഖ്യമന്ത്രിയെ ഞങ്ങള്‍ വിശ്വസിക്കുന്നു, പക്ഷേ, ഉദ്യോഗസ്ഥരെ കണ്ണടച്ച് ഏല്‍പ്പിക്കരുത്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയായ ശേഷം അവര്‍ക്കായി ചില നല്ലകാര്യങ്ങള്‍ ചെയ്തിട്ടുമുള്ള പിണറായി വിജയന്‍ ഇപ്പോഴത്തെ മന്ത്രിസഭ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ മുന്‍കൈ എടുക്കണം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്ത പുതിയ തീരുമാനങ്ങളെ സ്വാഗതം ചെയ്യുകയാണ് കാസറഗോഡെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാരും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകരും. സര്‍ക്കാരിന്റെ ഇടപെടല്‍ സ്വാഗതം ചെയ്യുന്നതിനൊപ്പം തന്നെ വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങരുത് എന്നു ശക്തമായി ആവശ്യപ്പെടുകയാണ് ഇവര്‍. മുന്‍ അനുഭവങ്ങളില്‍ നിന്നാണ് ഇത്തരമൊരു ഭയം തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു. ഉദ്യോഗസ്ഥന്മാരെ എല്ലാ ചുമതലകളും ഏല്‍പ്പിച്ച് സര്‍ക്കാര്‍ മാറിനില്‍ക്കുകയാണെങ്കില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ എത്രകണ്ട് നടപ്പില്‍ വരുമെന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇവര്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയായ ശേഷം അവര്‍ക്കായി ചില നല്ലകാര്യങ്ങള്‍ ചെയ്തിട്ടുമുള്ള പിണറായി വിജയന്‍ ഇപ്പോഴത്തെ മന്ത്രിസഭ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ മുന്‍കൈ എടുക്കണമെന്നും തങ്ങളോട് സംസാരിക്കാന്‍ തയ്യാറാകണമെന്നും ദുരിതബാധിതരുടെ പ്രതിനിധികള്‍ അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയോഗത്തില്‍ പ്രധാനമായും എടുത്ത തീരുമാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കും, പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കും, മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും, മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിനായി കാസറഗോഡെ ഏഴ് പഞ്ചായത്തുകളിലായി പ്രവര്‍ത്തിച്ചു വരുന്ന ബഡ്‌സ് സ്‌കൂളുകളുടെയും മൂന്നു പഞ്ചായത്തുകളില്‍ നിര്‍മാണത്തില്‍ ഇരിക്കുന്നതുമായ ബഡ്‌സ് സ്‌കൂളുകളുടെയും ചുമതല സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലും പാലക്കാട് തെങ്കര കശുമാവിന്‍തോട്ടത്തിലും സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി നശിപ്പിക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാര്‍ അനുവദിക്കും, ദുരിതബാധിതര്‍ക്കു വേണ്ടി പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നതിന് ഉടന്‍ ഭരണാനുമതി നല്‍കും. കമ്പനികളുടെ സാമൂഹ്യഉത്തരവാദിത്ത ഫണ്ട് ഇതിന് പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കും, കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന എന്‍ഡോസള്‍ഫാന്‍ സഹായപദ്ധതികളും പുനരധിവാസ പദ്ധതികളും അവലോകനം ചെയ്യുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കും എന്നിവയാണ്.

ഇനി ശീലാബതി ഇല്ല; എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ നേര്‍ചിത്രമായി

എന്നാല്‍ ഈ തീരുമാനങ്ങളില്‍ ഒന്നുപോലും പുതിയതായി എടുത്തവയല്ലെന്നും കാലങ്ങളായി തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നവയാണെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞിക്കൃഷന്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയൊന്നും ഇതുവരെ നടപ്പാക്കാതിരുന്നതിനെതിരെ ആയിരുന്നു വയ്യാത്ത കുഞ്ഞുങ്ങളുമായി അമ്മമാര്‍ അടക്കം തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിലും മറ്റുമായി സമരം ചെയ്തത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവങ്ങളും ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ വീഴ്ചകളുമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇക്കാലമത്രയായിട്ടും അനുഭവിച്ചു പോരുന്ന ദുരിതങ്ങള്‍ക്ക് കാരണം. ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ ഞങ്ങള്‍ വളരെക്കാലമായി ആവിശ്യപ്പെടുന്നവയാണെങ്കില്‍ പോലും ഇനിയെങ്കിലും അത് നടപ്പിലാക്കി കിട്ടിയാല്‍ അത് പാവപ്പെട്ട രോഗികളോടും അവരുടെ കുടുംബങ്ങളോടും ചെയ്യുന്ന കാരുണ്യമായിരിക്കുമെന്നും അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കുന്നു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ എന്ന അധിക ബാധ്യത

ശക്തമായ സമരവുമായി തങ്ങള്‍ വീണ്ടും തെരുവിലേക്കിറങ്ങാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അത്തരമൊരു സമരം ഒഴിവാക്കാനായിരിക്കാം സര്‍ക്കാര്‍ ഇപ്പോള്‍ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. അതെന്തായാലും ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. അതുകൊണ്ട് തത്കാലം സമരം എന്ന തീരുമാനം മാറ്റിവയ്ക്കാം എന്നാണ് പൊതുവായി ഉയര്‍ന്ന വികാരം. പക്ഷേ, ഞങ്ങളുടെ ആവശ്യങ്ങളുടെ ഗൗരവം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ജനങ്ങളെ കാണുന്നുണ്ട്. അതിനൊപ്പം തന്നെ പറയുന്ന മറ്റൊരു കാര്യം, ഇപ്പോഴത്തെ മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ സമയബന്ധിതമായി തന്നെ നടപ്പാക്കപ്പെടുന്നില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങാന്‍ തന്നെയാണ് അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ മനസിലാക്കണം; എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ പറയുന്നു.

ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ചോദിക്കുന്ന ആ അമ്മമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്

അതേസമയം സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ തങ്ങള്‍ പ്രധാനമായും ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളെ കുറിച്ച് മിണ്ടിയിട്ടില്ലെന്ന പരാതിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉയര്‍ത്തുന്നുണ്ട്. അതില്‍ മുഖ്യമായത് 2017 ഏപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തിയ 1905 പേരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നതാണ്. എന്നാല്‍ ഇതേവരെ ഇത്രയും പേരെ രോഗബാധിതരായി കണ്ടെത്തിയ വിവരം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ സെല്ലിലെ ഡപ്യൂട്ടി കളക്ടര്‍ തന്നെയാണ് ഇത്രയും പേരെ രോഗബാധിതരായി കണ്ടെത്തിയിട്ടുണ്ടെന്ന കണക്ക് പുറത്തു പറഞ്ഞത്. എന്നാല്‍ ഈ കണക്ക് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 1905 പേരെ കണ്ടെത്തിയിടത്ത് ഇപ്പോള്‍ പറയുന്നത് മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയവര്‍ 250 ന് അടുത്ത് മാത്രമേ വരൂ എന്നാണ്. ഇതു തന്നെയാണ് അട്ടമറിയെന്നു പറയാന്‍ കാരണമെന്നും ആരോപണമുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വ്യാപകമായി കാസറഗോഡ് ഇപ്പോഴും ഉണ്ടെന്ന വാസ്തവം മൂടിവയ്ക്കാന്‍ ഭരണകൂടം നടത്തുന്ന കളിയാണിതെന്നും പറയുന്നു.

ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

അതുപോലെ തന്നെ, ഡിവൈഎഫ്‌ഐ സുപ്രിം കോടതിയില്‍ നിന്നും സമ്പാദിച്ച ഉത്തരവ് പ്രകാരം ദുരിതബാധിതരായ എല്ലാവര്‍ക്കും അഞ്ചുലക്ഷം രൂപ വീതം നല്‍കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ ഉത്തരവ് ഇപ്പോഴും കോടതി നിര്‍ദേശിച്ചപോലെ നടപ്പിലാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന പരാതി പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ പിന്‍വലിഞ്ഞ് നില്‍ക്കുന്നത്. സംസ്ഥാനത്തിനോടാണ് തുക ആദ്യം വിതരണം ചെയ്യാനും അതിനുശേഷം ചെലവഴിച്ച തുക കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും ഈടാക്കാനും കോടതി പറഞ്ഞിരിക്കുന്നത്. ദുരിതബാാധിതരായ എല്ലാവര്‍ക്കും അര്‍ഹമായ അവകാശങ്ങള്‍ കിട്ടണം. ആരും ഒഴിവാക്കപ്പെടരുത്. ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നതും ദുഃഖകരമാണ്. ഈവക കാര്യങ്ങളില്‍ കൂടി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് തീരുമാനങ്ങള്‍ ഉണ്ടാക്കണം എന്നു കൂടി തങ്ങള്‍ ഈയവസരത്തില്‍ ഓര്‍മിപ്പിക്കുകയാണെന്നും സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയാണെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകരും കാസറഗോഡെ അമ്മമാരും പറയുന്നു.

(റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചത്)

ഡിവൈഎഫ്ഐ അറിഞ്ഞോ? നിങ്ങള്‍ നേടിയെടുത്ത ചരിത്രവിധിയില്‍ സുപ്രീംകോടതി കേരള സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍