TopTop
Begin typing your search above and press return to search.

കോളേജുകളല്ല, ഗുണമേന്മയുള്ള വിദ്യാഭ്യാസവും അധ്യാപകരുമാണ് വേണ്ടത്

കോളേജുകളല്ല, ഗുണമേന്മയുള്ള വിദ്യാഭ്യാസവും അധ്യാപകരുമാണ് വേണ്ടത്

ദീപു നടരാജന്‍

എന്‍റെ കമ്പനിയുടെ ആവശ്യത്തിനായി മൂന്ന് വര്‍ഷം മുന്‍പ് ഒരു ഇന്റര്‍വ്യൂ നടന്നിരുന്നു. കംപ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്.സി ബിരുദമോ നെറ്റ്വര്‍ക്കിംഗ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സോ കഴിഞ്ഞ ആര്‍ക്കും ചെയ്യാവുന്ന ജോലിയിലേക്കാണ് ഇന്റര്‍വ്യൂ നടത്തിയത്. കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദമെടുത്ത ഒരു ഉദ്യോഗാര്‍ത്ഥി ഇന്റര്‍വ്യൂവിന് വന്നു. അദ്ദേഹത്തിന്റെ റെസ്യൂം പരിശോധിച്ച ശേഷം ഞാന്‍ പറഞ്ഞു, ഇത് ഒരു ചെറിയ പോസ്റ്റ് ആണ്; ഒരുപക്ഷേ കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ഒക്കെ കഴിഞ്ഞ ഒരു വ്യക്തിക്ക് ചെയ്യാന്‍ പറ്റുന്നതിനേക്കാള്‍ എത്രയോ ചെറിയ പോസ്റ്റ് കൂടിയാണിത്. അതുകൊണ്ട് വേണോ എന്ന് ആലോചിച്ച് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു.

എനിക്ക് കുഴപ്പമില്ല. ജോലി അല്ല പകരം എക്‌സ്പീരിയന്‍സ് ആണ് ഞാന്‍ നോക്കുന്നത് എന്നായിരുന്നു ആ ഉദ്യോഗാര്‍ത്ഥിയുടെ മറുപടി. എങ്കില്‍ ശരി ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു. ഞാന്‍ സോഫ്റ്റ്‌വെയര്‍ മേഖലയിലാണ് കൂടുതല്‍ ശ്രദ്ധിച്ചിരിക്കുന്നത്, അതുകൊണ്ട് നെറ്റ്വര്‍ക്കിംഗ് ജോലികള്‍ കാര്യമായി എനിക്കത്ര പിടിയില്ല എന്ന് കുറച്ച് സമയമെടുത്ത് അദ്ദേഹം എന്നോട് പറഞ്ഞു. ശരി നെറ്റ്വര്‍ക്കിംഗ് വേണ്ട പകരം ഹാര്‍ഡ്‌വെയര്‍ സംബന്ധമായ കാര്യങ്ങള്‍ അറിയാതിരിക്കില്ലല്ലോ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ഇല്ല, എനിക്ക് അതും വലിയ പിടിയുള്ള കാര്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു ബിടെക് ബിരുദധാരിയാണ് ഇത് പറയുന്നത് എന്നോര്‍ക്കണം.

അഞ്ച് മിനുട്ടോളം സംസാരിച്ചപ്പോള്‍ ആ ചെറുപ്പക്കാരനെ ഓര്‍ത്ത് എനിക്ക് വലിയ നിരാശ തോന്നി. ഒടുവില്‍ നിരാശയോടെ ഞാന്‍ അയാളോട് അതൊക്കെ വിട്ടേക്ക്. ഞാനിപ്പോള്‍ ഒരു കംപ്യൂട്ടര്‍ സിപിയു അഴിച്ച് തന്നാല്‍ അതിനകത്ത് ഇരിക്കുന്ന ഭാഗങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കി പറയാമോ എന്ന് ചോദിച്ചു.

അയാളുടെ ഉത്തരം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. തന്റെ നാല് വര്‍ഷത്തെ ബിടെക് പഠനത്തിന്റെ ഇടയില്‍ ഇന്നുവരെ അദ്ദേഹം ഒരു കംപ്യൂട്ടര്‍ പോലും തുറന്നു നോക്കിയിട്ടില്ല. അത് മാത്രമല്ല ഇതില്‍ ഏതേത് ഭാഗങ്ങളാണ് ഉള്ളതെന്ന് ചിത്രത്തില്‍ കണ്ടതല്ലാതെ അതൊന്ന് തുറന്നു നോക്കി കണ്ടിട്ടേയില്ല.

അദ്ദേഹം പഠിച്ച കോഴ്‌സ് ഏതെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി ഉറപ്പിക്കുവാന്‍ ചോദിച്ചു.

ബിടെക് കംപ്യൂട്ടര്‍ സയന്‍സ്.എത്രത്തോളം നിലവാരം കുറഞ്ഞ വിദ്യാഭ്യാസ രീതികളാണ് നമ്മുടെ എഞ്ചിനീയറിംഗ് പഠന മേഖലയില്‍ നമുക്കിപ്പോള്‍ ഉള്ളതെന്ന് മനസ്സിലാകാന്‍ ഈ ഉദാഹരണം തന്നെ ധാരാളമല്ലേ.

ഞാനൊക്കെ പഠിക്കുന്ന സമയത്ത് പതിനായിരത്തില്‍ താഴെ സീറ്റുകള്‍ മാത്രമേ എന്‍ജിനീയറിംഗ് രംഗത്ത് ഉണ്ടായിരുന്നുള്ളൂ. അന്ന് എഞ്ചിനീയറിംഗ് സീറ്റ് കിട്ടാതെ കുട്ടികള്‍ മൂന്ന് വര്‍ഷത്തെ ഡിഗ്രീ കോളേജുകളില്‍ പോകുന്നത് പതിവായിരുന്നു. പക്ഷേ ആ കുട്ടികള്‍ക്കും 80 - 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കും ഉണ്ടായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം മാറി. ബിടെക് സീറ്റുകള്‍ കൂടിയതോടെ ആളുകള്‍ എഞ്ചിനീയറിംഗ് പഠന രംഗത്തേക്ക് കൂട്ടത്തോടെ വന്നു.

ഇനിയഥവാ സീറ്റ് കിട്ടിയാല്‍ തന്നെ പരീക്ഷകള്‍ വിജയിക്കുന്നത് അത്ര പ്രശ്‌നമുള്ള കാര്യമല്ല. എന്തെങ്കിലുമൊരു തരികിട കാണിച്ച് ജയിച്ച് കയറാവുന്നതേയുള്ളൂ. സര്‍ക്കാരിലോ ഉദ്യോഗസ്ഥ തലങ്ങളിലോ കുറച്ചുകൂടി സ്വാധീനം ഉണ്ടെങ്കില്‍ ഏതെങ്കിലുമൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളിള്‍ ജോലിയും കിട്ടും. കാരണം ബിടെക് കഴിഞ്ഞ സര്‍ട്ടിഫിക്കറ്റ് മാത്രം മതി ജോലി കിട്ടാന്‍. സര്‍ക്കാര്‍ ജോലിക്കാരായി ഇത്തരത്തില്‍ പലരും ഇപ്പോഴും ജോലി ചെയ്യുന്നുമുണ്ട്. കുറച്ചുകൂടി സ്വാധീനം ഉണ്ടെങ്കില്‍ സ്വതന്ത്ര ചുമതലയുള്ള ഏതെങ്കിലും നല്ല പോസ്റ്റില്‍ തന്നെ ഇവര്‍ക്ക് കയറിപ്പറ്റാനും സാധിക്കും. ഒരു നിലവാരവുമില്ലാത്ത ഇത്തരക്കാര്‍ ഇപ്പോള്‍ത്തന്നെ ഇങ്ങനെ പല സര്‍ക്കാര്‍ ഓഫീസുകളിലും ജോലി ചെയ്യുന്നുണ്ട്.

നിലവില്‍ ബാങ്ക് കോച്ചിങ്ങിന് പോകുന്ന അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ബിടെക് കോഴ്‌സ് കഴിഞ്ഞവരാണ്. ബാങ്കിംഗ് മേഖലയും ബിടെക് എഞ്ചിനീയറിംഗ് മേഖലയും തമ്മില്‍ എന്താണ് ബന്ധം? അവിടെ ചെയ്യുന്ന ജോലിയും ഇവിടെ പഠിച്ചതും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഒരു തരത്തിലും ബന്ധമില്ല. എന്തെങ്കിലുമൊക്കെ ഒരു ജോലി ലഭിക്കണം എന്നെ ഇത്തരക്കാര്‍ക്കുള്ളൂ. ഇനി ബാങ്ക് കോച്ചിംഗ് കഴിയുന്നവരുടെ അവസ്ഥയോ? അവരില്‍ ഒട്ടുമിക്കവര്‍ക്കും അവിടെയും ജോലി കിട്ടുന്നില്ല.

സീറ്റുകളുടെ എണ്ണം തന്നെയാണ് ഇവിടെ പ്രധാന പ്രശ്‌നം. സീറ്റുകളുടെ എണ്ണം കൂടിയപ്പോള്‍ എങ്ങനെയെങ്കിലും അതില്‍ കുട്ടികളെ ചേര്‍ക്കണം എന്ന ഒരൊറ്റ ലക്ഷ്യമേ മാനേജ്‌മെന്റുകള്‍ക്ക് ഉണ്ടാകുകയുള്ളൂ. അപ്പോള്‍ സ്വാഭാവികമായും വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയും. അതിന് തടയിടാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ രീതിയില്‍ പ്രവേശനപരീക്ഷ നടത്തണം. എന്നിട്ട് വ്യക്തമായ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം അഡ്മിഷന്‍ നല്‍കണം. മറ്റൊന്നും ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ ഇത്തരത്തില്‍ അഡ്മിഷന്‍ നടത്തുകയാണെങ്കില്‍ നമ്മുടെ എഞ്ചിനീയറിംഗ് രംഗത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ശിഥിലമായ അവസ്ഥ ഇല്ലാതാക്കി വീണ്ടും പഴയ രീതിയില്‍ എത്തിക്കാന്‍ നമുക്ക് സാധിക്കും.അല്ലാതെ പുറത്തുപോയി പഠിക്കുന്ന വിദ്യാര്‍ത്ഥികളെ എങ്ങനെ കുറ്റം പറയാന്‍ സാധിക്കും? ഇപ്പോള്‍ത്തന്നെ നമ്മുടെ എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന കുട്ടികള്‍ ആരും കേരളത്തിലെ കോളേജുകളില്‍ പഠിക്കാറില്ല. പകരം അവര്‍ നിലവാരമുള്ള കോളേജുകളോ അല്ലെങ്കില്‍ ഐഐറ്റി കളോ എന്‍ഐറ്റികളോ തിരഞ്ഞെടുക്കുന്നു. അതിന്റെ കാരണം മാത്രം ആലോചിച്ചാല്‍ മതി നമ്മുടെ കോളേജുകളുടെ അവസ്ഥ മനസ്സിലാക്കാന്‍. നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇത്രയും തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ നന്നായി പഠിക്കുന്ന കുട്ടികള്‍ പുറത്തുപോയി പഠിക്കും. പുറത്തുപോയി പഠിക്കുന്നവര്‍ എല്ലാവരും മിടുക്കന്മാരുമല്ല. ബീഹാറിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിച്ച കുട്ടികളെ ഇന്ത്യയില്‍ ഒരിടത്തും ഇന്റര്‍വ്യൂവിന് പോലും പരിഗണിക്കാറില്ല. കാരണം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ നിലവാരം എല്ലാവര്‍ക്കും കൃത്യമായി അറിയാം.

ഇപ്പോള്‍ത്തന്നെ എംജി യൂണിവേഴ്‌സിറ്റിക്കും കേരള യൂണിവേഴ്‌സിറ്റിക്കും ദേശീയ തലത്തില്‍ അത്ര വിലയൊന്നുമില്ല. ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ കാര്യങ്ങള്‍ ഇതിനേക്കാള്‍ പരിതാപകരമായ അവസ്ഥയിലേക്ക് പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒരൊറ്റ ചോദ്യമാണ് പ്രസക്തമായതെന്ന് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ ജനങ്ങളോ സര്‍ക്കാരോ ആവശ്യപ്പെട്ടിട്ട് തുടങ്ങിയതാണോ?

ഇതാണ് പ്രധാന ചോദ്യം.

നമ്മുടെ സംസ്ഥാനത്ത് തന്നെയുള്ള ചില എം.ബി.എ കോളേജുകള്‍ ശ്രദ്ധിച്ചാലറിയാം. അവിടെ വരുന്ന കുട്ടികള്‍ അത്രയധികം ഗുണമേന്മ ഒന്നും അവകാശപ്പെടാന്‍ പറ്റുന്ന കുട്ടികളല്ല. പക്ഷേ അവിടെ നല്‍കുന്ന നിലവാരമുള്ള വിദ്യാഭ്യാസം, കൃത്യമായ രീതികള്‍ വച്ചുകൊണ്ടുള്ള പഠനപ്രവര്‍ത്തനങ്ങള്‍. രണ്ട് വര്‍ഷം കഴിഞ്ഞ് അവര്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ നിലവാരമുള്ള കുട്ടികളായി അവര്‍ സമൂഹത്തിലേക്ക് ഇറങ്ങുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ വിദ്യാഭ്യാസരംഗത്തെ സൗകര്യങ്ങള്‍ വളരെ മികച്ചത് തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. സംസ്ഥാനത്തിന്റെ ഏത് മൂലയില്‍ ആയാലും അവിടെയൊക്കെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന ഗതാഗത സൗകര്യം നമ്മുടെ സംസ്ഥാനത്ത് ഉണ്ട്. ഇത്രയും ചെറിയ ഒരു സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങലാണുള്ളത്. താമസിക്കാനുള്ള സൗകര്യമുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നത് കേരളത്തിലാണ്. ഇതൊക്കെ ഒരുപക്ഷെ കേരളത്തിന്റെ മാത്രം സവിശേഷത ആയിരിക്കും. ഇതൊക്കെ ഉണ്ടായിട്ടും നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം മാത്രം വളരെ താഴ്ന്ന നിലയിലാണ് എന്നതാണ് അതിന്റെ തമാശ. അപ്പോള്‍ നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം കൂടി വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ മാനേജുമെന്റ് തയ്യാറായാല്‍ നിലവിലെ ചിത്രം തന്നെ മാറുമെന്ന കാര്യത്തില്‍ സംശയമില്ല. കൂട്ടത്തില്‍ സര്‍ക്കാരും മാനേജുമെന്റും ചേര്‍ന്ന് നിലവാരമുള്ള വിദ്യാഭ്യാസം മാത്രമേ നല്‍കൂ എന്നൊരു തീരുമാനം എടുത്താല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

കൊച്ചിന്‍ സര്‍വകലാശാലയില്‍ പഠിക്കാന്‍ വരുന്ന കുട്ടികളില്‍ പകുതിയില്‍ അധികവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. നമ്മള്‍ അങ്ങോട്ട് പോകുന്നതിനെ കുറിച്ച് മാത്രമാണല്ലോ സംസാരിക്കുന്നത്. ഇങ്ങനെയും സംഭവിക്കുന്നുണ്ട്. കാരണം മറ്റൊന്നുമല്ല അവിടെ ലഭിക്കുന്ന വളരെ നല്ല വിദ്യാഭ്യാസം തന്നെയാണ്. കുട്ടികള്‍, വര്‍ഷാവര്‍ഷം പഠിച്ചിറങ്ങുന്ന കുട്ടികളുടെ മാര്‍ക്കും വിജയശതമാനവും കൃത്യമായി പഠിക്കുകയും അത് വിലയിരുത്തി അഡ്മിഷന്‍ എടുക്കുകയും ചെയ്യുന്നുണ്ട്. അവിടെ നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നോക്കി തന്നെയാണ് കുട്ടികള്‍ അങ്ങോട്ട് വരുന്നത്. ഈ ഒഴുക്ക് എന്തുകൊണ്ട് മറ്റ് കോളേജുകളിലെക്ക് ഉണ്ടാകുന്നില്ല?ഒട്ടുമിക്ക ,മാനേജ്‌മെന്റ് സ്ഥാപനങ്ങളും ഗസ്റ്റ് അധ്യാപകരെ വച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. നിലവില്‍ ബിടെക് കഴിഞ്ഞവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാം എന്ന നിയമമാണ് ഉള്ളത്. ഇങ്ങനെ ഗസ്റ്റ് അധ്യാപകരായി ബിടെക് കഴിഞ്ഞ് വരുന്ന മിക്കവാറും പേരും ഇങ്ങനെതന്നെ വന്നവരാണ്. അതത് കോളേജുകളില്‍ തന്നെ ഇത്തരത്തില്‍ കോഴ്‌സ് കഴിഞ്ഞ് പഠിപ്പിക്കാന്‍ കയറുന്ന എത്രയോ പേരുണ്ട്. ഇതൊരു പ്രൊഫഷണല്‍ കോഴ്‌സാണ്. അപ്പോള്‍ അവിടെ നല്‍കുന്ന വിദ്യാഭ്യാസത്തിനും അതേ നിലവാരം തന്നെ വേണമെന്നത് നിര്‍ബന്ധമാണ്. പക്ഷേ എത്ര കോളേജുകളില്‍ ഇങ്ങനെയൊരു നിര്‍ബന്ധം വച്ചു പുലര്‍ത്തുന്നുണ്ട്?

പ്രൊഫഷണലി അര്‍ഹത നേടിയ ഒരാളാണെങ്കില്‍ അയാള്‍ പഠിപ്പിക്കാന്‍ പോകില്ല പകരം പഠിച്ചതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്ത് ഇന്‍ഡസ്ട്രിയിലേക്ക് ഇറങ്ങും എന്ന് അഭിപ്രായമുള്ള ആളാണ് ഞാന്‍. എല്ലാവരുടെയും കാര്യം ഇതാണ് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ മിക്കവാറും ഇങ്ങനെയാണ് എന്നാണ് ഞാന്‍ പറഞ്ഞത്. തമാശ അതല്ല. ഇങ്ങനെ ഗസ്റ്റ് അധ്യാപകരുടെ തസ്തികയില്‍ നിയമിക്കാനും മാനേജുമെന്റുകള്‍ പൈസ വാങ്ങുന്നുണ്ട് എന്നതാണ്.

സി.ബി.എസ്.സിയില്‍ ഒക്കെ ഉള്ളതുപോലെ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനും കൃത്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കണം. ഗസ്റ്റ് അധ്യാപകര്‍ ആകണമെങ്കില്‍ സര്‍ക്കാര്‍ യോഗ്യത പരീക്ഷ വയ്ക്കട്ടെ. കുറഞ്ഞത് ആ പരീക്ഷ പാസായി വരുന്നവര്‍ക്ക് മാത്രമേ അധ്യാപകരായി ഇരിക്കാന്‍ പാടുള്ളൂ എന്നൊരു നിയമം ഉണ്ടാക്കണം. അങ്ങനെയാകുമ്പോള്‍ അര്‍ഹതയുള്ളവരെ മാത്രം നമുക്ക് കോളേജുകളില്‍ എത്തിക്കാന്‍ സാധിക്കും. പി.എസ്.സി പോലെയുള്ള ശക്തമായ സ്ഥാപനങ്ങള്‍ ഉള്ള സംസ്ഥാനത്ത് ഇങ്ങനെയൊരു ടെസ്റ്റ് നടത്തുക എന്നത് സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമേ അല്ല. അങ്ങനെ ചെയ്താല്‍ തന്നെ നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം നമുക്ക് വര്‍ധിപ്പിക്കാന്‍ പറ്റും.

തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങളില്‍ എഞ്ചിനീയറിംഗ് പഠനം അണ്ണാ യൂണിവേഴ്‌സിറ്റിയുടെ കീഴിലേക്ക് കേന്ദ്രീകരിച്ചിട്ടുണ്ട്. അവിടെ അണ്ണാ യൂണിവേഴ്‌സിറ്റി കാര്യങ്ങള്‍ കൃത്യമായി പിന്തുടരുകയും എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമുക്കും എന്തുകൊണ്ട് അങ്ങനെ കൂടി ആലോചിച്ചുകൂടാ?

സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം യാതൊരു കാരണവശാലും പിന്‍വലിക്കാന്‍ പാടില്ല എന്ന് തന്നെയാണ് അഭിപ്രായം. കാരണം ഇങ്ങനെ കര്‍ശനമായ ഒരു നിയമം വന്നാല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയില്ലെന്നു മാത്രമല്ല കൂടുകയേ ഉള്ളൂ. മാനേജ്‌മെന്റുകളുടെ സമ്മര്‍ദം വകവയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകണം. എങ്കില്‍ മാത്രമേ ശോചനീയമായ അവസ്ഥയില്‍ നില്‍ക്കുന്ന നമ്മുടെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയെ രക്ഷിച്ചെടുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

(ബെട്രോണ്‍സ് ഇന്‍ഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി സ്ഥാപനത്തിന്‍റെ ഡയറക്ടരായ ദീപു നടരാജനുമായി അഴിമുഖം പ്രതിനിധി ഉണ്ണികൃഷ്ണന്‍ കാസ്റ്റ് ലെസ്സ് തയ്യാറാക്കിയ റിപ്പോര്‍ട്ട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories