TopTop
Begin typing your search above and press return to search.

തിയറി മാത്രം പഠിപ്പിച്ചാല്‍ നല്ല എഞ്ചിനീയര്‍മാര്‍ ഉണ്ടാകില്ല; പൂനയില്‍ നിന്ന് ഒരു വിജയഗാഥ

തിയറി മാത്രം പഠിപ്പിച്ചാല്‍ നല്ല എഞ്ചിനീയര്‍മാര്‍ ഉണ്ടാകില്ല; പൂനയില്‍ നിന്ന് ഒരു വിജയഗാഥ

സതീഷ് കുഞ്ഞപ്പൻ

എഞ്ചിനിയറിങ് നിലവാര തകർച്ചയെക്കുറിച്ചു അഴിമുഖം തുടങ്ങി വച്ച ചർച്ച കൂടുതൽ പേർ ഏറ്റെടുക്കുന്നു. പൂനെയിൽ ഇതേ അവസ്ഥ നേരിട്ട കോളേജിൽ അധ്യാപകരും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി നിന്നു വിജയം രചിച്ച കഥ. ഈ വിഷയത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക; കോളേജുകളല്ല, ഗുണമേന്മയുള്ള വിദ്യാഭ്യാസവും അധ്യാപകരുമാണ് വേണ്ടത്


ഒരു വർക്ക് ഷോപ് നടക്കുന്ന സമയത്ത് ലാപ് ടോപ്പിൽ പ്രൊജക്ടർ കണക്ട് ചെയ്യാൻ അറിയാത്തതിനാൽ ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ (സിസ്റ്റം അഡ്മിനിസ്ട്രേഷൻ) വന്നു സഹായത്തിനു വിളിച്ച രണ്ടാം വർഷ എഞ്ചിനീറിങ് വിദ്യാർത്ഥിയെ കണ്ട് ഞാൻ മൂക്കത്തു വിരൽ വെച്ചു പോയിട്ടുണ്ട്. എഞ്ചിനീറിങ് ആയാലും ടെക്നോളജി ആയാലും ബേസിക് ഹാർഡ്‌വേർ & നെറ്റ് വർക്കിങ് എന്നത് പ്രൊഫെഷണൽ വിദ്യാഭ്യാസത്തിന്റെ ഒരു അവിഭാജ്യ ഘടകം തന്നെയാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം & അഡ്മിനിസ്ട്രേഷൻ, ഓപ്പറേറ്റിംഗ് സിസ്റ്റം ഡിസൈൻ, കംപ്യൂട്ടർ നെറ്റ് വർക്ക്‌, നെറ്റ് വർക്ക് ഡിസൈൻ & മോഡലിങ്, വയർലെസ്സ് നെറ്റ് വർക്ക് തുടങ്ങിയവയായിരിക്കും മുകളിൽ പറഞ്ഞ ഹാർഡ്‌വേർ & നെറ്റ് വർക്കിങ് വിഷയത്തിലെ സിലബസിൽ ഉണ്ടാവുക. വിൻഡോസ്, ലിനക്സ് എന്നീ രണ്ടു പ്ലാറ്റ് ഫോമിൽ പ്രാക്ടിക്കൽ ഉൾപ്പെടെ പ്രോജെക്ട് വര്‍ക്ക് കൂടി വിദ്യാർത്ഥികൾക്ക് ഉണ്ടാകും.

പക്ഷേ, ഇതെല്ലാം പഠിച്ച്‌ പ്രോജെക്ട് വര്‍ക്ക് ഉൾപ്പെടെ ചെയ്ത് ഒരു വിധം നല്ല മാർക്കോടെ പാസ്സായി പുറത്തു വരുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷം പേർക്കും ഓപ്പറേറ്റിംഗ് സിസ്റ്റം ബൂട്ടിങ് പ്രോസസ്സ് എന്താണെന്നോ, അഡ്മിനിസ്ട്രേഷൻ എന്തെന്നോ അറിയില്ല. ബേസിക് ലിനക്സ് കമാൻഡ് പോട്ടെ വിൻഡോസിൽ പുതിയ പാർട്ടീഷൻ എങ്ങനെ ഉണ്ടാക്കണം എന്നു പോലും അറിയാത്ത, സ്വന്തം ലാപ് ടോപ്പിൽ ഡ്യുവൽ OS ഇൻസ്റ്റാൾ ചെയ്യാനോ, സ്വന്തമായി ഒരു വയര്‍ലെസ്സ് റൌട്ടര്‍ കോൺഫിഗർ ചെയ്യാനോ അറിയാത്ത എഞ്ചിനീയർമാർ. ഞാൻ ജോലി ചെയ്യുന്ന കോളേജിലെ രണ്ടു വർഷം മുൻപത്തെ അനുഭവമാണ് ആദ്യം വിവരിച്ചത്.വിദ്യാർത്ഥികളുടെ ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം, എഞ്ചിനീറിങ് പഠനത്തോടൊപ്പം തന്നെ സിസ്റ്റം അഡ്മിനിസ്ട്രേഷൻ ഫീൽഡിൽ വിദ്യാർത്ഥികൾക്ക് എങ്ങനെ ഹാൻഡ്‌സ് ഓൺ പ്രാക്റ്റീസ് നൽകാം എന്ന ചിന്തയാണ് 2 വർഷങ്ങൾക്ക് മുൻപ് ഞങ്ങളെ ഒരു പ്രോജെക്ട് ലാബ് എന്ന കൺസെപ്റ്റിലേക്ക് നയിച്ചത്. ആദ്യം ഔട്ട് ഡേറ്റഡ് ആയ കംപ്യൂട്ടേഴ്സ് എല്ലാം ഒരു സ്റ്റോർ ഉണ്ടാക്കി അതിൽ സൂക്ഷിച്ചു. അവിടെ ഒരു മെറ്റീരിയൽ ഇൻ ആൻഡ് ഔട്ട് റെജിസ്റ്റർ വെച്ചു. പിന്നെ ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തു തന്നെ ഒരു പ്രോജെക്ട് ലാബ് തയ്യാറാക്കി. പഴയതും പിന്നെ പുതിയതും ഉൾപ്പെടെ ഇരുപതോളം കംപ്യൂട്ടറുകൾ, ഒരു ലാപ് ടോപ്, നെറ്റ് വർക് സ്വിച്ച്, റൂട്ടർ പിന്നെ കേടായ കുറെ മദർ ബോർഡ്, SMPS, ഹാർഡ് ഡിസ്ക് അങ്ങനെ കുറെ കോംപോണേന്റ്സ് ലാബിൽ വെച്ചു. കൂടുതൽ മെറ്റീരിയൽസ് ആവശ്യമുള്ളപ്പോൾ സ്റ്റോറിൽ നിന്നും എടുക്കും.

പ്രോജെക്ട് ലാബിൽ വിദ്യാർത്ഥികൾക്ക് വന്ന് R & D ചെയ്യാം. ലാബിൽ കയറുന്നതിനായി രജിസ്റ്റർ വെച്ചു. രജിസ്റ്ററിൽ പേരും, ബാച്ച് നമ്പറും, ഇൻ ടൈമും എഴുതി ലാബിൽ കയറാം. രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് സമയം. കൂടുതൽ സമയം വേണമെങ്കിൽ രേഖാമൂലം HoD യുടെ പെർമിഷനോടെ രാത്രി 10 മണി വരെ ലാബിൽ ഇരിക്കാം. കൂട്ടത്തിൽ ഞങ്ങളുടെ സഹായവും ഉണ്ടാവും. സിസ്റ്റം അസ്സെംബ്ളിങ്, OS ഇൻസ്റ്റലേഷൻ, വിൻഡോസ് & ലിനക്സ് അഡ്മിനിസ്ട്രേഷൻ, ട്രബൾ ഷൂട്ടിങ്, കേബിളിങ്, നെറ്റ് വർക്കിങ് തുടങ്ങി ഒരു സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്ക് അറിഞ്ഞിരിക്കേണ്ടതെല്ലാം പ്രോജെക്ട് ലാബിൽ ഞങ്ങളുടെ സഹായത്തോടെ വിദ്യാർത്ഥികൾ ചെയ്യാൻ തുടങ്ങി.6 മാസങ്ങൾ കൊണ്ടു ഫലം കണ്ടു തുടങ്ങി. ഈ വിദ്യാർത്ഥികളിൽ നിന്നും LAN കമ്മിറ്റി, Wi-Fi കമ്മിറ്റി എന്നീ പേരിൽ രണ്ടു ടീമിനെ ഉണ്ടാക്കി. കുട്ടികളുടെ ഹോസ്റ്റലിലെ നെറ്റ് വർക്ക് പ്രശ്നങ്ങൾ, ജൂനിയർ കുട്ടികളുടെ ലാപ് ടോപ് പ്രശ്നങ്ങൾ എന്നിവ ഈ കമ്മിറ്റി സോൾവ് ചെയ്ത് തുടങ്ങി. ക്യാമ്പസ് വൈ-ഫൈ ചെയ്തു. ഇനി അടുത്ത ഘട്ടത്തിൽ വെളിയിൽ നിന്നും പ്രോജെക്ട് എടുത്തു ചെയ്യാനാണ് തീരുമാനം. പ്ലേസ്‌മെന്റ് സമയത്തു് ഈ കുട്ടികൾ എല്ലാം തന്നെ നല്ല പോലെ പെർഫോം ചെയ്യുകയും ചെയ്തു.

സിലബസിൽ നോക്കി തിയറി മാത്രം പഠിപ്പിച്ചത് കൊണ്ടോ പഠിച്ചത് കൊണ്ടോ കാര്യമില്ല. ഇങ്ങനെയുള്ള ചില ഹാൻഡ്‌സ് ഓൺ പ്രാക്റ്റീസ് കൂടി കൊടുത്താൽ നല്ല എഞ്ചിനീയറിങ് പ്രൊഫഷണലുകളെ വാർത്തെടുക്കാൻ പറ്റും. ആർക്കും ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ് ഞങ്ങളുടെ ഈ പ്രോജെക്ട് ലാബ് എന്ന ചെറിയ കൺസെപ്റ്റ്.

(പുണെയിൽ ഇന്റർനാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജിയിൽ കംപ്യൂട്ടർ ഡിപ്പാർട്മെന്റിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories