UPDATES

ദളിത്‌ കുട്ടികളെ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചാല്‍ തീവ്രവാദമാകുമോ? എന്നാണ് പാലക്കാട്ടെ സവര്‍ണ മാടമ്പികള്‍ പറയുന്നത്

2016ൽ പ്ലാനിങ്ങ് ബോർഡ് ചെയർമാന്റെ മുന്നിൽ ഈ വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചിരുന്നു. പ്ലാനിങ്ങ് ബോർഡ് ചെയർമാർ ഹരിലാൽ ഈ പദ്ധതിയെ പ്രത്യേകം പ്രശംസിച്ചിട്ടുമുണ്ട്.

നൂറു ശതമാനം സാക്ഷരര്‍ എന്ന പേരിൽ അഹങ്കരിക്കുന്ന നാടാണ് കേരളം. എന്നാൽ വിദ്യാഭ്യാസം നേടാന്‍ തുല്യാവകാശം എല്ലാർക്കുമുണ്ടെന്ന് മേനി ന‌ടിക്കുന്ന നമ്മുടെ ഇടയിൽ അതിനുള്ള സാധ്യതകൾക്ക് എത്രത്തോളം തുല്യതയുണ്ട്? ദലിതര്‍ എന്തിനാണ് പഠിക്കുന്നത് എന്ന
സവർണ മനോഭാവം അന്തർലീനമായി മാത്രമല്ല, പ്രത്യക്ഷമായി പുറത്ത് കാണിക്കുകയും എതിർക്കുകയുമാണ് ആളുകൾ ചെയ്യുന്നതെന്നാണ് പാലക്കാടുള്ള കൊങ്ങപ്പാടം ദലിത് കോളനിയിലെ അവസ്ഥയറിമ്പോൾ മനസ്സിലാവുന്നത്.

കൊങ്ങപ്പാടത്തെ ദലിത് കോളനിയിലുള്ള മുപ്പത്തഞ്ചോളം ദലിത് കൂടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടിയാണ് തൊട്ടടുത്തുള്ള എഞ്ചിനീയറിങ്ങ് കോളേജിലെ മുൻവിദ്യാർഥിയായിരുന്ന സജിത്കുമാർ ഒരു പഠന സഹായ പദ്ധതിയുമായി മുന്നോട്ട് വന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ന‌ടത്തികൊണ്ടിരുന്ന പദ്ധതി, സിപിഎം ഭരിച്ചിരുന്ന ​വാർഡിൽ അവര്‍ തോൽവി നേരിട്ടതിനുള്ള കാരണമായി പറഞ്ഞ് മുടക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 1990ൽ എൻഎസ്എസ് എഞ്ചിനിയറിംഗ് കോളേജിൽ പഠിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കല്യാണത്തിനായാണ് സജിത് കുമാർ ആദ്യമായി ഈ കോളനിയിലെത്തുന്നത്. ആ സമയത്താണ് കഴിഞ്ഞ 70 വർഷത്തിനുള്ളിൽ അവിടെ നിന്ന് വെറും നാലോ അഞ്ചോ പേർ മാത്രമാണ് എസ്എസ്എൽസി പാസ്സായിട്ടുള്ളത് എന്നത് സജിത്ത് അറിയുന്നത്.

ആദ്യമായി കോളേജിൽ ചെന്നപ്പോൾ ഇത്ര അടുത്തായിട്ടു പോലും ആ ദലിത് കോളനിയിൽ നിന്നും ഇവിടെയാരും പഠിക്കാൻ വരുന്നില്ലല്ലോ എന്ന ചിന്ത വന്നിരുന്നു, അതിനെ കുറിച്ചന്വേഷിച്ചപ്പോഴാണ് അവി‌ടുത്തെ കുട്ടികൾ എസ്എസ്എല്‍സി പോലും പാസ്സാകാറില്ല, പിന്നെയാണൊ എഞ്ചിനീയറിങ് എന്ന തരത്തിലുള്ള ഉത്തരം കിട്ടിയത്, ഒരു ദലിതനായ എനിക്ക് ആ അവസ്ഥ പെട്ടെന്ന് മനസ്സിലാകുമായിരുന്നു.എന്നാൽ പഠിച്ച് കൊണ്ടിരുന്ന ഞാൻ എന്ത് ചെയ്യാനാണ്”, താൻ ഇത്തരത്തിലേക്കുള്ള പ്രവർത്തനത്തിൽ എത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് സജിത് പറയുന്നു.

കോഴിക്കോട്ടുകാരനായ സജിത് പഠന ശേഷം ജോലിക്കായി അവി‌ടം ഉപേക്ഷിച്ചു. പീന്നീട് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു പൂർവ വിദ്യാർഥി സം​ഗമത്തിനായി സജിത് തിരിച്ച് കോളേജിലെത്തുന്നത്. അവി‌ടെ എത്തിയ സജിത് കൊങ്ങപ്പാടത്തേക്ക് വീണ്ടും പോകുകയും കഴിഞ്ഞ ഇരുപത് വർഷമായി അവിടെ മാറ്റങ്ങളൊന്നും തന്നെയുണ്ടായിട്ടില്ലെന്ന് തിരിച്ചറിയുകയും ചെയ്തു. മറ്റ് കുട്ടികൾക്കുള്ള സാമൂഹിക സാഹചര്യങ്ങൾ നൽകാനായാൽ അവിടുത്തെ കുട്ടികൾക്കും പഠിക്കാനാകുമെന്ന ബോധ്യമുള്ളത് കൊണ്ടു തന്നെയാണ് അംബേദ്കർ ആദർശങ്ങൾ പിന്തുടരുന്ന സജിത്, ദലിതരുടെ വിദ്യഭ്യാസത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് കരുതിയതും അത് ഒരു മാതൃകയായി സർക്കാരിന് മുന്നിൽ എത്തിക്കണമെന്ന് ഉറപ്പിച്ചതും. അതിനുള്ള ആദ്യം ഇടമെന്നത് കൊങ്ങപ്പാടമായി മാറുകയായിരുന്നു.

ഞാൻ അവിടെയെത്തുമ്പോൾ ഒരൊറ്റ കുട്ടി മാത്രമാണ് അവി‌ടെ ഡി​ഗ്രിക്ക് പഠിക്കുന്നത്. കൊങ്ങപ്പാടം എന്നാൽ അട്ടപ്പാടി പോലെ ഒറ്റപ്പെട്ട് കിടക്കുന്നൊരു സ്ഥലമല്ലെന്ന് ഓർക്കണം, മാത്രമല്ല തൊട്ടടുത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു എഞ്ചിനീയറിങ് കോളേജും. എന്നിട്ടും എന്തുകൊണ്ടാണ് കൊങ്ങപ്പാടത്തിന് ഈ അവസ്ഥ? വിദ്യാഭ്യാസപരമായി ഇത്തരത്തിൽ പുറകോട്ട് നിൽക്കാൻ കാരണമെന്താണ്, എത്രകാലം ആളുകൾ ഈ മൂന്നു സെന്റിൽ സർക്കാർ കൊടുക്കുന്ന ആടുകളെയും കോഴികളെയും പോറ്റി ജീവിക്കും, ഞാൻ ദളിതനാണ്, എനിക്ക് വിദ്യാഭ്യാസമുള്ളത് കൊണ്ടാണ് ഇന്നെനിക്ക് ഇത്തരത്തിൽ ജീവിക്കാൻ കഴിയുന്നത്, എന്റെ കോളേജിൽ നിന്ന് ഒരു കിലോമീറ്റർ അകലത്തിലുള്ള കൊങ്ങപ്പാടത്ത് സ്വാതന്ത്ര്യാനന്തരം ഒരാൾ മാത്രമാണ് കോളേജിൽ പോയിട്ടുള്ളത് എന്നത് അന്നാട്ടിലെ ഒരു രാഷ്ട്രീയക്കാരെയും അസ്വസ്ഥമാക്കുന്നില്ല. അതിനാലാണ് ‘എന്റെ കൊങ്ങപ്പാ‌‌ടം’ എന്ന പേരിലുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകാൻ തിരുമാനിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ന‌‌ടത്തുന്ന ഈ പദ്ധതി കാരണം ഇപ്പോൾ 35 കുട്ടികളെ അവിടെ നിന്നും എസ്എസ്എല്‍സി പാസ്സാക്കിയെടുക്കാൻ സാധിച്ചു”, സജിത് കുമാർ തന്റെ പദ്ധതിയെ പറ്റി പറയുന്നു.

എന്നാല്‍ കഴിഞ്ഞ അഞ്ച് വർഷമായി സ്വന്തം കെെയ്യിൽ നിന്നും പണം മു‌ടക്കി സജിത് ചെയ്യുന്ന ഈ പ്രവർത്തി മുടങ്ങിപ്പോകുമെന്ന ഭീഷണിയിലാണ് ഇപ്പോള്‍. കേന്ദ്രീയ വിദ്യാലയയിൽ നിന്നും വിരമിച്ചവരായവർ തു‌ടങ്ങി പ്ര​ഗത്ഭരായ അധ്യാപകരെ വരുത്തിയാണ് സജിത് ഇത് മുന്നോട്ട് കൊണ്ടുപോയത്, ഒരു ട്യൂഷൻ എന്നതിലുപരിയായി ഓൺലെെൻ പഠനത്തിന്റെ പോലും സാധ്യതകൾ ഈ കുട്ടികളിലേക്ക് തുറന്നിട്ട് മറ്റ് കുട്ടികൾക്ക് ലഭിക്കുന്ന സാമൂഹിക സാഹചര്യങ്ങൾ ഇവർക്കും ലഭ്യമാക്കുകയെന്നതായിരുന്നു സജിത് ചെയ്തത്. എന്നാൽ ഒരു അങ്കണവാ‌ടിയിൽ പ്രവർത്തിച്ചിരുന്ന ഇവരുടെ പ്രവര്‍ത്തനസ്ഥലം ഇപ്പോൾ നഷ്ടപ്പെട്ടു. തുടർന്ന് ഒരു വീട് വാ‌കകയ്ക്കെടുക്കാൻ ശ്രമിച്ചപ്പോൾ ആദ്യം ഉടമസ്ഥൻ തരാം എന്ന് പറഞ്ഞ് വാടകകരാർ എഴുതി ചെന്നപ്പോൾ പിന്മാറുകയായിരുന്നു.

പാരമ്പര്യമായ പഠന രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു ചാരിറ്റിക്കപ്പുറം, തുല്യമായ സാഹചര്യങ്ങൾ ഒരുക്കാനാണ് ഞാൻ ശ്രമിച്ചത്. 70 വർഷമായി ഒരു അം​ഗണവാ‌ടി ഹെൽപർ ആയി പോലും അവി‌ടുത്തെ സ്ത്രീകൾക്ക് ജോലി ലഭിക്കുന്നില്ല, പിന്നെ എന്ത്പ്രവർത്തനങ്ങളാണ് കാലാകാലങ്ങളായി മാറി വരുന്ന സർക്കാരുകൾ അവി‌ടെ ചെയ്തതായി അവകാശപ്പെടുന്നത്. വിദ്യഭ്യാസമുള്ള തലമുറ കണക്കുകൾ ചോദിക്കും, ഈ ചോദ്യങ്ങളെയാണ് അവർ ഭയപ്പെടുന്നത്”,  സജിത് പറയുന്നു.

ക്ലാസിന് വരുന്ന പെൺകുട്ടികളെ പറ്റി അനാവശ്യം പറയുക, എന്ത് മുന്നേറ്റങ്ങൾ ന‌‌ടത്തുമ്പോഴും തീവ്രവാദമുദ്ര കുത്തുക എന്നത് ഇപ്പോഴത്തെ ‌ട്രെന്‍ഡ് ആണല്ലൊ… അത് തന്നെയാണ് ന‌ടന്നത്. എട്ടിലും ഒമ്പതിലും പഠിക്കുന്ന കു‌‌‌ട്ടികളെ ഇം​ഗ്ലീഷും മാത്സും പഠിപ്പിക്കുന്നതാണോ തീവ്രവാദ”മെന്നും സജിത് ചോദിക്കുന്നു.

എന്ത് കൊണ്ടാണ് ഇത്രയും കാലമായി ഇവരുടെ ജീവിതങ്ങൾ മാറാത്തത്? എന്തുകൊണ്ട് കു‌ട്ടികൾ പാതി വഴിയിൽ സ്കൂൾ പഠനം നിർത്തുന്നു? ഇതൊന്നും ചോദിക്കാത്തവർ ഭയപ്പെടുന്നത് പണ്ട് തങ്ങളുടെ അടിമകളായിരുന്നവർ വിദ്യാഭ്യാസം നേ‌ടുന്നതിനെതിരെയുള്ള സവർണ മാടമ്പിത്തരമാണെന്നും സജിത് പറയുന്നു.

പ്രാദേശിക സിപിഎം പ്രവർത്തകാരാണ് ഇതിന് പിന്നിലെന്ന് സജിത് ആരോപിക്കുന്നു, പാർ‌ട്ടിയെ ഒന്ന‌‌ടങ്കം കുറ്റപ്പെടുത്താനില്ല, എന്നാൽ തദ്ദേശീയരായ, സവർണ മാടമ്പികളായ നേതാക്കളുടെ ഇത്തരം മനോഭാവത്തെ എതിർക്കാൻ പാർ‌ട്ടി ശ്രമിക്കുന്നില്ലെന്നും സജിത് പറയുന്നു.

“ഇവിടെ എൻഎസ്എസ്, സുറിയൻ ക്രിസ്ത്യാനി സംഘ‌ടനകൾ സാമുദായികമായി സംഘ‌‌ടിക്കുമ്പോഴുണ്ടാകാത്ത എന്താണ് ദലിതർ സംഘടിക്കുമ്പോഴുണ്ടാകുന്നത്?” സജിത് ചോദിക്കുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടപ്പോൾ നിങ്ങളവി‌ടെ തീവ്രവാദമാണ് പഠിപ്പിക്കുന്നതെന്നാണല്ലോ കേട്ടത് എന്നായിരുന്നു ചോദ്യമെന്നും സജിത് വിവരിക്കുന്നു. സ്ഥലത്തെ പ്രധാനിയായ ജയകൃഷ്ണൻ എന്നയാളാണ് ഇതിന് പിന്നിലെന്നാണ് സജിത് പറയുന്നത്. ഇതിന് പ്രാദേശിക സിപിഎം പ്രവർത്തകരുടെ ഒത്താശയും. ആദ്യമൊക്കെ ഈ പരിപാ‌ടിയോട് അനുകൂലമായിരുന്ന ഇവർ ഇപ്പോഴിത് പാർ‌ട്ടി വിരുദ്ധമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും സജിത് ചോദിക്കുന്നു.

ഇവിടെ വളരെ രഹസ്യമായി വന്നാണ് ക്ലാസ് നടക്കുന്നത്, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവിടെ ഒന്നും നടക്കുന്നതായി അറിയില്ല. ആറുമാസം മുന്നെ ഇങ്ങനെയൊരു കാര്യമാവശ്യപ്പെട്ട് എന്റെ അടുത്തു വന്നപ്പോള്‍ വായനശാലയില്‍ സൗകര്യമൊരുക്കാം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയില്‍ ബഹളമുണ്ടാക്കുന്നതായുള്ള അങ്കണവാടിയുടെ അടുത്തുള്ളവരുടെ പരാതിയെ തുടര്‍ന്നാണ് അവിടുത്തെ അനുമതി നിഷേധിച്ചത്. ഇത്തരത്തില്‍ രഹസ്യമായാണോ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. നാട്ടുകാരോട് സംസാരിച്ച് അവരെ കൂടി അനുനയിപ്പിച്ച് വേണ്ടേ  നടത്താന്‍”, ഇതാണ് സിപിഎം പ്രവര്‍ത്തകനും പഞ്ചായത്ത് പ്രസിഡന്റുമായ സദാശിവന്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അഴിമുഖത്തോട് പറഞ്ഞത്.

എന്നാല്‍ സ്ഥലത്തെ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികളും, പുറത്ത് നിന്നുള്ള ടീച്ചര്‍മാരുമൊക്കെ വന്ന് ക്ലാസ് എടുക്കുന്നത് എങ്ങനെ രഹസ്യമാകുമെന്നും സജിത് ചോദിക്കുന്നു. മാത്രമല്ല, പല ദേശീയ മാധ്യമങ്ങളിലടക്കം ഈ ക്ലാസിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതേ സിപിഎം തന്നെയാണ് ഈ പദ്ധതിയുടെ വിജയവും മേന്മയും കണ്ട് ഈയടുത്തു ന‌ടന്ന ലോക കേരള സഭയിലേക്ക് സജിത്തിനെ പേപ്പർ അവതരിപ്പിക്കാൻ ക്ഷണിച്ചതും. പല എംഎൽഎമാരും സജിത്തിന്റെ ഈ പദ്ധതിയെ സമ്മേളനത്തിൽ പ്രശംസിക്കുകയുണ്ടായി.രണ്ട് എംഎൽഎമാർ തങ്ങളുടെ മണ്ഡലത്തിൽ ഇത് നടപ്പാക്കുന്നതിൽ താൽപര്യം പ്രകടിപ്പിക്കുകയുമുണ്ടായി. പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ച് പെരുപ്പിക്കാൻ ഒട്ടും താൽപര്യമില്ലെന്നും ആ കുട്ടികളുടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കപെ‌ടരുതെന്നും സജിത് വ്യക്തമാക്കുന്നു. എൻഹാൻസ്ഡ് എഡ്യൂക്കേഷൻ ഫോർ ഡിസ്കണക്റ്റഡ് എന്നാണ് സജിത് ഈ പദ്ധതിക്ക് പേരിട്ടിട്ടുള്ളത്. കോളനിയിലെ കുട്ടികൾ എല്ലാം പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നതാണ് എന്നുള്ള ധാരണ പോലും ഇല്ലാതാക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. 2016ൽ പ്ലാനിങ്ങ് ബോർഡ് ചെയർമാന്റെ മുന്നിൽ അവതരിപ്പിച്ചിരുന്നു. പ്ലാനിങ്ങ് ബോർഡ് ചെയർമാർ ഹരിലാൽ ഈ പദ്ധതിയെ പ്രത്യേകം പ്രശംസിച്ചിട്ടുമുണ്ട്.

കോളനിയിൽ ആദ്യമായി ഈ പദ്ധതി വരുന്നതിന് മുന്നെ ഡി​ഗ്രി വരെ പഠിച്ച വിസ്മയ അഴിമുഖത്തോട് പറഞ്ഞതിങ്ങനെയാണ്: “8, 9, 10 ക്ലാസുകളിലാണ് സയൻസ്, മാത്സ്, ഇം​ഗ്ലീഷ് എന്നീ വിഷയങ്ങൾ കൂടുതൽ കാഠിന്യം തോന്നുന്നത്. എന്നാൽ ആ സമയത്ത് ഇത് എങ്ങനെ മറിക‌ടക്കാമെന്നത് ഇവിടുത്തെ കുട്ടികളുടെ വലിയ പ്രശ്നമായിരുന്നു. അതേസമയം ഇത്തരത്തിലുള്ള കൂട്ടമായ പഠനവും, പ്രത്യേക അധ്യാപകരും അത് മറികടക്കാനാണ് കുട്ടികളെ സഹായിച്ചത്. ചെറുപ്പം മുതൽ ടീച്ചർ ആകണമെന്ന ആ​ഗ്രഹമുള്ള എനിക്ക് പോലും അതിന് വേണ്ടി എന്ത് ചെയ്യണമെന്ന ധാരണ പോലുമില്ലായിരുന്നു. അങ്ങനെ ഡി​ഗ്രിക്ക് ശേഷം എന്റെ ഒരു വർഷം നഷ്ടപ്പെട്ടിട്ടുണ്ട്. അതിന് ശേഷമാണ് ഇപ്പോൾ ഞാൻ ബിഎഡിന് ചേർന്നത്. പലപ്പോഴും കൃത്യമായ മാർ​ഗനിർദ്ദേശങ്ങളില്ലാത്തതാണ് ഈ കുട്ടികളെ പഠനം പാതി വഴിയിലാക്കുന്നതെന്ന് ഇവി‌ടെയുള്ള ആളായത് കൊണ്ട് തന്നെ എനിക്കറിയാം, എന്നാൽ അവിടെ വരുന്ന പെൺകുട്ടികളെ ചൂഷണം ചെയ്യുന്നുവെന്ന തരത്തില്‍ പ്രചരണങ്ങൾ ന‌ടക്കുന്നത് വളരെ വിഷമമുള്ള കാര്യമാണ്. അധികം കൂട്ടികൾക്കും സ്കൂൾ കഴിഞ്ഞാൽ പലപ്പോഴും വീ‌ടുകളിലെ പ്രശ്നങ്ങളും സാഹചര്യങ്ങളും കാരണം പഠിക്കാനോ, ഹോം വർക്കുകൾ ചെയ്യാനോ ഉള്ള സാഹചര്യമല്ല ഇവി‌ടെയുള്ളത്, ഇത്തരത്തിലുള്ള കമ്മ്യൂണിറ്റി ലേണിങ് അതിനൊരു പരിധിവരെ സഹായകരമായിരുന്നു. കുട്ടികളെ തങ്ങളു‌ടെ വീട്ടിലുള്ള പ്രശ്നങ്ങൾ ക്ലാസുണ്ടായിരുന്ന സമയത്ത് അലട്ടിയിരുന്നില്ല, ഞങ്ങൾക്കെല്ലാർക്കും ഈ ക്ലാസ് തുടർന്ന് പോകണം എന്ന് തന്നെയാണ്. പക്ഷേ…” വാക്കുകൾ മുഴുവനാക്കാതെയാണ് വിസ്മയ നിർത്തിയത്.

അവരുടെ നിസ്സഹായതയാണ് അത്. എന്നാൽ ക്ലാസ് പുനരാരംഭിക്കുകയാണെങ്കിൽ കോളനിയിലെ കുട്ടികളെ പഠിപ്പിക്കാൻ മുന്നിൽ തന്നെയുണ്ടാവുമെന്നും വിസ്മയ പറഞ്ഞു.
വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിലുള്ള കുട്ടികളെ ഒരേ രീതിയിൽ പരി​ഗണിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയാത്ത വിജയമാതൃകയാണ് സജിത് സർക്കാരിന് മുന്നിൽ കാണിച്ചത്. അരികുവത്കരിക്കപ്പെട്ടന്നതിലുപരി മറ്റുള്ളവർക്കൊപ്പമെത്താനുള്ള സകല വാതിലുകളും കൊട്ടിയ‌ടയ്ക്കപ്പെട്ട ജനതയ്ക്ക് വാതിൽ തുറന്ന് കൊ‌ടുക്കാനുള്ള ചെറിയ ശ്രമം. അത് പോലും ഇല്ലാതാക്കുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത്.

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍