TopTop
Begin typing your search above and press return to search.

സൗപര്‍ണിക രാജേശ്വരി എന്ന് പട്ടികവര്‍ഗക്കാര്‍ക്ക് പേരോ? പുരോഗമന കേരളം ദളിത്/ആദിവാസികളുടെ ജാതി കീറി നോക്കുമ്പോള്‍

സൗപര്‍ണിക രാജേശ്വരി എന്ന് പട്ടികവര്‍ഗക്കാര്‍ക്ക് പേരോ? പുരോഗമന കേരളം ദളിത്/ആദിവാസികളുടെ ജാതി കീറി നോക്കുമ്പോള്‍

ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ദളിതരും ആദിവാസിയും എന്തെല്ലാം അറിഞ്ഞിരിക്കണം? അവന്റെ/അവളുടെ ജാതി തെളിയിക്കാന്‍ എന്തെല്ലാം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം? 'അവര്‍ക്കറിയേണ്ടത് എന്റെ കുലത്തൊഴില്‍ എന്തെന്നാണ്? ഗോത്രപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശദമായി വിവരിക്കാന്‍ പറഞ്ഞു. അപ്പൂപ്പന്‍മാരുടെ തലമുറ മുതലുള്ള കുടുംബത്തിലെ എല്ലാവരുടേയും പേരും മറ്റ് വിവരങ്ങളും പറയേണ്ടി വന്നു. ജാതി തെളിയിക്കാന്‍ ഇത്രയുമൊക്കെയോ?' ചോദിക്കുന്നത് എറണാകുളം പറവൂര്‍ സ്വദേശിനിയായ 17-കാരി സൗപര്‍ണിക രാജേശ്വരി. 'ജാതി സംശയിക്കുന്നു' എന്ന് കാണിച്ച് സൗപര്‍ണികയുടെ പഞ്ചവത്സര എല്‍എല്‍ബി എന്‍ട്രന്‍സ് പരീക്ഷഫലം എന്‍ട്രന്‍സ് കമ്മീഷന്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ജാതി തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടും സൗപര്‍ണികയുടേതുള്‍പ്പെടെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 51 വിദ്യാര്‍ഥികളുടെ പരീക്ഷാഫലമാണ് എന്‍ട്രന്‍സ് കമ്മീഷന്‍ തടഞ്ഞുവച്ചിരിക്കുന്നത്.

51 വിദ്യാര്‍ഥികളുടേയും ജാതി, അവര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത് തന്നയോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കിര്‍ത്താഡ്‌സിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ ജാതി സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതാണോ എന്ന് ഉറപ്പിക്കാനായി കിര്‍ത്താഡ്‌സ് നടത്തിയ ഹിയറിങ്ങിലാണ് മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ വന്നത്. സവര്‍ണരുടേതെന്ന് തോന്നിപ്പിക്കുന്ന പേരുകള്‍ ഉണ്ടായാല്‍, ഗോത്രപരമായ, കുലപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്‍പ്പെടെ ജാതി തെളിയിക്കുന്നതിനായി പറയേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് സൗപര്‍ണിക പറയുന്നു:

'എന്റെ പേര് സൗപര്‍ണിക രാജേശ്വരി എന്നായത് എന്റെ തെറ്റാണോ? ആവശ്യത്തിന് വിദ്യാഭ്യാസവും അറിവുമുള്ള അച്ഛനും അമ്മയും മകള്‍ക്ക് ഗോത്രത്തിലെ പഴമക്കാര്‍ ഇടുന്ന പേര് എനിക്ക് നല്‍കാതിരുന്നതാണോ തെറ്റ്? ജാതി തെളിയിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന രേഖകള്‍ തന്നെയാണ് എന്‍ട്രന്‍സ് എഴുതാനായി നല്‍കിയത്. ആവശ്യമായ അന്വേഷണങ്ങള്‍ നടത്തി സര്‍ക്കാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന് പുറമെ കുലമഹിമ പറഞ്ഞാലേ, ആ ജാതിയില്‍ പെട്ടതാണെന്ന് തെളിയിക്കാനൊക്കുകയുള്ളോ? ഇതെവിടുത്തെ നീതിയാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ തന്നെ ഓണ്‍ലൈന്‍ വഴി എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയിരുന്നു. എന്നാല്‍ പിന്നീട് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ട സമയമായപ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല എന്നാണ് മറുപടി ലഭിച്ചത്. വീണ്ടും അത് ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചു. അങ്ങനെ അഡ്മിറ്റ് കാര്‍ഡ് കിട്ടി, പരീക്ഷയുമെഴുതി. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, പക്ഷെ ഫലം തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. കിര്‍ത്താഡ്‌സ് വെരിഫിക്കേഷന് അയച്ചിരിക്കുകയാണെന്നാണ് കാണാന്‍ കഴിഞ്ഞത്. പിന്നീട് എന്റെ കയ്യിലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സ്പീഡ് പോസ്റ്റായി അയച്ചു. പിന്നീട് സൈറ്റില്‍ നോക്കുമ്പോഴും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

ഫലം തടഞ്ഞുവച്ചിരിക്കുന്ന മറ്റ് കുട്ടികളുടേയും രേഖകള്‍ എടുത്തപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ മാത്രമാണ് അങ്ങനെ ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി. ജൂലൈ 20ന് തന്നെ കിര്‍ത്താഡ്‌സിന് അന്വേഷണം കൈമാറിയെന്നാണ് എന്‍ട്രന്‍സ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍ കിര്‍ത്താഡ്‌സില്‍ നിന്ന് ഞങ്ങള്‍ക്ക് കത്ത് ലഭിക്കുന്നത് ഓഗസ്റ്റ് എട്ടിനാണ്. ഇതിനിടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുട്ടികള്‍ക്ക് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് അഞ്ച് വരെ ഓപ്ഷനുകള്‍ തീരുമാനിക്കാം എന്ന് പത്രവാര്‍ത്ത വന്നു. പിന്നീട് എന്റെ അച്ഛന്‍ ഇതിനെതിരെ നിയമപരമായി നീങ്ങിയപ്പോള്‍ മാത്രമാണ് ഇപ്പോള്‍ അഡ്മിഷന്‍ നീട്ടിവച്ചിരിക്കുന്നത്. ഞങ്ങളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ അഡ്മിഷന്‍ നടത്താനുള്ള നീക്കമായിരുന്നു എന്ന് വേണം സംശയിക്കാന്‍. അതുവഴി ലക്ഷങ്ങള്‍ വിലപറയുന്ന സീറ്റ് കോളേജുകാര്‍ക്ക് മറിച്ച് നല്‍കാമല്ലോ. ഞങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കാനുള്ള നീക്കമാണ് നടന്നത്.

അച്ഛന് അത് അറിയാവുന്നത് കൊണ്ട് അങ്ങനെ അന്വേഷിച്ച് ചെല്ലുകയും നിയമപരമായി ചോദ്യം ചെയ്യുകയും ചെയ്തു. അല്ലാത്ത കുട്ടികള്‍ എന്ത് ചെയ്യും? സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, വിദ്യാഭ്യാസപരമായി പിന്നോട്ട് നില്‍ക്കുന്ന അച്ഛനമ്മമാരുള്ള കുട്ടികള്‍ എന്തുചെയ്യും? വെരിഫിക്കേഷന് ചെന്നപ്പോള്‍ ആദ്യം ചോദിച്ചത് എന്റെ അച്ഛന്റെ പേര്, അച്ഛന്റെ അച്ഛന്റെ പേര്, മുത്തച്ഛന്റെ പേര്, മുത്തച്ഛന് എത്ര മക്കളുണ്ടായിരുന്നു, അവര്‍ക്ക് എത്ര ഭാര്യമാരുണ്ടായിരുന്നു? എല്ലാവരുടേയും ഭാര്യമാരുടേയും മക്കളുടേയും കൊച്ചുമക്കളുടേയും പേരും വിവരങ്ങളും എന്താണ്? സമുദായത്തിന്റെ ആചാരങ്ങളറിയാമോ? ആചാരങ്ങളുടെ പ്രത്യേകതകള്‍ എന്തെല്ലാമാണ്? എന്നൊക്കെയാണ്.

പ്രൊഫഷണല്‍ കോഴ്‌സിന് ചേരണമെങ്കില്‍ ഒരു ദളിതന്, അല്ലെങ്കില്‍ ആദിവാസി കുട്ടിക്ക് ഇതെല്ലാം അറിഞ്ഞിരിക്കണോ? ഇനി അത് നമ്മുടെ സമുദായത്തിന്റെ, വംശത്തിന്റെ കാര്യങ്ങള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണെന്നെങ്കിലും വിചാരിക്കാം. അത് പോട്ടേന്ന് വക്കാം. പക്ഷെ ജാതി തെളിയിക്കണമെങ്കില്‍ ഒരു കുട്ടി ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോളുള്ള അഡ്മിഷന്‍ നമ്പറും മറ്റ് വിവരങ്ങളും കൊണ്ടുവരാനാണ് പറഞ്ഞത്. അതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. പത്താം ക്ലാസ് പഠിച്ചിട്ടാണല്ലോ എന്തായാലും എന്‍ട്രന്‍സ് എഴുതാന്‍ ചെല്ലുന്നത്. പത്താം ക്ലാസ്സിലെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മതിയാവില്ലേ ഇവര്‍ക്ക്? എന്റെ ഒന്നാം ക്ലാസ് അഡ്മിഷന്‍ വിവരങ്ങള്‍ എടുക്കാന്‍ ചെന്നപ്പോള്‍ ഞാന്‍ പഠിച്ച സ്‌കൂളിലെ അധ്യാപിക പോലും ചിരിക്കുകയാണ്. 'എന്തിനാണ് ഇവര്‍ക്ക് ഒന്നാം ക്ലാസ്സിലെ അഡ്മിഷന്‍ നമ്പര്‍ എന്നാണ് ടീച്ചര്‍ ചോദിച്ചത്. എനിക്കെന്ത് ഉത്തരം പറയാന്‍ കഴിയും. എന്നിട്ടും അന്വേഷണം അവിടം കൊണ്ട് തീര്‍ന്നില്ല. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതിന്റെ വിവരങ്ങള്‍ എടുത്ത് നല്‍കിയപ്പോഴാണ് അടുത്ത നിര്‍ദ്ദേശം. എന്റെ അച്ഛന്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതിന്റെ വിവരങ്ങള്‍ എടുത്ത് കൊടുക്കണമെന്ന്. നിയമ പഠനം എന്റെ സ്വപ്‌നമായിരുന്നു. അത് സാക്ഷാത്കരിക്കാനായി അച്ഛന്‍ പിന്നേയും ഓടി. അച്ഛന്‍ പഠിച്ച സ്‌കൂളില്‍ പോയി ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതിന്റെ അഡ്മിഷന്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കി. അപ്പോള്‍ അടുത്ത ചോദ്യം അപ്പൂപ്പന്‍ സ്‌കൂളില്‍ പോയിട്ടുണ്ടോ എന്ന്. സ്‌കൂളില്‍ പോയിട്ടുണ്ടോ എന്ന് എനിക്കറിയില്ല; എങ്കിലും പേടിച്ചിട്ട് ഇല്ല എന്ന് തന്നെ മറുപടി നല്‍കി.

ആദിവാസി വിഭാഗത്തില്‍ പെട്ട എല്ലാവരും ഇപ്പോള്‍ കാടുകളില്ല താമസിക്കുന്നത്. നഗരത്തില്‍ താമസിക്കുന്നവര്‍ വരെയുണ്ട്. അങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ പരമ്പരാഗത ആചാര അനുഷ്ഠാനങ്ങള്‍ അറിയണമെന്ന് വാശി പിടിക്കുന്നതില്‍ എന്താണ് കാര്യം? ഇനി അത് പറയാനായില്ലെങ്കില്‍ ആ കുട്ടി ആദിവാസി വിഭാഗത്തില്‍ പെട്ടതല്ലെന്ന് ഇവര്‍ വിധിയെഴുതുമോ? ആദിവാസികള്‍ക്കും ദളിതര്‍ക്കും പഠിക്കണമെങ്കില്‍ അവരുടെ സ്വത്വം അറിഞ്ഞിരിക്കണമെന്നുണ്ടോ? സാംസ്‌കാരികമായും സാമൂഹികമായും സ്വത്വം അറിയുന്നതിലും പഠിപ്പിക്കുന്നതിലും തെറ്റില്ല. പക്ഷെ വിദ്യാഭ്യാസ കാര്യത്തില്‍ സ്വത്വത്തിനെന്താണ് പ്രസക്തി? പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്ന്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ നിന്ന് തള്ളിമാറ്റിക്കൊണ്ട്, സാമ്പത്തികമായും ജാതീയമായും മുന്നില്‍ നില്‍ക്കുന്നവരെ അതിലേക്ക് കൂടുതല്‍ കൊണ്ടുവരാനായിട്ടാണ് ഇതുപോലുള്ള സംവിധാനങ്ങള്‍ ശ്രമിക്കുന്നത്.

ഞങ്ങളൊന്നും ഉയര്‍ന്ന് വരരുത് എന്ന വാശിയുള്ളത് പോലെ. ഈ നടപടി ശരിക്കും ഞങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. തഹസില്‍ദാര്‍ ഒപ്പുവച്ചിട്ടാണല്ലോ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഞങ്ങള്‍ നല്‍കിയത് തെറ്റായ വിവരമാണെങ്കില്‍ അതിനെതിരെ നിയമപരമായ നടപടി വരെ അവര്‍ക്ക് എടുക്കാം. പക്ഷെ അത് പരീക്ഷാഫലം തടഞ്ഞുവച്ചുകൊണ്ടല്ല ചെയ്യേണ്ടത്. ഞങ്ങള്‍ തെറ്റായാണ് അഡ്മിഷന്‍ എടുക്കുന്നതെങ്കില്‍, അതിന് ശേഷം സര്‍ക്കാരിന് എന്ത് നടപടിയുമെടുക്കാം. അല്ലാതെ ഞങ്ങളുടെ അവസരം ഇല്ലാതാക്കിയല്ല ഇത് ചെയ്യേണ്ടത്. കുട്ടികളുടെ പേരാണ് ഇവര്‍ക്ക് സംശയമുണ്ടാക്കുന്നതെങ്കില്‍, പേരില്‍ കൂടി ജാതി തെളിയണമെന്ന് നിയമമുണ്ടോ? ഞങ്ങളെപ്പോലുള്ളവരെ അപമാനിക്കുന്ന രീതിയിലുള്ള പ്രവൃത്തികളാണ് ഇത്. ഇവരുടെ ഈ ചോദ്യം ചെയ്യല്‍ കൊണ്ട് പല കുട്ടികളും ഞങ്ങള്‍ക്ക് ഇനി പഠിക്കുകയേ വേണ്ട എന്ന് പറഞ്ഞാണ് കിര്‍ത്താഡ്‌സില്‍ നിന്ന് പോയത്. കാരണം ഈ വെരിഫിക്കേഷനും ചോദ്യം ചെയ്യലും ഞങ്ങളെ മാനസികമായി അത്രമാത്രം പീഡിപ്പിക്കുന്നതാണ്. പലരെയും ഇത് മാനസികമായി തകര്‍ത്തു. കാരണം ഞാനുള്‍പ്പെടെയുള്ളവര്‍ വര്‍ഷങ്ങളായി കണ്ട സ്വപ്‌നമാണ് ഇവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. എല്ലാ അച്ഛനമ്മമാരെയും പോലെ ഞങ്ങളുടെ അച്ഛനമ്മമാരും വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും. എന്തുകൊണ്ട് ഞങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് മാത്രം ഒരു വിലയമില്ലാതെ പോവുന്നു?'

ഒരു പതിനേഴുകാരിയില്‍ ഇത്തരം ചോദ്യങ്ങള്‍ വരുന്നത് അവിശ്വസനീയമായി തോന്നാം. പക്ഷേ, 'കുഞ്ഞുനാള് മുതല്‍ക്കേ പലതും കേട്ടും അനുഭവിച്ചും വന്ന ഞങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ തന്നെ സംസാരിക്കേണ്ടി വരുന്നു' എന്ന മറുപടിയാണ് സൗപര്‍ണികയ്ക്ക് പറയാനുള്ളത്.

സൗപര്‍ണികയുടെ അച്ഛന്‍ സോമന്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നു: 'കൊച്ചിന്റ ജാതി സംശയിക്കുന്നു എന്നറിഞ്ഞപ്പോള്‍ എന്റെ ജാതിസര്‍ട്ടിഫിക്കറ്റും സമുദായ അംഗത്വ രേഖയുമുള്‍പ്പെടെ എന്‍ട്രന്‍സ് കമ്മീഷന്‍ ഓഫീസില്‍ ചെന്ന് ഞാന്‍ കൊടുത്തു. പിന്നീട് മുഖ്യമന്ത്രിയുടെ പരാതി സെല്ലില്‍ പരാതിയും നല്‍കി. എന്നാല്‍ ആ പരാതിയില്‍ ഇന്നേ വരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതിനിടെയാണ് ജൂലൈ 31നും ഓഗസ്റ്റ് അഞ്ചിനും ഇടയില്‍ ഓപ്ഷന്‍ സ്വീകരിക്കണമെന്നും ഓഗസ്റ്റ് ഏഴിനും പത്തിനുമുള്ളില്‍ കോളേജുകളില്‍ എത്തണമെന്നും പത്രത്തിലൂടെ അറിയിപ്പ് കാണുന്നത്. ഞങ്ങളുടെ കുട്ടികളുടെ ഫലം പ്രസിദ്ധീകരിക്കാതെ എങ്ങനെയാണ് ഇവര്‍ അഡ്മിഷന്‍ നടത്തുക? ഞാന്‍ അതിനെ ചോദ്യം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ആദ്യം കേസ് കൊടുത്തില്ല. പിന്നീട് പല രീതിയില്‍ പ്രതികരിച്ചതോടെ അവര്‍ അഡ്മിഷന്‍ നീട്ടിവയ്ക്കാന്‍ തയ്യാറായി. 45 പട്ടികജാതി കുട്ടികളുടേയും പട്ടികവര്‍ഗത്തില്‍ പ്പെട്ട അഞ്ച് കുട്ടികളുടേയും ഫലമാണ് അവര്‍ തടഞ്ഞുവച്ചിരിക്കുന്നത്. ഇവരുടെ ഫലം പ്രസിദ്ധീകരിച്ചതുകൊണ്ട് എന്ത് നഷ്ടമാണ് ഇവര്‍ക്കുണ്ടാവാന്‍ പോവുന്നത്? ഞങ്ങള്‍ അഡ്മിഷന്‍ എടുത്ത് കഴിഞ്ഞാല്‍ വ്യാജരേഖയുപയോഗിച്ചാണ് അഡ്മിഷന്‍ എടുത്തതെങ്കില്‍ അത് റദ്ദാക്കാന്‍ നിയമമുണ്ടല്ലോ. റാങ്ക് ലിസ്റ്റിലെ ഉയര്‍ന്ന റാങ്കില്‍ പലതും പ്രസിദ്ധീകരിച്ചിട്ടില്ല. അപ്പോള്‍ ആ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് ഫലം തടഞ്ഞുവക്കപ്പെട്ടിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ കുട്ടികളാണെന്നാണ് മനസ്സിലാക്കാനാവുന്നത്. പിന്നീട് ഞാന്‍ കേസ് കൊടുത്തു. അപ്പോള്‍ റിസള്‍ട്ട് വരാത്തവര്‍ക്കും ഓപ്ഷന്‍ കൊടുക്കാമെന്നും അതിനുള്ള തീയതി എട്ടാം തീയതിയാക്കി നീട്ടിയതായും നിര്‍ദ്ദേശം വന്നു.

കിര്‍ത്താഡ്‌സ് ഹിയറിങ്ങിന് ഞങ്ങള്‍ക്ക് കത്ത് ലഭിക്കുന്നത് ഓഗസ്റ്റ് ഏഴാം തീയതിയാണ്. പക്ഷെ കത്തില്‍ ജൂലൈ 29 എന്ന തീയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് അവരോടന്വേഷിച്ചപ്പോള്‍ തിരക്കുള്ള പോസ്റ്റ് ഓഫീസ് ആയതുകൊണ്ടാവും കത്ത് താമസിച്ചതെന്ന മറുപടിയാണ് ലഭിച്ചത്. എല്ലാ രേഖകളുമായാണ് ഹിയറിങ്ങിന് ചെന്നത്. അതെല്ലാം കൊടുത്തപ്പോള്‍ ജാതി തെളിയിക്കാന്‍ വേറെന്ത് സര്‍ട്ടിഫിക്കറ്റാണുള്ളതെന്നാണ് കിര്‍ത്താഡ്‌സിലെ ഉദ്യോഗസ്ഥന്‍ ചോദിക്കുന്നത്. വേറെന്ത് സര്‍ട്ടിഫിക്കറ്റാണ് ഇനി വേണ്ടതെന്ന് ചോദിച്ചപ്പോഴാണ് കുട്ടി ഒന്നാം ക്ലാസ്സില്‍ അഡ്മിഷന്‍ എടുത്തതിന്റെ വിവരങ്ങള്‍ കൂടി വേണമെന്ന് പറയുന്നത്. അതുകൊടുത്തപ്പോള്‍ കുട്ടിയുടെ അച്ഛന്‍ ഒന്നാം ക്ലാസ്സില്‍ പഠിച്ചതിന്റെ രേഖകള്‍ കൊണ്ടുവരാന്‍ പറഞ്ഞു. ഇതിനെല്ലാം ദിവസങ്ങളാണ് ഞങ്ങള്‍ ഓടി നടന്നത്. ഇതെല്ലാം വേണമെങ്കില്‍ ഹിയറിങ്ങിനുള്ള കത്തയക്കുമ്പോള്‍ തന്നെ അവര്‍ക്ക് വ്യക്തമായി പറയാമായിരുന്നല്ലോ. ഹിയറിങ്ങിന് ചെന്നപ്പോള്‍ അച്ഛനപ്പൂപ്പന്‍മാരുടേതുള്‍പ്പെടെ ഇപ്പോള്‍ ജനിച്ച കുഞ്ഞിന്റെ വരെ പേരും വിവരങ്ങളും പറയാന്‍ പറഞ്ഞു കുട്ടിയോട്. മതപരമായ ചടങ്ങുകള്‍ കുട്ടിയോട് എഴുതി നല്‍കാനും പറഞ്ഞു. പരമ്പരാഗതമായ ആചാരങ്ങളും മതാനുഷ്ഠാനങ്ങളുമൊന്നും ഇപ്പോള്‍ ആരും തുടര്‍ന്ന് പോരുന്നില്ല. എനിക്ക് കുറേക്കൂടി അത് സംബന്ധിച്ച് ധാരണകളുണ്ട്. പക്ഷെ മക്കള്‍ക്ക് അത് സംബന്ധിച്ച് ധാരണകളുണ്ടാവുമോ? ഇനി അതിനെക്കുറിച്ച് അറിവില്ലാത്ത അച്ഛനമ്മമാരാണെങ്കില്‍ ഇവര്‍ പട്ടികവര്‍ഗക്കാരല്ലെന്ന് പറയുമോ? സമുദായ സംഘടനയുടെ സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടു. ഇതെല്ലാം കൊടുത്തിട്ടും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പ്രൊഫഷണല്‍ കോഴ്‌സുകളുടെ ഫലം വരുമ്പോള്‍ മാത്രമാണ് ഇവര്‍ ഇത് ചെയ്യുന്നത്. അത് ഗൂഢനീക്കമായാണ് ഞങ്ങള്‍ക്ക് മനസ്സിലാവുന്നത്.

എസ്.ടി. വിഭാഗത്തില്‍ പെട്ട ഒമ്പത് കുട്ടികളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ നല്‍കിയ അതേ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയാണ് ഞങ്ങളും നല്‍കിയത്. പിന്നെ എങ്ങനെയാണ് ഞങ്ങള്‍ ചിലര്‍ മാത്രം തഴയപ്പെടുന്നത്? കുട്ടികളുടെ പേര് നോക്കി ജാതി തെളിയിക്കാനാവുമോ? പഴയകാലത്ത് തെയ്യ, മാത, കോത എന്നൊക്കെ പേരിട്ടിരുന്നു. ഇക്കാലത്ത് അങ്ങനെ ആരെങ്കിലും പേരിടുമോ? സൗപര്‍ണിക രാജേശ്വരി എന്ന പേര് സവര്‍ണര്‍ക്ക് മാത്രമേ ഇടാന്‍ പറ്റുകയുള്ളോ? പഴയകാലത്ത് പട്ടികവര്‍ഗക്കാര്‍ എങ്ങനെ ജീവിച്ചോ അങ്ങനെ തന്നെ ജീവിക്കണമെന്നാണ് ഇവര്‍ കരുതുന്നത്. നമുക്ക് പുതിയ സംസ്‌കാരത്തിലേക്ക് വരാന്‍ പാടില്ലെന്നാണോ?'

ഇത് സംബന്ധിച്ച് കിര്‍ത്താഡ്‌സ് വിജിലന്‍സ് വിഭാഗം റിസര്‍ച്ച് അസിസ്റ്റന്റ് നിസാര്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ:'സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാജമായി ജാതിസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് അഡ്മിഷന്‍ നേടുന്നത് തടയാനായി എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം വെരിഫിക്കേഷന്‍ നടത്തുന്നുണ്ട്. കേരളത്തില്‍ അത് ചെയ്യുന്നത് കിര്‍ത്താഡ്‌സാണ്. അച്ഛന്റെയോ അമ്മയുടേയോ കുട്ടിയുടേയോ പേരില്‍ സംശയം വരുമ്പോള്‍ എന്‍ട്രന്‍സ് കമ്മീഷന്‍ അത് കിര്‍ത്താഡ്‌സിന് അന്വേഷണത്തിനായി അയക്കും. ദളിത്, ആദിവാസിക്കുട്ടികളുടെ സീറ്റുകളിലേക്ക് മറ്റുള്ളവര്‍ കയറിക്കൂടുന്നത് തടയാനാണ് അത് ചെയ്യുന്നത്. ചിലപ്പോള്‍ അപേക്ഷകര്‍ നല്‍കുന്ന ജാതിസര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും ചെറിയ തെറ്റുകളോ, അല്ലെങ്കില്‍ ഒരു അക്ഷരമെങ്കിലും മാഞ്ഞ് പോയതോ, അങ്ങനെ എന്തുമാവാം ഈ സംശയത്തിനാധാരം. കിര്‍ത്താഡ്‌സ് അന്വേഷിക്കുമ്പോള്‍ 100ല്‍ ഒന്നോ രണ്ടോ മാത്രമേ ചിലപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാവൂ. പക്ഷെ എന്‍ട്രന്‍സ് കമ്മീഷന്‍ അയക്കുന്ന എല്ലാ ഫയലുകളും അന്വേഷിക്കേണ്ടത് കിര്‍ത്താഡ്‌സിന്റെ ചുമതലയാണ്. ഒരു പരീക്ഷയുടെ ഫയലുകള്‍ പരിശോധിക്കാന്‍ ചിലപ്പോള്‍ ഒരു മാസമെങ്കിലും സമയമെടുക്കും. 1996ലെ ആക്ട് 11 പ്രകാരമാണ് അന്വേഷണം നടത്തുന്നത്. ഈ നിയമ പ്രകാരം പ്രസക്തമായി കണക്കാക്കുന്ന ചില രേഖകളുണ്ട്. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് അതിന് പരിഗണിക്കാറില്ല. കാരണം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് തിരുത്താവുന്നതാണ്. പക്ഷെ ഒരു കുട്ടിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്ന സമയത്ത് ജാതിയെ സംബന്ധിച്ച് അച്ഛനമ്മമാര്‍ അത്രത്തോളം ചിന്തിക്കാന്‍ സാധ്യതയില്ല. ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുമ്പോള്‍ കൃത്യമായ ജാതിയായിരിക്കും മിക്കവരും പറയുക. എല്‍.എല്‍.ബി പരീക്ഷയുടെ ഫയലില്‍ ആരേയും തള്ളേണ്ടി വന്നിട്ടില്ല. രണ്ട് ദിവസം മുമ്പ് റിപ്പോര്‍ട്ട് എന്‍ട്രന്‍സ് കമ്മീഷന് നല്‍കുകയും ചെയ്തു'.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories