Top

ഒരിക്കല്‍ തിരിച്ചുപിടിച്ച കുട്ടമ്പേരൂർ ആറും വരട്ടാറും വീണ്ടും കാട് പിടിക്കുമ്പോൾ

ഒരിക്കല്‍ തിരിച്ചുപിടിച്ച കുട്ടമ്പേരൂർ ആറും വരട്ടാറും വീണ്ടും കാട് പിടിക്കുമ്പോൾ
കുട്ടമ്പേരൂര്‍ ആറ് മരിച്ചിട്ടില്ല. നീരൊഴുക്കുണ്ട്. പക്ഷെ ആറ് കാണാനാവില്ല. കാടും പടലവും പിടിച്ച് പായല്‍ മൂടിക്കിടക്കുകയാണ്. ഇല്ലാതായതിനെ കുത്തിയെടുത്ത് വീണ്ടും വരട്ടാറാക്കി. എന്നാല്‍ കുറച്ചിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നു എന്നല്ലാതെ നീരൊഴുക്ക് എന്ന് പറയാന്‍ മാത്രമില്ല. വരട്ടാറിന് മുകളിലും പലയിടത്തും നീര്‍ച്ചാല് പോലും കാണാത്ത വിധം കാട് പിടിച്ചിരിക്കുന്നു. രണ്ടായിരത്തിലധികമാളുകളുടെ നീണ്ടകാലത്തെ പ്രയത്‌നം, അതിലൂടെ പുനരുജ്ജീവിച്ച രണ്ട് നദികളുടെ ഇപ്പോഴത്തെ അവസ്ഥയാണിത്.

ഒന്ന് പോലും അവശേഷിക്കാതെ നദികളെല്ലാം പിന്നോട്ട് വലിയുകയും ഇല്ലാതാവുകയും ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിന് മുന്നില്‍ കുട്ടമ്പേരൂര്‍ ഒരു പുതിയ മാതൃകയായിരുന്നു. രണ്ട് പതിറ്റാണ്ടിലധികം നിര്‍ജീവമായിക്കിടന്ന ഒരാറിനെ നാട്ടുകാരുടെ പരിശ്രമം ഒന്നുകൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അവിടെയാണ്. ആറ് എന്ന് വിശേഷിപ്പിക്കാന്‍ പോലുമാവാതെ മൃതിയടഞ്ഞുപോയതായിരുന്നു കുട്ടമ്പേരൂരാര്‍. വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമൊടുവില്‍ കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ആറിന് ജീവന്‍ നല്‍കാന്‍ നാട്ടുകാര്‍ തന്നെ തീരുമാനിച്ചിറങ്ങുകയായിരുന്നു. 12 കിലോമീറ്റര്‍ നീളമുള്ള, പമ്പയേയും മണിമലയാറിനേയും ബന്ധിപ്പിക്കുന്ന കുട്ടമ്പേരൂരാറിനെ തിരിച്ചുപിടിക്കുക എന്നത് ചെറിയ കാര്യമായിരുന്നില്ല. ആയിരത്തോളം മനുഷ്യര്‍ അവരുടെ കായികബലം മാത്രമുപയോഗിച്ച് നാല്‍പ്പത് ദിവസത്തോളം രാപ്പകലില്ലാതെ അധ്വാനിച്ചാണ് അത് സാധ്യമാക്കിയത്. കൂട്ടിന് തൊഴിലുറപ്പ് പദ്ധതിയും. അഴിമുഖം ഇതിനെ കുറിച്ച് തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ഇതായിരുന്നു: 
ആയിരത്തോളം പേര്‍, 40 ദിവസം, 12 കിലോമീറ്റര്‍; ഒരു നാട് തങ്ങളുടെ പുഴയെ തിരിച്ചു പിടിച്ച കഥ


ബുധനൂര്‍ പഞ്ചായത്തിലെ തെക്ക് ഉളുന്തിയിലെ പള്ളിക്കടവില്‍ നിന്നാരംഭിച്ച് പാണ്ടനാട് പഞ്ചായത്തിലെ ഇല്ലിമല മൂഴിക്കലില്‍ അവസാനിക്കുന്നതാണ് കുട്ടമ്പേരൂരാര്‍. തിരുവല്ലയിലെ പഞ്ചസാര മില്ലുകളിലേക്ക് കരിമ്പ് എത്തിച്ചിരുന്നത് ആറ് വഴിയായിരുന്നു. എന്നാല്‍ പഞ്ചസാര മില്ലുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇതു വഴി യാത്രയില്ലാതായി. ആറിന് കുറുകെ കള്‍വര്‍ട്ടുകളും വന്നതോടെ ഒഴുക്കും നിലച്ചു. പായല്‍മൂടി, മണല്‍ത്തിട്ടകള്‍ രൂപപ്പെട്ട്, കാടുപിടിച്ച് പുഴ നിര്‍ജീവമായി. പിന്നീട് ആളുകള്‍ക്ക് മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി ഇത് മാറി. പമ്പാ സംരക്ഷണ സമിതിയും ബുധനൂര്‍ പഞ്ചായത്തും സാമൂഹ്യപ്രവര്‍ത്തകരുമുള്‍പ്പെടെ വര്‍ഷങ്ങളായി നദീപുന:രുജ്ജീവനത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും നാട്ടുകാരുടെ പിന്തുണയുണ്ടായിരുന്നില്ല. എന്നാല്‍ സമീപ പ്രദേശത്തെ ഇതേവരെ വറ്റിയിട്ടേയില്ലാത്ത കിണറുകളില്‍ വെള്ളമില്ലാതാവുകയും കൂടി ചെയ്തതോടെ ആളുകള്‍ കുട്ടമ്പേരൂരാറിനെ പിന്നെയും ഓര്‍മ്മിക്കാന്‍ തുടങ്ങി. പിന്നീട് ബുധനൂര്‍ പഞ്ചായത്ത് ഭരണസമിതി ആറിനെ തിരിച്ചുപിടിക്കാനുള്ള കര്‍മ്മപദ്ധതികള്‍ തയ്യാറാക്കി. തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് ആറ് വൃത്തിയാക്കലും ആഴം കൂട്ടലും തുടങ്ങിയതെങ്കിലും പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും പരിസ്ഥിതി സ്‌നേഹികളും കുട്ടികളും സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെ ആയിരത്തിലധികം പേര്‍ ഈ ദൗത്യത്തിനായി കൈകോര്‍ത്തു. അങ്ങനെ 'ഇരുതലമൂരി' എന്ന വിളിപ്പേരുള്ള കുട്ടമ്പേരൂരാര്‍ ഇരുവശങ്ങളിലേക്കും ഒഴുകാന്‍ തുടങ്ങി.

http://www.azhimukham.com/kerala-story-of-reclamation-of-a-river-by-ordinary-people-dhanya/

എന്നാല്‍ ഒന്നാംഘട്ടം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നതെന്നും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ആറിനെ സംരക്ഷിക്കാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്താല്‍ മാത്രമേ ഗുണഫലം കിട്ടൂ എന്നാണ് അന്ന് ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭര പണിക്കര്‍ പറഞ്ഞത്. എന്നാല്‍ ഇത് രണ്ടുമുണ്ടായില്ല. അതോടെ ആറ് പഴയ അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കും ആരംഭിച്ചു. പമ്പാ സംരക്ഷണ സമിതി കണ്‍വീനര്‍ സുകുമാരന്‍ നായര്‍ പറയുന്നു: "
കുട്ടമ്പേരൂരാര്‍ ജീവന്‍ കിട്ടയപ്പോള്‍ എല്ലാവരും അത് ആഘോഷിച്ചു. അന്നത്തെ ഉത്സാഹത്തില്‍ എല്ലാവരും കൈമെയ് മറന്ന് ജോലിയെടുത്ത് ഒറ്റക്കെട്ടായി നിന്ന് ആറിനെ തിരികെ കൊണ്ട് വരികയും ചെയ്തു. അത് ഏറ്റവും പ്രശംസനീയമായ പ്രവൃത്തിയാണ്. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങളില്ലാതെ എങ്ങനെയാണ് ആറിനെ വീണ്ടെടുക്കാനാവുക. കാട് പിടിച്ച് പായല്‍മൂടി കിടക്കുന്ന ആറ് വീണ്ടും പഴയ അവസ്ഥയിലേക്കുള്ള പോക്കാണ്. നബാര്‍ഡ് ഫണ്ട് ആറിന്റെ നവീകരണത്തിനായി ലഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഇതേവരെ അത് ലഭിച്ചിട്ടില്ല." 
എന്നാല്‍ നാല്‍പ്പത് കോടിയുടെ നബാര്‍ഡ് ഫണ്ട് കിട്ടുമെന്ന പ്രതീക്ഷയിലാണ് ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭരപ്പണിക്കര്‍.

തെളിനീരണിഞ്ഞ് കിടക്കുന്ന കുട്ടമ്പേരൂര്‍ ആറിനെ ജനങ്ങള്‍ തിരിച്ചുപിടിച്ചപ്പോഴാണ് രണ്ട് പതിറ്റാണ്ടിനും മുമ്പേ ഘട്ടംഘട്ടമായി ഇല്ലാതായ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാനാവുമോ എന്ന ചിന്ത നാട്ടുകാരിലും ജനപ്രതിനിധികളിലും ഉദിക്കുന്നത്. ആദ്യഘട്ടത്തില്‍ വരട്ടാര്‍ പുനരുജ്ജീവന കാര്യത്തില്‍ ജനപ്രതിനിധികള്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കിലും കുട്ടമ്പേരൂരാര്‍ ഒരു മാതൃകയായി സ്വീകരിക്കാന്‍ അവരും മുന്നോട്ട് വരികയായിരുന്നു. പിന്നീട് അതിനുള്ള ആലോചനകളായി. പക്ഷെ കുട്ടമ്പേരൂരില്‍ ഉണ്ടായിരുന്ന ഒരു പുഴയെ ജീവിപ്പിച്ചാല്‍ മതി എന്നായിരുന്നുവെങ്കില്‍ വരട്ടാര്‍ എന്ന പേരല്ലാതെ നീര്‍ച്ചാല് പോലും പ്രദേശത്തുണ്ടായിരുന്നില്ല. ചാല് പോലും അവശേഷിപ്പിക്കാതെ പലരായി കയ്യേറിയ സ്ഥലങ്ങളില്‍ കൃഷിയും വ്യാപിപ്പിച്ചിരുന്നു. ചിലയിടങ്ങളില്‍ തോട് പോലെ ഒരു കീറ് മാത്രമുണ്ടായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കണം, മണ്ണ് കുത്തിയെടുക്കണം, ചാല് കീറണം, അങ്ങനെ മുന്നിലുള്ള വെല്ലുവിളികള്‍ ധാരാളമായിരുന്നു.

എന്നാല്‍ ജനങ്ങള്‍ പിന്നോട്ട് പോയില്ല. വരട്ടാറും അച്ചന്‍കോവിലിനേയും മണിമലയേയും ബന്ധിപ്പിക്കുന്നതാണ്. ആറൊഴുകിയിരുന്ന സ്ഥലവും നദീതടവും കയ്യേറിയവരെല്ലാം സ്വമേധായാ സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധത കാട്ടിയതോടെ ഒന്നാമത്തെ കടമ്പ കടന്നു. എന്നാല്‍ യഥാര്‍ത്ഥ ജോലി പിന്നീടായിരുന്നു. ചാല കീറുന്നത് മുതല്‍, ചപ്പാത്തുകള്‍ പൊളിക്കുന്നത് വരെയുള്ള പണികള്‍. അതിന് സര്‍ക്കാര്‍ ഫണ്ടില്ല, ജനകീയ കമ്മിറ്റികളും ഉണ്ടായിരുന്നില്ല. പക്ഷെ നാട്ടുകാര്‍ ഒന്നിച്ചിറങ്ങി. മണ്ണ് കുത്തിയെടുക്കാനും ചാല് കീറാനുമുള്ള പണം നാട് മുഴുവന്‍ നടന്ന് പിരിച്ചെടുത്തത് നാട്ടുകാര്‍ തന്നെയാണ്. ജോലി ചെയ്ത് ലഭിക്കുന്ന പണത്തിന്റെ ഒരു അംശം വരട്ടാറിനായി മാറ്റിവക്കാന്‍ നാട്ടുകാര്‍ തയ്യാറായി. നിരവധി സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നും മാസങ്ങള്‍ക്കുള്ളില്‍ വരട്ടാറിനായി ചാല് കീറാനും അത് വഴി വെള്ളമൊഴുക്കാനും നാട്ടുകാര്‍ക്കായി. അങ്ങനെ അസാധ്യമെന്ന് പറഞ്ഞിരുന്ന ഒന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും പരിശ്രമഫലമായി നടന്നു. അതിനെ കുറിച്ച് അഴിമുഖം തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: 
കുട്ടമ്പേരൂരില്‍ ഒരാറുണ്ടായിരുന്നു; എന്നാല്‍ വരട്ടാറില്‍ ഇല്ലാതായ ഒരാറിനെ വീണ്ടെടുക്കാനുള്ള ശ്രമമാണ്


കുത്തിയെടുത്ത്, നീരൊഴുക്കി, വള്ളംകളിയും നടത്തിയ വരട്ടാറിന്റെ അവസ്ഥയിപ്പോള്‍ എന്താണ്? പലയിടങ്ങളിലും ചാലുകള്‍ മണ്ണ് വീണ് മൂടിക്കൊണ്ടിരിക്കുന്നു. കനത്ത മഴ പെയ്താല്‍ മാത്രം ചിലയിടങ്ങളില്‍ വെള്ളം നിറയും. എന്നാല്‍ ഒഴുക്കില്ല. ഒട്ടുമിക്കയിടങ്ങളിലും കാട് പിടിച്ചിരിക്കുന്നു. വരട്ടാര്‍ തുടങ്ങുന്ന ആദിപമ്പയുടെ ഭാഗങ്ങളില്‍ മാത്രം വെള്ളമുണ്ട്. കുത്തിയെടുത്ത മണ്ണ് കുന്നുകള്‍ പോലെ ഇരുകരകളിലുമായി കിടക്കുന്നു. മണ്ണ് നീക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. വരട്ടാറിന് കരയില്‍ താമസിക്കുന്ന വേണു പറയുന്നു: "
വരട്ടാര്‍ ഒരു മൂവ്‌മെന്റായിരുന്നു. ആ മൂവ്‌മെന്റില്‍ സഹകരിക്കില്ലെന്ന് കരുതിയിരുന്നവര്‍ പോലും സഹകരിച്ചു. കയ്യേറ്റങ്ങള്‍ താനെ ഒഴിവായി. നാട്ടുകാരെല്ലാം ചേര്‍ന്ന് മണ്ണ് കുത്തിയെടുത്ത് ചാല് കീറി. യന്ത്രങ്ങളിറക്കി ആഴം കൂട്ടി. അന്നത്തെ ഒരു ആവേശത്തില്‍ ഇതെല്ലാം ചെയ്തു. പക്ഷെ തുടര്‍പ്രവര്‍ത്തനങ്ങളുണ്ടായില്ല എന്നതാണ് കുട്ടമ്പേരൂരാറിനെപ്പോലെ വരട്ടാറിനേയും ഇല്ലാതാക്കുന്നത്. ഇത്രയും മനുഷ്യാധ്വാനവും പണവും ചെലവഴിച്ച് തിരിച്ചെത്തിച്ച ജലസ്രോതസ്സിനെ വീണ്ടും ഇല്ലാതാക്കി കളയുകയാണ് എല്ലാവരും ചേര്‍ന്ന്. വെള്ളമൊഴുക്ക് ശരിയാക്കാന്‍ ആയിരുന്നില്ല. ഒരു പരിധിയിലധികം ആഴം കൂട്ടുന്നത് മണല്‍ ബെഡ്ഡിന് പ്രശ്‌നമാവുമെന്ന് ശാസ്ത്രീയ പഠനമുള്ളതിനാല്‍ അതിനുമാവില്ല. കുത്തിയെടുത്ത സ്ഥലത്തിന്റെ രണ്ട് കരകളിലും മണ്ണ് കുന്ന് പോലെ കുമിഞ്ഞുകൂടിക്കിടക്കുകയാണ്. ആരും അത് നീക്കം ചെയ്യാന്‍ പോലും മുന്‍കയ്യെടുക്കുന്നില്ല. ഇന്ത്യയില്‍ എവിടെയും മാതൃകയാക്കാമെന്ന് പ്രധാനമന്ത്രി മന്‍കി ബാത് ല്‍ വരെ പറഞ്ഞതാണ് കുട്ടമ്പേരൂരിന്റേയും വരട്ടാറിന്റേയും തിരിച്ചുവരവ്."


http://www.azhimukham.com/kerala-varattar-river-reclamation-project-tributary-of-pamba-by-dhanya/

കാലങ്ങള്‍ നീണ്ട പ്രയത്‌നങ്ങളുടേയും മാസങ്ങള്‍ നീണ്ട മനുഷ്യാധ്വാനത്തിന്റേയും ഫലമായിരുന്നു രണ്ട് ആറുകളുടെ പുനര്‍ജീവിതം. ഇരു നദികളേയും മാതൃകയാക്കി തിരുവല്ലയിലെ കോലരയാറും ഉത്തരപ്പള്ളിയാറും നവീകരണത്തിന്റെ പാതയിലാണ്. കോലരയാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. എന്നാല്‍ നദികളെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, അവയെ ജീവനോടെ നിലനിര്‍ത്തുക എന്ന ഉദ്യമം കൂടി ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടതാണെന്ന് തെളിയിക്കുകയാണ് കുട്ടമ്പേരൂരാറും വരട്ടാറും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories