TopTop
Begin typing your search above and press return to search.

കടം കയറ്റി വെട്ടിലാക്കിയവരെല്ലാം സുരക്ഷിതര്‍; ആ കടം തീര്‍ക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും ഭൂമി വില്‍ക്കുന്നു

കടം കയറ്റി വെട്ടിലാക്കിയവരെല്ലാം സുരക്ഷിതര്‍; ആ കടം തീര്‍ക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും ഭൂമി വില്‍ക്കുന്നു

ഭൂമിക്കച്ചവട വിവാദത്തില്‍ പെട്ടു നില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും ഭൂമി വില്‍ക്കാന്‍ തയാറെടുക്കുന്നു. അതിരൂപതയുടെ കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് കാക്കനാട്ടുള്ള ഭൂമി വില്‍ക്കുന്നത്. കാക്കനാട്ട് വിജോ ഭവന് സമീപത്തുള്ള 10 ഏക്കര്‍ ഭൂമിയാണ് വില്‍ക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലുള്ള പ്രമുഖ വ്യവസായിയുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഭൂമി വാങ്ങല്‍ ചര്‍ച്ചകളില്‍ ഏകദേശ ധാരണ വന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം അദ്ദേഹം എടുത്തിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയതായി നടക്കാന്‍ പോകുന്ന കച്ചവടം 'സുതാര്യ'മായാണ് നടക്കുന്നതെന്നാണ് വിവരം.

വന്‍ സാമ്പത്തിക ബാധ്യതയാണ് ഇപ്പോള്‍ അതിരൂപതയ്ക്ക് മേല്‍ ഉള്ളതെന്നാണ് ഭൂമി വില്‍പ്പനയ്ക്ക് കാരണമായി പറയുന്നത്. ബാങ്ക് ലോണ്‍ ഇനത്തില്‍ വലിയ തുക കുടിശ്ശിക ഉണ്ടായത് തീര്‍ക്കാനായിരുന്നു നേരത്തെ അഞ്ചോളം സ്ഥലങ്ങള്‍ വിറ്റതും വിവാദമായതും. ഈ വിവാദം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വരെ പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. അന്ന് വിറ്റതില്‍ കാക്കനാട്ടുള്ള ഭൂമി കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ഈ ഭൂമി വാങ്ങുകയും ഭൂമിക്കച്ചവടത്തില്‍ ഇടനിലക്കാരായി നില്‍ക്കുകയും ചെയ്ത സാജു വര്‍ഗീസ് കുന്നേല്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ വാഴക്കാലയിലുള്ള വീടും ഏഴോളം വസ്തുക്കളും താത്കാലികമായി കണ്ടുകെട്ടുകയും ചെയ്തിരുന്നു. സാജു വര്‍ഗീസ് വഴി നടത്തിയ ഭൂമിക്കച്ചവടത്തില്‍ വന്‍ക്രമക്കേടുകള്‍ നടന്നതായി ചില വൈദികരും വിശ്വാസികളും ഉയര്‍ത്തിയ ആരോപണങ്ങളില്‍ വസ്തുതകള്‍ ഉണ്ടെന്നാണ് ഇപ്പോഴത്തെ അന്വേഷണങ്ങളില്‍ തെളിഞ്ഞു വരുന്നതിനിടയിലാണ് അതിരൂപതിയില്‍ അടുത്ത ഭൂമിക്കച്ചവടം നടക്കാന്‍ പോകുന്നത്.

10 ഏക്കര്‍ ഭൂമി സെന്റിന് അഞ്ചുലക്ഷം നിരക്കിലാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഏകദേശം അമ്പതുകോടി രൂപ ഈ കച്ചവടത്തില്‍ നിന്നും അതിരൂപതയ്ക്ക് കിട്ടും. ഇതിനൊപ്പം മറ്റ് ചില വസ്തു ഇടപാടുകളും കൂടി നടത്തി കിട്ടുന്ന പണം മുഴുവന്‍ വായ്പ്പ കുടിശ്ശിക തീര്‍ക്കാന്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം. നേരത്തെ നടന്ന ഭൂമിക്കച്ചവടത്തില്‍ ആലഞ്ചേരി പിതാവ് കുറ്റാരോപിതനായതിനെ തുടര്‍ന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മാര്‍ ജേക്കബ് മനത്തോടമാണ് പുതിയ ഭൂമി കച്ചവടത്തിന് തീരുമാനം എടുത്തിരിക്കുന്നത്. അതിരൂപതയുടെ കടബാധ്യതകള്‍ എത്രയും വേഗം തീര്‍ക്കാന്‍ വത്തിക്കാനില്‍ നിന്നും കിട്ടിയ നിര്‍ദേശാനുസരണമാണ് ഭൂമി വിറ്റ് പണം കണ്ടെത്തുന്നതെന്നാണ് പറയുന്നത്. സുതാര്യമായ രീതിയില്‍ കച്ചവടം നടത്തുമെന്നു പറയുമ്പോഴും മുന്‍പ് നടന്ന ഭൂമിക്കച്ചവടത്തിന്റെ ഓര്‍മകള്‍ വിശ്വാസികള്‍ക്കിടയില്‍ ഇപ്പോഴത്തെ കച്ചവടത്തെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

അതിരൂപതയ്ക്ക് മേല്‍ എങ്ങനെ കോടികളുടെ ബാധ്യത വന്നു?

സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായി വര്‍ത്തിക്കുന്ന എറണാകുളം-അങ്കമാലി രൂപതയ്ക്കു മേല്‍ കോടികളുടെ ബാധ്യത എങ്ങനെ വന്നുവെന്നത് ഈയവസരത്തില്‍ പരിശോധിക്കേണ്ടതാണ്. പിടിയരി പിരിച്ച് തങ്ങള്‍ കെട്ടിപ്പൊക്കിയ അതിരൂപതയെക്കുറിച്ച് വിശ്വാസികള്‍ക്കു പറയാന്‍ ഏറെയുണ്ട്. പിന്നീട് അതിരൂപത വളര്‍ന്നു വലുതായി. പക്ഷേ, അതിനിടയില്‍ എങ്ങനെ ഇത്രമാത്രം കോടി രൂപയുടെ ബാധ്യത വന്നുപെട്ടെന്നത് മനസിലാകുന്നില്ലെന്നാണ് പ്രായമായ സഭ വിശ്വാസികള്‍ ചോദിക്കുന്നത്. എന്നാല്‍ ഈ ബാധ്യതകള്‍ എങ്ങനെ ഉണ്ടായി എന്നതിന് ഉത്തരം നല്‍കുന്ന വൈദികരും അിരൂപതയില്‍ ഉണ്ട്. അവര്‍ അത് വിശദീകരിക്കുന്നുമുണ്ട്; ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിന്റെ കാലത്താണ് സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒരു മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള സാധ്യതകള്‍ ചര്‍ച്ചയാകുന്നത്. എറണാകുളം ലിസി ആശുപത്രി, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയൊക്കെയുള്ള അതിരൂപതയാണ് വീണ്ടുമൊരു മെഡിക്കല്‍ കോളേജിനു വേണ്ടി രംഗത്തു വന്നത്. ഇതിനെതിരേ വിമര്‍ശനങ്ങള്‍ ശക്തമായതോടെ മെഡിക്കല്‍ കോളേജ് എന്ന ആശയം തത്കാലം മാറ്റിവച്ചു. വിതയത്തില്‍ പിതാവ് കാലം ചെയ്യുകയും മാര്‍ ജോര്‍ജ് ആലഞ്ചേരി പിന്‍ഗമായിയായി എത്തുകയും ചെയ്തതോടെ മെഡിക്കല്‍ കോളേജ് വീണ്ടും ചര്‍ച്ചയില്‍ വന്നു. തന്റെ സ്വാധീനവും നയങ്ങളുമൊക്കെ ഉപയോഗിച്ചും എതിര്‍പ്പുകളെല്ലാം അവഗണിച്ചും ആലഞ്ചേരി പിതാവ് മുന്നോട്ടു പോയി. അതിരൂപതയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നു പറഞ്ഞ് വിശ്വസിപ്പിച്ചതോടെ വൈദിക സമിതിയില്‍ നിന്നും അനുമതി നേടിയെടുക്കാനും ആലഞ്ചേരി പിതാവിന് സാധിച്ചു. അങ്ങനെ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തന്നെ തീരുമാനിച്ചു.

2015 മേയ് 29ന് കാലടി തുറവൂര്‍ വില്ലേജില്‍ മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം അതിരൂപത ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി വാങ്ങിച്ചു. സെന്റിന് ഏകദേശം രണ്ടു ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരം രൂപ വച്ച് 43 കോടി 21 ലക്ഷം രൂപയ്ക്കാണ് ഈ ഭൂമി ക്രയവിക്രയം നടന്നത്. ഇതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 58 കോടി രൂപ ലോണ്‍ എടുത്തു. ഭൂമി വാങ്ങാന്‍ 43 കോടി 21 ലക്ഷം രൂപ മതിയെന്നിരിക്കെയാണ് 59 കോടി ലോണ്‍ എടുത്തത്. ഭൂമി വില വരുന്നതൊഴിച്ചുള്ള 16.6 കോടി എന്തിന് ഉപയോഗിച്ചു എന്നതിന് ഉത്തരം കിട്ടിയിട്ടില്ല.

2,39,000 രൂപ സെന്റിന് നല്‍കിയാണ് ഭൂമി വാങ്ങിയത്. എന്നാല്‍ ഇതേ ഭൂമി സെന്റിന് രണ്ട് ലക്ഷംവച്ച് അതിരൂപതയ്ക്ക് നല്‍കാമെന്നു പറഞ്ഞിരുന്നതായി ഒരു വൈദികന്‍ വെളിപ്പെടുത്തിയിരുന്നു. പ്രദേശിക വസ്തു ഇടപാടുകര്‍ പറയുന്നത് ഈ സ്ഥലത്തിന് ഒന്നര ലക്ഷത്തിനടുത്ത് വിലയേ സെന്റിന് വരുന്നുള്ളുവെന്നുമാണ്. ആ സ്ഥാനത്താണ് രണ്ട് ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരം മുടക്കി അതിരൂപത സ്ഥലം വാങ്ങിയത്. ഇത്രയും തുക മുടക്കി മെഡിക്കല്‍ കോളേജ് തുടങ്ങാനായി വാങ്ങിയ ഭൂമിയാകട്ടെ, മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളും അരിമില്ലുകളുമൊക്കെ ചുറ്റി നില്‍ക്കുന്ന ഇടവും! മെഡിക്കല്‍ കോളേജിനായി സ്ഥലം വാങ്ങിയതല്ലാതെ മറ്റൊന്നും നടന്നില്ല. മെഡിക്കല്‍ കോളജ് നടത്തിപ്പുകള്‍ ലാഭകരമാകില്ലെന്ന് വൈകിയാണേ്രത പലര്‍ക്കും മനസിലായത്.

മെഡിക്കല്‍ കോളേജ് മോഹം ഉപേക്ഷിച്ചെങ്കിലും മറ്റൂരിലെ ഭൂമി വാങ്ങാന്‍ ലോണ്‍ എടുത്ത വകയില്‍ കോടികള്‍ പലിശ അടക്കേണ്ടി വന്നു അതിരൂപതയ്ക്ക്. മാസം ആറു കോടി വച്ച് ഇതുവരെ 18 കോടി പലിശ അടച്ചിട്ടുണ്ടെന്നാണ് വിവരം. മറ്റൂരിലെ ഭൂമി വാങ്ങല്‍ അതിരൂപതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നാണ് എറണാകുളം അങ്കമാലി മേജര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പുറത്തിറക്കിയ ഒരു സര്‍ക്കുലറിലും ആരോപിച്ചത്. മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി മറ്റൂരില്‍ ഭൂമി വാങ്ങാന്‍ ബാങ്കില്‍ നിന്നും 58 കോടി ലോണ്‍ എടുത്തു. വാര്‍ഷിക വരുമാനത്തില്‍ മിച്ച വരുമാനം അധികമില്ലാത്ത അതിരൂപത ഈ സ്ഥലം വങ്ങിയത് വരന്തരപ്പള്ളിയിലെ അതിരൂപതയുടെ സ്ഥലം വിറ്റ് ലോണ്‍ തിരിച്ചടയ്ക്കാമെന്ന ധാരണയിലാണ്. എന്നാല്‍ വരന്തരപ്പള്ളിയിലുള്ള സ്ഥലം വില്‍ക്കാന്‍ സാധിച്ചില്ല. ഇക്കാരണത്താല്‍ തന്നെ ബാങ്കില്‍ നിന്നെടുത്ത തുകയുടെ വാര്‍ഷിക പലിശ ആറു കോടി രൂപ അടയ്ക്കുക എന്നത് അതിരൂപതയെ സംബന്ധിച്ചിടത്തോളം വളരെയേറ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അതിരൂപത ഫിനാന്‍സ് കൗണ്‍സിലിനു ബോധ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു എടയന്ത്രത്ത് വൈദികരെ അഭിസംബോധന ചെയ്ത് ഇറക്കിയ സര്‍ക്കുലറില്‍ ഉന്നയിച്ചിരുന്ന ആക്ഷേപം.

ബാധ്യത തീര്‍ക്കാന്‍ സ്ഥലക്കച്ചവടം; പക്ഷേ നടന്നതോ?

ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിയെ അടക്കം പ്രതികൂട്ടിലാക്കിയ വസ്തുക്കച്ചവടത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ഇതേ ബാധ്യതുടെ പേരിലായിരുന്നു. മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം ഒന്നിച്ചു വാങ്ങിയതിന്റെ ലോണ്‍ ബാധ്യത (58 കോടി) തീര്‍ക്കാന്‍ വരന്തരപള്ളി എസ്‌റ്റേറ്റ് വില്‍ക്കാന്‍ തടസ്സം വന്നതോടെയാണ് അതിരൂപതയുടെ തന്നെ മറ്റുചില സ്ഥലങ്ങള്‍ വിറ്റ് കടം വീട്ടാന്‍ തീരുമാനമായത്. തൃക്കാക്കര നൈപുണ്യ സ്‌കൂളിന്റെ എതിര്‍വശത്തുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരതമാതാ കോളേജിന്റെ എതിര്‍വശത്തുള്ള 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തിന്റെ ഭാഗമായ 99.44 സെന്റ്, കാക്കനാട് നിലപംപതിഞ്ഞ മുകളില്‍ 20.35 സെന്റ്, മരടില്‍ 54.71 സെന്റ് എന്നിങ്ങനെയുള്ള ഭൂമികളാണ് വില്‍ക്കാന്‍ ഏല്‍പ്പിച്ചത്. അഞ്ചു സ്ഥലങ്ങളിലായി മൊത്തം 306.98 സെന്റ് ഭൂമി ഒരു മാസത്തിനുള്ളില്‍ വില്‍ക്കുകയും അതുവഴി (സെന്റിന് 9.05 ലക്ഷം രൂപ വിലയെന്ന ധാരണയില്‍) അതിരൂപതയ്ക്ക് 27.30 കോടി രൂപ ലഭിക്കുമെന്നും അത് ബാങ്കില്‍ നിക്ഷേപിച്ചു കഴിയുമ്പോള്‍ പിന്നീട് ഏകദേശം 32 കോടി രൂപയായി അതിരൂപതയുടെ കടം കുറയുമെന്നുമായിരുന്നു അവകാശവാദം. ഇതുകൂടാതെ ചക്കരപ്പറമ്പില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നും ലഭിക്കുന്ന വാടകവഴി അതിരൂപതയുടെ വാര്‍ഷിക വരുമാനത്തെ ബാധിക്കാതെ ബാങ്കിലെ പലിശയും സാവധാനം കടങ്ങളും വീട്ടാാമെന്നും പ്രതീക്ഷിച്ചു.

ഈ സ്ഥലം വില്‍പ്പനയില്‍ നിന്നും 27.30 കോടി കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നിടത്ത് നാലിടത്തെ ഭൂമി വിറ്റതില്‍ 18 കോടിയോളം അതിരൂപതയ്ക്ക് കിട്ടിയിട്ടില്ല. അതിരൂപതയുടെ അകൗണ്ടിലേക്ക് ആകെ കിട്ടിയത് വെറും നാലു കോടി. സ്ഥലം വില്‍പ്പനയില്‍ ബാക്കി ലഭിക്കേണ്ട 18.17 കോടി രൂപ അതിരൂപതയ്ക്ക് ലഭിച്ചില്ല എന്നു മാത്രമല്ല, കാനോനിക സമിതികളുടെയും അതിരൂപത സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫിസായ AICOയുടെ പ്രസിഡന്റിന്റെയും അറിവോ സമ്മതമോ കൂടാതെ AICO വഴി 10 കോടി വീണ്ടും വായ്പ്പയെടുത്ത് കോതമംഗലത്തിനടുത്ത് കോട്ടപ്പടിയില്‍ 2017 ഏപ്രില്‍ ഏഴിന് രജിസ്റ്റര്‍ ചെയ്തപ്രകാരം 25 ഏക്കറും ദേവികുളത്ത് 2017 ഫെബ്രുവരി 22 ന് ആധാരം രജിസ്റ്റര്‍ ചെയ്ത പ്രകാരം 17 ഏക്കറും അതിരൂപത വാങ്ങുകയും ചെയ്തു.

മറ്റൂരില്‍ സ്ഥലം വാങ്ങിയതുമൂലം അതിരൂപതയുടെ കടബാധ്യത 60 കോടി ആയിരുന്നുവെങ്കില്‍ മേല്‍പ്പറഞ്ഞ ഭൂമി ഇടപാടുകള്‍ക്കുശേഷം അതിരൂപതയുടെ കടം 84 കോടിയോളം ആയിമാറിയെന്നു പറഞ്ഞത് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് തന്നെയായിരുന്നു.

അതിരൂപതയുടെ കടബാധ്യത; ചില കണക്കുകള്‍

-മറ്റൂരില്‍ ഭൂമി വാങ്ങിയ വകയില്‍ 59 കോടി

-കോട്ടപ്പടിയില്‍ ഭൂമി വാങ്ങിയ വകയില്‍ 6 കോടി

-ദേവികുളത്ത് ഭൂമി വാങ്ങിയ വകയില്‍ 1 കോടി 60 ലക്ഷം

-കോട്ടപ്പടിയിലെ സ്ഥലത്തിന്റെ ഈടിന്മേല്‍ AICO പ്രസിഡന്റിന്റെ സമ്മതമോ അറിവോ കൂടാതെ AICO യുടെ പേരില്‍ അതിരൂപതയ്ക്കായി എടുത്തത് 12 കോടിയില്‍പ്പരം.

അതിരൂപത സ്ഥാപനങ്ങളില്‍ നിന്നും കടമായി കൈപ്പറ്റിയിരിക്കുന്നതിന്റെ വിവരങ്ങള്‍;

-നൈപുണ്യ സ്‌കൂള്‍, തൃക്കാക്കര 3 കോടി

-ഭാരതമാത കോളേജ്, തൃക്കാക്കര 1 കോടി

-സോഷ്യല്‍ കളമശേരി60 ലക്ഷം

-ചക്കരപ്പറമ്പ് 8 കോടി

-ആകെ ലോണ്‍ 91.20 കോടി

ഇങ്ങനെ അതിരൂപതയുടെ ധനകാര്യവിഭാഗത്തിന്റെ ആകെ കടം 91 കോടി 20 ലക്ഷം രൂപയാണെന്നാണ് വിവരം. ഈ ഭീമമായ കടത്തിന് പരിഹാരമെന്നോണം അതിരൂപതയുടെ രണ്ട് ഏക്കര്‍ 55 സെന്റ് സ്ഥലം വിറ്റു. അതില്‍ നിന്നും ഈ കടത്തിലേക്ക് ഒരു ചില്ലിക്കാശ് തിരിച്ചടയ്ക്കാന്‍ സാധിച്ചിട്ടുമില്ല. പകരം വനമേഖലയയിലും അതീവ പരിസ്ഥിതിലോല പ്രദേശത്തും ഭൂമി വാങ്ങിയിട്ടിട്ടുണ്ട്. അങ്ങനെ കടത്തിനു മേല്‍ കടം കയറ്റി അതിരൂപതയെ വെട്ടിലാക്കിയവരെ വെളിച്ചത്ത് കൊണ്ടുവരാതെ, ബാധ്യതകള്‍ തീര്‍ക്കാന്‍ വീണ്ടും സ്ഥലം വില്‍ക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ വിശ്വാസികളുടെയും വൈദികരുടെയും പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ മാര്‍ ജേക്കബ് മനത്തോടം അടക്കം തയ്യാറാകേണ്ടി വരുമെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് എത്ര സുതാര്യമായ കച്ചവടം ആണെങ്കില്‍ പോലും!

https://www.azhimukham.com/offbeat-syro-malabar-church-land-deal-saju-varghese-connection-with-mar-alenchery-archdiocese/

https://www.azhimukham.com/offbeat-as-an-indian-citizen-cardinal-george-alencherry-must-follow-indian-laws/

https://www.azhimukham.com/kerala-syro-malabar-sabha-land-sail-controversy-high-court-probe-against-cardianal-alenchery-protesters-demand-his-resignation/

https://www.azhimukham.com/kerala-syro-malabar-presbyteral-council-cancellation-who-saying-lies/

https://www.azhimukham.com/kerala-syro-malabar-ernakulam-angamaly-archdiocese-land-scam-no-compromise-with-allegations-mar-george-alencherry/

https://www.azhimukham.com/kerala-ernakulam-angamaly-archdioceses-karunalayalam-land-sale-illegal-allegation/

https://www.azhimukham.com/kerala-syro-malabar-ernakulam-angamaly-archdiocese-land-sail-allegation-almaya-forum-demands-bishop-sebastian-adayanthrath-resignation/

https://www.azhimukham.com/kerala-syro-malabar-archdiocese-land-scam-mar-george-alencherry-telling-lies-allegations-against-him/

https://www.azhimukham.com/kerala-syro-malabar-archdiocese-land-sale-allegations-manipulation-against-mar-george-alencherry-supporters-says/

https://www.azhimukham.com/kerala-kerala-syro-malabar-archdiocese-land-sale-allegations-cardinal-mar-george-alencherry-azhimukham-investigation-part-3/

https://www.azhimukham.com/kerala-syro-malabar-archdiocese-land-buying-allegations-mar-george-alencherry/

https://www.azhimukham.com/kerala-syro-malabar-archdiocese-land-sale-allegations-cardinal-mar-george-alencherry/

https://www.azhimukham.com/offbeat-as-an-indian-citizen-cardinal-george-alencherry-must-follow-indian-laws/


Next Story

Related Stories