Top

കര്‍ദിനാള്‍ ആലഞ്ചേരി പക്ഷത്തിന് തിരിച്ചടി; വ്യാജരേഖ കേസില്‍ ഫാ. ആന്റണി പൂതവേലിലിന് കാരണം കാണിക്കല്‍ നോട്ടീസ്

കര്‍ദിനാള്‍ ആലഞ്ചേരി പക്ഷത്തിന് തിരിച്ചടി; വ്യാജരേഖ കേസില്‍ ഫാ. ആന്റണി പൂതവേലിലിന് കാരണം കാണിക്കല്‍ നോട്ടീസ്
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച വിഷയത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഫാ. ആന്റണി പൂതവേലിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. എറണാകുളം-അങ്കമാലി അതിരൂപ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്താണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളിലൂടെ അനാവശ്യമായ വിവാദം ഉണ്ടാക്കിയതിന്റെ പേരില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫാ. ആന്റണിയുടെ വിവാദ പരാമര്‍ശത്തെ കുറിച്ച് വൈദിക സമിതി ചര്‍ച്ച ചെയ്താണ് നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. അതിനുശേഷം ഒരു വൈദകന്റെ കൈവശം ഫാ. ആന്റണിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നോട്ടീസ് നല്‍കുകയും ഇത് കൈപ്പറ്റിയതായി ഒപ്പിട്ട് വാങ്ങുകയും ചെയ്തു. വൈദിക സമിതി മുന്‍ അംഗമായിരുന്ന ഫാ. ആന്റണി പൂതവേലില്‍ നിലവില്‍ കാലടി മറ്റൂര്‍ ഇടവ വികാരിയായി സേവനം അനുഷ്ഠിക്കുകയാണ്.

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖ ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ഫാ. പോള്‍ തേലക്കാട് ആണെന്നും സഭയിലെ പതിനഞ്ചോളം വൈദികര്‍ ഇതിനു കൂട്ടു നിന്നുവെന്നും വ്യാജരേഖ സൃഷ്ടിക്കാന്‍ ഫാ. പോള്‍ തേലക്കാട്ടും വിമത വൈദികരും ചേര്‍ന്ന് 10 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഇപ്പോഴുണ്ടായിരിക്കുന്ന കേസ് അട്ടിമറിക്കാന്‍ വിമത വൈദികരുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തുടങ്ങിയ ആക്ഷേപങ്ങളാണ് ഒരു മാധ്യമത്തോട് സംസാരിക്കുമ്പോള്‍ ഫാ. ആന്റണി പൂതവേലില്‍ ഉയര്‍ത്തിയത്. തനിക്കൊപ്പം ഉണ്ടായിരുന്ന ഫാ. ജോസ് പുതുശ്ശേരിയാണ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞതെന്നായിരുന്നു ഫാ. ആന്റണിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഫാ. ആന്റണിയുടെ പ്രസ്താവനയെ നിഷേധിച്ച് ഫാ.ജോസ് പുതുശ്ശേരി രംഗത്തു വന്നു. വാസ്തവമല്ലാത്ത കാര്യങ്ങളാണ് ഫാ. ആന്റണി ഭൂതവേലി പറയുന്നതെന്ന് ഫാ. ജോസ് വ്യക്തമാക്കി. അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട രേഖകള്‍ അച്ചന്‍മാര്‍ ശേഖരിക്കുന്നു എന്നു താന്‍ പറഞ്ഞതിനെയാണ് 'വ്യാജരേഖകള്‍ ശേഖരിക്കുന്നു അല്ലെങ്കില്‍ ചമയ്ക്കുന്നു' എന്നാക്കി ഫാ. ആന്റണി മാറ്റിയതെന്നാണ് ഫാ. ജോസിന്റെ പരാതി. വിവരാവകാശ നിയമപ്രകാരവും മറ്റും അച്ചന്മാര്‍ ശേഖരിച്ച തെളിവുകളാണ് ഭൂമി വില്പനയിലെ കള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇപ്രകാരം തെളിവുകള്‍ അന്വേഷിച്ച് നടക്കുന്നത് സാധാരണക്കാരായ വൈദികര്‍ക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞതിനെയാണ് ലക്ഷങ്ങള്‍ മുടക്കി തെളിവുകള്‍ മെനഞ്ഞു എന്ന് ഫാ. ആന്റണി വക്രീകരിച്ച് അവതരിപ്പിച്ചതെന്നും ഫാ.ജോസ് പറഞ്ഞു. താന്‍ ഫാ. ആന്റണിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് 2017 സെപ്തംബറില്‍ ആണെന്നും എന്നാല്‍ കര്‍ദിനാളിനെതിരെയുള്ള വ്യാജരേഖ ആരോപണം ഉണ്ടാകുന്നത് 2019 ജനുവരിയില്‍ ആണെന്നും ഫാ. ജോസ് പുതുശ്ശേരി ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ നിന്നു തന്നെ ഫാ. ആന്റണി തനിക്കെതിരേ പറയുന്ന കാര്യങ്ങള്‍ അസ്വാഭാവികതയുള്ളതാണെന്നു വ്യക്തമാകുമെന്നും ഫാ. ജോസ് പുതുശ്ശേരി പറയുന്നു.

ഫാ. ആന്റണിയുടെ ആരോപണങ്ങളോട് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ആരോപണം ഉന്നയിച്ചവര്‍ തന്നെ തെളിവുകളും കൊണ്ടുവരട്ടെയെന്നായിരുന്നു ഫാ. പോള്‍ തേലക്കാട്ടില്‍ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണം. ഒപ്പം ഉള്ളവര്‍ക്കെതിരേ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലവാരത്തകര്‍ച്ചയെക്കുറിച്ച് ദുഃഖം ഉണ്ടെന്നും ഫാ. തേലക്കാട്ടില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഫാ. ആന്റണി പൂതവേലിലിന്റെ ആരോപണങ്ങള്‍ക്കെതിരേ വിശ്വാസികള്‍ക്കും വൈദികര്‍ക്കും ഇടയില്‍ നിന്നും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. വൈദികനെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഫാ. ആന്റണിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ കുറ്റാരോപിതരായ വിവാദമായ അതിരൂപത ഭൂമിക്കച്ചവടത്തെക്കുറിച്ച് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഏപ്രില്‍ ആദ്യവാരം വത്തിക്കാന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന സാഹചര്യം നിലനില്‍ക്കെയാണ് വ്യാജരേഖ കേസ് കൂടുതല്‍ വിവാദമായിരിക്കുന്നത്.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ 2019 ജനുവരി 7 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ സമര്‍പ്പിച്ചു മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചു എന്നതാണ് വ്യാജ രേഖ കേസ്. സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവില്‍ നല്‍കിയ പരാതിയില്‍ കെസിബിസി മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിലിനെയും അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തെയുമാണ് പ്രതി ചേര്‍ത്തിരുന്നത്. ഫാ. തേലക്കാട്ട് നല്‍കിയ രേഖകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാളിന് നല്‍കുകയും കര്‍ദിനാള്‍ രേഖകള്‍ സിനഡിനു മുമ്പാകെ സമര്‍പ്പിക്കുകയുമായിരുന്നു. സിനഡ് നടത്തിയ പരിശോധനയില്‍ രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവിലിനെ കേസ് കൊടുക്കാന്‍ ചുമതലപ്പെടുത്തിയത്. ഫാ. ജോബി മപ്രകാവില്‍ ഫാ. തേലക്കാട്ടിലിനും അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്ററിനും എതിരായ വാ മൊഴിയാണ് പൊലീസിന് നല്‍കിയത്. ഇതിന്‍പ്രകാരം ഫാ. തേലക്കാട്ടിലിനെ ഒന്നാം പ്രതിയും അഡ്മിനിസ്‌ട്രേറ്ററെ രണ്ടാം പ്രതിയാക്കിയുമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ക്കും സഭയിലെ മുതിര്‍ന്ന പുരോഹിതനായ ഫാ. തേലക്കാട്ടിലിനും എതിരായി സഭ തന്നെ കേസ് കൊടുത്ത് വലയി വിവാദമായതിനെ തുടര്‍ന്ന് പൊലീസിന് സംഭവിച്ച വീഴ്ച്ചയാണ് രണ്ടുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിനു കാരണമെന്നും സഭ പ്രതിനിധി വ്യാജരേഖയുടെ പിന്നില്‍ ആരെന്നു കണ്ടെത്താന്‍ മാത്രമെ ആവശ്യപ്പെട്ടിരുന്നുവെന്നുള്ളൂ എന്ന ന്യായവുമായി സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തു വന്നിരുന്നു. എഫ് ഐ ആര്‍ പിന്‍വലിച്ച് തേലക്കാട്ട് അച്ചന്റെയും ബിഷപ്പിന്റെയും പേരുകള്‍ ഒഴിവാക്കി കൊണ്ടുള്ള പുതിയ എ എഫ് ഐ ആര്‍ ഇടാന്‍ അപേക്ഷ നല്‍കുമെന്നും സഭ വക്താക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ വീഴ്ച്ചയല്ലെന്നും വ്യക്തമായി പേരെടുത്ത് പറഞ്ഞു തന്നെയാണ് ഫാ. തേലക്കാട്ടിലിനും അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്തിനും എതിരേ മൊഴി നല്‍കിയിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി. പുതിയ എഫ് ഐ ആര്‍ ഇടാന്‍ പൊലീസിന് കഴിയില്ലെന്നും കോടതിയാണ് അക്കാര്യത്തില്‍# തീരുമാനം എടുക്കേണ്ടതെന്നുമാണ് അന്വേഷണ ചുമതലയുള്ള തൃക്കാക്കര പൊലീസ് മറുപടി നല്‍കിയത്.

എന്നാല്‍ ഇപ്പോഴമുള്ള എഫ് ഐ ആര്‍ ഫാ. പോള്‍ തേലക്കാട്ടിലിനെയും അഡ്മിനിസ്‌ട്രേറ്ററെയും പ്രതികളാക്കി കൊണ്ടുള്ളത് തന്നെയാണ്. കര്‍ദിനാളിനെതിരേയുള്ള രേഖകള്‍ വ്യാജം തന്നെയാണെന്ന് ഇതിനിടയില്‍ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും ദിവസങ്ങളായിട്ടും പ്രതികളാക്കപ്പെട്ടവരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതിനു പിന്നാലെയാണ് വ്യാജരേഖ കേസില്‍ കടുത്ത ആക്ഷേപങ്ങളുമായി ഫാ. ആന്റണി പൂതവേലില്‍ രംഗത്തു വന്നതും.

Read More: “ഫാ. പോള്‍ തേലക്കാട്ടിനെ ചതിക്കുകയായിരുന്നു..”; ആ രേഖ എങ്ങനെ സിനഡില്‍ എത്തി? സിറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസ് കൂടുതല്‍ വിവാദങ്ങളിലേക്ക്

ഭൂമിക്കച്ചവട വിവാദത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കും കൂട്ടര്‍ക്കുമെതിരേ കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തിവും അഡ്മിനിസ്‌ട്രേറ്റ് റിപ്പോര്‍ട്ടിന്റെ പുറത്ത് വത്തിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന സൂചനകള്‍ പുറത്തു വന്നതിന്റെ പുറത്തും ഉണ്ടായിരിക്കുന്ന ഗൂഢാലോചനയാണ് ഫാ. ആന്റണി പൂതവേലിലിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നിലെന്നാണ് സഭയിലെ ഒരു വിഭാഗം വൈദികരും ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി (എഎംടി) പ്രതിനിധികളും പറയുന്നത്. ഭൂമിക്കച്ചവടത്തില്‍ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് കുന്നേല്‍ അംഗമായ വാഴക്കാല ഇടവകയിലെ മുന്‍ വികാരിയായിരുന്നു ഫാ. ആന്റണിയെന്നും സാജു വര്‍ഗീസുമായി അടുപ്പം ഉള്ളയാളാണ് വൈദികനെന്നും എഎംടി പ്രതിനിധികള്‍ പറയുന്നു. ആദായ നികുതി വകുപ്പ് ഭൂമിക്കച്ചവടത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നു കാണിച്ച് നടപടികള്‍ സ്വീകരിച്ചപ്പോള്‍ സാജു വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരെ ന്യായീകരിച്ച് രംഗത്തു വന്നയാളാണ് ഫാ. ആന്റണി പൂതവേലില്‍ എന്നും എഎംടിക്കാര്‍ ആരോപണം ഉയര്‍ത്തുന്നു.

അതിരൂപതയ്ക്ക് കോടികളുടെ സാമ്പത്തിക നഷ്ടം വരുത്തിവച്ച ഭൂമി കച്ചവടത്തിന്റെ കള്ളത്തരങ്ങള്‍ വെളിവാക്കുന്ന രേഖകളും തെളിവുകളും വൈദികര്‍ നേരിട്ട് അന്വേഷിച്ച് കണ്ടെത്തിയിരുന്നു. വിവാരവാകശം വഴി സ്വന്തമാക്കിയ ആധാരങ്ങളുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് കര്‍ദിനാളിനും കൂട്ടര്‍ക്കുമെതിരേ വൈദികര്‍ ഉയര്‍ത്തിയത്. ഈ തെളിവുകളെല്ലാം വ്യാജമാണെന്നു വരുത്തി തീര്‍ക്കാനാണ് കര്‍ദിനാളിനെതിരേയുള്ള വ്യാജരേഖ കേസ് ഉപയോഗപ്പെടുത്തുന്നതെന്നും ഇതുമൂലം വിശ്വാസികള്‍ക്കിടയില്‍ സംശയങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നുമാണ് ആലഞ്ചേരി വിഭാഗം ആലോചിക്കുന്നതെന്നാണ് മറുഭാഗത്തിന്റെ ആക്ഷേപം. ഇപ്പോള്‍ ആലഞ്ചേരിക്കെതിരേ ഉണ്ടായിരിക്കുന്ന വ്യാജരേഖകള്‍ പോലെയാണ് ഭൂമിക്കച്ചവടത്തിന്റെതാണെന്നു പറയുന്ന രേഖകളുടെ കാര്യവും എന്ന തരം പ്രചരണത്തിനാണ് ഒരു കൂട്ടര്‍ ശ്രമിക്കുന്നതെന്നാണ് എഎംടി അടക്കമുള്ളവര്‍ പറയുന്നത്. അതുകൊണ്ടാണ് ഫാ. ജോസ് പുതുശ്ശേരി 2017 ല്‍ പറഞ്ഞ കാര്യങ്ങള്‍ 2019 ല്‍ നടന്ന വ്യാജരേഖ കേസിന്റെ പിന്നിലെ കഥകളാണെന്ന തരത്തില്‍ ഫാ. ആന്റണി പൂതവേലില്‍ മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നിലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും സിറോ മലബാര്‍ സഭയിലെ വിവാദങ്ങള്‍ പുതിയ തലങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂമിക്കച്ചവടത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി കുറ്റക്കാരനാണെന്ന് മാര്‍പാപ്പ വിധിക്കുമോ അദ്ദേഹത്തിനെതിരേ വത്തിക്കാന്റെ നടപടികള്‍ വരുമോ എന്ന ആകാംക്ഷയില്‍ സഭ വിശ്വാസികള്‍ കാത്തിരിക്കുകയാണ്. അതിനു മുകളിലാണ് ഇപ്പോഴത്തെ പരസ്പരമുള്ള കുറ്റം ചാരലുകളും വിമര്‍ശനങ്ങളും.

Read More: ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ട്, രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്ത്; വ്യാജ രേഖ വിവാദത്തില്‍ ആടിയുലഞ്ഞ് സിറോ മലബാര്‍ സഭ

Next Story

Related Stories