Top

ദാനം കിട്ടിയ ഭൂമിയും വിറ്റോ പിതാവേ! തൃക്കാക്കര കരുണാലയത്തിന്റെ ഭൂമി വില്‍പ്പനയില്‍ വന്‍ തിരിമറിയെന്ന് ആക്ഷേപം

ദാനം കിട്ടിയ ഭൂമിയും വിറ്റോ പിതാവേ! തൃക്കാക്കര കരുണാലയത്തിന്റെ ഭൂമി വില്‍പ്പനയില്‍ വന്‍ തിരിമറിയെന്ന് ആക്ഷേപം
മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ എന്ന പേരില്‍ മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം ഒന്നിച്ചു വാങ്ങിയതിന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും എടുത്ത 58 കോടിയുടെ ബാധ്യത തീര്‍ക്കാനാണ് തൃക്കാക്കര നൈപുണ്യ സ്‌കൂളിന്റെ എതിര്‍വശത്തുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരതമാതാ കോളേജിന്റെ എതിര്‍വശത്തുള്ള 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തിന്റെ ഭാഗമായ 99.44 സെന്റ്, കാക്കനാട് നിലപംപതിഞ്ഞ മുകളില്‍ 20.35 സെന്റ്, മരടില്‍ 54.71 സെന്റ് എന്നിങ്ങനെയുള്ള ഭൂമികള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നത്. വിറ്റ ഭൂമിയുടെ വിലയും അതു പൂര്‍ണമായി അതിരൂപതയ്ക്ക് വന്നു ചേരാത്തതിന്റെയും പിന്നിലുള്ള സംശയങ്ങളും ആക്ഷേപങ്ങളും വാര്‍ത്തകളായി മാറിയ സാഹചര്യത്തില്‍ ഈ ഭൂമിയിടപാടിലെ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്ന ഒരു കച്ചവടമാണ് തൃക്കാക്കര കൊല്ലംകുടിമുകളിലെ കരുണാലയത്തിന്റെ ഭൂമി വില്‍പ്പന.

കരുണാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഒരേക്കര്‍ അഞ്ച് സെന്റ് ഭൂമിയാണ് വിറ്റത്. ഈ ഭൂമി അലക്‌സിയന്‍ ബ്രദേഴ്‌സ് എന്ന ജീവകാരുണ്യ സംഘടന നല്‍കിയതാണ്. അലക്‌സിന്‍ ബ്രദേഴ്‌സ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പോകുന്നതിനു മുമ്പായാണ് കരുണാലയത്തിന് ഈ ഭൂമി ഇഷ്ടദാനം നല്‍കുന്നത്. ഭൂമി നല്‍കുമ്പോള്‍ ആവശ്യപ്പെട്ടിരുന്ന ഒരേയൊരു കാര്യം ഭൂമി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുക എന്നതായിരുന്നു. ഈ ഉറപ്പ് ലംഘിച്ചാണ് ഇപ്പോള്‍ ഭൂമി വിറ്റിരിക്കുന്നത്. അതും നിയമവിരുദ്ധമായി എന്നാക്ഷേപവും ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിക്കും സഹായയികള്‍ക്കുമെതിരെ ഉയരുന്നു.

അലക്‌സിയന്‍ ബ്രദേഴ്‌സ് ഭൂമി ക്രവിക്രയം നടത്തുമ്പോള്‍ ആധാരത്തില്‍ ഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിരുന്നതായി ഭൂമി വിവാദത്തില്‍ ആക്ഷേപം ഉന്നയിക്കുന്ന വൈദികര്‍ ചൂണ്ടിക്കാണിക്കുന്നു. പൂക്കാട്ടുപടി മുണ്ടന്‍പാലത്തിനടത്തുള്ള ഒരു മുസ്ലിം പള്ളിക്കായി ഈ ഭൂമി വാങ്ങാന്‍ പള്ളിക്കമ്മറ്റി മുന്നോട്ടു വന്നിരുന്നുവെന്നും എന്നാല്‍ അവരുടെ അഭിഭാഷകന്‍ നല്‍കിയ നിയമോപദേശം അനുസരിച്ച് ഇഷ്ടദാനം നല്‍കിയ ഭൂമിയായതിനാല്‍ വാങ്ങാന്‍ കഴിയില്ലെന്നറിഞ്ഞതോടെ പിന്‍വാങ്ങുകയായിരുന്നുവെന്നും പറയുന്നു.

നിയമ തടസം ഉണ്ടായിട്ടും ഈ ഭൂമി വില്‍ക്കാന്‍ കഴിഞ്ഞത് എങ്ങനെയാണെന്ന ചോദ്യത്തിനും വൈദികര്‍ തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സഹിതം ആരോപിക്കുന്നത്, ഈ കച്ചവടത്തിനു പിന്നില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ്. സാജു വര്‍ഗീസ് കുന്നേല്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ഇടനിലക്കാരനായി നിന്നു വിറ്റ ഈ ഭൂമി ആദ്യം ഒരു വില്ലേജ് ഓഫിസറെ കൊണ്ട് വാങ്ങിപ്പിക്കുകയും ഈ കാര്യം പ്രചരിപ്പിച്ചാണ് പിന്നീട് ഭൂമി പ്ലോട്ടുകളായി തിരിച്ചു വില്‍പ്പന നടത്തിയതും എന്നാണ് വൈദികര്‍ പറയുന്നത്.14 പ്ലോട്ടുകളായാണ് കരുണാലയത്തിന്റെ ഒരേക്കര്‍ അഞ്ചു സെന്റ് ഭൂമി വില്‍ക്കുന്നത്. അടിസ്ഥാന വിലയിലും കുറവായാണ് ഇവിടെ സെന്റിന് വില നിശ്ചയിച്ച് വില്‍പ്പന നടത്തിയിരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. സെന്റിന് എട്ടുലക്ഷം രൂപയെങ്കിലും അടിസ്ഥാന വില കിട്ടുമെന്നിരിക്കേ യഥാക്രമം, നാലും അഞ്ചും ലക്ഷം രൂപയ്ക്ക് അടുത്ത് വിലയിട്ടാണ് വില്‍പ്പന നടത്തിയത്. ഓരോ പ്ലോട്ടിനും ഈവകയില്‍ ഉണ്ടായ നഷ്ടം മൊത്തത്തില്‍ കണക്കു കൂട്ടുകയാണെങ്കില്‍ ഏകദേശം രണ്ടരക്കോടിക്കു മുകളിലാണ്.

കരുണാലയത്തിന്റെ ഭൂമി വില്‍പ്പനയുടെ വിശദാംശങ്ങളും അടിസ്ഥാന വില കണക്കു കൂട്ടി വില്‍പ്പനയില്‍ നിന്ന് അതിരൂപതയ്ക്ക് ഉണ്ടായിരിക്കുന്ന നഷ്ടങ്ങളുടെ കണക്കും

എന്നാല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് അതിരൂപതയിലെ സ്ഥാപനങ്ങളുടെ സിഞ്ചെല്ലുസ് ആയിരുന്ന മോണ്‍സിഞ്ഞോര്‍ സെബാസ്റ്റിയന്‍ വടക്കുംപാടന്‍ പറയുന്നത്. അഗസ്റ്റിന്‍ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇഷ്ടദാനം നല്‍കിയ ഭൂമിയാണെങ്കിലും ഇത് വില്‍ക്കാന്‍ പാടില്ലാത്തതാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുപാടന്‍ അഴിമുഖത്തോട് പറഞ്ഞത്. ഭൂമി വില്‍പ്പന വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം വഹിച്ചു പോന്നിരുന്ന ഉത്തരവാദിത്വങ്ങളില്‍ മാറ്റി നിര്‍ത്തുക എന്ന നടപടി നേരിട്ടിരിക്കുന്നയാളാണ് ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍.

വില്‍ക്കാന്‍ പാടില്ലാത്ത ഭൂമി വരെ വിറ്റ പ്രവര്‍ത്തി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും കാനോനിക നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഇത്തരം ഭൂമി വില്‍പ്പനകള്‍ക്ക് നേതൃത്വം കൊടുത്തവര്‍ സഭയേയും ക്രിസ്തീയ മൂല്യങ്ങളെയും സഭാവിശ്വാസികളെയും ഒരുപോലെ വഞ്ചിച്ചിരിക്കുകയാണെന്നും ഇവര്‍ നടപടി നേരിടേണ്ടതാണെന്നുമാണ് അതിരൂപത സംരക്ഷക സമിതിയയംഗങ്ങള്‍ പറയുന്നത്. ഒപ്പം കരുണാലയത്തിന് നഷ്ടപ്പെട്ട ഭൂമി തിരികെ പിടിക്കണമെന്നും ഇവര്‍ ശക്തിയുക്തം വാദിക്കുന്നു.

അതിരൂപത റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നുണ്ടോ? തുടരും

http://www.azhimukham.com/kerala-syro-malabar-ernakulam-angamaly-archdiocese-land-sail-allegation-almaya-forum-demands-bishop-sebastian-adayanthrath-resignation/

http://www.azhimukham.com/kerala-land-sale-allegation-ernakulam-angamaly-archdioceses-debt-crores-syro-malabar/

http://www.azhimukham.com/kerala-syro-malabar-archdiocese-land-sale-allegations-manipulation-against-mar-george-alencherry-supporters-says/

http://www.azhimukham.com/kerala-syro-malabar-archdiocese-land-buying-allegations-mar-george-alencherry/

http://www.azhimukham.com/kerala-syro-malabar-archdiocese-land-sale-allegations-cardinal-mar-george-alencherry/

Next Story

Related Stories