UPDATES

കേരളം

ജോലി പോകില്ലെന്ന് വാക്കു കൊടുത്ത സര്‍ക്കാര്‍ അറിഞ്ഞോ, നിപ കാലത്ത് ജീവന്‍ പണയം വച്ച് ജോലി ചെയ്തവരെ പിരിച്ചുവിട്ടു

നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജോലി ചെയ്ത 45 ജീവനക്കാരെയാണ് ജോലിയില്‍ നിന്നും പറഞ്ഞുവിട്ടത്

ശ്രീഷ്മ

ശ്രീഷ്മ

“അത്രയും കഷ്ടപ്പാടുള്ളതുകൊണ്ടാണ് ഈ ജോലിക്ക് വരാന്‍ തയ്യാറായതും വന്നതും. സ്ഥിരം ജോലിക്കാര്‍ പോലും നിപ വന്നപ്പോള്‍ ജോലി വേണ്ടെന്നു പറഞ്ഞ് ഉപേക്ഷിച്ച് പോകുകയാണ് ചെയ്തത്. സ്ഥിരപ്പെടുത്തില്ലെങ്കിലും സ്ഥിരമായി ജോലി തരാമെന്ന് മന്ത്രി പറഞ്ഞ വാക്കൊക്കെ എവിടെ?” ആശങ്കയും അമര്‍ഷവും നിറഞ്ഞ സ്വരത്തില്‍ ചോദിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജീവനക്കാരിയായിരുന്ന ദീപയാണ്. ദീപയടക്കം 45 ജീവനക്കാരെയാണ് ജോലിയില്‍ നിന്നും പറഞ്ഞുവിട്ടത്. പുറത്താക്കപ്പെട്ടിരിക്കുന്ന ഈ 45 ജീവനക്കാരും നിപ പടര്‍ന്നു പിടിച്ച കാലത്ത് പനി വാര്‍ഡില്‍ ജോലി ചെയ്തവരാണ്. ധീരതയ്ക്കും ദീനാനുകമ്പയ്ക്കും നിപ്പാക്കാലത്ത് പ്രശംസിക്കപ്പെട്ട ജീവനക്കാര്‍!

നിപ രോഗികളെ ചികിത്സിച്ചിരുന്ന ഐസൊലേഷന്‍ വാര്‍ഡുകളില്‍ ജോലി ചെയ്തിരുന്ന ശുചീകരണത്തൊഴിലാളികളും നേഴ്‌സുമാരുമടക്കമുള്ള നാല്‍പത്തിയഞ്ച് താത്ക്കാലിക ജീവനക്കാരേയും പുറത്താക്കാതെ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമടക്കം വാക്കു നല്‍കിയിരുന്നതാണ്. നിപ സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ മെഡിക്കല്‍ കോളേജിലെ സ്ഥിരം ജീവനക്കാരടക്കമുള്ളവര്‍ അവധിയില്‍ പ്രവേശിക്കുകയും ജോലി ചെയ്യാന്‍ ആവശ്യത്തിന് ആളുകളില്ലാത്ത അവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. അന്ന് ജീവന്‍ തന്നെ പണയപ്പെടുത്തി ജോലിയില്‍ തുടര്‍ന്നവരാണ് ഇവരെല്ലാം. നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജോലിക്കെത്തിയവര്‍ ഇക്കൂട്ടത്തിലുണ്ട്.

“ജീവന്‍ പോയാലും വേണ്ടില്ല എന്നു കരുതി ജോലിക്കിറങ്ങിയവരാണ് ഞങ്ങള്‍. അന്ന് മെഡിക്കല്‍ കോളജ് ഭാഗത്തൂടെ ഒരു ബസ് പോലും പോവില്ലായിരുന്നു. പോകുന്ന ബസില്‍ ആളും കയറില്ല. അങ്ങനെ ഇങ്ങോട്ട് ആരും അടുക്കാതിരുന്ന കാലത്ത് വീട്ടുകാരും നാട്ടുകാരും എതിര്‍ത്തിട്ടു പോലും ജീവന്‍ പണയം വച്ച് പണിക്ക് വന്നവരാണ് ഈ നാല്‍പത്തിയഞ്ച് പേരും. ‘ഞങ്ങള്‍ക്കു രോഗം പകരില്ലേ, അതുകൊണ്ട് ജോലിക്ക് പോകരുത്’ എന്ന് പല തവണ നാട്ടുകാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. സ്റ്റാഫുകള്‍ തമ്മില്‍ മിണ്ടില്ല, ബൈസ്റ്റാന്റേഴ്‌സിനോട് മിണ്ടില്ല. അങ്ങനത്തെ അവസ്ഥയില്‍ ജോലി ചെയ്തവരോടാണിത് കാണിക്കുന്നത്.

വെള്ളം പോലും കുടിക്കാതെ ആറു മണിക്കൂറോളം ആ വേഷവുമിട്ട് ജോലി ചെയ്തിട്ടുണ്ട്. മാഡം ഇങ്ങോട്ട് പറഞ്ഞതാണ് ഞങ്ങള്‍ക്ക് സ്ഥിരജോലി തരുമെന്ന്. സ്ഥിരപ്പെടുത്തണമെന്നൊന്നും ഞാന്‍ പറയുന്നില്ല, ഇടവിട്ടാണെങ്കിലും ജോലിയുള്ളപ്പോള്‍ അത് ചെയ്യാനനുവദിക്കണം എന്നേയുള്ളൂ. ഇരുപതു വര്‍ഷമായി ഞാനിവിടെ ദിവസവേതനത്തിന് ജോലി ചെയ്യുന്നു. നിപ എന്ന രോഗത്തിന്റെ ഗുരുതരാവസ്ഥയും, മരണപ്പെടാനുള്ള സാധ്യതയും ഞങ്ങള്‍ക്കറിയാമായിരുന്നു. രോഗം വന്ന് മരിച്ചാല്‍ വീട്ടുകാര്‍ക്ക് പോലും ശരീരം വിട്ടുകൊടുക്കില്ലെന്നും അറിയാമായിരുന്നു. അതെല്ലാം വീട്ടിലുള്ളവരെ പറഞ്ഞു മനസ്സിലാക്കിയാണ് ഇറങ്ങിത്തിരിച്ചത്. ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ്. നിപ്പക്കാലത്ത് ജോലി ചെയ്ത ഞങ്ങള്‍ക്ക് മരിക്കാന്‍ ഭയമില്ല. സമരവുമായിത്തന്നെ മുന്നോട്ടു പോകും”,  ശുചീകരണത്തൊഴിലാളിയായ തങ്കമ്മ പറയുന്നു.

കഴിഞ്ഞ നവംബര്‍ 14ന് ഈ 45 ജീവനക്കാരെയും ജോലിയില്‍ നിന്നും പുറത്താക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിരുന്നു. പ്രശംസയും അഭിനന്ദനവുമല്ല, ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു ജോലിയാണ് തങ്ങള്‍ക്കു വേണ്ടതെന്ന ഇവരുടെ പ്രതിരോധത്തിനു മുന്നില്‍ വഴങ്ങി ഈ നടപടിയില്‍ നിന്നും പിന്നീട് അധികൃതര്‍ പിന്‍വാങ്ങുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജ അന്നു പറഞ്ഞത് സ്ഥിരപ്പെടുത്തിയില്ലെങ്കിലും സ്ഥിരമായി ജോലി തരാമെന്നായിരുന്നുവെന്ന് ഇവര്‍ ഓര്‍ക്കുന്നു. താത്ക്കാലികമായി ജോലി ഡിസംബര്‍ 31 വരെ നീട്ടിക്കൊടുക്കുകയും, അതിനു ശേഷവും പിരിച്ചുവിടാതെ ജോലി നല്‍കാമെന്ന് പറയുകയുമായിരുന്നു. മന്ത്രിയുടെ വാക്കാലുള്ള ഉറപ്പില്‍ വിശ്വസിച്ച് ജോലി തുടരുകയായിരുന്നു ഇവരെല്ലാം.

അതിനിടെയാണ് ജനുവരി ഒന്നു മുതല്‍ ജോലിക്കെത്തേണ്ടെന്ന അറിയിപ്പ് ഇവര്‍ക്ക് ലഭിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് മന്ത്രിമാര്‍ തങ്ങള്‍ക്കു നല്‍കിയ വാക്കിന് എന്തു സംഭവിച്ചെന്ന് ഇവര്‍ ചോദിക്കുന്നു. “നവംബറിലെ പ്രതിഷേധത്തിനു ശേഷം ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയിരുന്നത്. 31 കഴിഞ്ഞാലും ഞങ്ങളെ തുടര്‍ന്ന് ജോലി ചെയ്യാന്‍ അനുവദിക്കുമെന്ന് പറഞ്ഞിരുന്നതാണ്. പിരിച്ചുവിടാന്‍ പോകുന്ന കാര്യം ഇന്നലെ ഉച്ച വരെ ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഉച്ചയോടെയാണ് ഇന്നത്തോടെ ജോലിയുടെ കാലാവധി തീര്‍ന്നെന്നും, തുടര്‍ന്ന് നീട്ടിത്തരാനുള്ള ഓര്‍ഡറൊന്നും വന്നിട്ടില്ലെന്നും അവര്‍ പറയുന്നത്. നാളെത്തൊട്ട് ഞങ്ങള്‍ക്ക് ജോലിയില്ലെന്ന് പറയുകയായിരുന്നു. 31 വരെ കാലാവധി നീട്ടിത്തന്നതിനു ശേഷം മുഖ്യമന്ത്രിയെ ഞങ്ങള്‍ നേരിട്ടു കണ്ട് സംസാരിച്ചിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത നാല്‍പത്തിയഞ്ചു പേര്‍ക്കും ജോലി പോകില്ലെന്ന് അന്ന് അദ്ദേഹം വാക്കു തന്നിരുന്നതാണ്”, ശുചീകരണത്തൊഴിലാളികളിലൊരാളായ സുബ്രഹ്മണ്യന്‍ പറയുന്നു.

“സൂപ്രണ്ടിനോടും പ്രിന്‍സിപ്പാളിനോടും സംസാരിച്ചിരുന്നു. ഞങ്ങളെ തുടര്‍ന്ന് ജോലിക്കുവയ്ക്കാനുള്ള ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അവര്‍ പറയുന്നത്. രണ്ടു പേര്‍ക്കും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദമായി വിവരിച്ച് കത്തെഴുതിയിട്ടുണ്ട്. നാലാം തീയതി മുതല്‍ ഞങ്ങള്‍ നാല്‍പ്പത്തിയഞ്ചു പേരും ഈ ഗേറ്റിനു മുന്നില്‍ സമരം കിടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വേറെ വഴിയില്ല. ഇരുപത്തിനാലു മണിക്കൂര്‍ സത്യാഗ്രഹം കിടക്കുക എന്നതാണ് ആദ്യ തീരുമാനം. അതിനോടകം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്.”

ഏഴു നേഴ്‌സുമാര്‍, അഞ്ചു നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 33 ക്ലീനിംഗ് സ്റ്റാഫ് എന്നിവരാണ് ഇപ്പോള്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇവരെല്ലാവരും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. അത്രയേറെ കഷ്ടപ്പാടിലായതിനാലാണ് ജീവന്‍ പോലും വിലവയ്ക്കാതെ നിപ്പാക്കാലത്ത് ജോലിക്കെത്തിയതെന്നും ഇവര്‍ പറയുന്നുണ്ട്. സ്ത്രീകളാണ് പുറത്താക്കപ്പെട്ട ജീവനക്കാരില്‍ കൂടുതലും. നവംബറില്‍ ഇതേ പ്രശ്‌നമുണ്ടായപ്പോള്‍ തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പരിഹാരമുണ്ടായിരുന്നെങ്കിലും, അന്നു തന്ന വാക്കുകള്‍ ഇപ്പോഴും പാലിക്കപ്പെടാത്തതിനാല്‍ ഇനി ആരെ വിശ്വസിക്കണമെന്ന് ഇവര്‍ക്കറിയില്ല.

നേഴ്‌സിംഗ് സ്റ്റാഫ് മിനിക്കും പറയാനുള്ളത് സമാനമായ അനുഭവങ്ങളാണ്. “നിപ്പയുടെ കാലത്ത് ജോലിക്ക് കയറിയതാണ്. മേയ് 22ന് ഇന്റര്‍വ്യൂ നടത്തി, 23ന് ജോലിക്കും കയറി. സ്ഥിരപ്പെടുത്തും എന്ന പ്രതീക്ഷയിലൊന്നുമല്ല ജോലിയെടുത്തത്. ജീവിതമാര്‍ഗ്ഗം കണ്ടെത്തുക എന്നൊരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. ആരോഗ്യമന്ത്രി ജോലി സ്ഥിരപ്പെടുത്തുമെന്ന് അതിനിടെ പറഞ്ഞപ്പോള്‍ വല്ലാതെ ആശ്വസിച്ചു. അതിനിടെയാണ് നവംബര്‍ 14ന് ജോലിയില്‍ നിന്നും പുറത്തുപോകാനുള്ള അറിയിപ്പ് വന്നത്. അതിനു ശേഷം ബന്ധപ്പെട്ടവരെ കണ്ട് സംസാരിച്ചപ്പോള്‍ ആരോഗ്യമന്ത്രി പറഞ്ഞത് പ്രളയക്കെടുതി കാരണം സ്ഥിരനിയമനത്തിന് ഇപ്പോള്‍ സാധ്യതയില്ല, എങ്കിലും ജോലിയില്ലാത്ത അവസ്ഥ ഞങ്ങള്‍ക്ക് ഉണ്ടാക്കില്ലെന്നാണ്. ജോലി തന്നുകൊണ്ടിരിക്കുമെന്ന് വാക്കു തന്നിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതു പോലെ ഞങ്ങള്‍ കരാര്‍ തൊഴിലാളികളല്ല, ദിവസവേതനക്കാരാണ്.”

ശുചീകരണത്തൊഴിലാളിയായ സാബിയയ്ക്കും സ്റ്റാഫ് നേഴ്‌സായ ജവാദ് മുഹമ്മദിനും പറയാനുള്ളതും സമാനമായ കാര്യമാണ്. മെഡിക്കല്‍ കോളജിന് തങ്ങളെ ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്ത് എല്ലാം അറിഞ്ഞുകൊണ്ട് ജോലിക്കു വന്നവരാണ് തങ്ങളെന്നും ഇത്രയേറെ അവഗണനയോടെയല്ല തങ്ങളോട് പെരുമാറേണ്ടതെന്നുമാണ് ഇവരുടെ പക്ഷം.

നേരത്തേ ഇവരില്‍ ചിലരുടെ പേരുള്‍പ്പെടുത്തി സ്ഥിരനിയമനത്തിന് ശുപാര്‍ശ ചെയ്യുന്ന ഒരു ലിസ്റ്റ് വന്നിരുന്നതായും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലിസ്റ്റില്‍ അപാകതകളുണ്ടായിരുന്നതിനാല്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ തന്നെ പരാതിയിന്മേല്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. നിപ്പാക്കാലത്ത് ജോലിക്കെത്താതിരുന്നവരുടെ പേരടക്കമുണ്ടായിരുന്ന ആ ലിസ്റ്റില്‍ ഒരു വനിതാ ജീവനക്കാരിയുടെ പേരു പോലുമുണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. ഇത്തരം ലിസ്റ്റുകളൊഴിവാക്കി നിപ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത എല്ലാവരുടെയും കാര്യം പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഒന്നോ രണ്ടോ മാസം നീട്ടിത്തരുന്ന ജോലികൊണ്ട് തങ്ങള്‍ക്ക് യാതൊരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ലെന്നും പറഞ്ഞ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജീവനക്കാര്‍ പറയുന്നു. മാധ്യമങ്ങളിലൂടെ തങ്ങളുടെ അവസ്ഥ പൊതുജന മധ്യത്തിലെത്തിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. മെഡിക്കല്‍ കോളജിലെ മറ്റു ജീവനക്കാര്‍ പോലും മാറ്റിനിര്‍ത്തുകയും അകലം പാലിച്ച് പെരുമാറുകയും ചെയ്ത ഒരു കാലത്തെ അതിജീവിച്ച തങ്ങള്‍ ഇതും അതിജീവിക്കും എന്ന് ഇവര്‍ പറയുന്നു. അതേസമയം, മാസങ്ങള്‍ക്കു മുന്‍പ് അഭിനന്ദന സദസ്സ് വിളിച്ചു ചേര്‍ത്തവര്‍ തന്നെ ഇപ്പോള്‍ പുറന്തള്ളുന്നതില്‍ ഇവര്‍ ഏറെ ദുഃഖിതരാണു താനും.

സുബ്രഹ്മണ്യന്‍ പറയുന്നതിങ്ങനെ: “എല്ലാ രീതിയിലും അവഗണനയാണ്. ലോകം മുഴുവന്‍ അറിഞ്ഞ വിഷയമാണിത്. ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും എന്തിനാണ് ഞങ്ങളെ പുറത്താക്കിയതെന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിന് വ്യക്തമായ ഒരു മറുപടി ഞങ്ങള്‍ക്കും കിട്ടിയിട്ടില്ല. ഒരു പ്രളയമോ ഭൂകമ്പമോ വന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ജനങ്ങളെല്ലാവരും ഒന്നിച്ചു തന്നെയുണ്ടാകും. പക്ഷേ, ഇത് അങ്ങനെയൊരു വിഷയമല്ലല്ലോ. ഇതിന് മുന്നിട്ടിറങ്ങാന്‍ ആരും തയ്യാറില്ലായിരുന്നു. ആരുമില്ലാതിരുന്ന സമയത്ത് ഞങ്ങള്‍ സ്വയം ഇറങ്ങിയതാണ്. ജീവനു ഭീഷണിയുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ.”

ജീവിതം എന്താകുമെന്ന ആശങ്കയുമായി മെഡിക്കല്‍ കോളജ് പരിസരത്തു തന്നെയുണ്ട് ഇവര്‍. വര്‍ഷങ്ങളായി തങ്ങള്‍ നല്‍കുന്ന ആത്മാര്‍ത്ഥ സേവനം കണ്ടില്ലെന്ന് നടിക്കാന്‍ അധികൃതര്‍ക്കാവില്ലെന്ന് പ്രതീക്ഷയോടെ…

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍