TopTop
Begin typing your search above and press return to search.

കേരളത്തിലെ മൺസൂൺ കലണ്ടർ മാറുന്നു; പ്രളയത്തിന് കാരണം ഡാമുകളല്ല, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശം തിരിച്ചു പെയ്യുന്ന കനത്ത മഴയെന്നും കാലാവസ്ഥാ വിദഗ്ദർ

കേരളത്തിലെ മൺസൂൺ കലണ്ടർ മാറുന്നു; പ്രളയത്തിന് കാരണം ഡാമുകളല്ല, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശം തിരിച്ചു പെയ്യുന്ന കനത്ത മഴയെന്നും കാലാവസ്ഥാ വിദഗ്ദർ

"ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്രതയുള്ള മഴ. ഒരു മാസം പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ വന്നു പതിക്കുന്നു. മഴയുടെ അളവിലും തീവ്രതയിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു"- കേരളത്തിലും നീലഗിരിയും കുടകിലും അടക്കം രാജ്യത്തിന്റെ ഇതര മേഖലകളിലും ഇപ്പോൾ നിലവിലുള്ള പ്രളയ സമാനമായ അവസ്ഥയെക്കുറിച്ച്‌ കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നതിതാണ്.

ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരം ഈ പ്രദേശങ്ങളിലെല്ലാം കിഴക്കു പടിഞ്ഞാറൻ മൺസൂൺ ഒളിച്ചു കളിക്കുകയായിരുന്നു ഇതുവരെ. ജൂണിലും ജൂലൈയിലും മഴ വളരെ കുറഞ്ഞ അളവിലാണ് പെയ്തത്. പല സ്ഥലങ്ങളും വരൾച്ചയുടെ പിടിയിലായിരുന്നു. എന്നാൽ ഇപ്പോൾ മഴ പെയ്യുന്നത് തീർത്തും അപ്രതീക്ഷിതമായ സമയത്തും സ്ഥലങ്ങളിലുമാണ്. അതും മാരകമായ പ്രഹരശേഷിയോടെ. പെയ്തിറങ്ങുന്ന വെള്ളത്തിൻെറ അളവ് ഗഹനമായി വർധിച്ചിരിക്കുന്നു.

തെക്കനേഷ്യയിൽ മൊത്തത്തിൽ തന്നെ കനത്ത മഴ പെയ്യുകയാണ് എന്നും അത് ആഗോള കാലാവസ്ഥ വ്യതിയാനം ഈ മേഖലകളിലേക്ക് വ്യാപിക്കുന്നതാണ് എന്നും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഇന്റർ ഗവൺമെന്റൽ പാനൽ ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

ഇന്ത്യൻ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഒരു പ്രദേശത്ത് 204 മില്ലിമീറ്റർ മഴ കിട്ടിയാൽ അത് പ്രളയമായി കണക്കാക്കേണ്ടതാണ്. ഇക്കഴിഞ്ഞ ജൂൺ ഒന്നിനും ഓഗസ്ത് എട്ടിനും ഇടയിലെ കണക്കെടുത്താൽ അസാം, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങൾ ഒഴിച്ചാൽ മറ്റെവിടെയും വേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ഇപ്പോഴും പരമ്പരാഗത മൺസൂൺ ക്രമം തെറ്റുകയും മഴ ചില പ്രദേശങ്ങളിൽ മാത്രമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കേരളത്തിൽ തന്നെ വടക്ക് കാസർഗോഡും തെക്ക് കൊല്ലവും തിരുവനന്തപുരവും കെടുതികൾ കാര്യമായി നേരിടുന്നില്ല. നിലമ്പൂരും പാലക്കാടും ഇത്ര തീവ്രമായ മഴ ഉണ്ടാകാറുമില്ല.

ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം മുൻ ഡയറക്ടർ ഡോ. കെ.ജെ രമേഷ് പറയുന്നത് ഇപ്പോഴത്തെ പ്രതിഭാസം കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണ് എന്ന് തന്നെയാണ്. പെട്ടെന്നുള്ള മഴകൾ സംഭവിക്കുമ്പോൾ അവ കടുത്ത വെള്ളപ്പൊക്കത്തിനും ആളുകളുടെ വീടും ഉപജീവനവും നശിക്കുന്ന അവസ്ഥയിലെത്തിക്കുന്നതിനും കാരണമാകുന്നു. ഓഗസ്റ്റ് ഒന്നിന് വഡോദരയിൽ ഇരുപത്തിനാലു മണിക്കൂറിൽ പെയ്തത് 499 മില്ലിമീറ്റർ മഴയാണ്. പതിവിൽ ലഭിക്കുന്നതിലും 83 ശതമാനം അധികം. രണ്ടു ദിവസം മുൻപ് ഊട്ടിയിൽ രേഖപ്പെടുത്തിയത് 900 മില്ലി മീറ്റർ മഴയാണ്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ടവയിൽ രണ്ടാമത്തേത്. കേരളത്തിൽ ഇക്കുറി 350-നു മുകളിൽ മഴ രേഖപ്പെടുത്തപ്പെടുന്നത് ആലത്തൂർ, അട്ടപ്പാടി, നിലമ്പൂർ മേഖലകളിലാണ്. പതിവനുസരിച്ചു ഇവിടങ്ങളിൽ വലിയ മഴ കിട്ടാറില്ല.

ബീഹാറിലും ജാർഖണ്ഡിലും കർണാടകയിലുമെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നത് സമാനമായ പ്രതിഭാസമാണ് എന്ന് ഡോ. രമേഷ് പറയുന്നു. പൂനെ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി നടത്തിയ പഠനങ്ങൾ പറയുന്നത് 1981-ന് ശേഷം രാജ്യത്തെ കാലവർഷത്തിന്റെ ഘടനയും സ്വഭാവവും മാറാൻ ആരംഭിച്ചിട്ടുണ്ട് എങ്കിലും അതിത്ര ഭയാനകമായ വിധം പരിവർത്തനപ്പെടുന്നത് കഴിഞ്ഞ മൂന്നു വർഷങ്ങളിലാണ് എന്നാണ്.

കാലാവസ്ഥാ വിദഗ്ദ്ധനും കാർഷിക ശാസ്ത്രജ്ഞനുമായ പ്രിയദർശി ശുക്ല പറയുന്നത് മഴയുടെ ഘടനയിൽ ഇപ്പോൾ ഉണ്ടായ മാറ്റം ഭക്ഷ്യോത്പാദനത്തെ 23 ശതമാനം ബാധിക്കുമെന്നാണ്. ഭക്ഷ്യ വസ്തുക്കളുടെ വിതരണ ശൃംഖലയെയും മൊത്തത്തിലുള്ള ഭക്ഷ്യ സുരക്ഷയെയും ആവർത്തിച്ച് വരുന്ന പ്രളയങ്ങൾ ബാധിച്ചു കഴിഞ്ഞു. രാജ്യത്തെ സംബന്ധിച്ചിടത്തോളം മൺസൂൺ ആയിരുന്നു കാർഷിക സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ല്. പരമ്പരാഗത മൺസൂൺ സങ്കൽപ്പങ്ങൾക്ക് ഇളക്കം സംഭവിച്ചു കഴിഞ്ഞു എന്നും കേരളത്തിൽ ഇനി കാലവർഷം തുടങ്ങുന്നത് ജൂലൈ അവസാനമോ ഓഗസ്ത് തുടക്കത്തിലോ ആയാലും അത്ഭുതപ്പെടാനില്ല എന്നുമാണ് ഡോ. രമേഷ് പറയുന്നത്. നമ്മുടെ കാർഷിക കലണ്ടർ തന്നെ അതിനനുസരിച്ചു പരിഷ്കരിക്കേണ്ടി വരും എന്നദ്ദേഹം പറയുന്നു.

കഴിഞ്ഞ പ്രളയത്തിന് ശേഷം കേരളത്തിലെ പുഴകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞത് ആശങ്കയുണ്ടാക്കും വിധമാണ്. നെല്‍വയലുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവ യഥേഷ്ടം ഉണ്ടായിരുന്നപ്പോള്‍ അവ അധികം വരുന്ന മഴയെ ആവാഹിച്ചു മണ്ണിൽ ഉറപ്പിച്ചു നിർത്തിയിരുന്നു. എന്നാലിപ്പോൾ പെയ്യുന്ന വെള്ളം ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കടലിൽ എത്തുകയാണ്. വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തിയതോടെ വെള്ളത്തിന്റെ സംഭരണം കുറഞ്ഞത്‌ കേരളത്തെ ദോഷകരമായി ബാധിക്കുന്നതായി കോഴിക്കോട് ആസ്ഥാനമായുള്ള സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്പ്മെന്റ് ആൻഡ് മാനേജ്‌മെന്റ് എന്ന ഗവേഷണ സ്ഥാപനം കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ പ്രളയത്തിന് കാരണം ചുരുങ്ങിയ സമയത്തിൽ സംഭവിക്കുന്ന കനത്ത മഴയാണ് എന്നും ഡാമുകൾ അല്ലെന്നുമാണ് ഇത് സംബന്ധിച്ച് അഴിമുഖം ബന്ധപ്പെട്ട വിദഗ്ദർ എല്ലാം പറയുന്നത്. വലിയ ഡാമുകൾ ഇല്ലാത്ത രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലും സമാനമായ സ്ഥിതിവിശേഷങ്ങൾ ഉണ്ടാകുന്നത് അവർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ഭീഷണികളെ നേരിടാനാണ് കേരളസമൂഹം മൊത്തത്തിൽ തയ്യാറെടുക്കേണ്ടതെന്നും അവർ പറയുന്നു. ഭാവിയിലെ അതിജീവനങ്ങൾക്കായി ആദ്യം ചെയ്യണ്ടത് കാലാവസ്ഥാ മാറ്റം ഒരു യാഥാർഥ്യമായി അംഗീകരിക്കലും അതനുസരിച്ചുള്ള വലിയ തോതിലുള്ള ഗവേഷണ പരിഹാര പ്രവർത്തനങ്ങൾ ആരംഭിക്കലുമാണ്.


കെ.എ ഷാജി

കെ.എ ഷാജി

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories