UPDATES

ട്രെന്‍ഡിങ്ങ്

മോദി സർക്കാരിനെതിരെ വാർത്തകളെഴുതുന്നവരെ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്; ലക്ഷ്യം വെക്കപ്പെട്ടത് മുതിർന്ന മാധ്യമപ്രവർത്തർ

റാഫേൽ അഴിമതിക്കേസ്, ന്യൂനപക്ഷങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങൾ തുടങ്ങി ഹിന്ദുത്വ രാഷ്ട്രീയത്തിന് താൽപര്യമില്ലാത്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ബ്ലോക്ക് ചെയ്യപ്പെട്ടവരെല്ലാം എന്നത് ശ്രദ്ധേയമാണ്.

സർക്കാര്‍ വിരുദ്ധ വാർ‌ത്തകൾ എഴുതുന്ന മാധ്യമപ്രവർത്തകർക്ക് ഫേസ്ബുക്കിൽ അപ്രഖ്യാപിത വിലക്ക് നിലനിൽക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറെ മണിക്കൂറുകളിൽ ഒരു ഡസനോളം മാധ്യമപ്രവർത്തകരെയാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുകയോ പോസ്റ്റുകളിടുന്നതിൽ നിന്നും ഭാഗികമായി വിലക്കുകയോ ചെയ്തത്. സമീപകാലത്തെ കോടതിയുത്തരവുകളുമായി ബന്ധപ്പെട്ട് പോസ്റ്റുകളിടുകയോ കമന്റുകൾ ചെയ്യുകയോ ചെയ്ത മാധ്യമപ്രവർത്തകരാണ് ഇവരെല്ലാം. അയോധ്യ കേസിലെ സുപ്രീംകോടതി വിധിയിൽ കമന്റിട്ട മാധ്യമപ്രവർത്തകരും ലോക്ക് ചെയ്യപ്പെട്ടവരിൽ പെടുന്നു.

ഈ സംഭവത്തില്‍ ഫേസ്ബുക്ക് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ജൻത കാ റിപ്പോർട്ടറിലെ മാധ്യമപ്രവർത്തകൻ റിഫാത്ത് ജാവെയ്ദ് ആണ് ഇങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ടവരിലൊരാൾ. ജൻജ്‌വാർ‌ പോർട്ടലിലെ പ്രേമ നെഗി, അജയ് പ്രകാശ് എന്നിവരും ഫേസ്ബുക്ക് ഉപയോഗിക്കാനാവാത്ത അവസ്ഥയിലെത്തിയവരിൽ പെടുന്നു. കാരവാൻ ഡെയ്‌ലിയിലെയും ബോൾട്ട ഹിന്ദുസ്ഥാനിലെയും നിരവധി മാധ്യമപ്രവർത്തകർക്ക് സമാനമായ അനുഭവമുണ്ടായിട്ടുണ്ട്.

ജവൈദിന്റെ ഫേസ്ബുക്ക് പേജാണ് ആദ്യം ബ്ലോക്ക് ചെയ്യപ്പെട്ടത്. സെപ്തംബർ 26നായിരുന്നു സംഭവം. അയോധ്യ വിധിയുമായി ബന്ധപ്പെട്ട് പോസ്റ്റിട്ട ഉടനെയായിരുന്നു ഫേസ്ബുക്കിന്റെ ആദ്യ നടപടി. താനതിൽ കോടതിവിധിയെക്കുറിച്ച് മാത്രമാണ് പരാമർശിച്ചതെന്ന് ജാവൈദ് പറയുന്നു. സമാനമായ ഒരനുഭവം ഒരു വർഷം മുമ്പും ഫേസ്ബുക്കിൽ നിന്നുണ്ടായതായി ജാവൈദ് പറയുന്നു. റാഫേൽ അഴിമതിയെക്കുറിച്ച് താൻ പോസ്റ്റിടാൻ തുടങ്ങിയതിനു ശേഷമാണ് ബ്ലോക്ക് ചെയ്യപ്പെട്ടതെന്നും ജാവൈദ് പറയുന്നു.

സാമൂഹ്യപ്രവർത്തകൻ ഗൗതം നവ്‌ലാഖയെ കോടതിയുടെ ആവശ്യപ്രകാരം തടങ്കലിൽ നിന്നും മോചിപ്പിച്ച ഒക്ടോബർ ഒന്നാം തിയ്യതിയായിരുന്നു പ്രേമ നെഗിയും അജയ് പ്രകാശും ബ്ലോക്ക് ചെയ്യപ്പെട്ടത്. അന്നേദിവസം ഗൗതം നവ്‌ലാഖ വാർത്ത ജാൻ‌വർ പേജിൽ അപ്‍ഡേറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ നടക്കുന്നില്ല. ഇരുവരുടെയും പ്രൊഫൈലുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. പിന്നീട് ഇരുവരും ഐഡന്റിറ്റി പ്രൂഫ് നൽകേണ്ടി വന്നു. ഇതുതന്നെ പലവട്ടം ആവർത്തിച്ചപ്പോഴാണ് ഫേസ്ബുക്ക് സ്വീകരിച്ചത്. അജയ് പ്രകാശിന്റെ പ്രൊഫൈൽ രണ്ടുദിവസം കഴിഞ്ഞാണ് ആക്ടീവായത്.

വിവിധ വെബ്‌സൈറ്റുകളും പത്രങ്ങളടക്കമുള്ള മാധ്യമങ്ങളും പുറത്തുവിടുന്ന വ്യാജ വാർത്തകൾ വിശകലനവിധേയമാക്കി പൊളിക്കുന്നത് ജാൻവർ സ്വീകരിച്ചു വരുന്ന വാർത്താ ശൈലിയാണ്. ഇതായിരിക്കാം ഫേസ്ബുക്കിനെ പ്രകോപിപ്പിച്ചിരിക്കുകയെന്നാണ് അനുമാനിക്കേണ്ടത്. ഇത്തരം വ്യാജ വാർത്തകൾ മിക്കതും സർക്കാരിനു വേണ്ടിയും ഭരണകക്ഷിക്കു വേണ്ടിയോ പടച്ചു വിടുന്നവയാണെന്ന യാഥാർഥ്യം നിലവിലുണ്ട്. സർക്കാർ വിരുദ്ധമായ വാർത്തകൾ പ്രചരിക്കുന്നത് തടയുകയെന്ന ഫേസ്ബുക്ക് പോളിസി തന്നെയാകാം ഇത്തരം നടപടികൾക്കു പിന്നിലെന്നാണ് കരുതേണ്ടത്.

ഫേസ്ബുക്കിനോട് എങ്ങനെ പരാതിപ്പെടുമെന്നതു പോലും ഇന്ത്യയിൽ പ്രശ്നമാണ്. അമേരിക്കയിലാണെങ്കിൽ ഫേസ്ബുക്കിനെ സെനറ്റിലേക്ക് വിളിച്ചുവരുത്തിയ ചരിത്രം വരെയുണ്ട്. ഫേസ്ബുക്ക് ഇതുവരെ വർഗീയ വിദ്വേഷം പരത്തുന്ന ഏതെങ്കിലും ഹിന്ദുത്വ പേജ് ബ്ലോക്ക് ചെയ്ത ചരിത്രമുണ്ടായിട്ടില്ലെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന വാക്കുകളും ശബ്ദങ്ങളും പൊതു ഇടത്തിൽ നിന്നും നീക്കം ചെയ്യുകയാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തകർ ആരോപിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സോഷ്യൽ മീഡിയ ഭരണകൂടങ്ങൾക്ക് കീഴടങ്ങി ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാഴ്ചയാണ് കാണുന്നതെന്നും മാധ്യമപ്രവർത്തകർ പറയുന്നു.

റാഫേൽ അഴിമതിക്കേസ്, ന്യൂനപക്ഷങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങൾ തുടങ്ങി ഹിന്ദുത്വ രാഷ്ട്രീയത്തിന് താൽപര്യമില്ലാത്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ബ്ലോക്ക് ചെയ്യപ്പെട്ടവരെല്ലാം എന്നത് ശ്രദ്ധേയമാണ്. ഇതോടൊപ്പം ശ്രദ്ധിക്കേണ്ടത് ബ്ലോക്ക് ചെയ്യപ്പെട്ട സമയങ്ങളാണ്. ഹിന്ദുത്വ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്ന സമയങ്ങളിൽ ഇത്തരം ശബ്ദങ്ങളുടെ വായടയ്ക്കുക തന്നെയാണോ ഫേസ്ബുക്ക് ലക്ഷ്യമിട്ടതെന്ന് സംശയിക്കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍