Top

സിവിൽ സർവീസ് എന്ന ഫ്യൂഡൽ ബാധ്യത; ഈ ഉദ്യോഗസ്ഥ പ്രമാണികളെ ആര് പിടിക്കും? കെ എന്‍ ഗണേഷ് എഴുതുന്നു

സിവിൽ സർവീസ് എന്ന ഫ്യൂഡൽ ബാധ്യത; ഈ ഉദ്യോഗസ്ഥ പ്രമാണികളെ ആര് പിടിക്കും? കെ എന്‍ ഗണേഷ് എഴുതുന്നു
പൊതു സമൂഹവും മുഖ്യധാരാ മാധ്യമങ്ങളും തമസ്ക്കരിക്കുന്ന വാർത്തകളും, വിവാദങ്ങളും വീണ്ടും ജന ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ നവ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. എന്നാൽ നിർഭാഗ്യവശാൽ ലോകകപ്പ് ഫുട്ബാളിന്റെ ലഹരിയിൽ മതി മറന്ന പ്രബുദ്ധ മലയാളികൾ സംസ്ഥാനത്തു നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രധാന വാർത്തയെ പാടെ അവഗണിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പോലീസുകാര്‍ അടിമപ്പണി ചെയ്യുന്നുണ്ടെന്ന വാർത്ത അത്യന്തം ഗൗരവം ഉള്ളതാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 18 പോലീസുകാരാണ്. ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്ത എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസ് ഐ ടി. ഗോപകുമാറിന്റെ ആത്മഹത്യ കുറിപ്പിലെ ആവശ്യം മേലുദ്യോഗസ്ഥരെ തന്റെ മൃതദേഹം കാണിക്കരുത് എന്നായിരുന്നു.

ഈ വിഷയത്തിൽ കെ എൻ ഗണേഷ് എഴുതിയ കുറിപ്പ്.

പോലീസുകാരനെ ദാസ്യവൃത്തിക്ക് നിയോഗിച്ച പോലീസ്‌ മേധാവിക്കെതിരെ നടപടിയെടുത്തതു അഭിനന്ദനാർഹമാണ്. അതേ സമയം ഇതിനെ കുറിച്ച് അറിയാമായിരുന്ന പോലീസ് അസോസിയേഷന്‍കാര്‍ ഇത്രയുംകാലം എന്തുകൊണ്ട് ഇതുന്നയിച്ചില്ല എന്ന ചോദ്യം അവശേഷിക്കുന്നു. 2000 പോലീസുകാർ ദാസ്യവൃത്തി ചെയ്യുന്നു എന്നു അച്ച്‌ നിരത്തുന്ന മാധ്യമങ്ങളുടെ കണക്കൊക്കെ ഇതുവരെ എവിടെയായിരുന്നു എന്ന ചോദ്യവും അവശേഷിക്കുന്നു. പോലീസ്‌മേധാവി ദാസ്യവേല ചെയ്യിച്ചപ്പോളല്ല മകൾ ദേഹോപദ്രവം ഏൽപ്പിച്ചപ്പോളാണ് പരാതി വന്നതെന്ന വസ്തുതയുമുണ്ട്.

ബ്യൂറോക്രാറ്റിക് ഫ്യൂഡലിസം എന്നത് ഒരു വസ്തുതയാണ്. മാടമ്പിത്തം എന്നൊരു മലയാളവും പറയാം. തസ്തികയ്ക്ക് ലഭിക്കുന്ന പദവിയുടെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തിലും സീനിയർ ജൂനിയർ എന്നീ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലും ഉള്ള വിവേചനം വ്യാപകമാണ്. മിക്കവാറും എല്ലാ ഓഫീസുകളിലും ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരും ഡ്രൈവർമാരും എന്തൊക്കെ പണിയാണ് ചെയ്യേണ്ടിവരുന്നത് എന്നത് പരിശോധിക്കേണ്ടതാണ്. സ്വന്തം കാര്യസാധ്യത്തിനു വേണ്ടി മേലുദ്യോഗസ്ഥരുടെ വിടുപണി ചെയ്യുന്നവർ (മണിയടി എന്ന് തെരുവുഭാഷ) ധാരാളമാണ്. അത്തരം വിടുപണി സ്വന്തം അവകാശമായി കാണുകയും ആനന്ദിക്കുകയും ചെയ്യുന്ന മേലുദ്യോഗസ്ഥന്മാർ ധാരാളമാണ്. പോലീസുകാർ ജനങ്ങളുടെ മേൽ കുതിര കയറുന്നത് കുറ്റം തെളിയിക്കാനുള്ള വ്യഗ്രത കൊണ്ടല്ല, അങ്ങനെ കൈത്തരിപ്പ് തീർക്കുന്നത് ഒരു പദവിചിന്ഹമായി അവർ കാണുന്നത് കൊണ്ടു കൂടിയാണ്. ഇത്തരം കൈയ്യൂക്കിനോടുള്ള ഭയം കൊണ്ട് ആളുകൾ കുറ്റം സമ്മതിച്ചുകൊള്ളും എന്നതാണ്‌ ധാരണ. ഇതേ മനോഭാവം തന്നെയാണ് മേലുദ്യോഗസ്ഥന്മാർക്ക് താഴെ തട്ടിലുള്ളവരോടുള്ളത്. ഇതേ സീനിയർ ജൂനിയർ പ്രവണത അധ്യാപകരിലുമുണ്ട്. ഗവേഷണ വിദ്യാർഥിയെ സ്വന്തം വീട്ടിൽ വേലികെട്ടാൻ ഉപയോഗിച്ച അധ്യാപകന്‍റെ വീരഗാഥ ഒരു സർവകലാശാലയുടെ പൈതൃകമാണ്. ജൂനിയർ അധ്യാപകൻ എതിരായി വർത്തമാനം പറഞ്ഞാൽ അത് ധിക്കാരമാണെന്നു ആക്രോശിക്കുന്ന സീനിയർ അധ്യാപകരെ കണ്ടിട്ടുണ്ട്. ജീവനക്കാർ അസ്ഥിരമാകുമ്പോൾ വിടുപണി ചെയ്യിക്കാനുള്ള പ്രവണത വർധിക്കുകയാണ് ചെയ്യുക. ജീവിക്കാൻ മറ്റു മാർഗ്ഗമില്ലെങ്കിൽ വിടുപണി ചെയ്യാൻ ആളുകൾ നിര്ബന്ധിതരാകുകയും ചെയ്യും. ഇത്തരം പ്രവണതകൾ ജനാധിപത്യപരവും എന്നൊക്കെ വിശേഷിപ്പിക്കുന്ന രാഷ്ട്രീയപാർട്ടികളിലും കാണാം. ഓരോ പ്രമുഖനേതാവിനു ചുറ്റും പ്രത്യക്ഷപ്പെടുന്ന സേവകവൃന്ദങ്ങൾ ഇത്തരം ആളുകളല്ലേ? കൈയാൾ എന്ന പ്രയോഗം വടക്കൻ കേരളത്തിൽ കേൾക്കാം.

ഒരു കാര്യം കൂടി. സിവിൽ സർവീസ് എന്നത് നമ്മുടെ ഏറ്റവും വലിയ മാടമ്പിത്ത ഫ്യുഡൽ ബാധ്യതയാണ്. സിവിൽ സർവീസ് ബ്രിട്ടിഷ് ഭരണത്തിനുള്ള ഉപകരണമായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ നിലനിന്ന സിവിൽ സർവീസിന്റെ പരിശീലനം കൊളോണിയൽ മാതൃകയിൽ തന്നെ മസൂറിയിൽ തുടർന്നു. കേന്ദ്രഭരണനയങ്ങളോടുള്ള പൂർണമായ വിധേയത്വമല്ലാതെ വേറൊരു സാമൂഹ്യബോധമോ ജനാധിപത്യബോധമോ അവരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയബോധം തീര്‍ച്ചയായും പാടില്ല. ജനാധിപത്യപ്രസ്ഥാനങ്ങളിൽ നിന്ന് സിവിൽ സർവീസിൽ പ്രവേശിച്ചവരുടെ തലമുറയും ഇന്നവസാനിച്ചിരിക്കുന്നു.

മേധാവിത്വപരമായ ശ്രേണീബോധവും ഫ്യൂഡൽ മനസ്ഥിതിയുമില്ലാതെ സാധാരണക്കാരുമായി ഇടപഴകാനുള്ള സന്നദ്ധത പലരിലുമില്ല. ഐ പി എസുകാരുടെ വീടുകളിൽ പൊലീസുകാരെ നിയമിക്കണമെന്ന തീരുമാനം ഇതിന്റെ ഭാഗമല്ലേ? സാധാരണപോലീസുകാരോ ഉദ്യോഗസ്ഥരോ ചെയ്യാത്ത ഒന്നും സിവിൽ സർവീസും പോലീസ് സർവീസും ചെയ്യുന്നില്ല. പിന്നെ എന്തിനാണ് ഈ രണ്ട് തട്ടുകൾ? കൃത്യമായി തൊഴിൽവിഭജനം നടത്തി നിയമിക്കപ്പെടുകയും അവരവരുടെ ജോലികൾ കൃത്യമായി നിർവഹിക്കുകയും ചെയ്യുന്ന ഒരൊറ്റ പബ്ലിക് സർവീസ് പോരെ? പൊതുസേവകരുടെ പ്രവർത്തനങ്ങൾ ജനങ്ങളുടെ ഓഡിറ്റിങ്ങിനല്ലേ വിധേയമാകേണ്ടത്? വകുപ്പ് മേധാവിയായ ഉദ്യോഗസ്ഥനെ ജനങ്ങൾ, അല്ലെങ്കിൽ ജനപ്രതിനിധിസഭ തെരഞ്ഞെടുക്കണം എന്ന നിർദേശം ഒരുകാലത്ത് ചർച്ച ചെയ്തിരുന്നു. അപ്പോൾ ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ പാദസേവ ചെയ്യുമായിരിക്കാം. രാഷ്ട്രീയ മാടമ്പിമാരും നമുക്കുണ്ടല്ലോ. രാഷ്ട്രീയക്കാരെ അഞ്ചുകൊല്ലം കൂടുമ്പോഴെങ്കിലും നമുക്ക് പിടിക്കാം. ഈ ഉദ്യോഗസ്ഥപ്രമാണികളെ ആര് പിടിക്കും?

(ഫേസ്ബുക്ക് പോസ്റ്റ്)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/offbeat-not-only-slavery-home-departent-must-probe-suicides-police-personels-also-writes-saju/

http://www.azhimukham.com/offbeat-slavery-in-kerala-police/

http://www.azhimukham.com/keralam-dont-let-them-see-my-deadbody-writes-police-officer-gopakumar-in-his-suicide-note/

Next Story

Related Stories