TopTop

'മറ്റു മതങ്ങളെക്കുറിച്ച് മോശമായിപ്പറയും, അവന് പല തവണ മുന്നറിയിപ്പ് കൊടുത്തു, പക്ഷേ ചാവേറാകാന്‍ ആലോചിച്ചിരുന്നു എന്നൊക്കെ കേട്ടപ്പോള്‍...'; ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ റിയാസ് അബുബ

"ഒന്നര വര്‍ഷത്തോളമായിരുന്നു ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും സംസാരിച്ചിട്ട്. വഴക്കിട്ട് മടുത്തപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ സംസാരം പാടേ നിര്‍ത്തി. മുഖത്ത് പോലും നോക്കാതായി. അവനോട് സംസാരിക്കരുതെന്ന് എന്റെ മക്കളോടും ഉപദേശിച്ചു. ശരിയായ പോക്കല്ല അവന്റേത് എന്നറിയാമായിരുന്നതു കൊണ്ടാണ്. എത്ര പറഞ്ഞിട്ടും അവന്‍ കണക്കിലെടുക്കാത്തതുകൊണ്ടാണ്. ഒന്നര വര്‍ഷത്തിനു ശേഷം പിന്നീട് അവന്‍ എന്നോട് സംസാരിക്കുന്നത് അറസ്റ്റിലാകുന്നതിന്റെ രണ്ടു ദിവസം മുന്‍പാണ്. വഴക്കെല്ലാം മറന്ന് ക്ഷമിക്കണമെന്നും, ഏതോ ഗ്രൂപ്പു വഴി അവന്‍ കണ്ടെത്തിയ ഒരു അനാഥ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഉമ്മയോടു സംസാരിച്ച് അനുവാദം വാങ്ങിച്ചു തരണമെന്നുമെല്ലാം പറഞ്ഞു. അവനെ ഏറെക്കാലം ജീവനോടെ കാണാന്‍ പറ്റുമെന്നു പോലും ഞാന്‍ കരുതിയതല്ല. നിനക്ക് വേണ്ടത് ഒരു ജീവിതമാണെങ്കില്‍ എന്ത് വില കൊടുത്തും ഞാനത് നേടിത്തരും എന്ന് അവനോട് ഞാന്‍ അപ്പോള്‍ത്തന്നെ വാക്കു പറഞ്ഞു. പക്ഷേ സാധിച്ചില്ല. പിന്നീട് കേള്‍ക്കുന്നത് അവനെ കൊണ്ടുപോയി എന്നാണ്",
  ഇടക്കിടെ കരച്ചില്‍ കൊണ്ട് മുറിഞ്ഞു മുറിഞ്ഞാണ്, അക്ഷയ ഹൗസിംഗ് കോളനിയിലെ പണി പൂര്‍ത്തിയാകാത്ത വീടിനുമ്മറത്തിരുന്ന് ഇല്യാസ് സഹോദരനെക്കുറിച്ച് സംസാരിക്കുന്നത്. പാലക്കാട് മുതലമടയ്ക്കടുത്തുള്ള ചുള്ളിയാര്‍മേട്ടില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്നേ എന്‍ഐഎ കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിന്റെ സഹോദരനാണ് ഇല്യാസ്. ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധമാരോപിച്ചാണ് റിയാസിനെ എന്‍ഐഎ അറസ്റ്റു ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള യുവാക്കളുടെ റിക്രൂട്ട്‌മെന്റും അനുബന്ധ ചര്‍ച്ചകളും റിയാസിന്റെ അറസ്റ്റോടു കൂടി വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്. ചുള്ളിയാര്‍മേട്ടിലും തൊട്ടടുത്തുള്ള അങ്ങാടിയായ കാമ്പ്രത്ത്ചള്ളയിലും ഈ ചര്‍ച്ചയുടെ അനുരണനങ്ങളുണ്ട്. റിയാസിനെ വ്യക്തിപരമായി പരിചയമില്ലെങ്കില്‍പ്പോലും, തങ്ങളുടെ തൊട്ടടുത്ത് താമസിച്ചിരുന്നൊരാള്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായതില്‍ അത്ഭുതവും ആശങ്കയും ഇവര്‍ക്കുണ്ട്.

റിയാസിനെക്കുറിച്ചും, തങ്ങള്‍ അറിയാതെ പോയ റിയാസിന്റെ 'പദ്ധതികളെ'ക്കുറിച്ചും സംസാരിക്കുമ്പോള്‍ പല തവണയായി ഇല്ല്യാസ് ആവര്‍ത്തിച്ചതും ഇതേ ആശങ്കകളാണ്. നിലവിലെ സാഹചര്യത്തില്‍ നാട്ടില്‍ നിന്നു തന്നെ മാറണമെന്ന് ആഗ്രഹിക്കുമ്പോഴും, സാമ്പത്തിക ബാധ്യതകള്‍ കാരണം അതു സാധിക്കാതെ പോകുന്ന അവസ്ഥയെക്കുറിച്ചാണ് ഇല്ല്യാസിന് പറയാനുള്ളത്. "പ്ലസ് ടു ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായിട്ടും തുടര്‍ന്നു പഠിക്കാനാകാതെ കുടുംബം നോക്കാന്‍ ജോലിക്കു പോകേണ്ടിവന്നവനാണ് ഞാന്‍. ഞാന്‍ പണിയെടുത്താണ് റിയാസിനെ പഠിപ്പിച്ചതും സഹോദരിയെ വിവാഹം കഴിച്ചയച്ചതും. ഒമ്പതു ലക്ഷത്തോളം രൂപയുടെ കടബാധ്യകള്‍ ഇപ്പോഴുമുണ്ട്. അതിനിടയില്‍ പിടിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രശ്‌നങ്ങളെല്ലാം. കുറേക്കാലമായി റിയാസിന്റെ അഭിപ്രായങ്ങളിലും പെരുമാറ്റത്തിലുമെല്ലാം മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നു. തീവ്രമായി മതത്തെക്കുറിച്ച് സംസാരിക്കുന്നു, മറ്റു മതങ്ങളെ വളരെ മോശമായി നിന്ദിക്കുന്നു. വാട്‌സ് ആപ്പിലെ കുടുംബഗ്രൂപ്പില്‍ അവന്‍ പങ്കുവയ്ക്കാറുള്ള സന്ദേശങ്ങളില്‍ പലതും തീവ്ര ഹിന്ദു വിരുദ്ധതയുള്ളതൊക്കെയാണ്. ഇതൊക്കെ വായിക്കുന്ന എനിക്ക് ഒരു തരത്തിലും അംഗീകരിക്കാനാകുമായിരുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ വഴക്കുകളുണ്ടാകുന്നതും. ഈ പ്രദേശത്തെ മുസ്ലിങ്ങളില്‍ ആരും വസ്ത്രധാരണത്തില്‍ പോലും ഒരു തരത്തിലുള്ള വ്യത്യാസവും വച്ചു പുലര്‍ത്താറില്ല. സ്ത്രീകള്‍ സാരിത്തലപ്പു കൊണ്ട് തല മറയ്ക്കും, അത്രമാത്രം. അതിനിടയിലേക്കാണ് അവന്‍ മുടിയും താടിയും നീട്ടി, തൊപ്പിയിട്ട്, അറേബ്യന്‍ രീതിയിലുള്ള നീണ്ട കുപ്പായം ധരിച്ച്, സുറുമയെഴുതി നടക്കാന്‍ തുടങ്ങിയത്. നിന്റെ പോക്ക് ശരിയല്ല എന്ന് ഞാന്‍ പലവട്ടം പറഞ്ഞു നോക്കി. മഅദനിയെയൊക്കെ കണ്ടില്ലേ, ഇത്രയേറെ സ്വാധീനമുണ്ടായിട്ടും എങ്ങനെയോ ഒരു കേസില്‍ കുടുങ്ങി കഷ്ടപ്പെടുന്നത്. നിനക്ക് അത്തരത്തില്‍ എന്തെങ്കിലും അനുഭവമുണ്ടായാല്‍ സഹായിക്കാന്‍ പോലും ആരും വരില്ല എന്നെല്ലാം പറഞ്ഞു നോക്കി. ഫലമുണ്ടായില്ല."


ഇല്യാസ് ജോലി ചെയ്യുന്ന ജ്വല്ലറിയുടെ തിരുവനന്തപുരത്തെ ശാഖയില്‍ പഠനശേഷം റിയാസിനും ജോലി തരപ്പെടുത്തിക്കൊടുത്തിരുന്നു. എന്നാല്‍, അധിക കാലം റിയാസിന് അവിടെയും തുടരാനായില്ല. തീവ്രമായ നിലപാടുകള്‍ തന്നെയായിരുന്നു ജോലി നഷ്ടപ്പെടാന്‍ കാരണമെന്ന് ഇല്ല്യാസ് പറയുന്നു. ജോലിയില്‍ ശ്രദ്ധവയ്ക്കാതെ, മതത്തിന്റെ പേരിലുള്ള നിര്‍ബന്ധങ്ങളുമായി തുടരാനാകില്ലെന്ന് ഉറപ്പായപ്പോള്‍ റിയാസിന് തിരികെപ്പോരേണ്ടിവന്നു. വീട്ടിലെത്തിയ ശേഷം സ്വന്തം ബൈക്കില്‍ അത്തര്‍ വില്‍പ്പന, കാമ്പ്രത്ത്ചള്ളയിലുള്ള പിതാവ് അബൂബക്കറിന്റെ ചെറിയ തുണിക്കടയിലെ ജോലി എന്നിങ്ങനെയും റിയാസ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് സക്കീര്‍ നായിക്കിന്റേയും ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ആസൂത്രകന്‍ എന്നു കരുതുന്ന സെഹ്‌റാന്‍ ഹാഷിമിയുടെയുമടക്കമുള്ള പ്രസംഗ വീഡിയോകള്‍ തുടര്‍ച്ചയായി കണ്ട് വീട്ടിലെ മുറിക്കുള്ളില്‍ സമയം ചെലവിടുകയായിരുന്നും അധിക നേരവും. നേരത്തേ പാലക്കാട് നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുള്ള രണ്ടു പേരുമായി റിയാസ് സൗഹൃദം തുടര്‍ന്നു പോന്നിരുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും, അറസ്റ്റിനു ശേഷം റിയാസ് സമ്മതിക്കുന്നതു വരെ ചാവേറാക്രമണം പോലുള്ള പദ്ധതികള്‍ മനസ്സിലുണ്ടായിരുന്നതായി തനിക്കോ വീട്ടുകാര്‍ക്കോ അറിയില്ലായിരുന്നുവെന്ന് ഇല്ല്യാസ് പറയുന്നു. "
അവനൊരു ഡമ്മി പീസാണ്. അങ്ങനെയാണ് എല്ലാവരും കരുതിയത്. മതത്തെക്കുറിച്ചുള്ള തീവ്രമായ തെറ്റായ ചിന്തകള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍, ഇത്രയേറെ അവന്‍ ചിന്തിച്ചു കൂട്ടിയിരുന്ന കാര്യം ആര്‍ക്കുമറിയില്ലായിരുന്നു. എന്‍ഐഎ കസ്റ്റഡിയിലെടുത്തു കൊണ്ടു പോയ ശേഷം വിവരമന്വേഷിക്കാന്‍ ഓഫീസില്‍ ചെന്നപ്പോഴും, ഞാനും സഹോദരീഭര്‍ത്താവും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു. 'പിന്നേ, ഇവനല്ലേ തീവ്രവാദി' എന്നായിരുന്നു മനസ്സില്‍. അറസ്റ്റിനുള്ള പേപ്പറുകള്‍ ശരിയാക്കിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്",
ബാക്കി പറയാനാകാതെ ഇല്ല്യാസിന്റെ വാക്കുകള്‍ മുറിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ റിയാസ് പങ്കുവച്ചിരുന്ന കുറിപ്പുകളും അഭിപ്രായങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റിയാസ് അബൂബക്കര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റഡാറിലായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒന്നരവര്‍ഷക്കാലത്തോളം റിയാസിനെ നിരീക്ഷിച്ച ശേഷമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇക്കാലയളവിനിടെ പലതവണ നേരിട്ടു വന്നു കണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. വീട്ടില്‍ നിന്നും പരിശോധനയ്ക്കിടെ വീഡിയോ ദൃശ്യങ്ങളടങ്ങുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ കണ്ടെടുത്തിരുന്നെങ്കിലും, റിയാസ് ഒന്നും സമ്മതിച്ചിരുന്നില്ല. പിന്നീട് ഓഫീസില്‍ വച്ചുള്ള ചോദ്യം ചെയ്യലിലാണ് ചാവേറാകാനുള്ള പദ്ധതിയടക്കം വിശദമായ തുറന്നുപറച്ചിലുണ്ടാകുന്നത്. തിരുച്ചിയില്‍ ജോലി ചെയ്യുന്ന ഇല്ല്യാസും, ഭര്‍ത്താവിനൊപ്പമുള്ള സഹോദരിയും വീട്ടിലില്ലാത്തതിനാല്‍ റിയാസിന്റെ ചെയ്തികളെക്കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നുണ്ട്. ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം വീട്ടില്‍ താമസിച്ചിരുന്ന റിയാസ്, മിക്കപ്പോഴും മുറിയ്ക്കകത്ത് സമയം ചെലവഴിച്ചിരുന്നത് പക്ഷേ, എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. "
അവന്‍ നേരേ ചൊവ്വേ ഒരു ജോലിക്കു പോയിക്കാണണമെന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച്, സലഫി നിക്കാഹ് എന്ന ഗ്രൂപ്പില്‍ നിന്നും ഒരു അനാഥപ്പെണ്‍കുട്ടിയെ പരിചയപ്പെട്ട കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പിന്തുണയ്ക്കാമെന്നേറ്റത്. പക്ഷേ ഞാന്‍ വീട്ടില്‍ വരുമ്പോഴെല്ലാം അവന്‍ മുറിയില്‍ ലൈറ്റ് പോലുമിടാതെ ഇരിപ്പായിരിക്കും. അവന്‍ അതിനകത്ത് സ്ഥിരമായി വ്യായാമം ചെയ്യുകയാണെന്ന് സഹോദരിയുടെ മക്കള്‍ പറയുന്നു, എനിക്കറിയില്ല. വലിയ കല്ലുകളെല്ലാം മുറിയിലെടുത്തുവച്ച് വ്യായാമം ചെയ്യാറുണ്ടത്രേ. എന്റെ മകനോടു പോലും ഞാന്‍ അവനോട് സംസാരിക്കരുത് എന്ന് പറഞ്ഞിരുന്നു. നിസ്‌കാരവും മതവിശ്വാസവുമുണ്ടെങ്കിലും ഞങ്ങളാരും അവനെപ്പോലെ മറ്റു മതങ്ങളെ അസഹിഷ്ണുതയോടെ കാണുന്നവരല്ല. എന്നിട്ടും എന്റെ മകന്‍ ഞാനറിയാതെ അവനോട് സംസാരിക്കുമായിരുന്നു. അത്രയ്ക്ക് ഇഷ്ടമുണ്ടായിരുന്നു എല്ലാവര്‍ക്കും അവനോട്."


ചുള്ള്യാര്‍മേടില്‍ നിന്നും അല്പമകലെയുള്ള മാന്തോട്ടത്തിന്റെ മേല്‍നോട്ടമാണ് റിയാസിന്റെ ഉപ്പ അബൂബക്കറിന്റെ ജോലി. അബൂബക്കറിനും ഇല്ല്യാസിനും പറയാനുള്ളതു മുഴുവനും ഇനിയങ്ങോട്ട് നേരിടാന്‍ പോകുന്ന നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളെക്കുറിച്ചാണ്. കാമ്പ്രത്ത്ചള്ളയിലെ ചെറിയ തുണിക്കട ദിവസങ്ങളായി തുറന്നിട്ടില്ല. നാട്ടുകാരുടെ പ്രതികരണമറിയാന്‍ അങ്ങോട്ടു പോകണമെന്നുണ്ടെന്നും, ആര്‍ക്കും അതിനുള്ള മനസ്സില്ലെന്നും ഇവര്‍ പറയുന്നു. ചുള്ളിയാര്‍മേട്ടിലുള്ളവര്‍ക്കെല്ലാം റിയാസിനെയും അബൂബക്കറിനെയും പരിചയം തീരെ കുറവാണ്. ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പു മാത്രം ചുള്ളിയാര്‍മേട്ടിലേക്ക് താമസം മാറിയെത്തിയ കുടുംബത്തെ അടുത്തറിയില്ല എന്നാണ് പരിസരവാസികളുടെയും ഭാഷ്യം. റിയാസിനെക്കുറിച്ചും നാട്ടിലാര്‍ക്കും അധികമറിയില്ല. എങ്കിലും, ഒളിഞ്ഞും തെളിഞ്ഞും പല സൂചനകളും തനിക്ക് കിട്ടുന്നുണ്ടെന്ന് ഇല്ല്യാസ് ചൂണ്ടിക്കാട്ടുന്നുണ്ട്. "
വീടാക്രമിക്കാനും കടയ്ക്കു നേരെ കല്ലെറിയാനും പദ്ധതിയുണ്ടെന്ന് കേള്‍ക്കുന്നു. സത്യമെന്താണെന്നറിയില്ല. പക്ഷേ പേടിക്കാതെ വയ്യല്ലോ. ഞങ്ങളാരും അധികം പുറത്തിറങ്ങാറില്ല ഇപ്പോള്‍. മാധ്യമങ്ങളേയും കാണാറില്ല. ഇടക്കിടെ പൊലീസുദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തും. നാട്ടുകാരെയും കുറ്റംപറയാനാകില്ലല്ലോ. ഇത്രനാളും ജോലിയുണ്ടെന്ന സമാധാനത്തിലായിരുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ക്കും കസ്റ്റമര്‍മാര്‍ക്കും പ്രശ്‌നമുണ്ടാകും എന്നതുകൊണ്ട് ഇപ്പോള്‍ അതിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഇടയ്ക്കിടെ ജോലി സ്ഥലത്ത് എന്‍ക്വയറി വന്നാല്‍ അത് സ്ഥാപനത്തെ ബാധിക്കുമല്ലോ. എനിക്കും തീവ്രവാദ ബന്ധമുണ്ട് എന്ന തരത്തില്‍പ്പോലും അപവാദങ്ങളുണ്ടായേക്കാം. എവിടെയെങ്കിലും ഭീകരാക്രമണമുണ്ടായാല്‍ തമാശയ്‌ക്കെങ്കിലും നമ്മളോട് 'പാക്കിസ്ഥാനില്‍ പൊക്കൂടേ' എന്നു ചോദിക്കുന്ന സുഹൃത്തുക്കളുണ്ട്. അവരെല്ലാം ഇത് എങ്ങനെയെടുക്കും എന്ന് ഭയമുണ്ട്. ജോലി ഇല്ലാതായാല്‍ കടങ്ങളും വീട്ടാന്‍ പറ്റാതെയാകും. സത്യത്തില്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. മുന്നോട്ട് ഇനി എന്ത് എന്നറിയില്ല",
പുറമേയ്ക്ക് ശാന്തമാണെങ്കിലും ചുറ്റുമുള്ളവര്‍ ഉള്ളിലെന്ത് കരുതുന്നുണ്ടാകും എന്ന ആശങ്കയില്‍ത്തന്നെയാണ് ഇല്ല്യാസും കുടുംബവും.

Also Read: ഐഎസ് ചാവേറാകാന്‍ തീരുമാനിച്ചു, പക്ഷേ സഹായങ്ങള്‍ കിട്ടിയില്ല; റിയാസ് അബുബക്കറിന്റെ അറസ്റ്റ് 2016-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍

പൂക്കളുടെയും ചെടികളുടെയും ചിത്രമെടുത്തു നടന്നിരുന്ന, സഹോരങ്ങളുടെ കുട്ടികളോട് പ്രത്യേക വാത്സല്യമുണ്ടായിരുന്ന റിയാസിന് തങ്ങളറിയാത്ത ബന്ധങ്ങളുണ്ടായിരുന്നത് വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ് പിതാവ് അബൂബക്കറും. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന റിയാസിനെയേ തനിക്കറിയുകയുള്ളൂ എന്നും അബൂബക്കര്‍ പറയുന്നുണ്ട്. "
കേസ് നടത്തുന്നില്ലേ എന്ന് വക്കീല്‍ ചോദിച്ചിരുന്നു. എനിക്ക് അത്രയേറെ പണമില്ല. മാത്രമല്ല, അവന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണം. ശിക്ഷിക്കപ്പെട്ടാലെങ്കിലും മനസ്സുമാറി പുതിയൊരു മനുഷ്യനായി വരണേയെന്നാണ് പ്രാര്‍ത്ഥന. പക്ഷേ, അവന്‍ എല്ലാം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു എന്നു തന്നെയാണ് എന്റെ വിശ്വാസം. വിവാഹിതനായി പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ ആഗ്രഹിച്ചിരുന്നവനാണ്. ചാവേറാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതല്ലാതെ അപകടമൊന്നും വരുത്തിയിട്ടുമില്ല. ഉദ്യോഗസ്ഥര്‍ അതെല്ലാം കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്."


ചുള്ളിയാര്‍മേട്ടിലുള്ളവരില്‍ പലര്‍ക്കും റിയാസ് ഇപ്പോള്‍ 'ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട പയ്യ'നാണ്. ചുള്ളിയാര്‍മേട്ടിലേക്കാള്‍ ഏറെ വ്യത്യസ്തമല്ല കേരളത്തില്‍ പൊതുവായി പ്രചരിച്ചിരുന്ന വാര്‍ത്തകളും. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നിര്‍ബാധം നടക്കുന്നതിനിടെയാണ് മൂന്നിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡുകള്‍ നടക്കുന്നത്. 2016ലെ കാസര്‍കോട് റിക്രൂട്ടമെന്റ് കേസിന്റെ ചുവടുപിടിച്ച് കേരളത്തിലുണ്ടായ മൂന്ന് റെയ്ഡുകളും അനുബന്ധമായി നടന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ അറസ്റ്റും ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു ദിവസങ്ങള്‍ക്കു ശേഷമായതിനാല്‍ ശ്രീലങ്കന്‍ സ്ഫോടനങ്ങളുമായി ഇവയ്ക്ക് ബന്ധം ചാര്‍ത്തപ്പെടാനും അധികനേരമെടുത്തില്ല. കേരളത്തിലെ റെയ്ഡുകളെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചുമുള്ള വാര്‍ത്തകളുടെ തലക്കെട്ടില്‍ത്തന്നെ ശ്രീലങ്കയിലെ ആക്രമണം ഇടംപിടിച്ചു.

'ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ കേരള ബന്ധം' എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഒരു വശത്ത് നടക്കുന്നതിനിടയില്‍ത്തന്നെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്നതും. ശ്രീലങ്കയിലെ ഭീകരാക്രമണത്തിനുപയോഗിച്ച സ്ഫോടക വസ്തുക്കള്‍ എത്തിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നാണെന്നും, അറസ്റ്റിലായ റിയാസ് ആക്രമണത്തിന്റെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമിയുടെ അടുത്ത അനുയായിയാണെന്നുമുള്ള അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പോലും കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. എന്നാല്‍, റിയാസ് അബൂബക്കറിനോ, ചോദ്യം ചെയ്യപ്പെട്ട മറ്റുള്ളവര്‍ക്കോ ശ്രീലങ്കയിലെ ആക്രമണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണം. സഹ്റാന്‍ ഹാഷിമിയുടെ പ്രസംഗ വീഡിയോകള്‍ ധാരാളം ശേഖരിച്ച് കേട്ടിരുന്നയാളാണ് റിയാസ്. ഹാഷിമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനാവുകയും ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇക്കാര്യമൊഴിച്ചാല്‍ മറ്റൊരു തരത്തിലുള്ള ബന്ധവും റിയാസും ശ്രീലങ്കന്‍ ആക്രമണവും തമ്മിലില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പക്ഷം. റിയാസിന്റെ അറസ്റ്റിനെക്കുറിച്ച് വിശദീകരിക്കാനായി എന്‍ഐഎ പുറത്തിറക്കിയ പത്രക്കുറിപ്പിലും ശ്രീലങ്കന്‍ ആക്രമണത്തെക്കുറിച്ച് ഒരു വാക്കു പോലും പരാമര്‍ശിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും നേരത്തേതന്നെ കടക്കുകയും, കാസര്‍കോട് മേഖലയില്‍ നിന്നും കൂടുതല്‍ പേരെ ഇസ്ലാമിക് സ്റ്റേറ്റിലെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഘവുമായി ബന്ധം പുലര്‍ത്തുന്നു എന്ന സംശയത്തിന്റെ പേരിലാണ് റിയാസടക്കം മൂന്നു പേരെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. കാസര്‍കോട് നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് 15 പേരെ റിക്രൂട്ട് ചെയ്തതിന് 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റിയാസിന്റെ അറസ്റ്റ്. കാസര്‍കോട്ടു നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുള്ള അബ്ദുല്‍ റഷീദ്, അഷ്ഫാഖ് മജീദ്, അബ്ദുല്‍ ഖയ്യൂം എന്നിവരുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിച്ച കൂട്ടത്തിലാണ് റിയാസിനെ ഉള്‍പ്പെടുത്തിയതെന്നും, സാക്കിര്‍ നായിക്കും സഹ്റാന്‍ ഹാഷിമിയുമടക്കമുള്ളവരുടെ പ്രസംഗങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി പിന്തുടരുന്നുവെന്ന് റിയാസ് സമ്മതിച്ചതായും എന്‍.ഐ.എയുടെ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടതായും തെളിഞ്ഞിട്ടുണ്ട്. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെത്തന്നെ, തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടാകുമെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു.

പാലക്കാട്ടുകാരന്‍ റിയാസ് അബൂബക്കറിന് ശ്രീലങ്കന്‍ ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിക്കുമ്പോള്‍ത്തന്നെ, മറ്റു ചില വസ്തുതകള്‍ ഗൗരവത്തിലെടുക്കാതിരിക്കാനുമാകില്ല. 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ തൊണ്ണൂറോളം പേര്‍ കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണക്കുകള്‍. കുടുംബങ്ങള്‍ക്കൊപ്പവും അല്ലാതെയും ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്ക് തിരിച്ചവരുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുന്നുണ്ട്. പടന്നയില്‍ നിന്നും പോയിട്ടുള്ള പതിനൊന്നു പേരുടെ കണക്കും, കനകമലയില്‍ ചേര്‍ന്ന രഹസ്യയോഗത്തിന്റെ പേരില്‍ എന്‍.ഐ.എ എടുത്തിട്ടുള്ള കേസുകളും ഇക്കൂട്ടത്തിലുണ്ട്. കണക്കുകളില്‍ പിശകുണ്ടെങ്കിലും ഇല്ലെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രസംഘടനകളുടെ സ്വാധീനം വര്‍ദ്ധിക്കുന്നുണ്ടോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ ഇന്ത്യക്കാരും പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി 2013ല്‍ ആരംഭിച്ച നിരീക്ഷണങ്ങളും നടപടികളും ഇപ്പോഴും തുടരുമ്പോള്‍ പ്രത്യേകിച്ചും. വിവിധ കേസുകളിലായി പത്തിലധികം പേരെ കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിലുമെത്രയോ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്.

കണ്ണൂരിലും കാസര്‍കോട്ടും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘം നിലനില്‍ക്കുന്നു എന്നത് ഗുരുതരമായ ഒരു വസ്തുതയായിത്തന്നെ കാണേണ്ടതുണ്ട്. ഒരു ഗ്രാമത്തില്‍ നിന്നു മാത്രം പത്തും പന്ത്രണ്ടും പേര്‍ സിറിയയിലേക്ക് പോകുകയും, ഒരേ പ്രദേശത്തു നിന്നുള്ള പതിനഞ്ചിലധികം പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു എന്ന കണക്കുകള്‍ മാത്രം മതിയാകും ഈ പ്രവണതയുടെ വ്യാപ്തി മനസ്സിലാക്കാന്‍. ഇതേ പ്രവണതയുടെ പട്ടികയിലേക്ക് ചേര്‍ത്തുവയ്ക്കാനുള്ള പേരാണ് റിയാസിന്റേതും.

Next Story

Related Stories