Top

കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം 250-ലധികം കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കിയ സായ്‌റാം ഭട്ട്

കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം 250-ലധികം കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കിയ സായ്‌റാം ഭട്ട്
കിളിങ്കാറിലെ സായിറാമിന്റെ തോട്ടങ്ങളില്‍ കൃഷി ഒരിക്കല്‍പ്പോലും പരാജയമായിട്ടില്ല. കിഴങ്ങുകളും പച്ചക്കറികളും നല്ല വിളവ് കൊടുത്ത് സായിറാമിനെ എന്നും സന്തോഷിപ്പിച്ചിട്ടേയുള്ളൂ. അതിനുള്ള കാരണവും ഇദ്ദേഹത്തിനറിയാം. 'എന്റെ തോട്ടത്തിലെ ഓരോ ചെടിയ്ക്കുമറിയാം, അവര്‍ വിളവ് തന്നാല്‍ അത് ഇന്നാട്ടിലെ ഏതെങ്കിലുമൊരു പാവപ്പെട്ടവന് അത്താണിയാവുമെന്ന്.' എന്നും രാവിലെ മുതല്‍ അന്തിയോളം തോട്ടത്തില്‍ ചെലവഴിക്കുന്ന സായിറാം ഒരു കര്‍ഷകന്‍ മാത്രമല്ല. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക പ്രദേശത്തുകാര്‍ക്ക് കണ്‍കണ്ട ദൈവമാണ് സ്വാമി എന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സായ്‌റാം ഗോപാലകൃഷ്ണ ഭട്ട്. സ്വാമിയുടെ വീടായ 'സായ് നിലയ' കാരുണ്യത്തിന്റെ ഒരു കൂടാരവുമാണ് അവര്‍ക്ക്.

1995-ലെ ഒരു വര്‍ഷകാല സന്ധ്യ. സായ് നിലയത്തിന്റെ വാതില്‍ക്കല്‍ വന്ന് ഒരാള്‍ വാവിട്ട് നിലവിളിക്കുകയാണ്. അയാളുടെ ഓലമേഞ്ഞ കുടില്‍ മഴയില്‍ കുതിര്‍ന്ന് നശിച്ചു. ഭാര്യയും കുട്ടികളുമായി എവിടേക്ക് പോണമെന്ന് അറിയില്ല. ചെന്നു മുട്ടാനുള്ള ഒരേ ഒരു വാതില്‍ സായ് നിലയത്തിന്റേത് മാത്രമാണെന്ന് അയാള്‍ക്കറിയാം. അയാളുടെ ചാപ്പ (ഓലമേഞ്ഞ കുടില്‍) വര്‍ഷാവര്‍ഷം പുതുക്കിപ്പണിയാന്‍ ഓലയും കവുങ്ങ് തടിയും സായിറാമാണ് നല്‍കിയിരുന്നത്. ആ വര്‍ഷവും അയാള്‍ അത് പുതുക്കിപ്പണിതതാണ്. പക്ഷെ കാറ്റും മഴയും ചാപ്പയെ നിലംപരിശാക്കി. തന്റെ മുന്നില്‍ നിന്ന് കരയുന്ന ആ മനുഷ്യനോട് (താന്‍ സഹായം നല്‍കിയ ആരുടേയും പേര് വെളിപ്പെടുത്താന്‍ സായിറാം ഒരുക്കമല്ല. അത് അവര്‍ക്കും തനിക്കുമിടയിലെ രഹസ്യമായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം) ഇനി ചാപ്പ പുതുക്കിപ്പണിയേണ്ടതില്ല എന്ന സായിറാം പറഞ്ഞു! തലചായ്ക്കാന്‍ ഒരു കുടില്‍ പോലും ഇല്ലാത്ത അവസ്ഥ എത്ര ദുഷ്‌കരമായിരിക്കുമെന്ന് ആലോചിച്ച് വീണ്ടും നിലവിളിക്കാന്‍ തുടങ്ങിയ അയാളോട്, 'ഇനി ചാപ്പ വേണ്ട. വീട് തരാം' എന്ന് പറഞ്ഞാണ് സ്വാമി മടക്കിയത്. അതായിരുന്നു സായിറാം വച്ചുനല്‍കിയ ആദ്യത്തെ വീട്. പിന്നീടിങ്ങോട്ട് വെയിലും മഴയും നിരാശ തീര്‍ത്ത മനുഷ്യര്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ വലിയ മനുഷ്യനായി സായ്‌റാം ഭട്ട്.

തല ചായ്ക്കാന്‍ വീടില്ലാതെ കഴിഞ്ഞിരുന്ന 250-ലധികം കുടുംബങ്ങള്‍ക്ക് ഇക്കാലയളവിനുള്ളില്‍ വീട് വച്ച് നല്‍കി. അതും കൃഷിയില്‍ നിന്ന് മാത്രം ലഭിക്കുന്ന വരുമാനത്തില്‍ നിന്ന്. കള്ളപ്പണം വെളുപ്പിക്കാനും പ്രശംസയ്ക്കും പ്രശസ്തിക്കും ഉള്ള ഉപാധിയായി കാരുണ്യപ്രവര്‍ത്തനം മാറുന്ന കാലത്ത്, കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് സായ്‌റാം ഭട്ടിന്റെ കാരുണ്യപ്രവര്‍ത്തനം എന്നതാണ് വേറിട്ട് നില്‍ക്കുന്നതും. 'ബുദ്ധിശക്തിയും അധ്വാനവുമുണ്ടെങ്കില്‍ ഈ ഭൂമിയിലെ ജീവിതത്തില്‍ നമുക്ക് എന്തും ചെയ്യാം, എന്തും നേടാം. പക്ഷെ പാവപ്പെട്ടവരെ അറിഞ്ഞ് നമ്മുടെ നേട്ടങ്ങളുടെ ഒരു പങ്ക് കൊടുത്താലേ ആ നേട്ടങ്ങള്‍ക്ക് സ്ഥിരതയുണ്ടാവൂ. മരിക്കുമ്പോള്‍ നമുക്ക് ബാക്കിയാവുന്നത് നമ്മുടെ അധ്വാനമായിരിക്കില്ല. പാവപ്പെട്ടവരെ സഹായിച്ചാല്‍, അത് മാത്രമേ അവസാനത്തെ കണക്ക് പുസ്തകത്തില്‍ ഉണ്ടാവൂ.' എന്നാണ് സായ്‌റാം ഭട്ട് പറയുന്നത്.ആദ്യകാലത്ത് വീട് വെക്കാനുള്ള സ്ഥലവും സായ്‌റാം ഭട്ട് തന്നെ വാങ്ങി നല്‍കിയിരുന്നു. പിന്നീട് പഞ്ചായത്ത് സ്ഥലമനുവദിക്കാന്‍ തുടങ്ങി. വിവിധ ദേശങ്ങളില്‍ നിന്നുള്ളവര്‍ സായ്‌റാം ഭട്ടിന്റെ നന്മ മനസ്സ് കേട്ടറിഞ്ഞു സഹായത്തിനായി 'സായ് നിലയ'ത്തിലേക്കെത്തുന്നു. അര്‍ഹതപ്പെട്ടവരാണെങ്കില്‍ അവരാരെയും അദ്ദേഹം നിരാശരാക്കി മടക്കി വിടാറില്ല. വീട് നിര്‍മിച്ച് നല്‍കുന്നതിനൊപ്പം മറ്റനേകം കാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി വരുന്നു. കുടിവെള്ളമില്ലാത്തവര്‍ക്ക് കുടിവെള്ളമെത്തിക്കുന്നു, തയ്യല്‍ പഠിച്ചവര്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കുന്നു, ആഴ്ച തോറും മുന്നൂറിലധികം പേര്‍ പങ്കെടുക്കുന്ന മെഡിക്കല്‍ ക്യാമ്പ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുണ്ട്. മുന്‍പ് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിയും നടപ്പിലാക്കി വന്നിരുന്നു. എന്നാല്‍ പിന്നീട് അത് സ്വീകരിച്ച പലരും ഓട്ടോ വിറ്റ് നശിപ്പിച്ചത് കാരണം പദ്ധതി നിര്‍ത്തലാക്കുകയായിരുന്നു.

സായ്‌റാം ഭട്ടിന്റെ സേവന പ്രവര്‍ത്തനങ്ങളെ പറ്റി കേട്ടറിഞ്ഞ് നിരവധി രാഷ്ട്രീയ നേതാക്കളടക്കം അദ്ദേഹത്തിന്റെ അടുക്കലെത്തി. ഒരിക്കല്‍ കാസര്‍കോട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സി.പി ജോണ്‍, സായ്‌സായ്‌റാമിന്റെ വീട്ടിലെത്തി. സായ്‌റാം ഭട്ടിന്റെ പ്രവര്‍ത്തനം മാതൃകയാക്കി വീട് നിര്‍മിച്ച് നല്‍കാനുള്ള താല്പര്യം പ്രകടിപ്പിച്ചു. 'തനിക്ക് അതിനുള്ള സാമ്പത്തിക ശേഷി ഇല്ല എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അന്‍പത് സുഹൃത്തുക്കളെ ചേര്‍ത്ത് ഒരു കൂട്ടായ്മ ഉണ്ടാക്കി അതിന് കീഴില്‍ വീട് നിര്‍മിച്ച് നല്‍കിക്കൂടെ എന്ന് ഞാന്‍ ചോദിച്ചു. ഇന്ന് അവര്‍ അന്‍പതിലധികം വീട് നിര്‍മിച്ച് നല്‍കി. ഒരാളെങ്കിലും അങ്ങനെ മാതൃകയാക്കിയല്ലോ. ബിനോയ് വിശ്വം മന്ത്രിയായിരിക്കെ ഇവിടെയെത്തിയിരുന്നു. ഞാന്‍ നിര്‍മിച്ച് നല്‍കുന്ന വീടുകള്‍ക്ക് 40,000 രൂപ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് അറിയിച്ചു. പക്ഷെ അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. നമുക്ക് കഴിയുന്നത്ര വീട് നമ്മള്‍ തന്നെ നിര്‍മിച്ചുനല്‍കിയാല്‍ പോരെ' സായ്‌റാം ഭട്ട് പറയുന്നു.

ആഢംബരങ്ങളും വിളംബരങ്ങളും ഇല്ലാതെ ബദിയടുക്കക്കാരുടെ സ്വാമി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. അദ്ദേഹം നിര്‍മിച്ചു നല്‍കിയ വീടിന്റെ ഫോട്ടോ പകര്‍ത്തിയാല്‍ കൊള്ളാം എന്ന താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ മറുപടി ഇങ്ങനെ, 'അത് വേണ്ട, അവര്‍ക്ക് അതൊരു വിഷമമായാലോ''. കോടീശ്വരന്മാരും സെലിബ്രിറ്റികളും സന്നദ്ധ സംഘടനകളും പാവപ്പെട്ടവന് ഒരു ചാക്ക് അരി നല്‍കുന്നതിന്റെ ഫോട്ടോയെടുത്ത് പത്രങ്ങളില്‍ നല്‍കി ആഘോഷിക്കുന്നതിനിടയിലാണ് ഈ എണ്‍പതുകാരന്റെ നിശബ്ദ സേവനം. 'പാവപ്പെട്ടവന്റെ മനസ്സ് വായിക്കാന്‍ മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യനല്ലേ കഴിയൂ. അതിന് കൂടുതല്‍ പേരും പ്രശസ്തിയുമൊന്നും വേണ്ട. ചെയ്യാനുള്ളത് ചെയ്യുക. ഇടത് കൈ ചെയ്യുന്നത് വലതുകൈ അറിയരുത്. അതെനിക്ക് നിര്‍ബന്ധമാണ്.' സായിറാം പറയുന്നു.

Next Story

Related Stories