TopTop
Begin typing your search above and press return to search.

ആനത്താരയില്‍ നിന്നും മാറ്റിത്താമസിക്കപ്പെട്ട കര്‍ഷകര്‍; തിരുനെല്ലിയിലെ ആത്മഹത്യ ചെയ്ത കൃഷ്ണകുമാര്‍ ഉള്‍പ്പെടുന്ന വേട ഗൌഡ സമൂഹത്തിന്റേത് പൊള്ളുന്ന ജീവിതം

ആനത്താരയില്‍ നിന്നും മാറ്റിത്താമസിക്കപ്പെട്ട കര്‍ഷകര്‍; തിരുനെല്ലിയിലെ ആത്മഹത്യ ചെയ്ത കൃഷ്ണകുമാര്‍ ഉള്‍പ്പെടുന്ന വേട ഗൌഡ സമൂഹത്തിന്റേത് പൊള്ളുന്ന ജീവിതം
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കര്‍ഷക ആത്മഹത്യകളുടെ പട്ടികയിലേക്ക് ഏറ്റവുമൊടുവിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട പേരാണ് വയനാട് തിരുനെല്ലിയില്‍ നിന്നുള്ള കൃഷ്ണ കുമാറിന്റേത്. പോയ മാസങ്ങളില്‍ ഇടുക്കി ജില്ലയില്‍ അടിക്കടി നടന്നുകൊണ്ടിരുന്ന കര്‍ഷക ആത്മഹത്യകളുടെ ആഘാതം മാറും മുന്‍പാണ് വ്യാഴാഴ്ച രാവിലെ തിരുനെല്ലിയിലെ തൃശ്ശിലേരിയിലുള്ള വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കൃഷ്ണകുമാറിനെ കണ്ടെത്തുന്നത്. ഒന്നരയേക്കറോളം വയലിലും അരയേക്കറോളം കരഭൂമിയിലുമായി കൃഷിചെയ്തു ജീവിച്ചിരുന്ന കൃഷ്ണകുമാര്‍, സഹകരണ ബാങ്കില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നുമായി കൃഷിയാവശ്യത്തിനായി എട്ടു ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. മാര്‍ച്ച് മാസമായതോടെ വായ്പ തിരിച്ചടയ്ക്കാനുള്ള സമ്മര്‍ദ്ദത്തിലായിരുന്ന കൃഷ്ണകുമാര്‍, രണ്ടു ദിവസമായി അതീവ ദുഃഖിതനായിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറയുന്നു.

പ്രളയാനന്തരം കാര്‍ഷിക നഷ്ടങ്ങളില്‍ നിന്നും കരയറാനാകാതെ ബുദ്ധിമുട്ടുന്ന വയനാട്ടിലെ കര്‍ഷകരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളം വന്നുകൊണ്ടിരിക്കുന്ന സമയത്തും, പലരെയും അലട്ടിയിരുന്നത് വായ്പയായി എടുത്തിരുന്ന വലിയ തുകകളും അവ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തത്ര തകര്‍ന്നുപോയ സാമ്പത്തിക സ്ഥിതിയുമായിരുന്നു. പ്രളയത്തിനു ശേഷം വിളകളും കൃഷിഭൂമിയും നശിച്ച് ദുരിതത്തിലായി കര്‍ഷകരുടെ വീടുകളും സ്ഥലും സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ജപ്തി ചെയ്യാന്‍ ശ്രമിച്ചതും, അതേത്തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകര്‍ കൂട്ടത്തോടെ കുടിയിറക്ക് ഭീഷണിയിലായതും ഈയടുത്ത കാലത്താണ്. മൊറട്ടോറിയം പ്രഖ്യാപിച്ച ശേഷവും ബാങ്കുകള്‍ ജപ്തിയുമായി മുന്നോട്ടു പോയ കേസുകളും ചര്‍ച്ചയായിരുന്നു. വീണ്ടും വയനാട്ടില്‍ കര്‍ഷക ആത്മഹത്യയുണ്ടാകുമ്പോള്‍, ഇത്തരം പല ഘടകങ്ങളെക്കുറിച്ചുമുള്ള പുനര്‍വിചിന്തനം ആവശ്യമായി വരികയാണ്.

തൃശ്ശിലേരിയില്‍ ആത്മഹത്യ ചെയ്ത കൃഷ്ണകുമാറിന്റേത് വേറിട്ട സംഭവമാകുന്നത് പക്ഷേ, മറ്റു ചില കാരണങ്ങള്‍ കൊണ്ടുകൂടിയാണ്. ഏറ്റവുമധികം പട്ടികവര്‍ഗ്ഗ കുടുംബങ്ങളുള്ള തിരുനെല്ലി പഞ്ചായത്തില്‍ ഗോത്രവിഭാഗക്കാര്‍ പൊരുതിത്തോല്‍ക്കുന്ന അതിജീവന സമരങ്ങളുടെ കൂടി നേര്‍ച്ചിത്രമായി മാറുകയാണ് കൃഷ്ണകുമാറിന്റെ മരണം. ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഭൂരിപക്ഷമായിരുന്നിട്ടുപോലും, വേണ്ടത്ര ഫണ്ടുകളോ സഹായങ്ങളോ കിട്ടാതെ കഷ്ടതകളിലേക്ക് തള്ളിയിടപ്പെടുന്ന ജനതകള്‍ ഏറെയാണ് തിരുനെല്ലിയില്‍. അടിയ വിഭാഗത്തില്‍പ്പെട്ടവരും ഗൗഡ വിഭാഗത്തില്‍പ്പെട്ടവരുമെല്ലാം അക്കൂട്ടത്തില്‍ ചിലര്‍ മാത്രം. കര്‍ണാടകയില്‍ നിന്നും കബനി കടന്നെത്തിയ ഈ വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് ഗോത്രവര്‍ഗ്ഗ സ്ഥാനം അനുവദിച്ചുകൊടുത്തിട്ടില്ല. കര്‍ണാടകത്തില്‍ പട്ടികവര്‍ഗ്ഗമായി കണക്കാക്കപ്പെടുന്ന ഇവര്‍, കേരളത്തിലെത്തുമ്പോള്‍ സംവരണേതര വിഭാഗത്തില്‍പ്പെടുന്നവരായി മാറും. ഗോത്രവര്‍ഗ്ഗത്തിന്റെ എല്ലാ ലക്ഷണങ്ങളും ആചാരങ്ങളും ശീലങ്ങളുമായി ജീവിക്കുമ്പോഴും, യാതൊരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹരല്ലാതായിത്തീരുന്ന ഈ വിഭാഗങ്ങളുടെ പ്രതിനിധിയാണ് ആത്മഹത്യ ചെയ്ത കൃഷ്ണകുമാര്‍ എന്ന കര്‍ഷകന്‍. കര്‍ണാടകത്തില്‍ വേരുകളുള്ള വേട ഗൗഡ വിഭാഗത്തില്‍പ്പെട്ട കൃഷ്ണകുമാറിന്റെ മരണം, അതുകൊണ്ടുതന്നെ, വയനാടിന്റെയും തിരുനെല്ലിയുടെയും സാംസ്‌കാരിക പശ്ചാത്തലത്തില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

കബനീനദി കടന്നെത്തി, കാട്ടിക്കുളത്തെ ഉള്‍വനത്തില്‍ കോളനിയായി താമസിച്ചു തുടങ്ങിയവരാണ് കൃഷ്ണകുമാറിന്റെ മുന്‍തലമുറക്കാര്‍. കാടിനകത്ത് കൃഷി ചെയ്തും നായാടിയും ജീവിച്ചിരുന്ന വേട ഗൗഡ വിഭാഗക്കാര്‍ക്ക് സ്വന്തമായി വലിയ കുടുംബങ്ങളും ഗോത്രസ്വഭാവവും ഉണ്ടായിരുന്നു. കാട്ടിക്കുളത്ത് ആനത്താരയോടു ചേര്‍ന്ന് ജീവിച്ചിരുന്ന വേടഗൗഡ വിഭാഗക്കാര്‍ക്ക് പക്ഷേ, വര്‍ഷങ്ങളായി വലിയ ഭീഷണികളാണ് വന്യ മൃഗങ്ങളില്‍ നിന്നും നേരിടേണ്ടിവന്നിട്ടുള്ളത്. കൃഷി നശിപ്പിച്ചും സ്വൈര്യ ജീവിതം ഇല്ലാതാക്കിയും ആനകളും മറ്റു മൃഗങ്ങളും ഇവരുടെ കോളനികളില്‍ വിഹരിച്ചതോടെ, ഏതാണ്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്നെയാണ് ആനത്താരയില്‍ നിന്നും മാറി തൃശ്ശിലേരി ആനപ്പാറയിലെ കോളനികളിലേക്ക് ഇവിടെ നിന്നുള്ള ഇരുപതോളം കുടുംബങ്ങള്‍ക്ക് താമസം മാറാനുള്ള അവസരമൊരുങ്ങുന്നത്. വൈല്‍ഡ് ലൈഫ് ഓഫ് ഇന്ത്യ എന്ന സംഘടനയുമായിച്ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത്. ആനത്താരയില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുക എന്നതായിരുന്നു അന്നത്തെ പ്രാഥമിക ലക്ഷ്യം. മാറേണ്ടവര്‍ക്ക് മാറിത്താമസിക്കാം എന്ന അവസ്ഥ വന്നപ്പോള്‍, ഒരേ വീട്ടില്‍ നിന്നുമുള്ള ഏഴും എട്ടും കുടുംബങ്ങളാണ് ആനപ്പാറയിലേക്ക് മാറാന്‍ തയ്യാറായത്. ഇവര്‍ക്ക് കൃഷി ചെയ്തു ജീവിക്കാനുള്ള വയലും ഭൂമിയും സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തു പതിച്ചു കൊടുക്കകയും ചെയ്തിരുന്നു. അന്ന് ഓരോ കുടുംബത്തിനും പത്തു ലക്ഷം രൂപയോളം സര്‍ക്കാര്‍ മാറ്റിവച്ചിരുന്നെങ്കിലും, നിലവില്‍ അത്ര മികച്ച ജീവിത സാഹചര്യങ്ങളല്ല വേട ഗൗഡ കോളനികളിലുള്ളത്.

തൃശ്ശിലേരിയിലെ ഇരുപതോളം വേട ഗൗഡ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ ആദിവാസി കോളനികളുടേതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ വ്യത്യസ്തവും അല്പം ഭേദപ്പെട്ടതുമാണെങ്കിലും, ബാവലി പോലെ ഗൗഡക്കോളനികളുള്ളിടത്ത് സ്ഥിതി ഏറെ മെച്ചമല്ല. അമ്പതോളം ഗൗഡ കുടുംബങ്ങള്‍ പാര്‍ക്കുന്ന ബാവലിയിലെ കോളനികള്‍ ആദിവാസി വിഭാഗങ്ങളുടേതിനു സമാനമായ ജീവിതം തന്നെയാണ് നയിക്കുന്നത്. ചിലര്‍ക്ക് മെച്ചപ്പെട്ട വീടുകളുണ്ടെങ്കിലും, പലര്‍ക്കും സ്വന്തമായി കിടപ്പാടമില്ല. ഗോത്രവിഭാഗങ്ങളുടെ സ്വഭാവങ്ങള്‍ കാണിക്കുമ്പോഴും, കന്നുകാലികളും തൊഴുത്തുകളുമായി വയനാട്ടിലെ മറ്റ് ആദിവാസി കോളനികളേതില്‍ നിന്നും വേറിട്ട സെറ്റില്‍മെന്റുകളാണ് ഗൗഡരുടേത്. എന്നാല്‍, കര്‍ണാടകത്തില്‍ ഗോത്രവിഭാഗമായി പരിഗണിക്കപ്പെടുമ്പോഴും കേരളത്തില്‍ ജനറല്‍ വിഭാഗത്തിലാണ് ഇവരുടെ സ്ഥാനമെന്നത് വലിയ പ്രതിസന്ധി തന്നെയാണുണ്ടാക്കുന്നത്. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സഹായങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കാത്ത വേട ഗൗഡര്‍, തങ്ങളെയും പട്ടികവര്‍ഗ്ഗമായി അംഗീകരിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് നിരന്തരമായി ഹര്‍ജികള്‍ നല്‍കിപ്പോരുകയാണ്.

ഗൗഡ വിഭാഗത്തില്‍പ്പെട്ടവരില്‍ പലര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ കഴിയില്ല. കന്നഡ ഭാഷ സംസാരിക്കുന്ന, കന്നഡ സംസ്‌കാരത്തോടു ചേര്‍ന്നു നില്‍ക്കുന്ന ആചാരങ്ങള്‍ പാലിച്ചു പോരുന്ന, തീര്‍ത്തും ഗോത്രസ്വഭാവമുള്ള ഒരു വിഭാഗത്തെ സംസ്ഥാനത്ത് ഇന്നും സംവരണേതര വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നതിന്റെ സാധുത എന്നിട്ടും പരിശോധിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. കര്‍ണാടകയില്‍ വേരുകളുള്ള ഇവര്‍, മൂരിയബ്ബ പോലുള്ള ഉത്സവങ്ങള്‍ക്കായി കബനി കടന്ന് ജന്മനാട്ടിലേക്ക് പോയിവരാറുണ്ട്. പ്രദേശത്തെ എല്ലാ ഗൗഡ കുടുംബങ്ങളും ചേര്‍ന്നു നടത്തുന്ന പ്രത്യേക നേര്‍ച്ചകളും തൃശ്ശിലേരിക്കാര്‍ക്ക് കൗതുകമാണ്. ഗൗഡ സമുദായത്തെപ്പോലെത്തന്നെ, കര്‍ണാടകത്തില്‍ നിന്നും കുടിയേറിവരെന്ന പേരില്‍ പട്ടികവര്‍ഗ്ഗ സ്ഥാനം നിഷേധിക്കപ്പെട്ടിട്ടുള്ളവരാണ് അടിയ വിഭാഗക്കാരും. കേരളത്തിലേക്കെത്തിയ ചെട്ടി സമുദായക്കാര്‍ക്കൊപ്പം പണിയാളുകളായെത്തിയ അടിയര്‍ ഇന്ന് തിരുനെല്ലിയിലും പുല്‍പ്പള്ളിയിലുമെല്ലാം ധാരാളമുണ്ട്. ഇവരും തങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ത്തന്നെയാണ്.

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കര്‍ഷക ആത്മഹത്യകളെ അപേക്ഷിച്ച്, തിരുനെല്ലി പോലുള്ളയിടങ്ങളില്‍ നിന്നുള്ളവ എന്തുകൊണ്ട് അടിയന്തിരമായി പരിഗണിക്കപ്പെടണം എന്നതിന്റെ ഉത്തരമാണ് വേട ഗൗഡ ഗോത്രത്തില്‍ നിന്നുള്ള കൃഷ്ണകുമാറിന്റെ കഥ. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി കബനിയ്ക്കിപ്പുറമെത്തിയ, വനാന്തരങ്ങളില്‍ വേട്ടയാടി ജീവിച്ചിരുന്ന, ഒടുവില്‍ ആനത്താരയില്‍ നിന്നും അടച്ചുറപ്പുള്ള വീടുകളിലേക്കെത്തിയിട്ടും ആത്മഹത്യ ചെയ്യേണ്ടിവരുന്ന കൃഷ്ണകുമാറടക്കമുള്ളവര്‍ രേഖപ്പെടുത്തിവയ്ക്കുന്നത് ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയാണ്.

Next Story

Related Stories