TopTop
Begin typing your search above and press return to search.

പ്രളയ ശേഷം ഇടുക്കിയെ ഞെട്ടിച്ചു മറ്റൊരു ദുരന്തം; ഒന്നര മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ചു കര്‍ഷകര്‍

പ്രളയ ശേഷം ഇടുക്കിയെ ഞെട്ടിച്ചു മറ്റൊരു ദുരന്തം; ഒന്നര മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ചു കര്‍ഷകര്‍

'വെള്ളോം മഴയും വന്ന് ആകമാനം മുക്കിക്കളഞ്ഞില്ലേ. കൃഷിയെല്ലാം നശിച്ചു. മൂന്നും അഞ്ചും പത്തും ഏക്കറില്‍ കൃഷിയിറക്കിയവന്‍മാരെല്ലാം വെഷം കഴിക്കണോ അതോ തൂങ്ങണോ എന്നും പറഞ്ഞേച്ചിരിക്കുവാണ്. അതിലേത് വേണമെന്നേ ഞങ്ങക്ക് അറിയാന്‍മേലാതെയൊള്ളൂ. എല്ലാം പോയെന്ന് പറഞ്ഞാ എല്ലാം പോയി. കൊക്കോയും കുരുമുളകും റബ്ബറുമെല്ലാം നശിച്ചു. കടംതീര്‍ക്കാന്‍ പോയിട്ട് ജീവിക്കാന്‍ അഞ്ച് പൈസവേണ്ടേ? അതും ഇല്ല. പിന്നെങ്ങനെ മുന്നോട്ട് പോകും?' ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ കര്‍ഷകനായ സൈജു മത്തായി ചോദിക്കുന്നു. പ്രളയം തകര്‍ത്തെറിഞ്ഞ ഇടുക്കിയിലെ മലയോര കാര്‍ഷിക ഗ്രാമങ്ങളിലെ കര്‍ഷകര്‍ ഇന്ന് ഏറെ ബുദ്ധിമുട്ടുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. വിളനാശവും കടബാധ്യതകളും ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ കഷ്ടപ്പെടുന്ന മലയോര കര്‍ഷകര്‍; ഒടുവില്‍ ചിലര്‍ ജീവിതം അവസാനിപ്പിക്കാനാണ് തീരുമാനിച്ചത്. അഞ്ച് കര്‍ഷകരാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇടുക്കിയില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വാത്തിക്കുടി പഞ്ചായത്തിലെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ നക്കരയില്‍ ശ്രീകുമാര്‍ ആണ് ജീവനൊടുക്കിയവരില്‍ അവസാനത്തെയാള്‍.

കടബാധ്യത ഏറിയതോടെ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 'ചേട്ടന് കടമുണ്ടായിരുന്നു ഒത്തിരി. കൃഷി നടത്താന്‍ തന്നെയാണ്. കൃഷി നാശം വന്നപ്പോള്‍ കടംതീര്‍ക്കാന്‍ ഒരു വഴികണ്ടുകാണുകേല', കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ ബന്ധുവായ ഹരീഷ് പറഞ്ഞു. 17 ലക്ഷം രൂപയാണ് ഇയാള്‍ വിവിധയിടങ്ങളില്‍ നിന്നായി കടമെടുത്തിരുന്നത്. സ്വകാര്യവ്യക്തികളില്‍ നിന്നും പലിശയ്ക്കും കടംവാങ്ങിയിരുന്നു. പെരിഞ്ചാംകുട്ടിയില്‍ അഞ്ചേക്കര്‍ സ്ഥലത്ത് കുരുമുളക് കൃഷിയായിരുന്നു ശ്രീകുമാറിന്. വെള്ളിയാഴ്ച്ച വൈകിട്ടാണ് ശ്രീകുമാറിനെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഫെഡറല്‍ ബാങ്കിന്റെ തോപ്രാംകുടി ശാഖ, മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്താണ് ഈ കര്‍ഷകന്‍ കൃഷിയിറക്കിയിരുന്നത്. മഴക്കെടുതിയില്‍ കൃഷി നശിച്ചതോടെ സാമ്പത്തിക ബാധ്യതയിലായ ശ്രീകുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.

അടിമാലിക്കു സമീപം ആനവിരട്ടി കോട്ടക്കല്ലില്‍ രാജു കൃഷിയിടത്തിലെ കൊക്കോ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇദ്ദേഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഫെബ്രുവരി എട്ടിനാണ്. കാനറാ ബാങ്കിന്റെ അടിമാലി ശാഖയില്‍ നിന്ന് രാജു 10 ലക്ഷം രൂപ വായ്പ എടുത്താണ് കൃഷി ചെയ്തിരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് ഒന്നരയാഴ്ചമുമ്പ് ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് ലഭിച്ചിരുന്നു. ഇതിനിടെ സ്ഥലം വില്‍പ്പനയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. വീടും സ്ഥലവും ജപ്തിചെയ്യപ്പെടുമെന്ന ഭയത്തിലും വിഷമത്തിലുമാണ് രാജു ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍.

ഫെബ്രുവരി ഏഴിനാണ് ചെറുതോണി സ്വദേശി നെല്ലിപ്പുഴയില്‍ ജോണി മത്തായി ജീവനൊടുക്കിയത് . കൃഷിയിടത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ ജോണിയ്ക്ക് ചികിത്സ ലഭ്യമാക്കിയെങ്കിലും പിന്നീട് മരിച്ചു. ഭാര്യയും നാലു മക്കളുമുള്ള ജോണി പാട്ടത്തിനു സ്ഥലമെടുത്താണ് കൃഷി ചെയ്തിരുന്നത്. അഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു ജോണി കൃഷി നടത്തിയിരുന്നത്. പ്രളയത്തില്‍ കൃഷി പൂര്‍ണമായും നശിച്ചു. ബാങ്കില്‍ നിന്ന് കടമെടുത്തും പലിശയ്ക്കും സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് കടം വാങ്ങിയും വീണ്ടും കൃഷിയിറക്കി. എന്നാല്‍ കാട്ടുപന്നികള്‍ കൂട്ടമായെത്തി വാഴയും കപ്പകൃഷിയും നശിപ്പിച്ചതോടെ കടക്കെണിയിലായി. ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു.

ജനുവരി 28ന് വാത്തിക്കുടി സ്വദേശിയായ കുന്നുംപുറത്ത് സഹദേവന്‍ ജീവനൊടുക്കി. സഹദേവന്റെ പേരിലുള്ള സ്ഥലം ഈടായി നല്‍കി മകന്‍ മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു 12 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. പ്രളയത്തില്‍ കൃഷി നശിച്ചതോടെ മകനും വായ്പ തിരികെ അടയ്ക്കാന്‍ കഴിഞ്ഞില്ല. ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മാനസികാഘാതം താങ്ങാനാവാതെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. യുവകര്‍ഷകനായ ഇടുക്കി മേരിഗിരി സ്വദേശി സന്തോഷും ജീവനൊടുക്കിയത് സമാനമായ സാഹചര്യത്തിലാണ്. ജനുവരി രണ്ടിന് കൃഷിയിടത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രളയത്തില്‍ കൃഷി നശിച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ച നിരാശയിലാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

'മരിച്ച മൂന്ന് പേര്‍ വാത്തിക്കുടി പഞ്ചായത്ത് സ്വദേശികളാണ്. അമ്പത് ദിവസത്തിനുള്ളില്‍ അഞ്ച് പേര്‍ ആത്മഹത്യ ചെയ്തു. ബാക്കിയുള്ള പലരും ആത്മഹത്യയുടെ വക്കിലാണ്. കുറേ പേര്‍ക്ക് ജപ്തി നോട്ടീസ് വന്നിട്ടുണ്ട്. എങ്ങനെ തിരിച്ചടക്കാനാണ്? ഒള്ളത് തന്നെ നേരാംവണ്ണം കിട്ടിയാല്‍ കടം കുറച്ച് വീട്ടി ബാക്കിയൊള്ളത് കൊണ്ട് ജീവിക്കുകേം ചെയ്യാം എന്നേ ചെറുകിട കര്‍ഷകരെല്ലാം കരുതുന്നൊള്ളൂ. അപ്പഴാണ്, പ്രളയമാണ് ഞങ്ങളെയെല്ലാം ചതിച്ചത്. നശിച്ച വിളകളുടെ കാശെങ്കിലും തന്നിരുന്നെങ്കില്‍ ഒന്ന് പിടിച്ച് നില്‍ക്കാമായിരുന്നു. അതൊന്നും ഇതേവരേക്കും ശരിയായിട്ടില്ല. മോറട്ടോറിയമൊക്കെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ പല ബാങ്കുകളും നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. പലിശക്കാരുടെ കയ്യില്‍ നിന്ന് വാങ്ങിയത് വേറെ. ഞങ്ങക്ക് എന്നാ ചെയ്യണമെന്ന് അറിയാന്‍മേല. ആ മഴയത്ത് എന്നാഒക്കെയാ പോയേന്ന് ആര്‍ക്കെങ്കിലും അറിയാമോ? റബ്ബറും വാഴയും തെങ്ങും പ്ലാവും കുരുമുളകും എല്ലാം കുറേ പോയി. കൂട്ടത്തില്‍ മണ്ണ് പൊട്ടലും. ഇതിന്റെയൊക്കെ നഷ്ടപരിഹാരം എന്ന് കിട്ടാനാ? കിട്ടുവോ? ആര്‍ക്കറിയാം.' പെരിഞ്ചാംകുട്ടി സ്വദേശിയായ കര്‍ഷകന്‍ ശൈലന്‍ പറയുന്നു.

റബ്ബര്‍ കര്‍ഷകനായ ജോണ്‍ പറയുന്നു, 'അല്ലേത്തന്നെ വിലയില്ല. ഒരു കുന്നോടെ പൊട്ടിയാണ് റബ്ബറെല്ലാം ഒലിച്ച് പോയത്. എന്തുംമാത്രം കാശും അധ്വാനവും ചെലവഴിച്ചാ അത്രേം എത്തിച്ചത്. നോക്കിയിരിക്കുന്ന നേരം കൊണ്ട് എല്ലാം പോയി. ബാങ്കിലെ കടം ആണ് പേടി. പുതിയ റബ്ബര്‍ തൈ വച്ച് പിടിപ്പിക്കാന്‍ കാശില്ലാത്തകൊണ്ട് ഇനി എന്നാ ചെയ്യുമെന്ന് അറിയില്ല. ഈ ഗതിക്ക് പോയാല്‍ വല്ലവന്റേം പറമ്പില്‍ റബ്ബറ് വെട്ടാന്‍ പോവണ്ടി വരുമെന്നാ തോന്നുന്നത്.'

പ്രളയത്തെ തുടര്‍ന്ന് ഇടുക്കി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും ചേര്‍ന്ന് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 31നാണ് പ്രളയമേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കുടിശികക്കാരില്‍ നിന്ന് വായ്പ തിരിച്ചുപിടിക്കാന്‍ സര്‍ഫാസി നിയമം പ്രയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി റവന്യൂ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പ്രളയത്തില്‍ അകപ്പെട്ട കര്‍ഷകരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന സര്‍ക്കാര്‍ വാഗ്ദാനം പൊള്ളയാണെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കര്‍ഷക ആത്മഹത്യകളെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറയുന്നു. 'ഇടുക്കിയിലെ കര്‍ഷകര്‍ വളരെ പരിതാപകരമായ അവസ്ഥയിലാണ്. സര്‍ക്കാര്‍ യാതൊരുവിധ കാര്യങ്ങളും ചെയ്തില്ല. പ്രളയത്തിന് ശേഷമുള്ള സഹായങ്ങളൊന്നും ആ മേഖലകളില്‍ എത്തിയിട്ടില്ല. വായ്പകള്‍ക്കെല്ലാം മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നതാണ്. ഒരു വര്‍ഷത്തേക്ക് നോട്ടീസ് നടപടികള്‍ പോലുമുണ്ടാവില്ല എന്ന് പറഞ്ഞിരുന്നതാണ്. നോട്ടീസ് നടപടികള്‍ പോലും ഉണ്ടാവില്ല എന്ന വാക്ക് ജലരേഖയായിപ്പോയി. കാരണം കര്‍ശനമായ ജപ്തി നടപടികളുമായി സ്ഥാപനങ്ങള്‍ രംഗത്തിറങ്ങി. കര്‍ഷക ആത്മഹത്യകള്‍ ഇനിയും ഇവിടെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. എന്നിട്ടും അനങ്ങാതെയിരിക്കുകയാണ് സര്‍ക്കാര്‍. അഞ്ഞൂറ് കോടിയുടെ പാക്കേജ് എന്നൊക്കെ പറഞ്ഞാല്‍ കതിരില്‍ കൊണ്ടുപോയി വളമിടുന്നത് പോലെയാണ്. തട്ടിപ്പാണ്. അതാവശ്യ സഹായങ്ങളാണ് അവര്‍ക്ക് അടിയന്തിരമായി ലഭിക്കേണ്ടത്'

ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ സംബന്ധിച്ച് ജില്ലാ കളക്ടറുടേയും കൃഷിമന്ത്രിയുടേയും പ്രതികരണങ്ങള്‍ തേടിയിരുന്നെങ്കിലും ലഭ്യമായില്ല. ലഭ്യമാവുന്ന മുറയ്ക്ക് അവകൂടി ഉള്‍പ്പെടുത്തും.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories