TopTop
Begin typing your search above and press return to search.

ഈ പിതാവിന്റെ വാക്കുകള്‍ കേരളം കേള്‍ക്കണം; അവളെന്റെ മകളാണ്; കാര്യം പറയുന്നവരെ മഹറോന്‍ ചൊല്ലി പുറത്താക്കുന്ന പരിപാടി ഇനി നടക്കില്ല

ഈ പിതാവിന്റെ വാക്കുകള്‍ കേരളം കേള്‍ക്കണം; അവളെന്റെ മകളാണ്; കാര്യം പറയുന്നവരെ മഹറോന്‍ ചൊല്ലി പുറത്താക്കുന്ന പരിപാടി ഇനി നടക്കില്ല
അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്ന ചൊല്ല് വീണ്ടും ഓര്‍മ്മിപ്പിച്ചത് സിസ്റ്റര്‍ അനുപമയുടെ വീട്ടിലേക്കുള്ള വഴിയന്വേഷണമാണ്. ചിലര്‍ അങ്ങേയറ്റം സൗഹാര്‍ദ്ദത്തോടെ സ്‌നേഹത്തോടെ, മറ്റുചിലര്‍ അവജ്ഞയോടെ പുച്ഛത്തോടെ വഴികാട്ടികളായി. ചേര്‍ത്തല പള്ളിപ്പുറം കേളമംഗലം ഇടവകക്കാര്‍ രണ്ട് തട്ടിലാണ്. സിസ്റ്റര്‍ അനുപമയും കേളമംഗലം ഇടവക അംഗങ്ങളായ അവരുടെ കുടുംബവും ചെയ്തതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന രണ്ട് കൂട്ടര്‍. ഇടവകക്കാരുടെ സംസാരവും കവലച്ചമെല്ലാം ആ വഴിക്കാണ്.

എളമംഗലത്ത് വെളി വീട്ടിലേക്ക് എത്തുമ്പോള്‍ വര്‍ഗീസ് വെറ്റില നുള്ളിക്കൊണ്ട് മുറ്റത്ത് നില്‍ക്കുകയാണ്. കണ്ടപാടേ ആ മനുഷ്യന്‍ ചോദിച്ചത് വഴിയിലുടനീളം കണ്ട മനുഷ്യരുടെ പ്രതികരണം കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ അതേ കാര്യം, "അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ലേ? ഇവിടെ പള്ളിയിലെ അച്ചന്‍ ഞങ്ങളുടെ കൂടെയാണ്. പക്ഷെ ഇടവകക്കാര്‍ പലരും പലതരക്കാരാണ്. ചിലര്‍ ഞങ്ങളെ അനുകൂലിക്കുന്നു. മറ്റുചിലര്‍ എതിര്‍ക്കുന്നു. അനുകൂലിക്കുന്നവര്‍ ഞങ്ങളോട് മിണ്ടും. അല്ലാത്തവര്‍ മിണ്ടില്ല."


കത്തോലിക്ക സഭയുടെ മേലാളന്‍മാരില്‍ ഒരാള്‍ക്കെതിരെ സമരം ചെയ്ത കുടുംബത്തിന് അര്‍ദ്ധ ഊരുവിലക്കാണോ എന്ന് മനസ്സില്‍ സംശയം തോന്നിയപ്പോള്‍ തന്നെ അതിനും ഉത്തരം വന്നു, "ഊരുവിലക്കാണോ എന്ന് ചോദിച്ചാല്‍ അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ അങ്ങനെ തന്നെയാണ് താനും. മിണ്ടാട്ടമോ സഹകരണമോ ഒന്നും ഇല്ല പലര്‍ക്കും. പക്ഷെ ഞങ്ങളെ സംബന്ധിച്ച് അതൊന്നും ഒരു വിഷയം തന്നെയല്ല."

സംസാരിച്ചുകൊണ്ട് തന്നെ നുള്ളിയ വെറ്റിലകളെല്ലാം കൊട്ടയിലിട്ട് വര്‍ഗീസ് വീടിനകത്തേക്ക് നടന്നു. "
ഇതൊക്കെയാണ് വരുമാനം. കഴിഞ്ഞ പത്ത് പതിനഞ്ച് ദിവസമായി ഇതൊന്നും നോക്കാന്‍ പറ്റിയില്ല. ഇനി ഇത് കൊണ്ടെ വിറ്റിട്ട് വേണം തുടങ്ങാന്‍. വീടിനോട് ചേര്‍ന്ന് തന്നെ ഒരു കടയുണ്ട്. അതിലെ വരുമാനം കൂടി ചേര്‍ത്തിട്ടാണ് കുടുംബം നടന്ന് പോവുന്നത്",
ഇതെല്ലാം പറയുമ്പോള്‍ മക്കളോട് ചേര്‍ന്ന് നിന്ന് തങ്ങള്‍ നേടിയ സമരവിജയത്തിന്റെ സന്തോഷവും ആവേശവും എല്ലാം കൊന്തമാലയിട്ട ആ മെലിഞ്ഞ ശരീരത്തിലും മുഖത്തും പ്രകടമായിരുന്നു. "ഈ 75 വയസ്സിനിടയില്‍ ആദ്യമായി ഒരു സമരത്തിനിറങ്ങിയതാണ്. ഞാന്‍ ഒരു പാര്‍ട്ടിയുടേയും കൊടിപിടിച്ചിട്ടില്ല. ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല",
പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് മറ്റൊരാള്‍ അത് പൂര്‍ത്തിയാക്കി, "പക്ഷെ ഇതിനിറങ്ങാതെ പറ്റുമോ? നമുക്ക് നമ്മടെ മക്കളെ ഉപേക്ഷിക്കാനൊക്കുമോ? അവര്‍ക്ക് വേണ്ടി നമ്മളിറങ്ങിയില്ലെങ്കില്‍ പിന്നെ ആരിറങ്ങും?" സിസ്റ്റര്‍ അനുപമയുടെ അമ്മ, വര്‍ഗീസിന്റെ ഭാര്യ ലില്ലിക്കുട്ടിയുടേതായിരുന്നു ആ ശബ്ദം. "എനിക്ക് കാല് കുത്തി നടക്കാന്‍ പോലും വയ്യ. അതുകൊണ്ട് ഞാന്‍ സമരത്തിന് പോയില്ല. അപ്പച്ചനാണ് എല്ലാത്തിനും പോയത്, തുടക്കം മുതല്‍ ഒടുക്കം വരെ. ഞാനിവിടെ വയ്യാത്ത കാലും കുത്തി മുട്ടിപ്പായി ഇരുന്ന് പ്രാര്‍ഥിച്ചു. തെറ്റ് ആര് ചെയ്താലും അതിന് ശിക്ഷ ലഭിക്കും അല്ലേ?"
ലില്ലിക്കുട്ടി തുടര്‍ന്നു.

അപ്പോഴേക്കും വെറ്റിലക്കൊട്ട ഒതുക്കി വച്ച് ഒരു ഷര്‍ട്ടുമിട്ട് വര്‍ഗീസ് സ്വീകരണ മുറിയില്‍ വന്നിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനശക്തിയും, സര്‍ക്കാരും സഭയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെയും കഥകള്‍ പറഞ്ഞായിരുന്നു തുടര്‍ച്ച: "1800 കോടി രൂപയുടെ അറ്റാദായം ഉള്ളയാളോടാണ് 1800 നയാപൈസ അറ്റാദായമില്ലാത്ത ഞങ്ങള്‍ പൊരുതിയത്. പഞ്ചാബില്‍ ചെന്നാല്‍ ഫ്രാങ്കോ ബിഷപ്പ് അകാലി ദള്‍ ആണ്. ഡല്‍ഹിയില്‍ ചെന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ആവും. കേരളത്തിലെത്തിയാല്‍ സിപിഎമ്മും. അങ്ങനെയുള്ള ഒരാള്‍ക്കെതിരെയായിരുന്നു പോരാട്ടം. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറക്കയ്ല്‍ പറഞ്ഞുവിട്ട ഒരാളാണ് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കും സഹോദരനുമെല്ലാം പണവും ഭൂമിയും വാഗ്ദാനം ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും മുഖ്യമന്ത്രിയെ മിസ്റ്റര്‍ പിണറായി വിജയന്‍ എന്നോ മുഖ്യമന്ത്രിയെന്നോ വിശേഷിപ്പിക്കുമെങ്കില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് വിജയാ എന്നേ വിളിക്കൂ. മുഖ്യമന്ത്രി അമേരിക്കയില്‍ പോയപ്പോഴും ബിഷപ്പ് കൂടെയുണ്ടായിരുന്നു എന്നാണ് പറയുന്നത്. അത്രയും അടുത്ത ബന്ധമാണ് അവര്‍ തമ്മില്‍. അപ്പോള്‍ സര്‍ക്കാരും സഭയും ചേര്‍ന്നുള്ള ഒത്തുകളി ഈ കേസില്‍ ഉണ്ടായിട്ടില്ലേ? ഉണ്ട്. പക്ഷെ സമരം വന്നപ്പോള്‍, ഞങ്ങളുടെ മക്കള്‍ ധൈര്യത്തോടെ സമരം ചെയ്തപ്പോള്‍ സര്‍ക്കാരിന് നടപടികളെടുത്തേ മതിയാവൂ എന്ന സ്ഥിതിയുണ്ടായി. സമരം ഒന്നുമാത്രമാണ് അതിന് കാരണമായത്."


Also Read: പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി മിണ്ടാത്തവര്‍ എത്ര വേഗമാണ് എനിക്കെതിരെ നടപടിയെടുത്തത്; സി. ലൂസി സംസാരിക്കുന്നു

വഞ്ചി സ്വയറിലെ കന്യാസ്ത്രീകളുടെ സമരവേദിയില്‍ സമരം ചെയ്തിരുന്ന സിസ്റ്റര്‍ അനുപമയ്ക്കും മറ്റ് കന്യാസ്ത്രീകള്‍ക്കുമൊപ്പം സമരപ്പന്തലില്‍ തെളിഞ്ഞുനിന്നിരുന്ന, ഒടുവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തപ്പോള്‍ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ ഈ മനുഷ്യനെ കേരള സമൂഹം അത്രപെട്ടെന്ന് മറക്കില്ല. സമരവേദിയില്‍ ഊര്‍ജ്ജമായി നിന്നിരുന്ന വര്‍ഗീസ് വീട്ടിലെ കുഞ്ഞു സ്വീകരണമുറിയിലിരുന്ന് സംസാരിക്കാന്‍ തുടങ്ങി. "
അനുപമയെ കൂടാതെ രണ്ട് പെണ്‍കുട്ടികളും ഒരു മകനും ഉണ്ട് എനിക്ക്. മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നയാളാണ് ഞാന്‍. അങ്ങനെയുള്ള എനിക്ക് എന്റെ മകളെ, അവള്‍ ഉന്നയിക്കുന്ന ആവശ്യത്തെ ഉപേക്ഷിക്കാനാവുമോ? ന്യായമായ ആവശ്യമായിരുന്നു അവരുടേത്. ആ ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍, സഭാമേലധികാരികളില്‍ നിന്ന് നീതി നിഷേധിക്കപ്പെട്ടപ്പോള്‍, അത് കേസിലേക്ക് നീങ്ങി. കേസ് വലിഞ്ഞിഴഞ്ഞ് നീങ്ങിയപ്പോള്‍ സമരം നടത്തണമെന്ന തീരുമാനം ഞങ്ങള്‍ വീട്ടുകാരാണ് എടുക്കുന്നത്. സഭയ്‌ക്കോ ഏതെങ്കിലും പാര്‍ട്ടിക്കോ എതിരെയായിരുന്നില്ല സമരം. സത്യവും നീതിയും നടപ്പാക്കാന്‍ വേണ്ടിയുള്ളതായിരുന്നു.


ഹൈക്കോടതി ജംഗ്ഷനില്‍ സമരം തുടങ്ങുന്ന കാര്യം കന്യാസ്ത്രീകളും വീട്ടുകാരും ചേര്‍ന്നെടുത്തു. ഫാദര്‍ വട്ടോളി എന്റെ സുഹൃത്തും കൂടിയാണ്. ഞാന്‍ അദ്ദേഹത്തോട് കാര്യം അവതരിപ്പിച്ചു. എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്നും താനും സുഹൃത്തുക്കളും എന്തിനും കൂടെയുണ്ടാവുമെന്നും അദ്ദേഹം ഉറപ്പ് തന്നു. കന്യാസ്ത്രീകളും ഞങ്ങള്‍ വീട്ടുകാരും, എല്ലാം കൂടിയായിട്ട് നാല്‍പ്പത് പേരെങ്കിലും സമരത്തിനുണ്ടാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. അതെല്ലാം തെറ്റിച്ചുകൊണ്ട് ആരംഭദിവസം തന്നെ ഇരുന്നൂറ്റമ്പതോളം പേര്‍ അവിടെ എത്തി. ഓരോ ദിവസം കഴിയും തോറും ജനങ്ങള്‍ കൂടി. കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെയുള്ളവര്‍, തമിഴ്‌നാട് നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയവര്‍, ഫോണ്‍ വിളിച്ച് പിന്തുണയറിയിച്ചവര്‍ അങ്ങനെ ആയിരക്കണക്കിനാളുകളായി.


രണ്ട് മാസം മുമ്പ് വിഎസ് അച്യുതാനന്ദന് ഞാന്‍ സങ്കടഹര്‍ജി നല്‍കിയിരുന്നു. അന്ന് തന്നെ ഐജിയെ വിളിച്ച് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ കാരണവര്‍ ആണ് അദ്ദേഹം. സമരത്തിന് വരാന്‍ പറ്റാത്ത അദ്ദേഹം ഫോണില്‍ വിളിച്ച് പിന്തുണയറിയിച്ചു. കേരളരാഷ്ട്രീയത്തിലെ മുതുമുത്തശ്ശിയായ കെ.ആര്‍ ഗൗരിയമ്മ മറ്റൊരാള്‍ വശം കത്ത് കൊടുത്തുവിട്ടു. കോണ്‍ഗ്രസില്‍ നിന്ന് പി.ടി തോമസും വി.എം സുധീരനും സമരപ്പന്തലില്‍ വന്നു. സത്യത്തില്‍ രാഷ്ട്രീയക്കാരുടെ പിന്തുണ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കില്‍ പോലും അതുണ്ടായി. റിട്ട. ജസ്റ്റിസ് കമാല്‍ പാഷ സമരപ്പന്തലില്‍ വന്ന് സംസാരിക്കുകയും ധീരമായ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു.


പ്രളയത്തില്‍ അനേകായിരങ്ങള്‍ ജീവന് വേണ്ടി കേണപേക്ഷിക്കുമ്പോള്‍ ഇക്കാര്യം പറയുന്നത് ശരിയല്ലാത്തതിനാല്‍ ഞങ്ങള്‍ മൗനികളായി. സമരം തുടങ്ങിയതോടെ അന്വേഷണം വേഗത്തിലായി. അന്വേഷണ ഉദ്യോഗസ്ഥര്‍ വളരെ കൃത്യമായും സത്യസന്ധമായും അന്വേഷണം നടത്തി. ഊണും ഉറക്കവും വീടും നാടും ഉപേക്ഷിച്ച് അഹോരാത്രം പണിയെടുത്ത അവരുടെ അന്വേഷണത്തില്‍ ഞങ്ങള്‍ പൂര്‍ണതൃപ്തരുമാണ്". കന്യാസ്ത്രീകളില്‍ പലരും കടുത്ത അനുഭവങ്ങളിലൂടെ കടന്നു പോവുമ്പോഴും വീട്ടുകാര്‍ അംഗീകരിക്കുമോ എന്ന ഭയത്താല്‍ മാത്രമാണ് തിരുവസ്ത്രം ഉപേക്ഷിക്കാത്തതെന്നാണ് വര്‍ഗീസിന്റെ അഭിപ്രായം.

അനുപമ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ മഠത്തില്‍ ചേരണമെന്ന ആവശ്യമായിരുന്നു വീട്ടുകാരോട് ഉന്നയിച്ചിരുന്നത്. പഠിക്കുന്ന സമയം പഠിക്കുക, അതുകഴിഞ്ഞ് ആലോചിക്കാം എന്ന് പറഞ്ഞ വീട്ടുകാരോട് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്റെ ഉറച്ച തീരുമാനം അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് മഠത്തില്‍ ചേുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നായി വര്‍ഗീസും ലില്ലിക്കുട്ടിയും. എന്നാല്‍ പ്ലസ് ടു താന്‍ മഠത്തില്‍ നിന്ന് പഠിച്ചുകൊള്ളാം എന്നറിയിച്ച് അനുപമ മഠത്തില്‍ ചേര്‍ന്നു. സ്വന്തം ഇഷ്ടത്തിന് തിരുവസ്ത്രമണിഞ്ഞ മകള്‍ ആദ്യകാലങ്ങളിലെല്ലാം സന്തോഷവതിയായിരുന്നെങ്കിലും പിന്നീട് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ പിന്തുണച്ചതോടെ പലകാര്യങ്ങളിലും മാറ്റം വന്നതായി വര്‍ഗീസ് പറയുന്നു.

"സിസ്റ്റര്‍ ജെസ്മിയെ പോലുള്ളവരെ പിന്തുണയ്ക്കാന്‍ അന്ന് സഹപ്രവര്‍ത്തകര്‍ ആരുമില്ലായിരുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണയായി അഞ്ച് കന്യാസ്ത്രീകളെ കിട്ടി എന്നതാണ് വലിയ കാര്യം. പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നാലും ഉടുപ്പൂരിവച്ച് പുറത്തേക്ക് വരാന്‍ കന്യാസ്ത്രീകള്‍ മടിക്കുന്നത് വീട്ടുകാര്‍ അംഗീകരിക്കാതെവരുമോ എന്ന ഭയം കൊണ്ടാണ്. അതുകൊണ്ടാണ് പലരും നാല് ചുമരുകള്‍ക്കുള്ളില്‍ ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ച് ജീവിതം തീര്‍ക്കുന്നത്. പക്ഷെ ഞങ്ങള്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ളവരാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ മക്കളെ വേണ്ടെന്ന് പറയാന്‍ പറ്റില്ല.


ഒരു കന്യാസ്ത്രീക്ക് ഇപ്പോഴും ഒരു ദിവസത്തെ അലവന്‍സ് ആയി കൊടുക്കുന്നത് 16.66 രൂപയാണ്. ഈ പണം കൊണ്ട് വേണം അവര്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനും ഗ്രാമ, ഗ്രാമങ്ങള്‍ കയറിയിറങ്ങി പ്രവര്‍ത്തിക്കാനും. ഇവര്‍ നല്‍കുന്ന തുക ബസ്‌കൂലിക്ക് പോലും തികയില്ല. പോരായ്മകള്‍ എല്ലാം പരിഹരിക്കുന്നത് വീട്ടുകാരാണ്. എന്റെ മകള്‍ക്ക് ഇന്നുകൂടി ഞാന്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കൊടുത്തതേയുള്ളൂ. അങ്ങനെയാണ് ഞങ്ങളെല്ലാവരും. ഈ വിഷയം പുറത്തേക്ക് കൊണ്ടുവരാന്‍ താത്പര്യമുണ്ടായിട്ടായിരുന്നില്ല. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആ കന്യാസ്ത്രീ പല വാതിലുകളും മുട്ടി. മറ്റ് അഞ്ച് പേര്‍ അവര്‍ക്കൊപ്പം നിന്ന് പൊരുതുകയാണ്. ആ പോരാട്ടത്തിനിടയില്‍ എന്റെ മകളും കൂടിയാണ് അനുഭവിക്കുന്നത്. അവളെ എനിക്ക് കൈവിടാന്‍ പറ്റില്ല. കന്യാസ്ത്രീകളുടെ കുടുംബക്കാര്‍ ആലോചിച്ച് ഒന്നിച്ച് ചേര്‍ന്നതല്ല. അങ്ങനെ സംഭവിച്ചതാണ്. സമരം വേണമെന്ന ഞങ്ങളുടെ തീരുമാനത്തിനൊപ്പം ഞങ്ങളുടെ മക്കളും നിന്നു.


വിഷയങ്ങളെല്ലാം ഞാനറിയുന്നത് അനുപമ ജലന്ധറില്‍ നിന്ന് എനിക്കയച്ച കത്തിലൂടെയാണ്. 2016-ലാണ് അനുപമയും നീനറോസും ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളോട് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ അക്കാര്യങ്ങളെക്കുറിച്ച് സൂചന നല്‍കുന്നത്. 'ഇന്ന് അമ്മയ്ക്ക് ഇതുണ്ടായെങ്കില്‍ നാളെ ഞങ്ങള്‍ക്കും അതുണ്ടാവും' എന്ന് പറഞ്ഞുകൊണ്ട് അഞ്ച് കന്യാസ്ത്രീകളും അവരെ പിന്തുണച്ച് നിന്നു.

2017 ജൂണ്‍ മാസത്തില്‍ എന്റെ മകളെ ജലന്ധറിലേക്ക് സ്ഥലം മാറ്റി. ജലന്ധറില്‍ മദര്‍ ആയിട്ട് നിയമനം എന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്ഥലംമാറ്റം. കുറവിലങ്ങാട് നിന്ന് ജലന്ധറിലെത്തി രണ്ടാഴച താമസിച്ചിട്ടും അവളെ എവിടെയും പോസ്റ്റ് ചെയ്തില്ല. പിന്നെയും ഒരാഴ്ചകൂടി കഴിഞ്ഞപ്പോള്‍ ഗുരുദാസ്പുര്‍ മഠത്തില്‍ പോസ്റ്റിങ് ആയി. അത് പക്ഷെ മദര്‍ ആയിട്ടായിരുന്നില്ല. സാധാരണ മെമ്പര്‍ ആയിട്ട്. അവിടെയുണ്ടായിരുന്ന മൂന്ന് കന്യാസ്ത്രീകളും പഞ്ചാബികളായിരുന്നു. ഭാഷ വശമില്ലാത്തതിനാല്‍ അത് തന്നെ വലിയ പീഡനമായിരുന്നെങ്കിലും ആ കന്യാസ്ത്രീകള്‍ അവളെ വളരെ സന്തോഷത്തോടെയാണ് എതിരേറ്റത്. ആരോഗ്യപ്രശ്‌നത്തിന് ആയുര്‍വേദമരുന്ന് കഴിക്കുന്നതിനാല്‍ പഥ്യം നോക്കേണ്ടിയിരുന്നു. ആ കന്യാസ്ത്രീകള്‍ അവള്‍ക്ക് അതിനനുസരിച്ചുള്ള ഭക്ഷണം വരെ ഒരുക്കി നല്‍കി.


അങ്ങനെയിരിക്കെ ഒരു ദിവസം, നവംബര്‍ 12-ന്, സിസ്റ്റര്‍ ആനി റോസും ആന്റണി മാടശേരി അച്ചനും കൂടി മഠത്തില്‍ ചെന്നു. അച്ചന്‍ വന്നയുടന്‍ തിരികെ പോയി. പിന്നീട് ആനി റോസ് അനുപമയുമായി സംസാരിച്ചു. മദര്‍ ആയിട്ട് നിയമനം നല്‍കാമെന്ന പറഞ്ഞിട്ട് ഈ മുറിയില്‍ കുത്തിയിരിക്കാനാണോ ഇങ്ങോട്ട് വന്നത്, ഇതിന് പിന്നില്‍ ബിഷപ്പ് ആണ് കളിക്കുന്നത്, അനീതിയെ ചോദ്യം ചെയ്യണം എന്നിങ്ങനെ പലതും പറഞ്ഞ് അവര്‍ മകളെ നിര്‍ബന്ധിച്ചു. പക്ഷെ അതിന് താത്പര്യമില്ലെന്നും താന്‍ സന്തോഷവതിയാണെന്നും അനുപമ അവരെ ബോധിപ്പിച്ചു. പക്ഷെ അവര്‍ ഏറെ നിര്‍ബന്ധിച്ച്, പിടിച്ചുവലിച്ചെന്നോണം രാത്രി എട്ടുമണിയോടെ അനുപമയെ കാറില്‍ വലിച്ചുകയറ്റി ബിഷപ്പ് ഫ്രാങ്കോയുടെ മുന്നിലെത്തിച്ചു. അവിടെ ചെന്നപ്പോള്‍ ഇവള്‍ക്ക് പറയാനുള്ള പരാതികളൊന്നും കേള്‍ക്കുകയായിരുന്നില്ല, മറിച്ച് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെക്കുറിച്ചുള്ള കുറ്റങ്ങളും കുറവുകളും നിരത്തുകയായിരുന്നു ബിഷപ്പ്. രാത്രി പതിനൊന്ന് മണിയായപ്പോള്‍ കന്യാസ്ത്രീക്കെതിരെ ഒരു പ്രസ്താവന എഴുതി നല്‍കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. സത്യവിരുദ്ധമായ കാര്യം താന്‍ ചെയ്യില്ലെന്ന് അനുപമയും പറഞ്ഞു. പക്ഷെ ജീവന്‍ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തി അനുപമയെക്കൊണ്ട് അയാള്‍ അത് എഴുതിച്ചു. ഈ വിവിരങ്ങള്‍ പുറത്ത് ആരെങ്കിലും അറിഞ്ഞാല്‍ ഇല്ലാതാക്കിക്കളയും എന്ന ഭീഷണിയും.


Also Read: ‘ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

പക്ഷെ തിരികെ ഗുരുദാസ്പുരിലെത്തിയ മകള്‍ ജന്റാളമ്മയ്ക്കും കന്യാസ്ത്രീകളുടെ ജനറല്‍ കൗണ്‍സിലിനും ഉള്‍പ്പെടെ കത്തെഴുതി പോസ്റ്റ് ചെയ്തു. അതിന്റെ ഒരു കോപ്പി മലയാളത്തിലാക്കി, 'എന്റെ ജീവന്‍ അപകടത്തില്‍, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ എന്നെ കൊന്നതാണെന്ന് അപ്പച്ചന്‍ കരുതണം' എന്ന് എഴുതിയ കത്ത് എനിക്കും അയച്ചു. ഇതറിഞ്ഞയുടന്‍ ഇവരുടെ മദര്‍ ജനറല്‍ റജീനയെ ഞാന്‍ ഫോണില്‍ വിളിച്ചു. സംസാരിക്കാന്‍ സമയമില്ല എന്നായിരുന്നു ആദ്യ മറുപടി.


നാടന്‍ഭാഷയില്‍ ചിലത് പറഞ്ഞപ്പോള്‍ അവര്‍ക്ക് സമയം ഉണ്ടായി. 'ഇവിടെ അങ്ങനെ പലകാര്യങ്ങളും നടക്കും. അതൊന്നും നിങ്ങള്‍ അറിയിക്കേണ്ട കാര്യമില്ല. അതുപോലെ കന്യാസ്ത്രീകള്‍ക്കും ഇവിടെ നടക്കുന്ന കാര്യങ്ങള്‍ വീട്ടില്‍ അറിയിക്കാനുള്ള ബാധ്യതയില്ല' എന്ന് പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് അനുപമയുടെ കത്തുള്‍പ്പെടെ വച്ച് ഒരു പരാതിയെഴുതി തപാല്‍ ആയി അയച്ചു. പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരറിയിപ്പും വന്നില്ല. മുമ്പ് പലകാര്യങ്ങളും ചൂണ്ടിക്കാട്ടി ഞാന്‍ അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട്. പക്ഷെ അന്നെല്ലാം മറുപടി കൃത്യമായി നല്‍കിയിരുന്ന അദ്ദേഹം ഇതില്‍ മാത്രം ഒരു മറുപടി തന്നില്ല. എന്റെ ഒരു സുഹൃത്തായ അച്ചനാണ് പിന്നീട് കര്‍ദ്ദിനാളിനെ കാണാനായി സമയം എടുത്തിട്ടുണ്ട്, വരാന്‍ പറഞ്ഞ് വിളിക്കുന്നത്. നവംബര്‍ 10-ന് അദ്ദേഹത്തെ കാണാന്‍ പോയി. പോവുന്നതിന് തലേദിവസം ഞാന്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെയും അക്കാര്യം വിളിച്ചുപറഞ്ഞു. അവരും സിസ്റ്റര്‍ നീന റോസും എന്നോടൊപ്പം കര്‍ദ്ദിനാളിനെ കാണാന്‍ വന്നു.


ഞാനയച്ച കത്ത് കിട്ടിയില്ല എന്നാണ് കര്‍ദ്ദിനാള്‍ പറഞ്ഞത്. ഞാന്‍ നേരിട്ട് പരാതി നല്‍കി. സിസ്റ്റര്‍ നീനറോസും അവരുടെ അമ്മയുടെ പേരില്‍ എഴുതിയ പരാതി കര്‍ദ്ദിനാളിനെ ഏല്‍പ്പിച്ചു. ആ കുട്ടിയെ എം എ പരീക്ഷ പോലും ബിഷപ്പ് ഫ്രാങ്കോ എഴുതിച്ചിരുന്നില്ല. അതിന്‍മേലുള്ള പരാതിയായിരുന്നു. അതെല്ലാം വാങ്ങി എല്ലാം ശരിയാക്കാം, ഞാന്‍ നോക്കിക്കോളാം എന്ന് ഉറപ്പ് തന്നെ കര്‍ദ്ദിനാള്‍ ഞങ്ങളെ മടക്കി. ഞാനും നീനയും പുറത്തിറങ്ങിയ ശേഷവും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയും കര്‍ദ്ദിനാളും അല്‍പ്പനേരം കൂടി സംസാരിച്ചു. പിന്നീട് ഞാന്‍ കാണുന്നത് അവിടെ നിരവധി സന്ദര്‍ശകരുണ്ടായിരുന്നെങ്കിലും അവരെയൊന്നും വിളിക്കാതെ പുറത്തേക്ക് ഇറങ്ങി വരുന്ന കര്‍ദ്ദിനാളിനെയാണ്. എന്നെ കൈകാട്ടി വിളിച്ച് ദൂരേക്ക് മാറ്റി നിര്‍ത്തി. എന്റെ തലയില്‍ അദ്ദേഹത്തിന്റെ രണ്ട് കൈകളും വച്ചുകൊണ്ട്, 'എല്ലാം ഞാന്‍ ശരിയാക്കാം. മൂന്നാമതൊരാള്‍ ഇതറിയരുത്. പോലീസിലേക്കോ മാധ്യമങ്ങളിലേക്കോ ഇത് എത്തരുത്. ഞാന്‍ നോക്കിക്കോളാം എന്ന് ഉറപ്പ് തരുന്നു' എന്ന് പറഞ്ഞു. ആ ഉറപ്പിലാണ് ഞങ്ങള്‍ നിന്നത്. പക്ഷെ അദ്ദേഹം പിന്നീട് എന്നെ വിളിക്കുകയോ ഒന്നും പറയുകയോ ചെയ്തില്ല. നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് പോലീസില്‍ പരാതി നല്‍കുന്നത്.


ഫ്രാങ്കോ സിബിസിഐ പ്രസിഡന്റിന് അയച്ച അവധിക്കുള്ള അപേക്ഷ പാസ്സാക്കിക്കൊണ്ട് ഒരാഴ്ചക്കുള്ളില്‍ വത്തിക്കാനില്‍ നിന്ന് മറുപടി വന്നു. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ പരാതിക്ക് ആ മറുപടി ലഭിക്കാതിരുന്നത്? കര്‍ദിനാള്‍ സംഘം അത് പാപ്പയിലേക്കെത്തിച്ചിരുന്നെങ്കില്‍ ഉറപ്പായും പാപ്പ അത് കൈകാര്യം ചെയ്‌തേനെ. ഇത്തരം വിഷയങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുന്നയാളാണ് ഫ്രാന്‍സിസ് പാപ്പ."

സിസ്റ്റര്‍ അനുപമയുടേയും മറ്റ് കന്യാസ്ത്രീകളുടേയും കുടുംബാംഗങ്ങള്‍ വധഭീഷണി മുഴക്കി എന്ന് കാണിച്ച് ബിഷപ്പ് ഫ്രാങ്കോ കേസ് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ കഴമ്പില്ലെന്ന് കണ്ട അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് കേസ് തള്ളിക്കളഞ്ഞു. പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് തന്നെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ ഉള്‍പ്പെടെ ആറ് പേരേയും സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച വിഷയത്തില്‍ തീരുമാനമാവാതെ മഠത്തില്‍ നിന്ന് പോവില്ല എന്ന നിലപാടില്‍ കന്യാസ്ത്രീകള്‍ ഉറച്ചുനിന്നു. കന്യാസ്ത്രീകള്‍ കടുത്ത നിലപാടെടുത്തതോടെ പഞ്ചാബില്‍ നിന്നുള്ള കന്യാസ്ത്രീകളും മിഷന്‍ ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയും കന്യാസ്ത്രീകളെ കാണാനെത്തി. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആ സമയം കന്യാസ്ത്രീകളുടെ വീട്ടുകാരും മഠത്തിലെത്തുകയും ചെയ്തു.

കന്യാസ്ത്രീകളുടെ വീട്ടുകാരും ചര്‍ച്ചക്കായെത്തിയ മറ്റ് കന്യാസ്ത്രീകളും തമ്മില്‍ തര്‍ക്കവും ബഹളവും ഉടലെടുക്കുകയും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരന്‍ ക്ഷോഭിച്ച് സംസാരിക്കുകയുമുണ്ടായി. എന്നാല്‍ മൂന്ന് മിനിറ്റ് നേരത്തെ സംസാരമാണ് വധഭീഷണിയായി സഭ ഉയര്‍ത്തിക്കാട്ടിയതും തങ്ങള്‍ക്കെതിരെ പരാതി നല്‍കാനിടയാക്കിയതും എന്നും വര്‍ഗീസ് പറയുന്നു.

"ഞാന്‍ മകളെ വിളിച്ചിരുന്നു. അവര്‍ സന്തോഷത്തിലാണെന്ന് പറയാനാവില്ല. എന്നാല്‍ ആദ്യഘട്ടം വിജയിച്ചതിന്റെ സന്തോഷം അവര്‍ക്കുണ്ട്. തെളിവെടുപ്പിന് ബിഷപ്പുമായി പോലീസ് മഠത്തില്‍ ചെന്നപ്പോള്‍ അവരോട് അവരവരുടെ മുറികളില്‍ ഇരുന്നുകൊള്ളാനാണ് പറഞ്ഞത്. അവര്‍ അതിനനുസരിച്ച് ചെയ്തു. മഠത്തില്‍ ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളില്ല. ബിഷപ്പില്‍ നിന്ന് അധികാരം പോയതിനാല്‍ ഇനി അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍ എന്തെങ്കിലും ചെയ്യാന്‍ ഒന്ന് മടിക്കും. തീര്‍ച്ചയായും നീതി നടപ്പാവുമെന്നാണ് വിശ്വാസം. പക്ഷെ സഭ പണി തുടങ്ങിയതിന്റെ സൂചനയാണ് സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി. അവര്‍ അന്ന് സമരപ്പന്തലില്‍ വന്ന് സംസാരിച്ചതെന്തെന്ന് തിരക്ക് മൂലം ഞാന്‍ കേട്ടില്ല. പക്ഷെ അവര്‍ സംസാരിച്ചുകഴിഞ്ഞ് ഞാന്‍ മറുപടി പ്രസംഗം നടത്തിയിരുന്നു. നിങ്ങള്‍ ഇവിടെ വന്ന് ഇത് സംസാരിച്ചതിലുള്ള നടപടികളെ ഓര്‍ത്ത് ദു:ഖിക്കുകയാണെന്ന് അന്ന് തന്നെ ഞാന്‍ പറഞ്ഞിരുന്നു. നടപടിയുണ്ടായതറിഞ്ഞ് അവരെ വിളിച്ചിരുന്നു. ഞാന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ അവരെ ഓര്‍മ്മിപ്പിച്ചു. പക്ഷെ ധൈര്യമായി എന്തും നേരിടാന്‍ തയ്യാറായാണ് താന്‍ ഇരിക്കുന്നതെന്നാണ് സിസ്റ്റര്‍ ലൂസി പറഞ്ഞത്. അത് തന്നെ ആത്മവിശ്വാസം തരുന്ന വാക്കുകളാണ്.


കാര്യം പറയുന്നവരെ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന് മുദ്രകുത്തി മഹറോന്‍ ചൊല്ലി പുറത്തുകളയുന്ന ഏര്‍പ്പാട് കത്തോലിക്കാസഭയില്‍ ഒരുകാലത്തുണ്ടായിരുന്നു. പക്ഷെ ഇനി അത് നടക്കില്ല. എനിക്കൊരു കാര്യമേ പറയാനുള്ളൂ, സഭ ആരുടേയും കുടുംബസ്വത്തല്ല. അതിന്റെ മേലധികാരികള്‍ സഭയുടെ സൂക്ഷിപ്പുകാര്‍ മാത്രമാണ്. എന്റെ കുഞ്ഞാടുകളെ മേയ്ക്കാനാണ് ക്രിസ്തു പറഞ്ഞത്. അതിനു പകരം ഞങ്ങളുടെ മുകളില്‍ മേയാന്‍ പറഞ്ഞിട്ടില്ല." വര്‍ഗീസിന് തിരക്കൊഴിയുന്നില്ല. കേരളത്തിന്റെ നാനാഭാഗത്തുനിന്ന് ഫോണ്‍ വിളികള്‍ വന്നുകൊണ്ടിരിക്കുന്നു. പലര്‍ക്കും അനുപമയുടെ വിഷേശങ്ങള്‍, ഭാവി പരിപാടികള്‍ അറിയണം. സംസാരത്തിനിടയില്‍ എടുക്കാതെ മാറ്റിവച്ച ഫോണ്‍വിളികള്‍ക്കെല്ലാം മറുപടി കൊടുത്തുകൊണ്ട് വര്‍ഗീസ് വീണ്ടും തിരക്കുകളിലേക്ക് തിരികെപ്പോയി.

https://www.azhimukham.com/kerala-church-action-against-nun-lucy-who-supports-kerala-nun-protest-against-bishop-franco/

https://www.azhimukham.com/news-update-nun-protest-in-kochi-wind-up/

https://www.azhimukham.com/kerala-bishop-franco-punishment-is-very-difficult-says-police-officers/

https://www.azhimukham.com/opinion-nuns-protest-wins-writes-mbsanthosh/

https://www.azhimukham.com/kerala-protesting-nun-against-bishop-and-patriarchy-making-history-in-women-movement-writes-kr-dhanya/

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories