TopTop
Begin typing your search above and press return to search.

'അവളെ മരണത്തിലേക്ക് തള്ളിയിട്ടിട്ടും അവര്‍ക്കൊരു കുറ്റബോധവുമില്ല': ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരേ പ്രതിഷേധം

അവളെ മരണത്തിലേക്ക് തള്ളിയിട്ടിട്ടും അവര്‍ക്കൊരു കുറ്റബോധവുമില്ല: ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരേ പ്രതിഷേധം

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരേ ആക്ഷേപങ്ങള്‍. പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഖിയെ മാനസികമായി പീഢിപ്പിക്കുകയും ഡിബാര്‍ ചെയ്യുകയും ചെയ്തതിന്റെ ഫലമാണ് രാഖിയുടെ മരണം എന്നാണ് സഹപാഠികള്‍ പറയുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും അത് വകവയ്ക്കാതെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുന്നതടക്കം അധ്യാപകര്‍ ചെയ്ത പ്രവര്‍ത്തികളാണ് കൊല്ലം കൂട്ടിക്കട സ്വദേശിനിയായ രാഖി ഇന്നലെ വൈകിട്ടോടെ എസ് എന്‍ കോളേജിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ വച്ച് കേരളാ എക്‌സ്പ്രസിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ കാരണമെന്നും സഹപാഠികള്‍.

'ഇന്നലെ റീഡിംഗ് പോയട്രി എന്ന വിഷയത്തിലായിരുന്നു പരീക്ഷ. രാഖിയുടെ ടോപ്പിന് അടിയിലായി രണ്ട് കവികളുടെ പേര് എഴുതിയിട്ടുണ്ടായിരുന്നു. എന്നാലത് ഇന്നലത്തെ പരീക്ഷയുമായി ബന്ധമുള്ളതായിരുന്നില്ല. ക്ലാസ് ഇന്‍വിജിലേറ്റര്‍ ആയിരുന്ന ഫസ്റ്റ് ഇയര്‍ എയ്ഡഡ് ബികോമിലെ ഗസ്റ്റ് ലക്ചറര്‍ ശ്രുതി ഇത് കണ്ടിട്ട് അവളെ എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഒരു താക്കീത് നല്‍കി വിട്ടാല്‍ മതിയായിരുന്നു. പക്ഷേ അവര്‍ സ്‌ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ടീച്ചറിനെ വിളിച്ചു വരുത്തി. രണ്ടുപേരും ചേര്‍ന്ന് രാഖിയെ വളയരെധികം ഹരാസ് ചെയ്തു. അവര്‍ക്ക പിന്നാലെ ലയാള വിഭാഗം അധ്യാപികയായ ലില്ലി വന്ന് മൊബൈലില്‍ രാഖിയുടെ ഫോട്ടോ എടുത്തു കൊണ്ട് പോയി. അതിന്റെയൊക്കെ ആവശ്യമെന്തായിരുന്നുവെന്ന് മനസിലാകുന്നില്ല. രാഖി ഈ സമയമെല്ലാം അധ്യാപികമാരോട് കെഞ്ചുകയായിരുന്നു. അവള്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒത്തിരി ശ്രമിച്ചു. അതിനൊന്നും ചെവി കൊടുക്കാതെ അവര്‍ രാഖിയെ ഡീബാര്‍ ചെയ്തു. തുടര്‍ന്ന് ഓഫീസ് റൂമിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അവള്‍ ഗേറ്റിന്റെ പുറത്തേക്ക് ഇറങ്ങിയോടിയത്. സാധാരണഗതിയില്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാതെ സെക്യൂരിറ്റി കുട്ടികളെ അകത്തേക്കോ പുറത്തേക്കോ വിടാറില്ല. പക്ഷേ രാഖിയെ പുറത്തേക്ക് വിട്ടു. അവള്‍ ഓടിപ്പോയെന്ന് പറഞ്ഞ് ടീച്ചര്‍ തിരിച്ചു വന്നു.' രാഖിയുടെ സുഹൃത്തും സഹപാഠിയുമായ ആല്‍ഫ്രഡ് രാഖിയുടെ മരണവുമായി ബന്ധപ്പെട്ട് അഴിമുഖത്തോട് നടത്തിയ പ്രതികരണം.

'പരീക്ഷ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ഇറങ്ങിയപ്പോഴാണ് എസ്എന്‍ കോളേജിനടുത്ത് ഓവര്‍ ബ്രിഡ്ജിനടുത്തായി മൃതദേഹം കിടക്കുന്നുവെന്നും അത് രാഖിയുടേതാണെന്നുമുള്ള കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞത്. അത് ചോദിക്കാനെത്തിയപ്പോ സോഫിയ എന്ന മിസ് പറഞ്ഞത് ഇക്കാര്യത്തില്‍ നിങ്ങളെന്തിനാണ് ഇടപെടുന്നത്. നിങ്ങള്‍ക്ക് നാളെ പരീക്ഷയുള്ളതല്ലേ.. വീട്ടില്‍ പോയിരുന്നു പഠിക്ക്' എന്നൊക്കെയാണ്. ക്ലാസില്‍ നിന്ന ഇന്‍വിജിലേറ്റര്‍ ശ്രുതിയോട് 'ടീച്ചറിനിപ്പോ സമാധാനമായില്ലേ' എന്ന് ഞങ്ങള്‍ പോയി ചോദിച്ചു. ' ആ സമാധാനമായി' എന്നാണ് ആ ടീച്ചര്‍ മറുപടി പറഞ്ഞത്. ഒരു തരത്തിലുള്ള കുറ്റബോധം അവര്‍ക്കില്ലായിരുന്നു. അതില്‍ ദേഷ്യം കൊണ്ടാണ് ഇന്നലെ വിദ്യാര്‍ത്ഥികള്‍ കോളേജ് ഉപരോധിച്ചത്.' ആല്‍ഫ്രഡ് തുടര്‍ന്നു. 'രാഖി നന്നായി പഠിക്കുന്ന കുട്ടിയാണ്. അവള്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചുവെന്ന് ഞങ്ങള്‍ക്ക് തന്നെ വിശ്വസിക്കാനായില്ല. എത്ര വേദനിച്ചിട്ടായിരിക്കും അവള്‍ ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിച്ചിട്ടുണ്ടാകുക?' ആല്‍ഫ്രഡ് ചോദിക്കുന്നു.

'രാഖിയുടെ ചേട്ടന്‍ അപകടത്തില്‍ കാല്‍പാദം നഷ്ടപ്പെട്ട് ചികില്‍സയിലായിരുന്നു. ഇന്നലെ മരണം നടന്നതിന് ശേഷം അവളുടെ ചേട്ടന്‍ ആ സ്റ്റാന്‍ഡുമായി കോളേജിന് നടയില്‍ വന്ന് കരഞ്ഞു. കണ്ടുനില്‍ക്കാന്‍ ആകുന്നുണ്ടായിരുന്നില്ല.' സഹപാഠിയായ ബോബി പറയുന്നു.

വര്‍ക്ക് ഷോപ്പ് ജോലിക്കാരനാണ് രാഖിയുടെ അച്ഛന്‍ രാധാകൃഷ്ണന്‍. അമ്മ ശ്രീജാത. ചേട്ടന് അപകടം പറ്റിയതോടെ രാഖിയായിരുന്നു കുടുംബത്തിന്റെ ഏക പ്രതീക്ഷ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതശരീരം വീട്ടിലെത്തിച്ചിട്ടും കോളേജില്‍ നിന്ന് അധ്യാപകരോ സ്റ്റാഫുകളോ രാഖിയുടെ വിട്ടില്‍ ചെന്നില്ല എന്നും പരാതിയുണ്ട്.

സ്വന്തം ഡിപ്പാര്‍ട്‌മെന്റിലെ ഒരു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തതെങ്കിലും തനിക്ക് അതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിയില്ലെന്ന മറുപടിയാണ് ഇംഗ്ലീഷ് വിഭാഗം മേധാവിയായ സിസ്റ്റര്‍ ജൂലിയറ്റ് അഴിമുഖത്തോട് പ്രതികരിച്ചത്. 'ഞാന്‍ അവിടെ ഉച്ച വരെ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞുള്ള കാര്യങ്ങളൊന്നും എനിക്കറിയില്ല.' ഇത്രമാത്രമായിരുന്നു സിസ്റ്റര്‍ ജൂലിയറ്റിന് സ്വന്തം വിദ്യാര്‍ത്ഥിനിയുടെ മരണത്തെക്കുറിച്ച് പറയാനുണ്ടായിരുന്നത്.

രാഖിയുടെ മരണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്ന് കോളേജ് തീരുമാനം എടുത്തിട്ടുണ്ടെന്ന വിവരം കിട്ടുന്നുണ്ട്.

Next Story

Related Stories