UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന്റെ സാമ്പത്തികം സുസ്ഥിരമാകാന്‍ മൂന്നു വര്‍ഷം എടുക്കുന്നത് എങ്ങനെ? ധനമന്ത്രി വിശദീകരിക്കുന്നു

അഴിമുഖം പ്രതിനിധി

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ലെന്ന് ഏവരും ഒരേ സ്വരത്തില്‍ സമ്മതിക്കുന്ന കാര്യമാണ്. ആയിരം കോടിയിലധികം രൂപ ഖജനാവില്‍ ബാക്കിയുണ്ടായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുകയും എന്നാല്‍ എഴുന്നൂറു കോടിയോളം മാത്രമേയുള്ളൂവെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഏതാനും കോടികള്‍ കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ അടയാളമല്ലെന്ന് ചാണ്ടിക്കും കെ എം മാണിക്കും ഒക്കെ അറിയാം.

കേരളം സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്ന് ഐസക് വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിനുനേരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അദ്ദേഹത്തെ അനുകൂലിക്കുന്നവരും ധാരാളമുണ്ടായിരുന്നു. എന്തിന് ഐസക് മന്ത്രിയായിയെന്ന് ചോദിച്ചവരുമുണ്ടായിരുന്നു.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം ഈ മൂന്നു കൊല്ലക്കണക്കിനെ വിശദീകരിക്കുന്നു. ഫേസ് ബുക്കിലാണ് അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നത്.

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പു വരുത്തുന്നതിന് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും എന്ന എന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണം ആണുള്ളത്. അങ്ങനെയെങ്കില്‍ പിന്നെ എന്തിനു മന്ത്രിയായിരിക്കുന്നു എന്ന് വരെ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പ് തയ്യാറാക്കിയ രേഖയിലെ നിഗമനം ആണ് ഞാന്‍ പറഞ്ഞത്.

സാമ്പത്തിക സുസ്ഥിരത സംബന്ധിച്ച ഏറ്റവും നല്ല സൂചിക റവന്യൂ കമ്മിയുടെതാണ്. സര്‍ക്കാരിനു ദൈനംദിന ചെലവ് നടത്താന്‍ എത്ര വായ്പ എടുക്കേണ്ടി വരും എന്നതാണ് റവന്യൂ കമ്മി വെളിപ്പെടുത്തുന്നത്. വായ്പ ഇങ്ങനെ ദൈനംദിന ചെലവുകള്‍ക്ക് ഉപയോഗിച്ചാല്‍ സംസ്ഥാനത്തിന്റെ മൂലധന ചെലവ് കുറയും, വികസനം മുരടിക്കും , സംസ്ഥാനം കടക്കെണിയില്‍ ആകും.

ധനകാര്യകമ്മീഷന്റെ തീര്‍പ്പ് പ്രകാരം നടപ്പ് വര്‍ഷം മുതല്‍ നമ്മുടെ റവന്യൂ കമ്മി ഇല്ലാതാക്കേണ്ടവര്‍ ആണ്. എന്നാല്‍ ഈ പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്ന ഗ്രാഫില്‍ കാണുന്നത് പോലെ നടപ്പുവര്‍ഷം റവന്യൂ കമ്മി 2.8 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത്. 2017-18-ലും ഇത് കുറയില്ല. ശമ്പളപരിഷ്‌കരണത്തിന്റെ കുടിശിഖ നല്‍കാന്‍ ഈ വര്‍ഷം ആണ് നിശ്ചയിച്ചിട്ടുള്ളത്. തന്മൂലം റവന്യൂ കമ്മി 3.7 ശതമാനം ആയി കൂടും. 2018-19 ലും മൂന്ന് ശതമാനത്തിനു മുകളില്‍ ആയിരിക്കും . തുടര്‍ന്നുള്ള വര്‍ഷങ്ങളിലേ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നുള്ളൂ. നികുതി വരുമാനം ഇനിയെങ്കിലും നല്ല തോതില്‍ വളരും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ തന്നെ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ആണ് മുകളില്‍ പറഞ്ഞത്.
ഈയൊരു സ്ഥിതി വിശേഷം സൃഷ്ടിച്ചത് യു ഡി എഫ് സര്‍ക്കാര്‍ ആണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റവന്യൂകമ്മി ഏതാണ്ട് മൂന്ന് ശതമാനത്തിന് അടുത്താണ്. ചെലവുകള്‍ ചുരുക്കി മൂന്നര ശതമാനം ആയിരുന്ന റവന്യൂ കമ്മി അതിനു മുന്‍പത്തെ യു ഡി എഫ് സര്‍ക്കാര്‍ (ആന്റണി-ഉമ്മന്‍ ചാണ്ടി) മൂന്നിലേക്ക് താഴ്ത്തിയതാണ് . എല്‍ ഡി എഫ് ഭരണം ചെലവ് ചുരുക്കാതെ വരുമാനം വര്‍ദ്ധിപ്പിച്ചു കൊണ്ട് റവന്യൂ കമ്മി കുറക്കാന്‍ ആണ് ശ്രമിച്ചത്. ഒരു ഘട്ടത്തില്‍ അത് 1.4 ശതമാനം ആയി താഴ്ന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഉമ്മന്‍ ചാണ്ടി ഭരണത്തിനു കീഴില്‍ റവന്യൂ കമ്മി ഏതാണ്ട് രണ്ടര ശതമാനം ആയി ഉയര്‍ന്നു അവര്‍ ചെലവ് ചുരുക്കിയും ഇല്ല . വരുമാനം വര്‍ദ്ധിപ്പിച്ചും ഇല്ല. പത്ത് വര്‍ഷം കൊണ്ട് കേരളം നേടിയ സാമ്പത്തിക ദൃഢീകരണം ഇല്ലാതായി .

2015 -16-ല്‍ അത് 1.4 ശതമാനം ആയി കുറഞ്ഞു. പക്ഷെ ഈ കുറവ് അനിവാര്യമായ പെന്‍ഷനും, ബില്ലുകളും മറ്റും മാറി കൊടുക്കാതെ കൃത്രിമമായി സൃഷ്തിച്ചതാണ്. അവയെല്ലാം കൊടുത്തു തീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ റവന്യൂ കമ്മി സര്‍വ്വകാല റെക്കോഡ് എത്തിയേനെ. പക്ഷെ ഈ ചെലവുകള്‍ എന്നന്നേയ്ക്കുമായി മാറ്റി വയ്ക്കാന്‍ കഴിയില്ലല്ലോ. അടുത്ത മൂന്ന് വര്‍ഷം അത് കൊണ്ട് റവന്യൂ കമ്മിയുടെ പ്രേത ബാധ കേരളത്തെ ഗ്രസിക്കാന്‍ പോകുകയാണ്, ഇതാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം.
ഈ പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം. റവന്യൂ വരുമാനം ഗണ്യമായി ഉയര്‍ത്താന്‍ ശ്രമിക്കല്‍ ആണ് ഇതിനായുള്ള മുഖ്യ പ്രവര്‍ത്തനം. ധൂര്‍ത്ത് ഒക്കെ ഒഴിവാക്കിയാലും ചെലവുകള്‍ ഗണ്യമായി ഇനിയും ഉയരും. എല്‍ ഡി എഫ് മാനിഫെസ്‌റ്റോയില്‍ പറഞ്ഞിട്ടുള്ള സമാശ്വാസ നടപടികള്‍ ഒന്നും പ്രതിസന്ധിയുടെ പേര് പറഞ്ഞു മാറ്റി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ധാരണ എല്ലാവര്‍ക്കും ഉണ്ടാവേണ്ടതുണ്ട് . ഈ അരാജകത്വത്തിന് മുഴുവന്‍ ഉത്തരവാദികള്‍ ആയ യു ഡി എഫ് ആവട്ടെ ഇനിയും എന്തെങ്കിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറല്ല. പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍