TopTop

പ്രതിസന്ധി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ആദ്യം സ്വന്തം മുണ്ട് മുറുക്കിയുടുക്കട്ടെ

പ്രതിസന്ധി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ആദ്യം സ്വന്തം മുണ്ട് മുറുക്കിയുടുക്കട്ടെ

സന്തോഷ് പവിത്രമംഗലം


ഏതാനും ദിവസങ്ങളായി ചിലവ്കുറയ്ക്കലും വരുമാനം കൂട്ടലുമായി പല ചെപ്പടിവിദ്യകളും പരീക്ഷിച്ചു നോക്കിയിട്ടും ഒന്നിനും അതിന്റെതായ ഫലംകിട്ടാതെ വിഷമിയ്ക്കുന്ന ഒരു സര്‍ക്കാരിന്റെ ദയനീയമായ അവസ്ഥയാണ് ഇവിടുത്തെ ജനങ്ങള്‍ കണ്ടുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഈ പ്രതിസന്ധിയ്ക്ക് ഇപ്പോഴും ശരിയായ ചികിത്‌സ തുടങ്ങിയിട്ടില്ലായെന്നതാണ്‌ യാഥാര്‍ത്ഥ്യം. ഈ ചികിത്‌സ എപ്പോള്‍, എവിടെ തുടങ്ങണം എന്നുള്ളത് ഇവിടുത്തെ എല്ലാ രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കും, ഭരണ പ്രതിപക്ഷ ഭേദമെന്യേ അറിയാവുന്ന കാര്യമാണ്. എന്നാല്‍ ആ വഴിയ്ക്ക്‌ സര്‍ക്കാരോ സര്‍ക്കാരിന് നേത്യത്വംകൊടുക്കുന്ന പാര്‍ട്ടികളോ ചിന്തിയ്ക്കുന്നില്ലായെന്നുള്ളത് അത്ഭുതംതന്നെ. എന്തിനും ഏതിനും പാവപ്പെട്ട ജനങ്ങളില്‍ ഭാരങ്ങള്‍ അടിച്ചേല്‍പിച്ച് ഒരുകൂട്ടര്‍ ഇവിടെ സുഭിക്ഷമായിവിഹരിയ്ക്കുന്നു. ജനങ്ങളുടെകണ്ണില്‍ പൊടിയിടാന്‍ ഒരുസമരവും മലയാളം നിഘണ്ടുവില്‍ ഇല്ലാത്ത പദപ്രയോഗങ്ങള്‍ നടത്തി മാദ്ധ്യമ ശ്രദ്ധ നേടുകയും ആണ് ഒരു കൂട്ടരുടെ പ്രധാന ലക്ഷ്യം.മൈക്കിനുമുമ്പില്‍ നിന്നുകൊണ്ട് ചില പദപ്രയോഗങ്ങള്‍ നടത്തുന്നത് അറിവില്ലായ്മയോ, ഇല്ലെങ്കില്‍ അഹങ്കാരമോആയിട്ട് കാണുവാന്‍ സാധിയ്ക്കുകയില്ല. ഇത് തികച്ചും അറിഞ്ഞുകൊണ്ടുതന്നെ പറയുന്നതാണ്. പൊതുസമൂഹത്തില്‍ നിന്നും താന്‍ അകന്നു പോകുന്നുവെന്ന തോന്നല്‍ വരുമ്പോള്‍, ഞാന്‍ ഇവിടെ തന്നെയുണ്ട്; നിങ്ങളുടെസംരക്ഷകനായിട്ട് എന്ന് ജനങ്ങളെ മാദ്ധ്യമങ്ങളില്‍കൂടി അറിയിയ്ക്കുക, അത് മാത്രമാണ് ചിലരുടെ ഉദ്‌ദേശം. മാറിവരുന്ന സര്‍ക്കാരുകള്‍ മുന്‍ സര്‍ക്കാരിന്റെ ചെയ്തികളെ കുറ്റം പറയുകയും മുന്‍ഗാമികളുടെ അതേ പാത പിന്‍തുടരുകയും ചെയ്ത ചരിത്രമാണ് ഇവിടെയുള്ളത്. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞാലുടന്‍ മന്ത്രി മന്ദിരം ഏത്‌ രീതിയില്‍ ഒന്നു മോടി കൂട്ടണം എന്നതിലാണ് ഏത് മന്ത്രിയുടെയും കണക്കുകൂട്ടല്‍. അവിടെ തുടങ്ങുകയാണ് ജനങ്ങളുടെ ബാദ്ധ്യത. മോടിയുള്ള വീട്, ആഡംബര കാര്‍ എന്നുവേണ്ടാ, ഒരുസിനിമയില്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ 'നമുക്ക് ഒന്ന്‌ സുഖിയ്ക്കണം'. അത് തന്നെയാണ്ഇവിടുത്തെ മുന്തിയ ഭാഗം ജനപ്രതിനിധികളുടെയും ലക്ഷ്യവും.

അഞ്ചുവര്‍ഷം കൊണ്ട്‌ സ്വന്തമായും പാര്‍ട്ടിയ്ക്കു വേണ്ടിയുംസംഭരിയ്ക്കുക, ഇഷ്ടക്കാര്‍ക്കും വേണ്ടതുപോലെ അറിഞ്ഞ്‌ചെയ്യുക. ഇതിന് എതിര്‍കൂട്ടര്‍ കണ്ണടയ്ക്കുകയും ചെയ്യും. കാരണം അഞ്ചുകൊല്ലം കഴിയുമ്പോള്‍ ഞാനും അവിടെ ഇരിയ്‌ക്കേണ്ടതാണ് എന്നുള്ള തിരിച്ചറിവ്. പാവപ്പെട്ടവന്റെയും, സാധാരണക്കാരന്റെയും ജീവിത ഭാരംകൂട്ടാതെ ജനങ്ങളെ സംരക്ഷിക്കുകയെന്നതാകണം ഇവിടുത്തെ പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയുംലക്ഷ്യം. എന്നാല്‍ ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ഇന്നുവരെയും പണക്കാര്‍ കൂടുതല്‍ സമ്പന്നതയിലേക്ക് കുതിച്ചുയരുകയും ഒരുനേരത്തെ അന്നത്തിന് വകയില്ലാത്തവന്‍ പഴയപടിയില്‍ തുടരുകയും ചെയ്യുന്നതാണ് നമ്മുടെ യാഥാര്‍ഥ്യം. സമ്പന്നന്‍മാരില്‍ നിന്നും ക്യത്യമായി നികുതി പിരിച്ചെടുക്കുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അതിന് സാങ്കേതികമായ പല തടസ്‌സങ്ങളും സര്‍ക്കാരുകള്‍ ജനങ്ങളുടെ മുമ്പില്‍ വിശദീകരിയ്ക്കുന്നു. എന്നാല്‍ പാവപ്പെട്ടവനില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നതിന് ഈ സങ്കേതിക തടസ്‌സം ബാധകമാകുന്നില്ല. ഇത് ഇന്‍ഡ്യയിലെ എല്ലാസംസ്ഥാനങ്ങളും ഭരിയ്ക്കുന്ന സര്‍ക്കാരുകള്‍ പിന്‍തുടരുന്ന നയമാണ്.ഇവിടെ നമ്മുടെ കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ബഹു. ധനകാര്യമന്ത്രി പറയുന്നൂ, ഈ പ്രതിസന്ധിയുടെ കാരണം കേന്ദ്രത്തില്‍ നിന്നും വിഹിതം കിട്ടാത്തതിനാല്‍ ആണ് എന്ന്. മറ്റ്ചിലര്‍ പറയുന്നത് മദ്യത്തില്‍ നിന്നുമുള്ള വരുമാനം നിലച്ചതിനാല്‍ ആണ് എന്ന്. അപ്പോള്‍ ഈ കാലമത്രയും ഇവിടുത്തെ രാഷ്ട്രീയ നേതാക്കന്‍മാരും അവരുടെ സര്‍ക്കാരുകളും എന്താണ് കരുതിയിരുന്നത്, ഒരുവിഭാഗം ജനങ്ങളെ നാശത്തിലേക്ക്‌ വിട്ടുകൊടുത്തുകൊണ്ട് എന്നും വരുമാനമുണ്ടാക്കാം എന്നുള്ളതായിരുന്നോ? മദ്യത്തിന്റെ ലഭ്യത കുറയ്ക്കണമെന്നും അപ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കം എങ്ങനെ നേരിടാം എന്നത് അധികാരം ഏറ്റെടുക്കുന്നതിന് മുമ്പു മുതല്‍ ചിന്തിയ്‌ക്കേണ്ടിയിരുന്നു. അപ്പോള്‍ ഇതില്‍നിന്നും മനസ്‌സിലാകുന്നത്, ഈ കാലമത്രയും പറഞ്ഞത് ആത്മാര്‍ത്ഥതയോടെ ആയിരുന്നില്ല എന്നാണ്. ആരുടെയൊക്കെയോ സമ്മര്‍ദ്ധങ്ങള്‍ക്ക്‌ വഴങ്ങിയും ജനങ്ങള്‍ സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് എതിരാവുകയും ചെയ്യും എന്നുള്ള അവസ്ഥയില്‍ എത്തിയപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി തന്റെ വജ്രായുധം പുറത്തെടുക്കുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിയ്ക്കുന്ന മുഖ്യമന്ത്രി മൂന്ന് മാസമായി തന്റെ മുമ്പില്‍ എത്തിയിട്ടുള്ള ഈ ഫയലുകള്‍ക്ക് തീര്‍പ്പ് കല്പിച്ചിട്ടില്ല. പേഴ്‌സണല്‍ സ്റ്റാഫ്‌ കൈപ്പറ്റുന്ന ശമ്പളവും അലവന്‍സും ഇവിടുത്തെ ഉയര്‍ന്ന തസ്തികയിലുള്ള സര്‍ക്കാര്‍ ഉദ്‌ദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതിലും വളരെ വലുതാണ്.

തങ്ങള്‍ക്ക് മുദ്രാവാക്യം വിളിച്ചും മറ്റും സംരക്ഷിച്ചവരെ അധികാരം കിട്ടുമ്പോള്‍ സംരക്ഷിയ്‌ക്കേണ്ടതിന്റെ ആവശ്യകത ഏവര്‍ക്കും അറിയാവുന്നതാണ്. ഈ ഒരു വിഷയത്തില്‍ ഇവിടുത്തെ പ്രതിപക്ഷത്തിന്റെ മൗനവും ഞങ്ങളും മോശമല്ലാ എന്നുള്ളതാണ്. മന്ത്രിമാരുടെ ആര്‍ഭാടവാഹനങ്ങള്‍, അവര്‍ക്കുള്ള അമിതമായ അകമ്പടികള്‍, ഒരുകല്ല് നാട്ടാനായി തിരുവനന്തപുരത്തുനിന്നും കാസര്‍കോട്‌വരെ പെട്രോള്‍കത്തിച്ചും അകമ്പടിയും ഒക്കെയായി യാത്രചെയ്ത് പാഴാക്കുന്ന പണം എവിടെ നിന്നുമാണ്? ഈ കല്ലീടീല്‍ കര്‍മ്മം കഴിഞ്ഞ് പുരാവസ്തുവായി മാറിയ എത്രയോ കല്ലുകള്‍ നമ്മുടെ നാട്ടില്‍ നിലനില്ക്കുന്നു. ഓരോ പുതിയ സര്‍ക്കാരുകള്‍ വരുമ്പോഴും വാങ്ങികൂട്ടുന്ന ആഡംബരകാറുകള്‍, അതില്‍ ചില മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിഗണന. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ ഒരുമന്ത്രി സാധാരണക്കാര്‍ ഉപയോഗിയ്ക്കുന്ന അംബാസിഡര്‍ കാറില്‍ യാത്ര ചെയ്തു തന്നെ ഏല്പിച്ച ഉത്തരവാദിത്വം ഒരുവിധം ഭംഗിയോടുകൂടി നിറവേറ്റിയതും കേരളത്തിലെ ജനങ്ങള്‍ കണ്ടതാണ്. അപ്പോള്‍ ചിലവ് കുറയ്ക്കുക എന്ന ചികിത്‌സ ഇവിടെ തുടങ്ങാവുന്നതാണ്.രണ്ടാമതായി ഇവിടുത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ പകല്‍ കൊള്ളകള്‍. തന്റെ വകുപ്പിലുള്ള സ്ഥാപനങ്ങളില്‍ ശരിയാംവിധം ക്യത്യനിര്‍വ്വഹണം ഉണ്ടോ എന്ന് പരിശോധിയ്‌ക്കേണ്ടത് അതാത്‌ വകുപ്പ് മന്ത്രിമാര്‍ ആകണം. അതിന് അവരുടെ കൈകള്‍ സംശുദ്ധമായിരിക്കണം. സ്വന്തം മൂക്കിന് താഴെയുള്ള സെക്രട്ടറിയേറ്റിലും മന്ത്രി ഓഫീസിലും എന്താണ് നടക്കുന്നത് എന്നു പോലും ശ്രദ്ധിയ്ക്കുവാന്‍ മന്ത്രിമാര്‍ക്കോ ജനപ്രതിനിധികള്‍ക്കോ കഴിയുന്നില്ല. തന്റെ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആഫീസില്‍ ആഴ്ചയില്‍ ഏതെങ്കിലും ഒരുദിവസം, തന്റെ യാത്രാ മധ്യേ ഒരു സന്ദര്‍ശനം നടത്തിയാല്‍ അവിടുത്തെ ഉദ്‌ദ്യോഗസ്ഥരുടെ സമയനിഷ്ഠയും അവിടെ നടക്കുന്ന കാര്യങ്ങളും മനസ്‌സിലാക്കാന്‍ കഴിയുന്നതാണ്. അത് ജനങ്ങളില്‍ കൂടുതല്‍ മതിപ്പ് ഉളവാക്കുന്നതാണ്. അപ്പോള്‍ അത് ഉദ്‌ദ്യോഗസ്ഥരുടെയും അവരുടെ എല്ലാ തോന്നിയവാസത്തിനും കുടപിടിയ്ക്കുന്ന സംഘടനകളുടെയും അപ്രീതിയ്ക്ക്കാരണമാകും. അപ്പോഴും അവിടെ ജനങ്ങള്‍ ഒറ്റപ്പെടുകയാണ്. ശമ്പള വര്‍ദ്ധനയ്ക്കായി അലമുറയിടുന്ന സംഘടനകളെ നിലയ്ക്ക് നിര്‍ത്തി ഉദ്യോഗസ്ഥരെക്കൊണ്ട് കൃത്യമായിജോലി ചെയ്യിക്കുവാന്‍ ഉള്ള ആര്‍ജ്ജവം ഓരോ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ഉണ്ടാകണം. സഹകരിയ്ക്കാത്ത ഉദ്‌ദ്യോഗസ്ഥരുടെ തനിനിറം ജനങ്ങളുടെ മുമ്പില്‍ കാണിച്ചുകൊടുക്കുവാനും ജനപ്രതിനിധികള്‍ക്ക് കഴിയണം. അതാണ് ഒരു യഥാര്‍ത്ഥ ജനസേവകന്‍ ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ നടക്കുന്നത് നേരെ മറിച്ചാണ്. ഇഷ്ടക്കാരുടെയും സ്വന്തക്കാരുടെയും കാര്യങ്ങള്‍ വളഞ്ഞ വഴികളില്‍കൂടി സാധിച്ചുകൊടുക്കുവാന്‍ അവരെ സ്വാധീനിയ്ക്കുകയും നടക്കാതെ വരുമ്പോള്‍ മന്ത്രിമാരെ സ്വാധീനിച്ച് ഉദ്‌ദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കുകയും ചെയ്യുന്നു. ഇത് അവരുടെ ആത്മധൈര്യം ചോര്‍ത്തുകയും തുടര്‍ന്ന് അവര്‍ അഴിമതിക്കാര്‍ ആയിത്തീരുകയും ചെയ്യുന്നു.

മൂന്നാമതായിട്ട്, നമ്മുടെ സംസ്ഥാനത്തിന്റെ റോഡ്‌വികസനം. ഓരോ വര്‍ഷവും റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിനായും, വികസനത്തിനായും കോടികള്‍ ചിലവഴിയ്ക്കപ്പെടുന്നു. എങ്കിലും പല റോഡുകളും യാത്രായോഗ്യമല്ലാ എന്നു മാത്രമല്ല, പുനര്‍ നിര്‍മ്മിച്ച റോഡുകള്‍ ആറുമാസത്തിനകം പഴയപടി ആയിത്തീരുകയും ചെയ്യുന്നു. ഇതിന്റെ പ്രധാന കാരണം അശാസ്ത്രീയമായ നിര്‍മ്മാണമാണ്. വെള്ളം ഒഴിഞ്ഞു പോകുവാനുള്ള ഓടകള്‍ ശരിയായ രീതിയില്‍ നിര്‍മ്മിയ്ക്കാതെ ഇതിന് പരിഹാരം കാണുവാന്‍ കഴിയുകയില്ല. ഒരുറോഡ് നിര്‍മ്മിയ്ക്കുവാന്‍ കരാര്‍ നല്കുമ്പോള്‍ കുറഞ്ഞ പക്ഷം മൂന്നു വര്‍ഷമെങ്കിലും അതിന്റെ അറ്റകുറ്റപണികള്‍ നടത്തുവാനുള്ള നിബന്ധന കരാറില്‍ ഉള്‍പ്പെടുത്തുകയും കരാറുകാരന്‍ അത് പാലിയ്ക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാകുന്നു. അത് ഇവിടെ നടക്കുന്നില്ലാ എന്നു മാത്രമല്ല, ഈ വകുപ്പിലെ ശിപായി മുതല്‍ ഓരോരുത്തര്‍ക്കും കണക്ക് പറഞ്ഞ്‌ കൈക്കൂലി എണ്ണികൊടുത്തെങ്കില്‍ മാത്രമാണ് ഓരോ പേപ്പറുകളും മുന്നോട്ട് നീങ്ങുകയുള്ളൂ എന്ന സത്യം ഏവര്‍ക്കും അറിയാവുന്നതാണ്. പണം പറ്റിയ ഒരുത്തര്‍ക്കും കരാറുകാരനു നേരെ ശബ്ദമുയര്‍ത്തി സംസാരിയ്ക്കുവാനുള്ള ധൈര്യം കാണുകയില്ല. ഓരോ വര്‍ഷവും കരാറുകള്‍ ഉറപ്പിയ്ക്കുമ്പോള്‍ സര്‍ക്കാരുകള്‍ ചിലവഴിയ്ക്കുന്ന കോടികളുടെ മുന്തിയ ഭാഗവും എത്തിച്ചേരുന്നത് ഉദ്യോഗസ്ഥതലത്തിലും ഒരുഭാഗം പാര്‍ട്ടിഫണ്ടിലും ആണ്. ഭരണം നടത്തുന്നവരും ഉദ്യോഗസ്ഥരും അല്പം ആത്മാര്‍ത്ഥത കാണിച്ചാല്‍ കേരളത്തിലെ റോഡുകള്‍ വിദേശരാജ്യങ്ങളിലെപ്പോലെ മികവുറ്റതും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതും ആയിത്തീരും. ആയിനത്തില്‍ ഓരോവര്‍ഷവും ചിലവഴിയ്ക്കപ്പെടുന്ന ഭീമമായ തുക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിഹാരമാകും.സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെള്ളക്കരവും മറ്റും കൂട്ടിയതിനെ എന്നെപ്പോലുള്ളവര്‍ ചോദ്യം ചെയ്യുന്നില്ല. അത്‌ സര്‍ക്കാരിന്റെ അവകാശവും ആ ഭാരം താങ്ങേണ്ടിവരുന്ന ജനങ്ങളുടെ ഗതികേടും ആകുന്നു. എന്നാല്‍ കരം കൂട്ടുന്നതിന് മുമ്പായിട്ട് സര്‍ക്കാര്‍ ചെയ്‌യ്യേണ്ട പല നടപടിക്രമങ്ങളിലും മൗനം പാലിച്ചുകൊണ്ട് ജനങ്ങളെ കഷ്ടത്തില്‍ നിന്നും ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന നയം ഏത്‌ സര്‍ക്കാരുകള്‍ ആയാലും അത് ഭൂഷണമല്ല. ഒരുകൈകൊണ്ട് ദാനം കെടുത്തിട്ട് മറുകൈകൊണ്ട് അത് തട്ടിപ്പറിക്കുന്ന നയമാണ് ജനകീയ സര്‍ക്കാരുകള്‍ കാലങ്ങളായി അനുവര്‍ത്തിച്ച് പോകുന്നത്. ഈ അവസ്ഥകള്‍ക്ക് മാറ്റം വരുത്തി ജനങ്ങളൊടൊപ്പം നില്‍ക്കാന്‍ ഇവിടുത്തെ സര്‍ക്കാരും ജനസേവകര്‍ എന്ന പുറംകുപ്പായം സ്വയം അണിഞ്ഞവരും ഇനിയെങ്കിലും തയ്യാറാകണം.


(കായംകുളം സ്വദേശിയായ ലേഖകന്‍ അബുദാബിയില്‍ ജോലി ചെയ്യുന്നു)


*Views are personalNext Story

Related Stories