TopTop

കൊലയറകളാകുന്ന ഷോപ്പിംഗ് മാളുകള്‍

കൊലയറകളാകുന്ന ഷോപ്പിംഗ് മാളുകള്‍
കൊച്ചിയിലെ ഒബ്‌റോണ്‍ മാളില്‍ ഇന്നലെയുണ്ടായ തീപിടിത്തം ഷോപ്പിംഗ് മാളുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. പലയിടങ്ങളില്‍ നിന്നും ഇത്തരം നിരവധി അപകടങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതില്‍ ഒന്ന് 2014-ല്‍ എസ്‌കലേറ്ററില്‍ കയറുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്നും കുഞ്ഞ് വഴുതി വീണ് മരിച്ചതാണ്. കൊച്ചിയിലെ ലുലു മാളിലാണ് ഈ ദുരന്തമുണ്ടായത്. മാളിലെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വരുമ്പോള്‍ മലപ്പുറം വാളാഞ്ചേരി സ്വദേശി മുസ്തഫയുടെ മകള്‍ ഒരു വയസ്സുകാരി സ്വയ ഫാത്തിമയാണ് അന്ന് മരിച്ചത്. അപകടമുണ്ടായ ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൃശൂര്‍ ശോഭ സിറ്റി മാളില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഡോക്ടര്‍ മരിച്ചതാണ് മറ്റൊരു സംഭവം. മാളില്‍ ആംബുലന്‍സ് സൗകര്യം ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് മരണത്തിന് കാരണമായത്. കോടികള്‍ മുടക്കി മാള്‍ പണിതിട്ടും സന്ദര്‍ശകരുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും ഒരുക്കിയിരുന്നില്ലെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ ഡോക്ടര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിലും മാള്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടു.

ഇന്നലെ ഒബ്‌റോണ്‍ മാളില്‍ തീപിടിത്തമുണ്ടായപ്പോഴും ഇതേ സുരക്ഷ പ്രശ്‌നം തന്നെയാണ് ഉയര്‍ന്നു വരുന്നത്. മാളില്‍ ഫുട്‌കോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന നാലാം നിലയിലുണ്ടായ തീപിടുത്തം തുടക്കത്തില്‍ തന്നെ നിയന്ത്രണ വിധേയമാക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല എന്നതാണ് ആദ്യമുയരുന്ന ചോദ്യം. മാളിലെ തീപിടിത്തത്തെ ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. രാവിലെയായിരുന്നതിനാല്‍ മാളില്‍ ആള് കുറവായിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ആളുകളുടെ എണ്ണം കൂടുതലായിരുന്നെങ്കില്‍ ഇവരെ എത്രയും വേഗം ഒഴിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല.

എസ്‌കലേറ്ററില്‍ നിന്നും വീണ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ സാധിച്ചില്ലയെന്നതാണ് ലുലു മാളില്‍ നടന്നത്. എസ്‌കലേറ്ററുകളില്‍ നിന്നും വീണ് അപകടമുണ്ടാകുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവിടെ സ്വീകരിക്കാത്തത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഒട്ടനവധി പേര്‍ സന്ദര്‍ശിക്കുന്ന ലുലു പോലൊരു മാളില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാത്തത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. എല്ലാ വിധത്തിലുമുള്ള സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പുവരുത്തി മാത്രമേ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുക്കാവൂവെന്ന നിയമമുള്ളപ്പോഴാണ് പ്രാഥമിക ശുശ്രൂഷയും ആംബുലന്‍സ് സംവിധാനവും ഇല്ലാത്തത് മൂലം മരണങ്ങള്‍ സംഭവിച്ചത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നിട്ടും ഈ മാളുകള്‍ക്കെതിരെ എന്ത് നടപടികളൊന്നും ഉണ്ടായില്ല.

തലശേരി ഡൗണ്‍ടൗണ്‍ മാള്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. ഇവിടുത്തെ എസ്‌കലേറ്ററിന്റെ കൈവരിയുടെ ഉയരം കുറവാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഏത് നിമിഷവും അപകടമുണ്ടാകാവുന്ന അവസ്ഥയിലാണ് ഈ എസ്‌കലേറ്ററുകളെന്നും പരാതിയില്‍ പറയുന്നു. കെട്ടിട സുരക്ഷയ്ക്ക് കര്‍ശനമായ നിയമങ്ങളുണ്ടായിട്ടും ഇത്തരം അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

Next Story

Related Stories