TopTop
Begin typing your search above and press return to search.

ഒബ്റോണ്‍ മാളിലെ തീപിടുത്തം; നമ്മുടെ കെട്ടിടങ്ങള്‍ സുരക്ഷിതമാണോ? വന്‍ കെട്ടിടങ്ങള്‍ക്ക് വേണ്ട സുരക്ഷാനടപടികള്‍

ഒബ്റോണ്‍ മാളിലെ തീപിടുത്തം; നമ്മുടെ കെട്ടിടങ്ങള്‍ സുരക്ഷിതമാണോ? വന്‍ കെട്ടിടങ്ങള്‍ക്ക് വേണ്ട സുരക്ഷാനടപടികള്‍

കൊച്ചി ഒബ്റോണ്‍ മാളിലുണ്ടായ വന്‍ തീപിടിത്തം സംസ്ഥാനത്തെ കെട്ടിടങ്ങള്‍ അഗ്നിബാധയില്‍ നിന്ന് എത്രത്തോളം സുരക്ഷിതമാണെന്ന് കാര്യം ചിന്തിപ്പിക്കുന്നതാണ്. രാവിലെ 11.15--ഓടെ ഉണ്ടായ അപകടത്തില്‍ കെട്ടിടത്തിന്റെ നാലാം നില പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആളപായം ഒന്നുമുണ്ടായില്ലെങ്കിലും ഗുരുതരമായ ഒരു പിഴവ് സംഭവിച്ചിരുന്നു. തീ പടര്‍ന്ന് നിമിഷങ്ങള്‍ക്കകം ഫയര്‍ഫോഴ്സിന്റെ യൂണിറ്റുകള്‍ അവിടെ എത്തിയെങ്കിലും തീയണയണയ്ക്കാനുള്ള ശ്രമം അവര്‍ക്ക് ആരംഭിക്കാന്‍ കഴിഞ്ഞത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. തീ പിടിച്ച നാലാം നിലയിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥ കാരണമായിരുന്നു ഇങ്ങനെ സംഭവിച്ചത്. ഫയര്‍ഫോഴ്സിന് നാലാം നിലയില്‍ വെള്ളം എത്തിക്കാനുള്ള സംവിധാനമില്ലാത്തതാണോ അതോ കെട്ടിടത്തിനുള്ളില്‍ വെള്ളത്തിനുള്ള പൈപ്പുകള്‍ സ്ഥാപിക്കാതിരുന്നതാണോ ഈ പിഴവിന് കാരണമെന്നത് വ്യക്തമായിട്ടില്ല.

നിലവില്‍ ഫയര്‍ സര്‍വീസിന്റെ സംവിധാനങ്ങളുപയോഗിച്ച് മൂന്നുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കുമേല്‍ (15 മീറ്റര്‍) കയറാനാവില്ല. വന്‍കെട്ടിടങ്ങള്‍ക്ക് അഗ്നിബാധയില്‍ നിന്നുള്ള സംരക്ഷണത്തിന് സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവര്‍ത്തനക്ഷമമാണോയെന്ന് നിശ്ചിത കാലയളവില്‍ പരിശോധനാ വിധേയമാക്കേണ്ടതാണ്. പല കെട്ടിടങ്ങളുടെയും ഇത്തരം സംവിധാനങ്ങള്‍ കാലഹരണപ്പെട്ടിട്ടുള്ളവയായിരിക്കും.

ഒബ്റോണ്‍ മാളിലും കാലഹരണപ്പെട്ട സംവിധാനങ്ങളായിരുന്നുവെന്ന് ആരോപണമുണ്ട്. ഇത്തരം കാര്യങ്ങള്‍ അപകടം കൂടുതല്‍ ഗുരുതാരാവസ്ഥയിലേക്ക് മാറാന്‍ കാരണമാകും. ഷോപ്പിംഗ് മാളുകള്‍ പോലെ ജനങ്ങള്‍ കൂടുതല്‍ എത്തുന്ന കെട്ടിടങ്ങള്‍ പാലിക്കേണ്ട ചില അഗ്നിസുരക്ഷാ നിയമങ്ങളുണ്ട്. കേരളത്തിലെ പല വന്‍ കെട്ടിടങ്ങള്‍ക്കും ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ അപ്രൂവല്‍ വാങ്ങിക്കുന്ന സമയത്ത് മാത്രമെ കെട്ടിടങ്ങളുടെ സുരക്ഷയ്ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നുള്ളൂ. പിന്നീട് ഈ സംവിധാനങ്ങള്‍ ഒന്നും അവര്‍ പരിശോധിക്കാറില്ല. ജേക്കബ് തോമസ് ഫയര്‍ഫോഴ്സ് മേധാവി ആയിരിക്കേ ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ദേശീയ കെട്ടിട നിയമം പറയുന്ന മാനദണ്ഡങ്ങളില്‍ പലതും മിക്ക കെട്ടിട നിര്‍മാതാക്കളും പാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേന്ദ്രസര്‍ക്കാറിന്റെ സിവില്‍ ഡിഫന്‍സ് ആക്ട് 1968 പ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന മേഖലകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസിന് അധികാരമുണ്ട്. ഈ അധികാരത്തിന്റെ പിന്‍ബലത്തില്‍ ചില നടപടികള്‍ കൊണ്ടുവന്നുവെങ്കിലും അതൊന്നും പ്രാവര്‍ത്തികമായിട്ടില്ല. കെട്ടിടങ്ങളുടെ അഗ്നിസുരക്ഷ കാര്യത്തില്‍ കൃത്യമായ സംവിധാനങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെങ്കില്‍ സംസ്ഥാനം അധികം വൈകാതെ തന്നെ വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകും എന്ന കാര്യത്തില്‍ സംശയമില്ല.

ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍

15 മീറ്റര്‍ ഉയരത്തില്‍ കുടുതലുള്ള കെട്ടിടങ്ങള്‍ക്ക് (മൂന്ന് നില) നിര്‍ബന്ധമായും ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ പ്രത്യേക അപ്രൂവല്‍ വേണം. ഫയര്‍ ഫൈറ്റിങ്ങ് സിസ്റ്റം, സ്‌മോക്ക് എക്‌സ്ട്രാക്ഷന്‍, സ്‌മോക്ക് ഡിറ്റക്ഷന്‍, ഫയര്‍ ഡിറ്റക്ഷന്‍, ഫയര്‍ സപ്രഷന്‍ സിസ്റ്റം, തീയണക്കാന്‍ പ്രത്യേക വാട്ടര്‍ ടാങ്ക്, ഫയര്‍, സ്‌മോക്, ഫ്യൂം അലാമുകള്‍, ലിഫ്റ്റിന് സുരക്ഷാവാതില്‍, കെട്ടിടത്തിനുള്ളിലെ സ്റ്റെയര്‍കെയ്‌സ് സംവിധാനം കൂടാതെ പുറത്തേക്ക് ഫയര്‍ എക്‌സിസ്റ്റ് സംവിധാനവും വേണം. ഷോപ്പിംഗ് മാള്‍ ഫയര്‍ പ്രൂഫ് ആയിരിക്കണം. സാധാരണ താപനിലയില്‍ നിന്ന് കെട്ടിടത്തിനുള്ളിലെ താപനില ഉയര്‍ന്നാല്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന തീ സുരക്ഷ സംവിധാനങ്ങള്‍ വേണം. ഫയര്‍ പ്രൂഫിനായി കെട്ടിടത്തിലെ എല്ലാ മുറികളിലും ഈ സംവിധാനം വേണം. പുകയും ചൂടും സാധാരണ നിലയില്‍ നിന്ന് ഉയര്‍ന്നാല്‍ ഓട്ടോമാറ്റിക്കായി സ്പ്രിംഗളറുകള്‍ പ്രവര്‍ത്തിച്ച് വെള്ളം പമ്പ് ചെയ്യണം. ഇതിന്റെ കൂട്ടത്തില്‍ ഫയര്‍ ഹൈഡ്രന്റ് വേണം, എല്ലാ നിലയിലും ജലം എത്തിക്കാനുള്ള പൈപ്പ് ലൈന്‍ വേണം. പുറത്തേക്ക് രക്ഷപ്പെടാന്‍ ഫയര്‍ എസ്‌കേപ്പ് സ്റ്റെയര്‍കേസ് നിര്‍ബന്ധമായും വേണം.

ഷോപ്പ്‌സ്, മാള്‍സ്, ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങിയ വന്‍ കെട്ടിടങ്ങള്‍ക്ക് പാലിക്കേണ്ട ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസിന്റെ തീ സുരക്ഷ നിര്‍ദ്ദേശങ്ങള്‍

സാധാരണ ഗതിയില്‍ ഇത്തരം കെട്ടിടങ്ങളില്‍ രണ്ട് ജല സംഭരണികള്‍ ഉണ്ടായിരിക്കണം. ഒന്ന് സാധാരണ ആവശ്യങ്ങള്‍ക്ക് മാത്രവും അടുത്തത് ഫയര്‍ സേഫ്റ്റിക്കും ഫയര്‍ ഫോഴ്‌സിന് വേണ്ടിയുമാണ്. അഗ്നിശമന സുരക്ഷയ്ക്കുള്ള മികച്ച സംവിധാനങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടാവണം. ബില്‍ഡിംഗ് പെര്‍മിറ്റിന്റെ കൂടെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് വന്ന ഈ സംവിധാനങ്ങള്‍ കാര്യക്ഷമമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമെ കെട്ടിടം സജ്ജമാവുകയുള്ളൂ. ഈ സംവിധാനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. കെട്ടിട നിര്‍മാണം പൂര്‍ത്തിയാവുന്നതിന് മുമ്പെ തന്നെ ഈ സംവിധാനങ്ങള്‍ എല്ലാം ഒരുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം.

കെട്ടിടത്തിന് സമീപത്തേക്ക് എത്താനായി രണ്ട് വഴികളുണ്ടായിരിക്കണം. ഈ വഴികള്‍ ഫയര്‍ എന്‍ഞ്ചിന് കടന്നുവരാനുള്ള വീതിയുണ്ടായിരിക്കണം. രണ്ട് വഴി എന്നത് തീ പിടുത്തം പോലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ ആളുകളെ ഒരു വഴിയിലൂടെ കടത്തിവിടാനും മറ്റേ വഴിയിലൂടെ ഫയര്‍ ഫോഴ്‌സിന്റെ സൗകര്യത്തിനുമാണ്. രണ്ട് വശങ്ങളില്‍ നിന്നാണ് സാധാരണ ഈ വഴികള്‍ പറയുന്നത്. അല്ലാതെയും വഴിയെടുക്കാം. കെട്ടിടത്തിന് ചുറ്റും ഫയര്‍ എഞ്ചിന് എത്താനുള്ള സൗകര്യം വേണം. തീയണയ്ക്കാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ കെട്ടിടങ്ങളില്‍ സ്ഥാപിച്ചാല്‍ മാത്രം പോരാ, കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധന നടത്തുകയും വേണം.

കോര്‍പ്പറേഷന്‍ പരിധിയില്‍ ആണെങ്കില്‍ അവരുടെ അപ്രൂവല്‍ (അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ) വാങ്ങിക്കണം. ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രത്യേക അപ്രൂവല്‍ വാങ്ങണം. ഷോര്‍ട്ട് സര്‍ക്യൂട്ട്‌പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കെട്ടിടത്തിന് ഒരു ഇലക്ട്രിക് എഞ്ചിനീയര്‍ വേണം. ഫയര്‍ സേഫ്റ്റി ഉദ്യോഗസ്ഥന്‍ വേണമെന്നുള്ള കാര്യത്തില്‍ ഇളവുകളുണ്ട്.


Next Story

Related Stories