TopTop
Begin typing your search above and press return to search.

ആ 59 പേരെ പൂന്തുറ കാത്തിരിക്കുന്നു; കടലമ്മ കനിയുന്നതും കാത്ത്

ആ 59 പേരെ പൂന്തുറ കാത്തിരിക്കുന്നു; കടലമ്മ കനിയുന്നതും കാത്ത്

പൂന്തുറയില്‍ കടലിനെ നോക്കി നില്‍ക്കുന്ന ഒരു കീവര്‍ഗീസുണ്ട് (ഗീവര്‍ഗീസ്), ഒരു വെളുത്തയുണ്ട്. രക്തബന്ധം കൊണ്ടല്ല, സ്‌നേഹബന്ധം കൊണ്ടാണ് വെളുത്തയും കീവര്‍ക്കിയും ആ തിരകളിലേക്ക് നോക്കി നില്‍ക്കുന്നത്. അവിടെ നിന്നും വരാനുള്ളവര്‍ക്ക് വേണ്ടി പൂന്തുറയിലെ വീടുകളില്‍ കണ്ണീരും പ്രാര്‍ത്ഥനകളുമായി കാത്തിരിക്കുന്നുണ്ട്. സങ്കടമാണോ ദേഷ്യമാണോയെന്ന് പോലും വ്യക്തമല്ലാത്ത വിധത്തിലാണ് അവര്‍ പ്രതികരിച്ചത്. പൂന്തുറ പള്ളിയോട് ചേര്‍ന്നുള്ള കടല്‍തീരത്ത് ഒരു നാട് മുഴുവന്‍ കാത്തിരിക്കുകയാണ്. കടലില്‍ പോയ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി.

അവര്‍ ചോദിക്കുന്ന ചോദ്യം കേരള സര്‍ക്കാരിനോടാണ്. ഞങ്ങളുടെ ആളുകള്‍ എവിടെ എന്ന് അവര്‍ക്ക് അറിഞ്ഞേ പറ്റൂ. ബാക്കിയെല്ലാം അവര്‍ക്ക് രണ്ടാമതാണ്. സ്വന്തം പ്രാണനോളം വിലയുള്ള 59 പേരെയാണ് കാണാതായിരിക്കുന്നത്. പോയത് ഞങ്ങടെ കൂട്ടത്തില്‍ ഒരുത്തനല്ല, പലരാണ്. പൂന്തുറ സമീപകാലത്ത് കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ കാണുന്നത്. ഇത് അഴിമുഖത്തോട് പറഞ്ഞത് കീവര്‍ക്കിസ് ആണ്.

രക്ഷാപ്രവര്‍ത്തനം നടക്കുന്നു എന്നു പറഞ്ഞ് സര്‍ക്കാരിന് കൈകഴുകാം. എന്നാല്‍ ഇവര്‍ക്കാവശ്യമായ മുന്നറിയിപ്പ് കൊടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഈ അപകടം വരുത്തി വെച്ചത് സര്‍ക്കാര്‍ സംവിധാനങ്ങളിലെ പിഴവ് തന്നെയല്ലെ? 59 പേരും അവരുടെ കുടുംബാംഗങ്ങളുമാണ് പൂന്തുറയിലെ കടപ്പുറത്ത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നത്.

കടലിനോട് മല്ലിട്ട് ജീവിക്കുന്നവരാണ് ഇവര്‍. പോയാല്‍ തിരികെ വരുമോ എന്നറിയാത്ത ഇവര്‍ വിശ്വസിക്കുന്നത് കടലമ്മ തങ്ങളെ ചതിക്കില്ല എന്നതാണ്. കടല്‍ ക്ഷോഭങ്ങളും വറുതിയുമെല്ലാം ഏറ്റുവാങ്ങിയിട്ടുള്ള ഇവര്‍ക്ക് ഇത്രയും വലിയ കടല്‍ ക്ഷോഭം ജീവിതത്തില്‍ ആദ്യമാണ്. തങ്ങളുടെ ജീവിതങ്ങള്‍ നഷ്ടപ്പെട്ട ഇവര്‍ക്ക് എങ്ങനെ പരസ്പരം താങ്ങാകണമെന്നറിയാത്ത അവസ്ഥയാണിപ്പോള്‍.

പൂന്തുറയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇത്രയേറെ ആളുകളെ ഒരുമിച്ച് നഷ്ടമായതെന്ന് അധ്യാപികയും സാമൂഹികപ്രവര്‍ത്തകയുമായ വിദ്യ പറയുന്നു. "ബുധനാഴ്ച ഉച്ചയ്ക്ക് ഇവിടെ നിന്നും കടലില്‍ പോയവരാണ് എല്ലാവരും. നൂറ്റമ്പതിലേറെ പേരെയാണ് ആദ്യം കാണാതായത്. അവരില്‍ നൂറോളം പേര്‍ തിരികെയെത്തി. 59 പേര്‍ക്കായാണ് ഇപ്പോള്‍ പൂന്തുറ തീരം കാത്തിരിക്കുന്നത്. പൂന്തുറയിലെ വീടുകളില്‍ മരണ സമാന മൂകതയാണ് നമുക്ക് കാണാനാകുന്നത്. കരഞ്ഞ് തളര്‍ന്നു കിടക്കുന്ന അമ്മമാരെയും അനിയത്തിമാരെയും പെണ്‍മക്കളെയും അവിടെ കാണാം."

കടല്‍ തീരത്ത് കാത്തിരിക്കുന്നവര്‍ പറയുന്നത് സര്‍ക്കാരിന്റെ പിടിപ്പ് കേടിനെക്കുറിച്ച് തന്നെയാണ്. 50 ലിറ്റര്‍ മണ്ണെണ്ണയുമായാണ് ഇവര്‍ കടലില്‍ പോകുന്നത്. കാലാവസ്ഥ പ്രതികൂലമായാല്‍ തിരിച്ചു വരണമെങ്കില്‍ 150 ലിറ്റര്‍ മണ്ണെണ്ണ വേണം. മുന്നറിയിപ്പ് ലഭിക്കുമ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ അധിക മണ്ണെണ്ണയുമായി പോകുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അത്തരത്തിലൊരു മുന്നറിയിപ്പ് ലഭിക്കാതിരുന്നതിനാല്‍ തൊഴിലാളികള്‍ യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് കടലിലേക്ക് പോയതെന്ന് വിദ്യ വ്യക്തമാക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കടലില്‍ പോയവര്‍ കാലാവസ്ഥ പ്രശ്‌നങ്ങള്‍ അറിഞ്ഞ് തിരികെ പോന്നിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് ഇവര്‍ക്ക് തിരികെയെത്താന്‍ സാധിച്ചത്. പല വള്ളങ്ങളും കൊടുങ്കാറ്റിന്റെ ശക്തിയില്‍ മുങ്ങിയതും ഇവര്‍ കണ്ടതായി വിദ്യ അഴിമുഖത്തോട് അറിയിച്ചു.

പൂന്തുറ പള്ളിയില്‍ നാട്ടുകാര്‍ മുഴുവന്‍ കാത്തിരിക്കുകയാണ്. പൂന്തുറയിലെ സെന്റ് തോമസ് സ്‌കൂളിലാണ് ആളുകള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നത്. ഈ കാത്തിരിക്കുന്നവര്‍ക്ക് ഭക്ഷണം പോലും നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ഉണക്ക റൊട്ടി കഴിച്ചാണ് പലരും വിശപ്പടക്കിയത്. വില്ലേജ് ഓഫീസര്‍ നാട്ടുകാര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാനുള്ള പണമില്ലെന്നാണ് അറിയിച്ചത്. അതേസമയം കളക്ടര്‍ സ്ഥലത്തെത്തി അദ്ദേഹത്തിന്റെ കയ്യില്‍ നിന്നാണ് കാത്തിരിക്കുന്നവര്‍ക്ക് ഭക്ഷണം വാങ്ങാനുള്ള പണം നല്‍കിയതെന്നും വിദ്യ പറയുന്നു.

http://www.azhimukham.com/kerala-massive-threat-to-kerala-as-sea-levels-rise-un-warns-team-azhimukham/

കടലിന്റെ പള്‍സ് മത്സ്യത്തൊഴിലാളികളേക്കാള്‍ നന്നായി ആര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ കടലില്‍ തിരച്ചിലിന് പോകുന്ന കോസ്റ്റ്ഗാര്‍ഡ് മത്സ്യത്തൊഴിലാളികളെയും ഒപ്പം കൂട്ടേണ്ടതാണെന്ന് പറയുന്നത് മത്സ്യത്തൊഴിലാളിയായ ഗില്‍ബര്‍ട്ട് ആണ്. "കോസ്റ്റ്ഗാര്‍ഡ് തിരച്ചിലിന് പോയാലും അവര്‍ ഉള്‍ക്കടലിലേക്ക് പോകില്ലെന്നാണ് തീരദേശവാസികള്‍ പറയുന്നത്. ചുഴലിക്കാറ്റിനെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ അവിടുത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അത്തരമൊരു മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. ആളുകളെ കാണാതായിരിക്കുന്നത് 45 കിലോമീറ്റര്‍ വരെ അപ്പുറത്താണ്. കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ നടത്തുന്നത് 12 കിലോമീറ്ററിലാണ്."

ഞങ്ങളുടെ ചേട്ടന്മാരും അനിയന്മാരും ഒക്കെയാണ് 25 വള്ളങ്ങളിലായി കടലില്‍ കിടക്കുന്നത്. ഇനി ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് ചോദിക്കാന്‍ രാഷ്ട്രീയക്കാര്‍ പൂന്തുറയിലേക്ക് വരണ്ടെന്നാണ് തീരദേശവാസിയും മത്സ്യത്തൊഴിലാളിയുമായ സുരേഷ് പറയുന്നത്. ഇന്ന് മൂന്നാംപക്കമാണ്. കടലില്‍ കാണാതെ പോയവരെ കടലമ്മ തിരികെ കൊണ്ടുവന്നു തരുന്ന ദിവസം. ഒരു കരയുടെ കരച്ചിലിനൊപ്പം കേരളത്തിനും കാത്തിരിക്കാം.

http://www.azhimukham.com/newswrap-ockhi-government-failure/


Next Story

Related Stories