TopTop
Begin typing your search above and press return to search.

നദികള്‍ വഴിമാറി, ഒരാഴ്ചയായി നിലമ്പൂര്‍ മുണ്ടേരിയിലെ ആദിവാസികള്‍ കാട്ടിനുള്ളില്‍, ഭക്ഷണം കിട്ടിയത് രണ്ട് തവണ; വിവരം പുറത്തെത്തിച്ചത് ചാലിയാര്‍ നീന്തിക്കടന്നെത്തിയ യുവാക്കള്‍

നദികള്‍ വഴിമാറി, ഒരാഴ്ചയായി നിലമ്പൂര്‍ മുണ്ടേരിയിലെ ആദിവാസികള്‍ കാട്ടിനുള്ളില്‍, ഭക്ഷണം കിട്ടിയത് രണ്ട് തവണ; വിവരം പുറത്തെത്തിച്ചത് ചാലിയാര്‍ നീന്തിക്കടന്നെത്തിയ യുവാക്കള്‍

നിലമ്പൂര്‍ മുണ്ടേരിയില്‍ പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന ആദിവാസി ഊരുകളില്‍ നിന്നും പുറത്തെത്താനാകാതെ ഇനിയും ഒറ്റപ്പെട്ടു കിടക്കുന്നത് നൂറിലധികം ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍. മുണ്ടേരി സീഡ് ഫാമിനോടു ചേര്‍ന്ന് ചാലിയാറിന്റെ മറുകരയിലുള്ള വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപ്പെട്ടി, ഇരുട്ടുകുത്തി എന്നീ കോളനികളിലായാണ് അഞ്ഞൂറിലധികമാളുകള്‍ ഇപ്പോഴും അകപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലുകള്‍ക്കിടയില്‍ ചാലിയാര്‍ കരകവിഞ്ഞൊഴുകിയതോടെ ഇക്കരയെത്താന്‍ ആകെയുണ്ടായിരുന്ന പാലങ്ങളും ഒലിച്ചുപോകുകയായിരുന്നു. വനമേഖലയിലെ കോളനികളിലുള്ളവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇപ്പോഴും പുറത്തെത്താന്‍ സാധിച്ചിട്ടില്ല. ഭക്ഷണമോ മറ്റ് അവശ്യവസ്തുക്കളോ ലഭിക്കാതെ കഷ്ടപ്പെടുകയാണ് പലരും. പണിയ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന കോളനികളാണ് ഇവയിലധികവും.

വനത്തിനുള്ളിലൂടെ കോളനികളോടു ചേര്‍ന്ന് ഒഴുകുന്ന വാണിയമ്പുഴ, കൊടിഞ്ഞിപ്പുഴ പോലുള്ള ചെറുനദികളും കനത്ത മഴയെത്തുടര്‍ന്ന് കരകവിഞ്ഞും ഗതിമാറിയും ഒഴുകിയിരുന്നു. ഇതേത്തുടര്‍ന്ന് കോളനികള്‍ തുരുത്തുകളിലാകുകയും, അകപ്പെട്ടുപോയിരിക്കുന്നവര്‍ക്കു തന്നെ പരസ്പരം ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തതായി തരിപ്പപ്പെട്ടി കോളനിയിലെ കുട്ടന്‍ പറയുന്നു. വഴികളെല്ലാം അടഞ്ഞ് തുരുത്തുകളില്‍ പെട്ടുപോയ ഇവര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു തവണ മാത്രമാണ് ഭക്ഷണം എത്തിച്ചിട്ടുള്ളത്. "പുഴ കയറി വന്നതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് കുറച്ച് ബിസ്‌കറ്റുകളും വെള്ളക്കുപ്പികളും ഹെലികോപ്റ്ററില്‍ കൊണ്ടുവന്ന് ഇട്ടിരുന്നു. അതു കിട്ടുന്നതിനു മുന്‍പ് പട്ടിണി തന്നെയായിരുന്നു. ഒറ്റ ദിവസമേ ഹെലികോപ്റ്ററില്‍ ഭക്ഷണം കൊണ്ടുവന്ന് ഇട്ടിട്ടുള്ളൂ. പിന്നെ ഒരു ദിവസം പുഴയ്ക്കു മേലെ കയര്‍ കെട്ടി അതിലൂടെ അക്കരയ്ക്ക് സാധനങ്ങള്‍ വിട്ടിരുന്നു. അഞ്ച് കിലോ അരി, രണ്ട് കിലോ പഞ്ചസാര അങ്ങനെയൊക്കെയാണ് കയറില്‍ വിട്ടത്. ഉള്ളത് എല്ലാവരും പങ്കിട്ടു കഴിച്ചു. കുറേപ്പേര്‍ക്ക് ഭക്ഷണം വച്ചുണ്ടാക്കി കഴിക്കാനുള്ള പാത്രങ്ങളൊന്നുമില്ലായിരുന്നു. വീടൊന്നും അടയ്ക്കാതെയാണ് ആളുകള്‍ വെള്ളം കയറിയപ്പോള്‍ ഓടി രക്ഷപ്പെട്ടത്. അതുകൊണ്ട് വീടിനകത്തിരുന്ന പാത്രങ്ങളെല്ലാം നഷ്ടപ്പെട്ടു. ആകെ രണ്ട് ദിവസമാണ് അങ്ങോട്ട് ഭക്ഷണം കിട്ടിയത്. വലിയ കുടുംബങ്ങളുള്ളവര്‍ക്ക് ഇതുകൊണ്ട് തികഞ്ഞിട്ടൊന്നുമില്ല. കിട്ടിയത് എടുത്തുവച്ച് ഉപയോഗിക്കുകയാണ്"- കുട്ടന്‍ പറയുന്നു.

പുറത്ത് ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന കോളനിയിലെ കുട്ടികളെ നേരിട്ടു കാണാനായി സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയാര്‍ നീന്തിക്കയറി ഇക്കരെയെത്തിയരുന്നു കുട്ടന്‍. ചാലിയാറില്‍ വെള്ളം മുന്‍പത്തേക്കാള്‍ അല്‍പം കുറഞ്ഞതോടെ, അപകടമില്ലാതെ കുറുകെ നീന്താനാകുന്നുണ്ടെന്ന് കുട്ടന്‍ പറയുന്നു. എന്നാല്‍, സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിതരായി ഇക്കരെയെത്തണമെങ്കില്‍ തകര്‍ന്നുപോയ പാലങ്ങള്‍ക്കു പകരം പുതിയ പാലങ്ങള്‍ ഉണ്ടാക്കുക തന്നെ വേണം. ദിവസേന ചാലിയാര്‍ കടന്നെത്തി സ്‌കൂളുകളിലെത്തിയിരുന്ന കുട്ടികളും മറ്റും ഇപ്പോഴും കാട്ടിനുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്. വെള്ളം ഇരച്ചു കയറിയപ്പോള്‍ വീടുവിട്ട കോളനിക്കാര്‍ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇപ്പോഴും തിരിച്ചു വീടുകളിലേക്ക് മടങ്ങാനാകാതെ ഉള്‍ക്കാട്ടില്‍ പ്ലാസ്റ്റിക് ഷീറ്റു വിരിച്ചുകെട്ടി അതിനുകീഴെയാണ് ഇവര്‍ താമസിക്കുന്നത്. തീരെച്ചെറിയ കുട്ടികളടക്കമുള്ളവര്‍ ഇത്തരത്തില്‍ ഷീറ്റിനു കീഴിലാണ് താമസം. അവശ്യവസ്തുക്കളും ബാക്കിയുള്ള ഭക്ഷണസാധനങ്ങളും ഒരു ഷീറ്റിനു കീഴില്‍ സുരക്ഷിതമാക്കി വച്ച്, മറ്റൊരു ഷീറ്റിനു കീഴില്‍ ചേര്‍ന്നുകിടന്നുറങ്ങിയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നതെന്ന് കുട്ടന്‍ പറയുന്നു. നാലു കോളനികളിലുള്ളവര്‍ കാട്ടിനുള്ളില്‍ നാലിടത്തായാണ് തമ്പടിച്ചിരിക്കുന്നത്. കോളനികള്‍ക്കിടയില്‍ പുഴകള്‍ ഗതിമാറിയും കരകവിഞ്ഞുമൊഴുകുന്നതിനാല്‍ ഇവര്‍ക്ക് ഒന്നിച്ചുചേരാനും സാധിക്കുന്നില്ല.

"പുഴയില്‍ വെള്ളം കയറിയപ്പോള്‍ ഞങ്ങളെല്ലാവരും വീട്ടില്‍ ഇരിക്കുകയായിരുന്നു. വൈകുന്നേരം മൂന്നുമണിയൊക്കെ ആയിക്കാണും. വലിയ ശബ്ദം കേട്ടപ്പോള്‍ എല്ലാവരും കുട്ടികളെയും എടുത്ത് കാട്ടിലേക്ക് ഓടി. സാധനങ്ങളൊന്നും എടുക്കാന്‍ പറ്റിയിട്ടില്ല ആര്‍ക്കും. ആളുകളെല്ലാം പെട്ടന്ന് രക്ഷപ്പെട്ടു. പക്ഷേ കുറേ വീടൊക്കെ പോയി. ചിലത് മണ്ണില്‍ മൂടി കിടക്കുന്ന അവസ്ഥയിലാണ്. അക്കരയ്ക്ക് പോകാന്‍ ഒരു വഴിയുമില്ല. പാലങ്ങളോ അങ്ങനെ ഒന്നുമില്ല. ഇന്നലെ ഇവിടെ നിന്ന് പ്ലാസ്റ്റിക്കൊക്കെ തന്നു. അതു വലിച്ചുകെട്ടിയാണ് കിടക്കുന്നത്. ചെറിയ കുട്ടികളുമുണ്ട്. പുഴക്കരയിലുള്ള വീടുകളിലേക്ക് തിരിച്ചുവരാന്‍ സത്യത്തില്‍ പേടിയാണ്. വീട്ടിലെല്ലാം നിറയെ ചളി കയറിയിട്ടുണ്ട്. മാത്രമല്ല മണ്ണൊക്കെ നനഞ്ഞു നില്‍ക്കുകയല്ലേ. ഇടിഞ്ഞുപോയാലോ? ഇവിടെ നിന്നും പുഴ കടന്ന് മൂന്നര കിലോമീറ്റര്‍ നടക്കണം തരിപ്പപ്പെട്ടി കോളനിയെത്താന്‍. കാടിനുള്ളില്‍ ഇനിയും പുഴകളുണ്ട്. ചെറിയ പുഴകളായിരുന്നു. ഇപ്പോള്‍ എല്ലാം വലുതായി. വിരിച്ചു കെട്ടാന്‍ കുറച്ചു പ്ലാസ്റ്റിക് ഷീറ്റുകളും ഭക്ഷണവുമാണ് ഇപ്പോള്‍ അത്യാവശ്യമായി വേണ്ടത്. പുഴ കടക്കാനുള്ള മാര്‍ഗ്ഗങ്ങളും വേണം."

നാലു കോളനികള്‍ ഒറ്റപ്പെട്ടു പോയെങ്കിലും ഇതേ മേഖലയിലുള്ള അപ്പന്‍കാപ്പ്, തണ്ടങ്കല്ല് കോളനികളില്‍നിന്നും പലരും സുരക്ഷിതരായി ക്യാമ്പുകളിലും മറ്റും എത്തിയിട്ടുണ്ട്. സ്വന്തമായി പാണ്ടികള്‍ (ചങ്ങാടങ്ങള്‍) കെട്ടിയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തിലും പലരും പുഴ കടന്നിട്ടുമുണ്ട്. വെള്ളം കയറിയതിനു തൊട്ടടുത്ത ദിവസങ്ങളില്‍ കയറു വലിച്ചു കെട്ടിയാണ് തങ്ങളെ ഇക്കരയ്‌ക്കെത്തിച്ചതെന്ന് തണ്ടങ്കല്ല് കോളനിയിലെ സുമേഷും വിഷ്ണുവും പറയുന്നു. തണ്ടങ്കല്ലില്‍ മുപ്പത്തിമൂന്നു വീടുകളാണള്ളതെന്നും, ഇത്ര നാളുകള്‍ക്കു ശേഷവും അവയില്‍ ഒമ്പതെണ്ണം വെള്ളത്തിനടയില്‍ത്തന്നെയാണുള്ളതെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്. തണ്ടങ്കല്ല് കോളനിയില്‍ മാത്രം നൂറിലേറെപ്പേരുള്ളതായാണ് ഇവര്‍ തരുന്ന വിവരം. തേനും മറ്റു വനവിഭവങ്ങളും കാടിനകത്തു നിന്നും ശേഖരിച്ചു വില്‍ക്കുന്നതാണ് ഈ കോളനികളിലുള്ളവരുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം. അപകടങ്ങള്‍ ഭയപ്പെടുത്തുന്നുണ്ടെങ്കിലും കാടുവിട്ട് പുറത്തേക്കുവരാനും മറ്റൊരിടത്ത് സ്ഥിരമായി മാറിത്താമസിക്കാനും ഇവരാരും തയ്യാറുമല്ല. മഴക്കെടുതികള്‍ ആരംഭിച്ച് ഒരാഴ്ചയാകുമ്പോഴും ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇപ്പോഴും പരിമിതമാണ്. "കുറച്ചു കൂടി ചെന്നാല്‍ പഴയ തൂക്കുപാലമുണ്ട്. അവിടെ നിന്നും അക്കരയ്ക്ക് നീന്തും. അപകടമൊന്നും പറ്റില്ല. ഇതുപോലെ നീന്തിയാണ് ഇങ്ങോട്ടും വന്നത്. ഹോസ്റ്റലില്‍ നില്‍ക്കുന്ന കുട്ടികളെ കാണാന്‍ പോയതാണ്. അവര്‍ക്ക് ഇവിടുത്തെ കാര്യങ്ങളൊന്നും അറിയില്ലല്ലോ", എന്ന് കുട്ടനും സുഹൃത്തുക്കളും പറയുന്നു.

Also Read: അപ്രത്യക്ഷമായത് നെഹ്റു നേരിട്ടെത്തി ദാനം ചെയ്ത ഭൂമി; കയ്യേറ്റങ്ങളും റബ്ബര്‍ പ്ലാന്‍റേഷനും കവളപ്പാറയിലെ ഭൂദാനത്തെ ഇല്ലാതാക്കിയത് ഇങ്ങനെ

കോളനികളിലേക്ക് ഭക്ഷണം എത്തിക്കാനായി പാണ്ടികള്‍ കെട്ടുന്ന മാര്‍ഗ്ഗവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരീക്ഷിച്ചിരുന്നു. ചങ്ങാടങ്ങള്‍ കെട്ടി അവശ്യവസ്തുക്കള്‍ അക്കരയ്ക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും, കോളനികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും കാരണം സാധിക്കാതെ പോകുകയായിരുന്നുവെന്ന് സഹായവുമായെത്തിയ സന്നദ്ധപ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്നു. "ഇവിടേക്കാണ് പാത്രങ്ങളും മറ്റും അത്യാവശ്യമായി വേണ്ടതെന്ന് അറിഞ്ഞപ്പോള്‍ സാധനങ്ങളുമായി ഇങ്ങോട്ടു പോരുകയായിരുന്നു. അക്കരെയെത്തിക്കാന്‍ ഒരു വഴിയുമില്ലാതെ നിന്നപ്പോഴാണ് ചങ്ങാടം കെട്ടുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കൊണ്ടുവന്ന സാധനങ്ങളുമായി ചങ്ങാടത്തില്‍ കയറി പുഴ കടക്കാന്‍ തുടങ്ങിയപ്പോഴാണ് മറുകരയില്‍ വലിയ ബഹളം നടക്കുന്ന കാര്യം ശ്രദ്ധിച്ചത്. കോളനികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം അവശ്യവസ്തുക്കള്‍ എങ്ങോട്ടു കൊണ്ടുപോകണം എന്ന സംശയമാണ്. എല്ലാവരും തങ്ങള്‍ക്കു വേണം എന്നാവശ്യപ്പെടുകയാണ്. മറ്റ് കോളനികളിലേക്കുള്ള സാധനങ്ങള്‍ അക്കരെ ഇറക്കാന്‍ അവിടെയുള്ളവര്‍ സമ്മതിക്കുന്നില്ലത്രേ. വേറെ നിവൃത്തി ഇല്ലാത്തതു കൊണ്ട് തിരികെ പോകുകയാണ്. നാളെ അതാത് കോളനികളില്‍ നിന്നുള്ളവര്‍ നേരിട്ടെത്തി സാധനങ്ങള്‍ സ്വയം കൊണ്ടുപോകാം എന്നാണ് തീരുമാനം", അവരിലൊരാള്‍ പേരു വെളിപ്പെടുത്താതെ പറഞ്ഞതിങ്ങനെ.

നിലമ്പൂരില്‍ മഴക്കെടുതികള്‍ ബാധിച്ച മറ്റിടങ്ങളിലെല്ലാം ജനങ്ങളെ സുരക്ഷിതമായി ക്യാമ്പുകളിലെത്തിക്കാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗതാഗത സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനും സാധിച്ചിട്ടുണ്ടെന്നിരിക്കേ, മുണ്ടേരിയിലെ ആദിവാസി കോളനികളിലുള്ളവര്‍ ഇപ്പോഴും ചാലിയാര്‍ കടക്കാന്‍ മാര്‍ഗ്ഗമില്ലാതെ പ്ലാസ്റ്റിക് ഷീറ്റിനടിയിലാണ് താമസിക്കുന്നത്. കൈക്കുഞ്ഞുങ്ങളും വയോധികരും അടക്കമുള്ളവര്‍ ആവശ്യത്തിന് ഭക്ഷണം പോലുമില്ലാതെ അകപ്പെട്ടിട്ട് ഏഴു ദിവസങ്ങളാകുന്നു. പാണ്ടികള്‍ കെട്ടാനും പുഴ നീന്താനും സാധിക്കുന്നവര്‍ മാത്രമാണ് ഇപ്പോഴും ഇക്കരയിലെത്തുന്നത്. വീടുകള്‍ നഷ്ടപ്പെട്ട തങ്ങള്‍ക്ക് അത്യാവശ്യമായി പ്ലാസ്റ്റിക് ഷീറ്റെങ്കിലും എത്തിച്ചു തരണമെന്നാണ് ഇവരുടെ ആവശ്യം.

ചിത്രങ്ങള്‍: ഗിരി

Also Read: പശ്ചിമഘട്ടം പ്രത്യേക അവസ്ഥയില്‍, മണ്ണിന്റെ പ്രതലം താഴെയ്ക്ക് പോകുന്നു, ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് ജെഎന്‍യു പഠന റിപ്പോര്‍ട്ട്

Next Story

Related Stories