ഇങ്ങനെയും മലയാളികളുണ്ട്: പ്രളയത്തിലകപ്പെട്ടവര്‍ വിശപ്പടക്കാന്‍ പാടുപെടുമ്പോള്‍ ചാക്ക് കണക്കിന് സാധനങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നവര്‍

പൂഴ്ത്തിവച്ചും വില കൂട്ടിയും വില്‍ക്കുന്നവര്‍, ടാക്സികള്‍ക്ക് അടക്കം കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാവുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്

ദുരിതാശ്വാസ പ്രവര്‍ത്തകരോട്, എന്തുവേണമെങ്കിലും എടുത്തുകൊണ്ടു പൊയ്ക്കോളൂ എന്നു പറഞ്ഞ നിരവധി കടകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും നിരവധി കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പലരും സാക്ഷ്യപ്പെടുത്തുമ്പോള്‍ തന്നെയാണ്, കിട്ടിയ തക്കത്തിന് വില കൂട്ടി വില്‍ക്കുന്ന, ദുരിതാശ്വാസ ക്യാമ്പിലേക്കാണെന്ന് അറിയിച്ചിട്ടും യാതൊരു കരുണയുമില്ലാതെ വേണമെങ്കില്‍ കൊണ്ടുപോയാല്‍ മതി എന്ന് പറഞ്ഞത് തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സൂപ്പര്‍മാര്‍ക്കറ്റാണ്. ഈ ദുരിതങ്ങള്‍ക്കിടയിലും ജനത്തെ പരമാവധി പിഴിഞ്ഞ് കാശുണ്ടാക്കാനും ഒപ്പം സാധനങ്ങള്‍ പൂഴ്ത്തി വച്ച് കൃത്രിമ ക്ഷാമാമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നു എന്ന പരാതികളും വ്യാപകമാണ്.

അവര്‍ക്കൊപ്പം വരാന്‍ പോവുന്ന ക്ഷാമത്തെ മുന്നില്‍ കണ്ട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് മറ്റു ചിലര്‍. ആളുകള്‍ ആവശ്യത്തിലുമധികം സാധനങ്ങള്‍ വീട്ടില്‍ സ്‌റ്റോക്ക് ചെയ്യാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും കടകള്‍ കാലിയായി. വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ജില്ലകളിലും സമീപജില്ലകളിലേയും അവസ്ഥ ഇതാണ്. അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും മിക്കയിടത്തും കിട്ടാനില്ല. രണ്ട് ദിവസം കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളിലുള്‍പ്പെടെ സാധനങ്ങള്‍ തീര്‍ന്നിരിക്കുന്ന അവസ്ഥയാണ്.

എറണാകുളം തമ്മനത്തെ ഹോള്‍സെയില്‍ വില്‍പ്പനശാലയിലെ കാസിം പറയുന്നു: “കാറുകളുമായി വന്ന് ചാക്ക് കണക്കിന് അരിയാണ് പലരും വാങ്ങിക്കൊണ്ട് പോവുന്നത്. ഏറ്റവും ചുരുങ്ങിയത് അമ്പത് കിലോ അരി വരെ ആളുകള്‍ വാങ്ങിക്കുന്നുണ്ട്. ഇന്നത്തോടെ അരിയും പച്ചരിയുമുള്‍പ്പെടെ പലതും ഇവിടെ തീര്‍ന്നു. പഞ്ചസാര 100 കിലോ ബാക്കിയുണ്ട്. അതും ഇന്ന് തന്നെ തീരാനാണ് സാധ്യത. പരിപ്പ് പോലും ആളുകള്‍ അഞ്ച് കിലോ, പത്ത് കിലോ ഒക്കെയാണ് വാങ്ങിക്കുന്നത്. എല്ലാ ധാന്യങ്ങളും ഇതേപോലെ സ്‌റ്റോക്ക് ചെയ്യുവാണ്. വെളിച്ചണ്ണയും നല്ലെണ്ണയും പോലും നാല് ലിറ്റര്‍ ഒക്കെ ഒന്നിച്ച് കൊണ്ടുപോവുന്നു. നാലും അഞ്ചും ബോട്ടിലാണ് അച്ചാറുകള്‍. നാളെയോ മറ്റന്നാളോ കൊണ്ട് ഈ കടയിലെ എല്ലാ സാധനങ്ങളും തീരാനാണ് സാധ്യത.”

പാലാരിവട്ടം സ്വദേശിയായ എല്‍ബിന്‍: “സൂപ്പര്‍ മാര്‍ക്കറ്റിലും ഹൈപ്പര്‍മാര്‍ക്കറ്റിലും വരെ ഒടുക്കത്തെ തിരക്കാണ്. സാധനങ്ങള്‍ പലതും കിട്ടാനില്ല. വരുന്നവര് വരുന്നവര് ഒരു ലോഡ് സാധനങ്ങളാണ് വാങ്ങിക്കൊണ്ട് പോവുന്നത്. സിഗരറ്റ് പോലും പത്തും പതിനഞ്ചും പാക്കറ്റ് വാങ്ങിച്ച് വയ്ക്കുന്നു എന്ന് പറയുമ്പഴത്തെ സ്ഥിതി ഒന്ന് ആലോചിച്ച് നോക്കിക്കേ. അത്യവശ്യം കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാന്‍ ചെന്നാല്‍ പല കടകളിലും ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാനാണ് ഇതെല്ലാം കൊണ്ട് പോവുന്നതെന്നാണ് ആദ്യം വിചാരിച്ചത്. പിന്നെയാണ് സ്വന്തം വീടുകളിലേക്ക് സ്റ്റോക്ക് ചെയ്യാനാണെന്ന് മനസ്സിലായത്.”

ഇതാണ് എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂര്‍ ജില്ലകളിലെ അവസ്ഥ. പ്രളയക്കെടുതികള്‍ അവസാനിക്കുന്നതിന് മുമ്പേ ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം ഉണ്ടാവുമെന്ന കണക്കുകൂട്ടലില്‍ പരമാവധി ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് വക്കാനാണ് പലരുടേയും ശ്രമം. ചേര്‍ത്തലയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സോപ്പ്, സോപ്പ്‌പൊടി, ഷാംപൂ, പേസ്റ്റ് തുടങ്ങിയ ചുരുക്കം ചില സാധനങ്ങള്‍ അല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ലെന്ന് കടയുടമയായ സായിറാം പറയുന്നു: “നേരത്തെ വന്നവര്‍ക്ക് സാധനങ്ങള്‍ കിട്ടി. പച്ചരി ഒരു കിലോ ഇവിടെ അവശേഷിക്കുന്നുണ്ട്. കുറച്ച് കടലപ്പരിപ്പും വറ്റല്‍ മുളകും. അതല്ലാതെ പുട്ടുപൊടി പോലും അവശേഷിക്കുന്നില്ല. ഇന്നലെ ഉച്ചമുതലാണ് ആളുകളുടെ ഒഴുക്ക് തുടങ്ങിയത്. ഇന്ന് വൈകിട്ടായപ്പഴേക്കും കട കാലിയായി. അഞ്ച് കിലോ അരി അന്വേഷിച്ച് വരെ ആളുകളെത്തുന്നുണ്ട്. അവസാനം ഒരു കിലോയെങ്കിലും തരാന്‍ പറയും. ഉണ്ടായിരുന്നത് തൂത്തുപെറുക്കി വരെ ആളുകള്‍ക്ക് കൊടുത്തു. വിലകൂടിയ തവിടുള്ള അരി വരെ ആളുകള്‍ വാങ്ങിക്കൊണ്ട് പോയി എന്നുള്ളതാണ്. ഈ അവസ്ഥയാണെങ്കില്‍ ധാന്യങ്ങള്‍ സ്‌റ്റോക്ക് എത്തുന്നത് വരെ കട അടച്ചിടുന്നതിനെക്കുറിച്ചും ആലോചിക്കുകയാണ്.”

പക്ഷെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പലര്‍ക്കും ഇത്തരത്തില്‍ സാധനങ്ങള്‍ ശേഖരിച്ച് വക്കാനായിട്ടുമില്ല. “കാശുള്ളവര്‍ കടമുഴുവന്‍ മേടിച്ചോണ്ട് പോയാല്‍ ബാക്കിയുള്ള ഞങ്ങളെപ്പോലെയുള്ളവര്‍ എന്ത് ചെയ്യും? രണ്ടോ മൂന്നോ ദിവസത്തേക്കുള്ള സാധനങ്ങളാണ് ഞങ്ങളെപ്പോലുള്ളവര്‍ വീട്ടില്‍ മേടിച്ചുവക്കാറ്. ഇന്ന് കടയില്‍ ചെന്നപ്പോ അരി പോലും ഇല്ല. പച്ചക്കറിയും കിട്ടാനില്ല. തക്കാളി ഈ നാട്ടില്‍ പോലും ഇല്ല. എല്ലാ കടകളിലും സാധനങ്ങളെല്ലാം തീര്‍ന്നുപോയി. റേഷനരി കഴിക്കാം എന്ന് വച്ചാത്തന്നെ കറി വക്കാന്‍ എന്ത് ചെയ്യും? തേങ്ങ പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. വല്ലാത്ത ദുരിതം തന്നെ”, അരൂരിലെ ചെമ്മീന്‍ പീലിങ് തൊഴിലാളിയായ ഗീത ചോദിക്കുന്നു.

പ്രളയബാധിത മേഖലകളായ മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. കൊല്ലം, തൃശൂര്‍ ജില്ലകളിലും സമാനമായ സാഹചര്യമാണുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വടക്കന്‍ ജില്ലകളിലും, തിരുവനന്തപുരത്തും സ്ഥിതി അല്‍പം വ്യത്യസ്തമാണ്. മംഗലാപുരം വഴിയും നാഗര്‍കോവില്‍ വഴിയും ചരക്ക് എത്തുമെന്ന പ്രതീക്ഷയുള്ളതിനാല്‍ ഈ ജില്ലകളിലുള്ളവര്‍ക്ക് ‘ക്ഷാമ’ഭയം കുറവാണ്.

പെട്രോള്‍, ഡീസല്‍ പമ്പുകളിലും മൂന്ന് ദിവസമായി വന്‍ജനക്കൂട്ടമാണെന്ന് വ്യാപാരികള്‍ പറയുന്നു. ആലപ്പുഴ -എറണാകുളം ദേശീയപാതയ്ക്കരികില്‍ പെട്രോള്‍ പമ്പ് നടത്തുന്ന സിദ്ദിഖ് പറയുന്നു: “വീട്ടില്‍ നിന്ന് ഇറങ്ങാത്തവര്‍ പോലും ഫുള്‍ടാങ്ക് പെട്രോളും ഡീസലുമാണ് അടിക്കുന്നത്. വീട്ടിലുള്ള എല്ലാ വാഹനങ്ങളിലും ഇന്ധനം നിറച്ച് വക്കുന്നത് കൂടാതെ വലിയ കന്നാസുകളുമായി പോലും പെട്രോള്‍ വാങ്ങിക്കാന്‍ വരുന്നവരുണ്ട്. അത്തരത്തില്‍ അവസ്ഥയെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ പെട്രോളും ഡീസലും കൊടുക്കാറില്ല. പക്ഷെ അവര്‍ മറ്റ് പമ്പുകളില്‍ പോവും. കൊല്ലം മുതല്‍ ഏതാണ്ട് ഈ അവസ്ഥയാണെന്നാണ് അറിയുന്നത്. എല്ലാ പമ്പുകളിലും വലിയ ജനത്തിരക്കാണ്. ഇങ്ങോട്ട് വണ്ടികള്‍ എത്താതിരുന്നാല്‍ ക്ഷാമം ഉണ്ടാവും എന്നത് സത്യം തന്നെയാണെങ്കിലും മറ്റുള്ളവരേയും കൂടി കരുതി വേണ്ടേ ഈ സാഹചര്യത്തില്‍ ഇടപെടാന്‍.”

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലായി വിവിധ കമ്പനികളുടെതായി 400 പമ്പുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് മൂലം ഉണ്ടായിട്ടുള്ള ക്ഷാമവും ഉണ്ട്. അവയിലെ ഒക്കെ സ്റ്റോറേജ് സ്ഥലം വൃത്തിയാക്കിയെങ്കില്‍ മാത്രമേ വീണ്ടും പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റൂ, പക്ഷെ അതിനു ആദ്യം വെള്ളം ഇറങ്ങണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു ദിവസങ്ങള്‍ വേണ്ടി വരുമെന്നും പമ്പുടമകള്‍ പറയുന്നു. തിരുവനന്തപുരത്ത് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഡീസല്‍ 3000 ലിറ്ററും പെട്രോള്‍ 1000 ലിറ്ററും ഇപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണമെന്ന് ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ആയിരിക്കും പ്രാമുഖ്യം.

ഒരു പാക്കറ്റ് ബ്രഡ്ഡ് പോലും കിട്ടാനില്ലാത്ത സ്ഥിതിയുണ്ടെന്ന് പലരും പറയുന്നു. വെള്ളപ്പൊക്കമുണ്ടായാല്‍ അവശ്യഭക്ഷണം കരുതണമെന്ന ചിന്തയില്‍ ആളുകള്‍ ബ്രഡ്ഡും മുട്ടയും സ്റ്റോക്ക് ചെയ്തതായാണ് വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതിനിടെ ഒരാള്‍ക്ക് ഒരു കവര്‍ പാലില്‍ കൂടുതല്‍ നല്‍കേണ്ട എന്ന് ‘മില്‍മ’ കടയുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

മരുന്നുകളുടെ കാര്യത്തിലും പലയിടത്തും വരും ദിവസങ്ങളില്‍ ക്ഷാമം ഉണ്ടായേക്കാം എന്നും സൂചനകള്‍ ഉണ്ട്. അഞ്ചു ജില്ലകളിലായി 1500 ഫര്‍മാസികള്‍ എങ്കിലും വെള്ളം കയറി നശിച്ചു എന്നും ഇതുവഴി കോടികളുടെ നഷ്ടം ഉണ്ടായതായും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരും വിവിധ ഏജന്‍സികളും ചേര്‍ന്ന് നടപ്പാക്കാന്നുണ്ട്.

പൂഴ്ത്തിവച്ചും വില കൂട്ടിയും വില്‍ക്കുന്നവര്‍, ടാക്സികള്‍ക്ക് അടക്കം കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാവുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ തങ്ങളെ സമീപിക്കാനും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

കേരളം എന്നും ഈ മനുഷ്യരെ ഓര്‍ത്തിരിക്കണം, കടപ്പെട്ടിരിക്കണം

വെള്ളപ്പൊക്ക കാലത്തെ ചില വൃത്തികേടുകളെക്കുറിച്ച്, ചില ബോറന്മാരെയും ദ്രോഹികളേയും കുറിച്ച്

“വൃത്തികേട് കാണിക്കരുത്”, തീയറ്ററില്‍ നിന്നും ബാറില്‍ നിന്നും ഊബര്‍ ഫ്‌ളഡ് റിലീഫ് എടുക്കുന്നവരോട്‌

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍