TopTop
Begin typing your search above and press return to search.

പ്രളയത്തില്‍ നിന്ന് ആരെയാണ് കൈപിടിച്ചുയര്‍ത്തിയത്? പുനര്‍നിര്‍മ്മാണ വായ്ത്താരികള്‍ എത്താത്ത കൈനകരിയിലെ വലിയ തുരുത്ത്

പ്രളയത്തില്‍ നിന്ന് ആരെയാണ് കൈപിടിച്ചുയര്‍ത്തിയത്? പുനര്‍നിര്‍മ്മാണ വായ്ത്താരികള്‍ എത്താത്ത കൈനകരിയിലെ വലിയ തുരുത്ത്

കോരിച്ചൊരിയുന്ന പേമാരിയില്‍ രാജമ്മ കൃഷ്ണന്‍കുട്ടിക്കും അവരുടെ ആറംഗ കുടുംബത്തിനും പതിനാറ് ദിവസം അഭയം കൊടുക്കാനുണ്ടായിരുന്നത് സ്ഥലത്തെ പള്ളി സെമിത്തേരി മാത്രമായിരുന്നു. അവരുടേത് കൂടാതെ സെമിത്തേരിയില്‍ അന്തിയുറങ്ങാന്‍ വേറെയും പത്തൊന്‍പത് നിരാലംബ കുടുംബങ്ങള്‍. മരിച്ചവരെ സംസ്കരിക്കാന്‍ വരുന്നവര്‍ക്ക് കയറി നില്‍ക്കാന്‍ നിര്‍മിച്ച ചെറിയ ഷെഡ്‌ ഭക്ഷണം ഉണ്ടാക്കാനും രാത്രിയില്‍ ഉറങ്ങാനും ആ കുടുംബങ്ങള്‍ ഉപയോഗിച്ചു. അപ്പോഴും നാലുപാടും വെള്ളത്തിന്‍റെ നിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരുന്നു. താരതമ്യേന ഉയർന്ന പ്രദേശത്തുള്ള സെമിത്തേരിയും ഒടുവിൽ മുങ്ങാനാരംഭിച്ചു. സുരക്ഷ വലിയ പ്രശ്നമായപ്പോള്‍ അവരെയെല്ലാം ആലപ്പുഴ നഗരത്തിലെ എസ് ഡി വി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.

നിരവധി ആഴ്ചകള്‍ക്ക് ശേഷം തിരികെ തുരുത്തിലെത്തുമ്പോൾ രാജമ്മയുടെ വീട് പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. വീടിനകം മുഴുവന്‍ ചെളി. ചുറ്റുപാടുകളില്‍ ഇഴജന്തുക്കള്‍ വ്യാപരിക്കുന്നു. പശുവും ആടും കോഴികളും അടക്കം ജീവിതത്തില്‍ മിച്ചം വച്ചതെല്ലാം പ്രളയം കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. വീട്ടുപകരണങ്ങളും കട്ടിലും കിടക്കയും വൈദ്യുതോപകരണങ്ങളുമെല്ലാം നശിച്ചിരിക്കുന്നു.

എല്ലാം സംഭവിച്ചിട്ട്‌ ഇപ്പോള്‍ വര്‍ഷം കഷ്ടി ഒന്നുപോലും ആയിട്ടില്ല. മറ്റൊരു മഴക്കാലമെത്തി. ഓരോ ഇടിവെട്ടും ഓരോ പെരുമഴ ചാറ്റലും അവരുടെ ഉള്ളില്‍ കടുത്ത ഭീതി ഉണ്ടാക്കുന്നു. വലിയ അരക്ഷിതത്വത്തിലേക്ക് തള്ളി വിടുന്നു. തകർന്ന വീടിന്റെ സ്ഥാനത്ത് നിര്‍മിച്ചെടുത്ത കൊച്ചുകുടില്‍ ഒട്ടും സുരക്ഷിതമല്ല. സമീപത്തെ മിക്ക വീടുകളും ഇടിഞ്ഞു നില്‍ക്കുന്നു. ചുറ്റുപാടുകളില്‍ അപകട സാദ്ധ്യതകള്‍ മാത്രം. ആദ്യഘട്ട ദുരിതാശ്വാസമായി ലഭിച്ച പതിനായിരം രൂപയുടെ അപ്പുറം ഒരു സഹായവും അവര്‍ക്ക് നാളിതുവരെ സർക്കാരിൽ നിന്നോ സന്നദ്ധ സംഘടനകളിൽ നിന്നോ ലഭിച്ചിട്ടില്ല. വീട് പുനര്‍നിര്‍മ്മിക്കും എന്നൊക്കെയുള്ള ഉറപ്പുകള്‍ ഉറപ്പുകള്‍ മാത്രമായി ശേഷിക്കുന്നു. മുറ്റത്തും ചുറ്റുപാടുകളിലും ചാലുവച്ച് ഒഴുകുന്ന വെള്ളത്തിലേക്ക്‌ ഭയാശങ്കകളോടെ നോക്കി അവര്‍ നെടുവീര്‍പ്പിടുന്നു: ഇനിയും ഒരു പ്രളയം വന്നാല്‍ ഇനി എവിടെ പോകാന്‍.

ഇത് ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമപഞ്ചായത്തിലെ വലിയ തുരുത്ത്. കേരളം കണ്ട ഏറ്റവും ഭീതിതമായ പ്രളയമായിരുന്നു പോയ വര്‍ഷത്തേത് എങ്കില്‍ അതുണ്ടാക്കിയ ദുരിതങ്ങളില്‍ നിന്നും ഇന്നും അല്പം പോലും മോചിതമാകാത്ത ഒരിടമാണ് വലിയ തുരുത്ത്. അവിടേക്ക് റോഡില്ല. കായലിലൂടെ ഒരുപാടു നേരം വള്ളത്തിൽ യാത്ര ചെയ്ത് വേണം അവിടെയെത്താന്‍. ആഫ്രിക്കന്‍ പായല്‍ വളര്‍ന്ന തുരുത്തിന്‍റെ ചുറ്റുപാടുകള്‍ മിക്കയിടങ്ങളിലും വള്ളങ്ങള്‍ക്ക് അടുക്കാന്‍ പറ്റാത്ത വിധം തൂര്‍ന്നു പോയിരിക്കുന്നു. വള്ളം അടുപ്പിക്കൽ തന്നെ ഒരു മഹാസാഹസമാണ്. അതുകൊണ്ട് തന്നെ ഒരുപാട് യാത്രക്കാര്‍ ഉണ്ടാവുകയും ഉയര്‍ന്ന കൂലി നല്‍കുകയും ചെയ്താല്‍ മാത്രമേ വള്ളക്കാര്‍ തുരുത്തിലേക്ക് വരികയുള്ളു. സമീപത്തായി ഒറ്റപ്പെട്ട വേറെയും തുരുത്തുകള്‍. അവയിലെയും സ്ഥിതി ഒട്ടും ഭിന്നമല്ല.

സംസ്ഥാനത്തെ മറ്റിടങ്ങളില്‍ നിന്നും വിഭിന്നമായി പോയവര്‍ഷം ജൂണില്‍ തന്നെ ഇവിടെ പ്രളയം ആരംഭിച്ചു. മാസാവസാനത്തോടെ ഒടുങ്ങിയെങ്കിലും ജൂലായ്‌ പകുതിയോടെ അത് രണ്ടാമതും തുരുത്തിൽ കടുത്ത നാശം വിതയ്ക്കാന്‍ ആരംഭിച്ചു. അപ്പോഴെല്ലാം കുട്ടനാട്ടിലെ പതിവ് വെള്ളപ്പൊക്കങ്ങളുടെ ഭാഗമായി സര്‍ക്കാരും മാധ്യമങ്ങളും അവിടുത്തെ ദുസ്ഥിതിയെ കണ്ട് അവഗണിച്ചു. ഒടുവില്‍ ആഗസ്ത് മാസത്തില്‍ സംസ്ഥാനമങ്ങോളമിങ്ങോളം തകര്‍ത്ത് തരിപ്പണമാക്കിയ പ്രളയം തുരുത്തിനെ പൂര്‍ണ്ണമായി നശിപ്പിച്ചു. മുന്‍‌കൂര്‍ പലായനം ചെയ്തതിനാല്‍ മാത്രം ജനങ്ങള്‍ക്ക്‌ ജീവന്‍ രക്ഷിക്കാനായി. ജീവൻ മാത്രം. എന്നാല്‍ മറ്റൊരു മഴക്കാലം എത്തുമ്പോള്‍ ആ അവശേഷിക്കുന്ന ജീവന്‍ തങ്ങള്‍ക്ക് ഒരു ബാധ്യതയാണ്‌ എന്ന് ഇവിടുത്തെ ഗ്രാമീണര്‍ ഒന്നടങ്കം പരിതപിക്കുന്നു. കടുത്ത വാഗ്ദാന ലംഘനങ്ങള്‍ക്കും അവഗണനകള്‍ക്കും നടുവില്‍ ഒരു ഗ്രാമം മൊത്തം വിറങ്ങലിച്ചു നില്‍ക്കുന്നു. സ്വന്തം വിധിയെ പഴിക്കുന്നു.

രേഖകള്‍ പ്രകാരം ഇരുന്നൂറ്റി അമ്പതിയെട്ട് കുടുംബങ്ങള്‍ ദ്വീപിലുണ്ട്. പുനര്‍നിര്‍മാണം സംബന്ധിച്ച വലിയ വാചകമടികൾ ഒന്നും ഇവിടെയുള്ള മനുഷ്യരുടെ ജീവിതങ്ങളെ സ്പര്‍ശിക്കാന്‍ ഇതുവരെ ബോട്ട് കയറി എത്തിയിട്ടില്ല. ആരുടെയും ജീവിതങ്ങളെ പുനര്‍നിര്‍മ്മാണക്കാര്‍ സ്പര്‍ശിച്ചിട്ടുമില്ല. എന്തെങ്കിലും ജീവിതത്തില്‍ മിച്ചം വയ്ക്കാനായവര്‍ പലരും തുരുത്തിന് പുറത്ത് വാടക വീടുകളിലാണ്. അല്ലാത്തവര്‍ തകര്‍ന്ന വീടുകളിലും താത്കാലിക കുടിലുകളിലും താമസിക്കുന്നു.

സമുദ്ര നിരപ്പിനും താഴെയാണ് വലിയ തുരുത്ത്. ഉയരത്തില്‍ കെട്ടിയ ബണ്ടുകള്‍ ആയിരുന്നു തുരുത്തിനെ കായലിലെ ജലത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയിരുന്നത്. എന്നാല്‍ പെരും മഴയില്‍ പലയിടത്തും ബണ്ട് തകര്‍ന്നു തരിപ്പണമായി. വീടുകളില്‍ വെള്ളം ഇരച്ചുകയറി. മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന പേരക്കുട്ടിയെ വെളളം ഒഴുക്കി കൊണ്ടുപോയപ്പോള്‍ സഹസികമായി രക്ഷിച്ചതിന്‍റെ ഞെട്ടലില്‍ നിന്നും കെ ഗോപിനാഥന്‍ ഇനിയും മോചിതനായിട്ടില്ല.

മറ്റൊരു മഴക്കാലമായിട്ടും ബണ്ടുകള്‍ വേണ്ടവിധം പുനര്‍നിര്‍മ്മിക്കപ്പെട്ടിട്ടില്ല. പലയിടത്തും തുരുത്ത് നിവാസികള്‍ തന്നെ മണല്‍ ചാക്കുകളും തെങ്ങിന്‍ തടിയും വച്ച് പ്രതിരോധം തീര്‍ത്തിരിക്കുന്നു. മറ്റൊരു പ്രളയം ഉണ്ടായാല്‍ അവയുടെ ഫലസിദ്ധിയെക്കുറിച്ച് ഗ്രാമീണര്‍ക്ക് തീര്‍ച്ചയില്ല. തുരുത്ത് വാസികള്‍ പലര്‍ക്കും ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഇല്ല. തലമുറകളായി അവര്‍ ഭൂമി കൈവശം വച്ച് അനുഭവിക്കുന്നവര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ നഷ്ട പരിഹാരവും ആശ്വാസ നടപടികളും പലപ്പോഴും അവരില്‍ എത്താതെ പോകുന്നു.

തുരുത്തിലെ ഏതാണ്ടെല്ലാ വീടുകളുടെ ഉള്ളിലും കഴിഞ്ഞ പ്രളയത്തില്‍ ഉയര്‍ന്നു പൊങ്ങിയ വെള്ളം അവശേഷിപ്പിച്ച പാടുകള്‍ കാണാം. അന്ന് ഉണ്ടായ തകരാറുകളും ബലക്ഷയങ്ങളും അതേപടി നിലനില്‍ക്കുന്നു. പോകാന്‍ തങ്ങള്‍ക്ക് ഒരിടമില്ലെന്ന് പറയുമ്പോള്‍ രമ്യാ രതീഷിന്‍റെ കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ ഒഴുകി. പ്രളയം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ അവരുടെ വീട് പൂര്‍ണമായി തകര്‍ന്നിരുന്നു. ഇപ്പോള്‍ ഒടിച്ചു കുത്തിയ ഒരു കുടിലില്‍ ആണ് താമസം. മറ്റിടങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പോയ വര്‍ഷത്തില്‍ ഇവിടം നൂറു ദിവസം വെള്ളത്തിന്‌ അടിയില്‍ ആയിരുന്നു. പൂര്‍ണമായും പാവപ്പെട്ടവരുടെ വീടുകള്‍. വെള്ളം എല്ലാത്തിനെയും നശിപ്പിച്ചു. ബലമുള്ള ദീര്‍ഘകാലം നിലനില്‍ക്കുന്ന ബണ്ടുകള്‍ ആണ് കൈനകരിയിലെ ദ്വീപുകള്‍ക്ക്‌ പ്രളയത്തില്‍ നിന്നുള്ള ശാശ്വത പരിഹാരം. അഞ്ചുകോടി രൂപ അതിനായി വകയിരുത്തിയിട്ടുണ്ട് എന്ന് നീണ്ട നാളുകളായി കേള്‍ക്കുന്നത് അല്ലാതെ ഒന്നും സംഭവിക്കുന്നില്ല. പുതിയ കുട്ടനാട് പാക്കേജില്‍ അതുണ്ടാകുമെന്നാണ് പുതിയ ഉറപ്പ്. അത് നടപ്പാകാന്‍ ഇനിയെത്ര കാലം എടുക്കുമെന്നും ആര്‍ക്കും പറയാന്‍ ആകുന്നില്ല.

നഷ്‌ടമായ വീട്ടുപകരണങ്ങളുടെ സ്ഥാനത്ത് പുതിയവ വാങ്ങാന്‍ ഒരുലക്ഷം രൂപയുടെ വായ്പാ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തുരുത്തുകളില്‍ ആരും അവ വാങ്ങിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല. തിരിച്ചടവ് പ്രതിമാസം രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ചു രൂപ വരുമെന്നും അത് തങ്ങള്‍ക്കു താങ്ങാന്‍ ആകില്ലെന്നും അവര്‍ പറയുന്നു. പ്രളയം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ കുടിവെള്ളം ആയിരുന്നു ഏറ്റവും തീവ്രമായ പ്രശ്നം. ഇപ്പോഴും ബോട്ടുകളില്‍ വെള്ളം കൊണ്ടുവന്നു പ്രതിദിനം വിതരണം ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റമില്ല. കാലാവസ്ഥയില്‍ പ്രാതികൂല്യങ്ങള്‍ സംഭവിക്കുമ്പോള്‍ ബോട്ടുകാര്‍ വെള്ളവുമായി വരാതെയുമിരിക്കും.

ചിലര്‍ക്ക് എങ്കിലും സര്‍ക്കാര്‍ പാര്‍പ്പിട പദ്ധതികള്‍ അനുസരിച്ച് മുന്‍പ് പാസ്സായ ലോണുകളുടെ ആദ്യ ഗഡുക്കള്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അനുവദിക്കപ്പെട്ട നാല് ലക്ഷം രൂപയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ലഭിച്ചത് നാല്‍പതിനായിരം രൂപ മാത്രമാണ് എന്ന് പണി പാതിയില്‍ നിര്‍ത്തിയ വീടിനു മുന്നിലിരുന്ന് കെ ഭരതന്‍ പറഞ്ഞു.

പ്രധാനമായും പട്ടികവര്‍ഗ വിഭാഗക്കാരാണ് തുരുത്ത് നിവാസികള്‍. മിക്കവരും പ്രളയാനന്തരം പട്ടിണിയിലും ആയിരുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ലഭിക്കുന്ന വേതനം മാത്രമാണ് പലര്‍ക്കും ഉപജീവന മാര്‍ഗം. ഇപ്പോഴാകട്ടെ അതും പലപ്പോഴും കുടിശികയാണ്.

പ്രളയം പോയവര്‍ഷമാണ് സംഭവിച്ചത് എങ്കില്‍ വീടുകളില്‍ വെള്ളം കയറുന്നത് ഇവിടെ ഒരു സ്ഥിരം പ്രതിഭാസമാണ്. വര്‍ഷത്തില്‍ പത്തു മാസവും ചെറുതോ വലുതോ ആയ വെള്ളപ്പൊക്കങ്ങള്‍ക്ക് തങ്ങള്‍ ഇരകളാകുന്നു എന്ന് ഗ്രാമീണര്‍ പറയുന്നു.

ബണ്ടുകള്‍ ഇല്ലാത്തത് ആണ് പ്രധാന കാരണം. കായലില്‍ സംഭവിക്കുന്ന പരിസ്ഥിതി നാശം കാരണം പലയിടത്തും ബോട്ടുകള്‍ക്ക് അടുക്കാന്‍ ആകാത്തത് ആശുപത്രി എമര്‍ജന്‍സി സമയങ്ങളില്‍ പോലും കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. രണ്ടായിരത്തി പതിമൂന്നില്‍ ഇവിടം സന്ദര്‍ശിച്ച കേന്ദ്ര സംഘം തന്നെ ശാശ്വത സ്വഭാവമുള്ള ബണ്ടുകളുടെ ആവശ്യകത എടുത്തു പറഞ്ഞതാണ്‌. സ്വാമിനാഥന്‍ കമ്മീഷനും അത് തന്നെ ആവര്‍ത്തിച്ചു. എന്നിട്ടും ഫലം ഒന്നുമില്ല. തുരുത്തുകള്‍ക്ക് ചുറ്റുമുള്ള കണ്ടല്‍ക്കാടുകളുടെ സംരക്ഷണം പോലും ഉറപ്പാക്കപ്പെടുന്നില്ല.

പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോള്‍ ആയിരത്തി അറുന്നൂറ് ചതുരശ്ര കിലോമീറ്ററുകളില്‍ പരന്നു കിടക്കുന്ന കുട്ടനാട്ടിലെ മിക്കയിടങ്ങളിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. പ്രളയത്തില്‍ ശരാശരി എഴുപതിയെട്ടു ദിവസം ഇവിടെ മൊത്തം വെള്ളം കയറി കിടന്നിരുന്നു എന്നാണ് കണക്ക്. പ്രതീക്ഷയോടെ ഒരു ജനത കാത്തിരിക്കുന്നു. പ്രളയ പുനർനിർമ്മാണം കുട്ടനാടിനെ അതിന്റെ ദുരിതവർത്തമാനങ്ങളിൽ നിന്നും ശാശ്വതമായി രക്ഷിക്കുമോ?

Read More: ഗോപീകൃഷ്ണന്റെ ‘കടക്ക് പുറത്ത്’ കാര്‍ട്ടൂണിന് പുരസ്കാരം നല്‍കിയത് മുഖ്യമന്ത്രി, ഫ്രാങ്കോ കാര്‍ട്ടൂണില്‍ മതത്തെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടിലെന്നും ലളിത കലാ അക്കാദമി


കെ.എ ഷാജി

കെ.എ ഷാജി

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories