Top

"പ്രളയത്തിന് കാരണം ഡാമുകളെങ്കിൽ ചാലിയാറിൽ എങ്ങനെ വെള്ളപ്പൊക്കമുണ്ടായി?" ഡാമുകൾ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാൻ സഹായിച്ചെന്ന് മുഖ്യമന്ത്രി

"പ്രളയത്തിന് കാരണം ഡാമുകളെങ്കിൽ ചാലിയാറിൽ എങ്ങനെ വെള്ളപ്പൊക്കമുണ്ടായി?" ഡാമുകൾ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാൻ സഹായിച്ചെന്ന് മുഖ്യമന്ത്രി
ഏത് വിമർശനത്തെ നേരിടാനും സർക്കാരിന് പ്രയാസമില്ല; പക്ഷെ വിമർശനത്തിൽ കഴമ്പുണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമർ‌ശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വെള്ളപ്പൊക്കം മനുഷ്യസൃഷ്ടിയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടേത് വിമർശിക്കാൻ വേണ്ടിയുള്ള വിമർശനമാണെന്ന് അദ്ദേഹം പറഞ്ഞു.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയും ജാഗ്രതാനിർദ്ദേശങ്ങൾ നൽകാതെയുമാണ് ഡാമുകൾ തുറന്നതെന്ന രമേശ് ചെന്നിത്തലയുടെ വാദത്തെ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ വന്ന വിവരങ്ങൾ വെച്ച് മുഖ്യമന്ത്രി മറുപടി നൽകി. ജൂലൈ 30ന് 8.32ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ച വിവരം പറയുന്നുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അതിൽത്തന്നെ പറയുന്നുണ്ട്. ഷട്ടർ തുറക്കേണ്ടത് അനിവാര്യതയായിരുന്നു എന്ന് പോസ്റ്റിൽ നിന്നു തന്നെ മനസ്സിലാക്കാം. ബ്ലൂ അലർ‌ട്ട് അപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു എന്ന് രമേശ് ചെന്നിത്തലയ്ക്ക് അറിയാമായിരുന്നു. കാരണം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെക്കുറിച്ചാണ് ചെന്നിത്തല പറയുന്നത്. ബ്ലൂ അലർട്ടിനു ശേഷമാണ് ഓറഞ്ച് അലർട്ട് വരിക.

അലർട്ട് ഉണ്ടായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 1ന് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിൽ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുള്ളതായി പറയുന്നുണ്ട്. അന്ന് എല്ലാ മുൻകരുതലുകളും എടുത്തുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് തന്നെയാണ് ഇന്ന് യാതൊരു മുൻകരുതലും എടുത്തില്ലെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1924ൽ നടന്ന പ്രളയം പ്രക‍ൃതിസ‍ൃഷ്ടിയാണെന്നും 2018ലെ പ്രളയം മനുഷ്യസൃഷ്ടിയാണെന്നുമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച മറ്റൊരു ആക്ഷേപം. ഇതിന് മഴയുടെ കണക്ക് രമേശ് ചെന്നിത്തല പറയുന്നുണ്ട്. ഇപ്പോഴുണ്ടായതിനെക്കാൾ വലിയ മഴയാണ് അന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. എന്നാൽ‌ 1924ൽ ഉണ്ടായതായി പറയുന്ന 3368 മില്ലിമീറ്റർ മഴ കാലവർഷവും തുലാവർഷവും ചേർത്തുള്ള കണക്കാണ്. 2018ൽ 2500 മില്ലിമീറ്റർ മഴ വന്നു എന്നത് കാലവർഷത്തിൽ ഇതുവരെ കിട്ടിയ കണക്ക് മാത്രമാണ്. ഒരു വർഷത്തിലെ മൊത്തം മഴയെയാണ് ഒരു സീസണിലെ മഴയുമായി രമേശ് ചെന്നിത്തല താരതമ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകളാണ് പ്രളയമുണ്ടാക്കിയതെന്ന രമേശ് ചെന്നിത്തലയുടെ വാദത്തെയും മുഖ്യമന്ത്രി ഖണ്ഡിച്ചു. 1924ൽ ആകെ ഒരു ഡാം മാത്രമേ ഉണ്ടായിരുന്നുളളൂ. ഇന്ന് 82 മേജർ ഡാമുകൾ കേരളത്തിലുണ്ട്. ഈ ഡാമുകളുള്ളതു കൊണ്ടാണ് 1924ലെക്കാൾ രൂക്ഷമായ മഴയുണ്ടായിട്ടും അപായങ്ങൾ തടഞ്ഞുനിർത്താൻ കഴിഞ്ഞത്.

ഇത്തവണത്തെ മഴയുടെ മറ്റൊരു പ്രത്യേകത ചെറിയ സമയം കൊണ്ട് വലിയ അളവ് മഴ എത്തിയെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ സാധാരണ പെയ്യുന്നതിന്റെ ഇരട്ടിയിലധികം മഴയാണ് എത്തിയത്. ഇങ്ങനെയാണ് അപ്രതീക്ഷിതമായി ഡാമുകളിൽ ജലനിരപ്പുയർന്നതും ഷട്ടറുകൾ നിയന്ത്രിതമായി തുറക്കേണ്ടി വന്നതും.

ആലുവ തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമായത് ഡാം തുറന്നതു കൊണ്ട് വന്ന വെള്ളം മാത്രമല്ല. മറിച്ച് നദികളിലേക്ക് കുത്തിയൊഴുകി വന്ന വെള്ളം കൂടിയാണ്. അച്ചൻകോവിലാറിലുണ്ടായ വെള്ളപ്പൊക്കമാണ് പന്തളത്തെ ആഴ്ത്തിയത്. മണിമലയാറിലെ വെള്ളമാണ് തിരുവല്ലയെ വെള്ളത്തിലാഴ്ത്തിയത്. ഈ രണ്ട് നദികളിലും ഡാമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലമ്പൂരിൽ വെള്ളപ്പൊക്കമുണ്ടായത് ചാലിയാറിലെ വെള്ളം മൂലമാണ്. ഈ പുഴയിലും ഡാമില്ല. അപ്പോൾ‌ ഡാമിലെ വെള്ളം കൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദത്തിന് എന്ത് സാധുതയാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

"പ്രതിപക്ഷ നേതാവ്‌ പറയുന്നത്‌ തന്നെ ബിജെപിക്കാരും ഇപ്പൊൾ പറയുന്നത്‌ കാണുന്നുണ്ട്‌. അതുകൊണ്ട്‌ രണ്ട്‌ കൂട്ടർക്കും വെവ്വേറെ മറുപടിയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല" എന്നു പറഞ്ഞ് മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചു.


Next Story

Related Stories