UPDATES

ട്രെന്‍ഡിങ്ങ്

മുഖ്യമന്ത്രിയല്ല; തച്ചങ്കരി, നളിനി നെറ്റോ, ജയരാജന്‍… ശത്രുക്കളെ തുറന്നുപറഞ്ഞ് സെന്‍കുമാര്‍

ടോമിന്‍ ജെ തച്ചങ്കരി റൂറല്‍ എസ്പി ആയിരുന്ന പരിധിയിലാണ് വിതുരയിലെ അനാശാസ്യ കേന്ദ്രം നടന്നിരുന്നത്

തന്നെ കേസില്‍ കുടിക്കാനും തകര്‍ക്കാനും നോക്കിയ കോക്കസിനെ വെളിപ്പെടുത്തി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സമകാലിക മലയാളം  വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ തുറന്നു പറച്ചിലുകള്‍ നടത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി നളിനി നെറ്റോ, എഡിജിപി ടോമിന്‍ തച്ചങ്കരി, ജേക്കബ് തോമസ് ഐപിഎസ്, എം വി ജയരാജന്‍ എന്നിവര്‍ക്കെതിരേയാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തലുകള്‍. പിരിയുന്നതിനു മുമ്പായി തനിക്കെതിരേ കേസ് എടുപ്പിക്കാന്‍ ഈ സംഘം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നെന്നും എന്നാല്‍ ഇല്ലാത്ത കേസ് ഉണ്ടാക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും സെന്‍കുമാര്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരായിരുന്നു എന്ന വാര്‍ത്തകളെ സെന്‍കുമാര്‍ തള്ളിക്കളയുന്നുമുണ്ട്. മുഖ്യമന്ത്രിയെക്കുറിച്ച് സെന്‍കുമാര്‍ പറയുന്നത് ഇപ്രകാരമാണ്; മുഖ്യമന്ത്രി എന്നെ മനസിലാക്കിത്തുടങ്ങിയപ്പോഴേക്കും പിരിയേണ്ടി വന്നു. കുറച്ചുകൂടി ദിവസങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം അത്ഭുതപ്പെടുമായിരുന്നു, ഇയാളാണോ ഈ പറഞ്ഞ കക്ഷി എന്ന്. മുഖ്യമന്ത്രിയെ വളയ്ക്കുന്നതാണ്, തെറ്റിദ്ധരിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് എന്നെ വിശ്വാസമുണ്ടായിരുന്നു എന്നാണ് മനസിലാകുന്നത്. ഞാന്‍ അദ്ദേഹത്തെ കുഴപ്പത്തിലാക്കില്ല എന്ന വിശ്വാസം. ഔദ്യോഗിക കാര്യങ്ങളില്‍ അദ്ദേഹത്തിന് എന്നെക്കുറിച്ച് ഒരിക്കലും സംശയമുണ്ടായിട്ടില്ല. പിന്നീടുണ്ടാകുന്നത് ഇവരൊക്കെക്കൂടി സൃഷ്ടിക്കുന്ന സംശയങ്ങളാണ്. നളിനി, എം വി ജയരാജന്‍, തച്ചങ്കരി. അത് കുറേയൊക്കെ ഫലപ്രദമായിട്ടുണ്ടാകണം. കാരണം, അതിന്റെ ആദ്യത്തെ പടികളിലാണല്ലോ ഇവര്‍ക്കൊക്കെ എന്നെ ബുദ്ധിമുട്ടിക്കാന്‍ അവസരം ലഭിക്കുന്നത്.ഞാന്‍ രണ്ടാമത് വന്ന് പതിനഞ്ച്, ഇരുപത് ദിവസമൊക്കെ ആയപ്പോഴേക്കും മുഖ്യമന്ത്രി എന്നെ മനസിലാക്കാന്‍ തുടങ്ങി. മുഖ്യമന്ത്രിയും ഞാനും തമ്മില്‍ ഒരു പതിനഞ്ച് പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ടാകും. അല്ലാത്തപ്പോള്‍ ഫോണില്‍ വിളിക്കും. പ്രത്യക്ഷത്തില്‍ അദ്ദേഹം എന്നോട് വളരെ സൗഹാര്‍ദത്തിലായിരുന്നു. എനിക്കു തോന്നുന്നത് ചിലര്‍ അദ്ദേഹത്തെ ശരിക്കും കുരങ്ങ് കളിപ്പിക്കുന്നുണ്ടെന്നാണ്. ഒരു വിവരവും ഫീഡ് ചെയ്യുന്നില്ല. നളിനി നെറ്റോയും ജേക്കബ് തോമസും തച്ചങ്കരിയുമൊക്കെ ഇവരെ നിയന്ത്രിച്ചു എന്നതാണ് ഈ സര്‍ക്കാരിന് പറ്റിയ ഏറ്റവും വലിയ പിശക്. പ്രായോഗികമായി ഒരു വിവരവും ഇവര്‍ക്കാര്‍ക്കുമില്ല. ഒന്നേകാല്‍ വര്‍ഷം അദ്ദേഹത്തെ മോശം മുഖ്യമന്ത്രിയാക്കിയതും ഈ കോക്കസാണ്.

"</p

ടോമിന്‍ തച്ചങ്കരിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സെന്‍കുമാര്‍ ഉയര്‍ത്തുന്നത്. തച്ചങ്കരിയുടെ സ്വാധീനം ഉള്ളതുകൊണ്ട് തനിക്കെതിരേ ദേശാഭിമാനിയും കൈരളിയുമെല്ലാം തെറ്റായ വാര്‍ത്തകളാണ് നല്‍കിയിരുന്നതെന്നും പുതുവൈപ്പിലെ പ്രശ്‌നത്തില്‍മാത്രമാണ് മറിച്ചെഴുതാന്‍ അവര്‍ നിര്‍ബന്ധിതരായതെന്നും സെന്‍കുമാര്‍ പറയുന്നു. തന്നെ ശരിയായ രീതിയില്‍ ജോലി ചെയ്യാന്‍പോലും തച്ചങ്കരി അടങ്ങിയ സംഘം സമ്മതിച്ചിട്ടില്ലെന്നും താന്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ അംഗമാകാതിരിക്കാന്‍ തച്ചങ്കരിയും സംഘവും ഇല്ലാത്തതു പലതും കുത്തിപ്പൊക്കി കൊണ്ടുവന്നെന്നും മുന്‍ ഡിജിപി കുറ്റപ്പെടുത്തുന്നു.
വിതുര കേസിലും തച്ചങ്കരിയുടെ ഇടപെടലുകളെക്കുറിച്ച് പരോക്ഷമായി സെന്‍കുമാര്‍ സംസാരിക്കുന്നുണ്ട്. സെന്‍കുമാറിന്റെ വാക്കുകള്‍; ‘വിതുരക്കേസില്‍ ഉണ്ടായത് രാഷ്ട്രീയ ഇടപെടലുകളല്ല, നിയമപരമായ ഇടപെടലുകളും മറ്റുമാണ്. അതിനേക്കുറിച്ച് ഇപ്പോള്‍ അധികം പറയുന്നില്ല. പിന്നെ, 1995ല്‍ ഉണ്ടായ സംഭവത്തില്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കേസ് കോടതിയില്‍ വരുന്നത്. അതുകൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നത്. ഇത്തരം കേസുകള്‍ ആറോ ഏഴോ മാസങ്ങള്‍ കൊണ്ട് തീര്‍ക്കണം. എന്നാലേ നീതി കിട്ടുകയുള്ളു. അവര്‍ക്ക് അവരുടെ ജീവിതമില്ലേ. ഇത്രയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മൊഴി കൊടുക്കാനും മറ്റും കയറി ഇറങ്ങാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാകില്ല. വിവാഹിതയായി വേറൊരു സാഹചര്യത്തിലായിരിക്കും ജീവിക്കുന്നത്. വിതുര കേസില്‍ അതാണ് സംഭവിച്ചത്.

മറ്റൊന്നുകൂടി പറയാം. ടോമിന്‍ ജെ തച്ചങ്കരി റൂറല്‍ എസ്പി ആയിരുന്ന പരിധിയിലാണ് ഈ അനാശാസ്യ കേന്ദ്രം നടന്നിരുന്നത്. പെണ്‍കുട്ടിയെ കുടുക്കി അവിടെ എത്തിച്ചതാണല്ലോ. ആ കേസിലെ ഒരു ഓഡിയോ ഞാന്‍ കേട്ടിട്ടുണ്ട്. സുരേഷ് എന്ന പ്രധാന പ്രതി പറയുന്നു. ഇന്ന് തച്ചങ്കരി വരുന്നുണ്ട്, അതുകൊണ്ട് ഞാന്‍ പുറത്തു വരുന്നില്ല എന്ന്. ഇവന്‍ സെലക്റ്റ് ചെയ്യും പെണ്‍കുട്ടികളെ. തച്ചങ്കരിയും കൈമളുമൊക്കെ ഉണ്ടായിരുന്നു. ( കസ്റ്റംസിലെ ഉദ്യോഗസ്ഥനായിരുന്ന കൈമള്‍, ഇപ്പോള്‍ ജീവിച്ചിരിപ്പില്ല).

"</p

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വൈരാഗ്യബുദ്ധിയുള്ളയാളാണെന്നും നളിനി നെറ്റി പലവട്ടം ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറയുന്നു. എസ് എം വിജയാനന്ദ് ചീഫ് സെക്രട്ടറിയായതുകൊണ്ട് നളിനി നെറ്റോയ്ക്ക് ആ പദവി കിട്ടാന്‍ താമസച്ചതിന്റെ വൈരാഗ്യമാണ് തന്നോടുള്ളതെന്നാണ് സെന്‍കുമാര്‍ പറയുന്നത്. താനും കെ എം എബ്രഹാമുമാണ് വിജയാനന്ദിനെ കേന്ദ്രത്തില്‍ നിന്നുകൊണ്ടുവന്നതെന്നാണ് നളിനി നെറ്റോ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നളിനി നെറ്റോയുടെ അടുത്ത സുഹൃത്താണ് ടോമിന്‍ തച്ചങ്കരിയെന്നും തന്റെ പെന്‍ഷന്‍ പേപ്പറുകളൊക്കെ വൈകാന്‍ കാരണമായേക്കാമെന്നും സെന്‍കുമാര്‍ പറയുന്നു.

ജിഷ കേസിനെക്കുറിച്ച് എന്റെ കാലത്തെ അന്വേഷണം ശരരിയായിരുന്നില്ലെന്ന തരത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസ് റിപ്പോര്‍ട്ട് കൊടുത്തത് നളിനി നെറ്റോയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും സെന്‍കുമാര്‍ പറയുന്നു. ജേക്കബ് തോമസ് സൂത്രക്കാരനാണെന്നും ടികെഎം എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും വാങ്ങിയ ശമ്പളം തിരിച്ചുകൊടുത്തെന്നു പറയുന്നത് വെറുതെയാണെന്നും ഒരു പൈസപോലും ജേക്കബ് തോമസ് തിരികെ കൊടുത്തിട്ടില്ലെന്നും നളിനി നെറ്റോയാണ് ഈ കേസില്‍ നിന്നും ജേക്കബ് തോമസിനെ രക്ഷിച്ചെടുത്തതെന്നും സെന്‍കുമാര്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയോട് ജേക്കബ് തോമസിന് ഇത്ര വിരോധമുണ്ടാകാനുള്ള കാരണം 2005ല്‍ അദ്ദേഹത്തെ ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആക്കാതിരുന്നതുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി സാര്‍ തന്നെയാണ് തന്നോട് ഈകാര്യം പറഞ്ഞതെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറയുന്നു.

"</p

തനിക്കെതിരേ മുഖ്യമന്ത്രിയെ തെറ്റിക്കാന്‍ എംവി ജയരാജനും ശ്രമിച്ചിട്ടുണ്ടെന്ന് സെന്‍കുമാര്‍ ആരോപിക്കുന്നു. തനിക്കെതിരേ കേസ് എടുക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട സംഘത്തില്‍ ജയരാജനും ഉണ്ടായിരുന്നു. ജയരാജനോട് താന്‍ ഒന്നും സംസാരിക്കാറില്ലായിരുന്നുവെന്നും ആവശ്യമുള്ള കാര്യം ജയരാജന്‍ തന്നോട് സംസാരിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

താന്‍ സര്‍വീസ് സ്റ്റോറി എഴുതുമെന്നും എന്നാല്‍ അതെങ്ങനെ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സെന്‍കുമാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍