TopTop
Begin typing your search above and press return to search.

കരണത്തടിക്കുന്ന രാഷ്ട്രീയം ഇനിയും തുടരുക

കരണത്തടിക്കുന്ന രാഷ്ട്രീയം ഇനിയും തുടരുക

ടീം അഴിമുഖം

ഇങ്ങനെയാണെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയഭാവി ശരതിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടേയും കൈകളില്‍ ഭദ്രമാണെന്ന് തന്നെ പറയേണ്ടി വരും. ആരാണ് ശരത് എന്നല്ലേ? സഖാവാണ് അദ്ദേഹം. ലെനിനും ചെഗുവേരയുമൊക്കെ നടത്തിയ അസംഖ്യം ചെറുത്തുനില്‍പ്പുകളിലൂടെ കടന്നുവന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇങ്ങേയറ്റത്തു നില്‍ക്കുന്ന സഖാവ്. രോഹിത് വെമുലയുടെ ആത്മഹത്യയോ ദളിത്, ന്യൂനപക്ഷങ്ങള്‍ക്കു നേര്‍ക്കുള്ള അതിക്രമങ്ങളോ പാവപ്പെട്ടവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളോ രാജ്യത്തെ കോടിക്കണക്കിന് വരുന്ന യുവാക്കള്‍ നേരിടുന്ന അരക്ഷിതാവസ്ഥയോ ഒക്കെ കണ്ട് പ്രതികരിക്കുന്ന, പ്രതികരിച്ചു പോവുന്ന യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍. ടി.പി ശ്രീനിവാസനെന്ന മുന്‍ നയതന്ത്രജ്ഞനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ വയോധികന്റെ കരണത്തിന് നേര്‍ക്ക് കൈ ഉയര്‍ന്നതും അതേ മാനസികാവസ്ഥ കൊണ്ടായിരിക്കാം, അല്ലേ?

സി.പി.എമ്മും എസ്.എഫ്.ഐയുമൊക്കെ ഈ അതിക്രമത്തിനെതിരെ രംഗത്തു വന്നു, നല്ല കാര്യം. എന്നാല്‍ ഇതുപോലെ എത്ര ശരതുമാര്‍ ഉണ്ടാകും നമുക്കു ചുറ്റും, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ ഭാവി ഇതുപോലുള്ള കൈകളില്‍ ആണെന്ന് കൂടി പാര്‍ട്ടിയും നേതാക്കളുമൊക്കെ ആലോചിക്കേണ്ടതില്ലേ?

അസംഖ്യം പോരാട്ടങ്ങളില്‍ ഉള്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരും ജീവിതകാലം മുഴുവന്‍ ജീവച്ഛവം പോലെ കിടക്കേണ്ടി വന്നവരുമായ അനേകം സഖാക്കളുള്ള നാടാണിത്. എന്നാല്‍ ശരതിനെ പോലെയുള്ളവരെയാണ് ഇനി പാര്‍ട്ടിയുടെ ഭാവി തലമുറയായി വാഴിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പാര്‍ട്ടി നേതൃത്വം ചെയ്യേണ്ടത് ഈ യുവതാരത്തെ തിരുവനന്തപുരത്തെ ഏതെങ്കിലും സ്‌റ്റേഡിയത്തില്‍ പന്തല്‍ കെട്ടി ആദരിക്കുകയാണ്. ഒട്ടുമിക്ക പാര്‍ട്ടികളിലും ഇതുപോലുള്ള വിപ്ലവതാരങ്ങള്‍ ഉള്ളതു കൊണ്ട് കേരള മുഖ്യന്‍ ഉമ്മന്‍ ചാണ്ടിയെ കൂടി വിളിച്ച് രാഷ്ട്രീയ ഐക്യത്തിനും ആഹ്വാനം ചെയ്യാം.

തന്റെ ഔദ്യോഗിക കാലത്തുടനീളം നയതന്ത്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയടി നേടിയിട്ടുള്ള ഒരു വൃദ്ധനെ തല്ലുന്ന മനോഭാവത്തിനു പിന്നിലെന്താവാം? ശ്രീനിവാസനെ ഒറ്റയടി കൊണ്ട് മെരുക്കാന്‍ കഴിയുമെന്ന് പാശ്ചാത്യ ശക്തികള്‍ പോലും മുമ്പ് ചിന്തിച്ചിട്ടുണ്ടാവില്ല. കാരണം ശീതയുദ്ധക്കാലത്തും അതിനു ശേഷവും ഇന്ത്യന്‍ താത്പര്യങ്ങളെ ആഗോള വേദികളില്‍ സംരക്ഷിക്കാന്‍ അദ്ദേഹം കാണിച്ച ഊര്‍ജവും തന്ത്രജ്ഞതയും അവരെയൊക്കെ അത്രത്തോളം വിറളി പിടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പദവിയിലിരിക്കാന്‍ ശ്രീനിവാസന് എന്താണ് യോഗ്യതയെന്ന വാദങ്ങളുയര്‍ന്നിട്ടുണ്ട്. ആ പദവിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ട് വന്നതിനു പിന്നില്‍ സര്‍ക്കാരിന് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാം. അതിനോട് എതിര്‍പ്പുള്ളവരും ഉണ്ടാവാം. യു.ഡി.എഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോടുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടും അതിനെതിരെ സമരം ചെയ്യാനുള്ള എസ്.എഫ്.ഐയുടേയോ മറ്റേതെങ്കിലും വിദ്യാര്‍ഥി സംഘടനടേയോ അവകാശത്തെ പിന്തുണച്ചു കൊണ്ടും ഒരു കാര്യം ചോദിക്കാനുള്ളത് ശ്രീനിവാസന്റെ കരണത്തടിക്കാന്‍ ആര്‍ക്കാണ് അധികാരം?

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ നിലനില്‍ക്കുന്ന ചില പ്രവണതകളുടെ ബാക്കിപത്രം കൂടിയല്ലേ ശരതിനെപ്പോലുള്ളവരുടെ നടപടി? മൂടുതാങ്ങികളും പൊങ്ങച്ചക്കാരും പൊതുജനമധ്യത്തില്‍ വരെ തെറിവിളിക്കുന്നവരും ഒക്കെയടങ്ങിയ ഒരു പൊളിറ്റിക്കല്‍ ക്ലാസിനെ കണ്ടു തന്നെയല്ലേ യുവതലമുറ വളര്‍ന്നുവരുന്നതും? ഒരു സമൂഹത്തിന്റെ നാഡിയായി പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയവും അതിനെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളും മുന്നോട്ടു വയ്‌ക്കേണ്ട സുതാര്യതയും സത്യസന്ധതയും ആര്‍ജവവുമൊക്കെ എന്നാണ് ഇനി നമ്മള്‍ നേടുക?

ശരതിന്റെ നടപടിയെ സി.പി.എം തള്ളിപ്പറഞ്ഞത് നല്ലത് തന്നെ. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ നേരത്തെയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് ശരത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഇത്തരമൊരാളെ പാര്‍ട്ടിയുടെ ഭാഗമായി തുടരാന്‍ അനുവദിച്ചു? എന്തുകൊണ്ട് ഇത്തരത്തിലുള്ളവരെ പുറത്താക്കാനുള്ള ആര്‍ജവം കാണിക്കുന്നില്ല?

എസ്.എഫ്.ഐ പോലുള്ള ഒരു വിദ്യാര്‍ഥി സംഘടനയില്‍ നിന്നും നിന്നും അതിന്റെ പ്രവര്‍ത്തകരില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. അതുകൊണ്ടു കൂടിയാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കില്ലാത്ത സ്വീകാര്യത അതിനുണ്ടാവുന്നതും സമൂഹം ഇന്നും അതിനെ പ്രതീക്ഷയോടെ നോക്കിക്കാണുന്നതും. എന്നാല്‍ ശ്രീനിവാസന്‍ എന്നല്ല, ആരുടേയും കരണത്തടിക്കാന്‍ കഴിയും എന്നു കരുതുന്ന പ്രവര്‍ത്തകരാണ് അതില്‍ ഉള്ളതെങ്കില്‍ ഒരു ആള്‍ക്കൂട്ടത്തിനപ്പുറം ആ സംഘടനയില്‍ ബാക്കിയെന്തുണ്ടാകും എന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും.


Next Story

Related Stories