Top

തുടരുന്ന ലൈംഗിക പീഡനങ്ങള്‍; കേരളത്തില്‍ ഈ വര്‍ഷം അറസ്റ്റിലായത് നാല് ക്രിസ്ത്യന്‍ പുരോഹിതര്‍; മിണ്ടാട്ടം മുട്ടി സഭകള്‍

തുടരുന്ന ലൈംഗിക പീഡനങ്ങള്‍; കേരളത്തില്‍ ഈ വര്‍ഷം അറസ്റ്റിലായത് നാല് ക്രിസ്ത്യന്‍ പുരോഹിതര്‍; മിണ്ടാട്ടം മുട്ടി സഭകള്‍
തിരുവനന്തപുരത്ത് 10 വയസുകാരിയെ പള്ളിയില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ക്രിസ്ത്യന്‍ പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. ഫാദര്‍ ദേവരാജ് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടതായി, കുട്ടിയുടെ അച്ഛനാണ് പരാതി നല്‍കിയത്. ഒരു വര്‍ഷത്തോളമായി കണ്ടന്‍തിട്ട സിഎസ്‌ഐ പള്ളിയിലെ വികാരിയാണ് 65കാരനായ ഫാദര്‍ ദേവരാജ്. ദേവരാജിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം കേരളത്തില്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പോക്സോ നിയമപ്രകാരം കേസ് നേരിടുകയും ചെയ്യുന്ന നാലാമത്തെ ക്രിസ്ത്യന്‍ പുരോഹിതനാണ് ഫാദര്‍ ദേവരാജ്.

16 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്റെ അറസ്റ്റ് ചെയ്യപ്പെട്ട കണ്ണൂര്‍ കൊട്ടിയൂരിലെ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരില്‍, ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട കൊട്ടിയൂരിലെ തന്നെ ഫാദര്‍ സജി ജോസഫ് എന്നിവര്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കുറ്റാരോപിതരായ ഇത്തരം പുരോഹിതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിലെ കത്തോലിക്ക സഭാ നേതൃത്വം കൈക്കൊള്ളുന്നത് പ്രതികളെ സംരക്ഷിക്കാനും പരാതി നല്‍കുന്നവരെ മോശക്കാരാക്കി ചിത്രീകരിച്ച് രക്ഷപ്പെടാനുമുള്ള പ്രചാരണങ്ങളും നീക്കങ്ങളുമാണ് സഭാ നേതൃത്വം കൈക്കൊണ്ടതെന്ന പരാതി ശക്തമാണ്. കൊട്ടിയൂരില്‍ റോബിന്‍ വടക്കുഞ്ചേരിലിന്റെ ലൈംഗിക പീഡനത്തിനിരയായി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത 16കാരിയുടെ കേസിലടക്കം ഇതാണ് സംഭവിച്ചത്. കുട്ടിയുടെ അച്ഛന്റെ മേല്‍ പീഡനത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള ശ്രമമടക്കം നടന്നു. 12ഓളം കന്യാസ്ത്രീകളെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കത്തോലിക്ക സഭയുടെ പ്രസിദ്ധീകരണമായ സണ്‍ഡേ ഷാലോം തന്നെ ഇരയെ അപമാനിച്ചുകൊണ്ടും കുറ്റക്കാരനായ വൈദികനെ ന്യായീകരിച്ചും രംഗത്തെത്തി. ഒരു കന്യാസ്ത്രീ ആയിരുന്നു ഈ ലേഖനം എഴുതിയത്. “ജീന്‍സും ഷര്‍ട്ടും ബനിയനുമെല്ലാം ഇട്ട് പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടിത്താഴ്ത്തണമെന്ന്” ഒരു വൈദികന്‍ ഏതാണ്ട് ഇതേ കാലത്ത് അഭിപ്രായപ്പെടുകയും ചെയ്തു.

മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികന്‍ തോമസ് പാറേക്കളം പിടിയിലായത് മാര്‍ച്ച് 21നാണ്. ചെന്നൈ ആസ്ഥാനമായുള്ള എസ് ഡി എം സന്യാസി സമൂഹത്തിലെ അംഗമായ ഇദ്ദേഹം തേവലപ്പുറം ഹോളി ക്രോസ്സ് സെമിനാരിയിലെ അദ്ധ്യാപകനും വെണ്ടാര്‍ മൂഴിക്കോട് സേതു തോമസ് പള്ളിയിലെ വികാരിയുമായിരുന്നു.

എറണാകുളം പുത്തന്‍വേലിക്കരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികന്‍ എഡ്വിന്‍ ഫിഗറസിനു ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയും കോടതി വിധിച്ചത് 2016ലായിരുന്നു. എഡ്വിന്‍ വൈദിനായ ഇടവകയിലെ പെണ്‍കുട്ടിയെയാണ് പള്ളിമേടയില്‍വച്ചു പീഡിപ്പിച്ചത്. മൂന്നുമാസത്തോളം ഇയാള്‍ കുട്ടിയെ നിരന്തരമായി പീഡനത്തിനു വിധേയയാക്കി. ഒടുവില്‍ ഈ പെണ്‍കുട്ടി വീട്ടുകാരോട് പരാതി പറയുന്നതോടെയാണു വൈദികന്റെ പീഡനവാര്‍ത്ത പുറത്തു വരുന്നത്. പെണ്‍കുട്ടിയുടെ മാതാവ്‌ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്കു കടന്നു. യുഎഇയില്‍ ഇരുന്നുകൊണ്ട് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചു. പിന്നീട് മേയ് മാസത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും തുടര്‍ന്ന് അറസ്റ്റിലാവുകയുമായിരുന്നു.1966ല്‍ ഒരു കത്തോലിക്ക വൈദികനെ, മറിയക്കുട്ടി എന്ന സ്ത്രീയെ ലൈംഗികപീഡനത്തിനിരയാക്കി കൊല ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് തുടങ്ങുന്നു കേരളത്തിലെ ക്രൈസ്തവ പുരോഹിതരുടെ ലൈംഗിക പീഡനത്തിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചരിത്രം. ഒപ്പം പീഡകരെ സംരക്ഷിക്കുകയും ഇരകളേയും അവരുടെ ബന്ധുക്കളേയും അപമാനിക്കുകയും ചെയ്യുന്ന പരിപാടിയും. മറിയക്കുട്ടി വധക്കേസില്‍ പ്രതിയായ ഫാദര്‍ ബെനഡിക്ട് ഓണംകുളത്തിനെ, കൊല്ലം ജില്ലാ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു. എഎസ്ആര്‍ ചാരി എന്ന പ്രമുഖ സുപ്രീംകോടതി അഭിഭാഷകനെയാണ് ബെനഡിക്ടിന് വേണ്ടി സഭ ഏര്‍പ്പാടാക്കിയത്. മറിയക്കുട്ടിയെ കുറിച്ച് നിരവധി അപവാദ പ്രചാരണങ്ങള്‍ വന്നു. ഇയാളെ കുറേകാലത്തേയ്ക്ക് മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് പുരോഹിതനായി തുടരാന്‍ സഭ അനുവദിച്ചു. ഓണംകുളത്തെ വാഴ്ത്തപ്പെട്ടവനാക്കാന്‍ വരെ സഭ തീരുമാനിക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേരെ യാതൊരു സഹിഷ്ണുതയും പാടില്ല എന്ന് വ്യക്തമാക്കി 2016 ഡിസംബര്‍ 28ന് ബിഷപ്പുമാര്‍ക്ക് പോപ്പ് കത്തെഴുതിയിരുന്നു. 2017 ജനുവരി 30ന്റെ ഔട്ട്ലുക്ക് വാരികയുടെ കവര്‍ സ്റ്റോറി തന്നെ കത്തോലിക്ക പുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ ആയിരുന്നു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ആരോപണം ഉന്നയിക്കുന്നവരെ ശത്രുതാ മനോഭാവത്തോടെയാണ് കേരളത്തിലെ സഭാ നേതൃത്വങ്ങള്‍ കാണുന്നത്. ഒന്നുകില്‍ മാനസികനില തെറ്റിയവരായോ അല്ലെങ്കില്‍ സഭയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്നവരായോ പരാതിക്കാര്‍ ചിത്രീകരിക്കപ്പെടും. ആഗോള കത്തോലിക്ക സഭയുടെ അദ്ധ്യക്ഷനായ മാര്‍ പാപ്പ (പോപ്പ്), കത്തോലിക്ക പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങളുടെ പേരില്‍ മാപ്പ് പറയുന്ന പതിവ് മിക്കവാറും എല്ലാ വര്‍ഷങ്ങളിലും വാര്‍ത്തയാകാറുണ്ട്. ഇതില്‍ ഇരകളാക്കപ്പെടുന്നവര്‍ മിക്കവാറും കുട്ടികളായിരിക്കും. പക്ഷെ കേരളത്തിലെ സഭാ നേതൃത്വം ഒരു ഘട്ടത്തിലും ഇത്തരം മനുഷ്യത്വപരമായ സമീപനമോ ഇരകളോടുള്ള പരിഗണനയോ പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ല. സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് വേദനാജനകമാണെന്നും ഇക്കാര്യത്തില്‍ മാപ്പ് പറയുന്നതായും പോപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പോപ്പിന്‍റെ മാപ്പ് പറയല്‍ തുടരുകയാണ്, ഒപ്പം ന്യായീകരണങ്ങളും. മാപ്പൊക്കെ വെറും കോപ്പാണ് എന്ന മട്ടിലാണ് പുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ തുടരുന്നത്.

Next Story

Related Stories