TopTop
Begin typing your search above and press return to search.

മാര്‍ക്സിൽ നിന്ന് മതത്തിലേക്ക് സഞ്ചരിച്ച കെഎം മാണി; യാത്രയായത് കേരളാ കോൺഗ്രസ്സുകളുടെ 'കാൾ മാർക്സ്'

മാര്‍ക്സിൽ നിന്ന് മതത്തിലേക്ക് സഞ്ചരിച്ച കെഎം മാണി; യാത്രയായത് കേരളാ കോൺഗ്രസ്സുകളുടെ കാൾ മാർക്സ്

പിളർന്നു പിളർന്ന് വളർന്ന കേരളാ കോൺഗ്രസ്സുകളില്‍ സംസ്ഥാന കക്ഷിയെന്ന അംഗീകാരമുള്ള ഏക പാർട്ടിയുടെ നേതാവായിരുന്നു കെഎം മാണി. ഇതൊന്നു മാത്രമല്ല മാണിക്കുള്ള വിശേഷണമെന്ന് എല്ലാവർക്കുമറിയാം. ചില വ്യക്തിപരമായ താൽപര്യങ്ങളുടെയും, കുറെയേറെ സമുദായപരമായ താൽപര്യങ്ങളുടെയും ബലത്തിൽ സൃഷ്ടിക്കപ്പെട്ട ഒരുകൂട്ടം പാർട്ടികളെന്ന നല്ലതോ ചീത്തതോ ആയ പേര് കേരളാ കോൺഗ്രസ്സ് പാർട്ടികൾക്ക് എക്കാലത്തുമുണ്ട്. എന്നാൽ, ഈ പാര്‍ട്ടിക്ക് ഒരു പ്രത്യയശാസ്ത്ര അടിത്തറയുണ്ട് എന്ന് ആദ്യമായി തിരിച്ചറിഞ്ഞതും അത് അവതരിപ്പിച്ചതും കെഎം മാണിയാണ്. സുറിയാനി ക്രിസ്ത്യാനികളുടെ പാർട്ടിയെന്ന നിലയില്‍ കേരളാ കോൺഗ്രസ്സിന് വെറുമൊരു സാമുദായിക പാർട്ടിയെന്ന ലേബലുള്ളതിനെ എത്രയും നേർപ്പിക്കാൻ മാണിയുടെ 'സൈദ്ധാന്തിക ഇടപെടലുകൾ'ക്ക് സാധിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ്സിനു പുറത്തുള്ളവർ എത്രതന്നെ പരിഹസിച്ചാലും മാണിയുടെ സൈദ്ധാന്തിക ഇടപെടലുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ ആ കക്ഷികൾക്ക് സൃഷ്ടിച്ചു കൊടുത്ത അസ്തിത്വവും ആത്മവിശ്വാസവും വളരെ വലിയതാണ്.

ഈ സിദ്ധാന്തത്തെ കേരളത്തിലെ ഇടതുപക്ഷക്കാർ വിമർശിക്കുമ്പോഴും വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞർ അത്രകണ്ട് തള്ളിപ്പറഞ്ഞിരുന്നില്ലെന്നും കാണണം. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് തന്റെ പുസ്തകം തർജ്ജമ ചെയ്ത് കിട്ടാൻ താൽപര്യപ്പെട്ടതും താനത് കാര്യമാക്കാതിരുന്നിട്ടും വീണ്ടുംവീണ്ടും അദ്ദേഹമത് ആവശ്യപ്പെട്ടതും കെഎം മാണി ഇടയ്ക്കെല്ലാം അൽപം ആത്മരതിയാടെ ഓർത്തെടുക്കാറുണ്ട്. തിരുവിതാംകൂറിന്റെ ഫ്യൂഡൽ സാമ്പത്തികവ്യവസ്ഥയുടെ തുടർച്ചയെ, വലത് സാമ്പത്തിക ശാസ്ത്രത്തിന്റെ പിൻബലത്തിൽ, ഒട്ടധികം നിഷ്കളങ്കതയോടെ, തന്റെ പ്രായോഗിക ബുദ്ധിയുടെ ഉലയിലുരുക്കി അവതരിപ്പിക്കുകയായിരുന്നു മാണിയെന്നു പറഞ്ഞൽ അബദ്ധമാകില്ല.

ഈ സിദ്ധാന്തം പ്രസ്തുത പാർട്ടികളുടെ നിലനിൽപ്പിന്റെ സാമ്പത്തികശാസ്ത്രത്തെ കൃത്യമായും വെളിപ്പെടുത്തുന്നുണ്ട്. കാർഷികവൃത്തി ചെയ്യുന്ന മുതലാളിമാർ തന്നെയാണ് അധ്വാനിക്കുന്നവരെന്ന സ്ഥാപിച്ചെടുക്കുന്നുണ്ട് മാണിയുടെ സിദ്ധാന്തം. എന്നിരിക്കിലും അത് കേരളാ കോൺഗ്രസ്സുകൾ എന്ന പ്രതിഭാസത്തിന്റെ ആത്മീയലോകത്തെ വെളിപ്പെടുത്തുന്നില്ല. യുഡിഎഫിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന കക്ഷിയേതെന്ന ചോദ്യത്തിന് ചിലരെങ്കിലും ഇന്നുത്തരം പറയുക മുസ്ലിം ലീഗ് എന്നാണ്. ഈയടുത്തകാലത്തു പോലും ചില കുതറലുകൾക്ക് മാണി കോൺഗ്രസ്സ് ശ്രമിച്ചിരുന്നുവെന്നത് ഓർക്കുക. എങ്കിലും കോൺഗ്രസ്സിനോട് പറിച്ചെറിഞ്ഞാലും വിട്ടുപോകാനാകാത്ത, നിസ്സഹായതയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബന്ധം മാണി കോൺഗ്രസ്സിനുണ്ട്. ഇതെക്കുറിച്ച് മാത്യു കുഴൽനാടൻ പറയുന്നത് നോക്കുക: "അധ്വാന വർഗ സിദ്ധാന്തം എന്നൊക്കെ പറയുമ്പോഴും കേരളാ കോൺഗ്രസ്സിന്റെ അടിത്തറയെന്നത് മധ്യതിരുവിതാംകൂറിലെ ക്രൈസ്തവസമൂഹം, വിശേഷിച്ച് കത്തോലിക്കാ സഭാ വിശ്വാസികളാണ് എന്നതൊരു യാഥാർത്ഥ്യമാണ്. തങ്ങളുടെ സഭാവിശ്വാസം മുറുകെ പിടിക്കുക എന്നത് ഈ സമൂഹത്തിന്റെ സവിശേഷതയാണ്. 1957ലെ ഇഎംഎസ് സർക്കാരിനെതിരെ വിമോചന സമരത്തിന് കത്തോലിക്കാ സഭ പിന്തുണ നല്‍കിയതിനൊരു കാരണം ഈ വിശ്വാസ തീവ്രതയും കമ്മ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത മതവിരുദ്ധ നിലപാടുമായിരുന്നു..."

മതം ഒരു പ്രശ്നം തന്നെയായിരുന്നു മാണിക്ക് തന്റെ ചെറുപ്പകാലത്തും. മതത്തെ ഏറ്റവും വിശദമായും ആഴത്തിലും അപഗ്രഥിച്ചിട്ടുള്ള സാമ്പത്തികശാസ്ത്ര സിദ്ധാന്തമായ കാൾ മാർക്സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം കെഎം മാണിയെ ചെറുപ്പകാലത്ത് ആവേശിച്ചതിന് മറ്റൊരു കാരണം കണ്ടെത്താനാകില്ല. തരക്കേടില്ലാത്ത സാമ്പത്തിക സാഹചര്യങ്ങളിൽ സാഹചര്യങ്ങളിൽ ജനിച്ചുജീവിച്ച മാണിയെ മാർക്സിലേക്ക് ആകൃഷ്ടനാക്കിയത് മതം തന്നെയാണെന്ന് അദ്ദേഹത്തിന്റെ പിൽക്കാല ജീവിതം തന്നെയാണ് സാക്ഷ്യം പറയുന്നത്.

മദ്രാസ് ലോ കോളജിൽ പഠിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് ഗ്രന്ഥങ്ങളും ലഘുലേഖകളും കൈവശം വെച്ചതിന് ഇദ്ദേഹം പൊലീസിന്റെ നിരീക്ഷണത്തിൽ വരിക പോലുമുണ്ടായി. ഗുരുവായ കെഎം ജോർജിന്റെ സ്വാധീന വലയത്തിൽ ഈ കാലത്തു തന്നെ മാണി പെട്ടിരുന്നു. 1964 ഒക്ടോബര്‍ 8ന് തിരുനക്കര വെച്ച് മന്നത്തു പത്മനാഭൻ തിരിതെളിച്ച് കേരളാ കോൺഗ്രസ്സ് പിറവിയെടുക്കുമ്പോൾ കേരള രാഷ്ട്രീയത്തിലെ ചാണക്യസമാനമായ ഒരു ബുദ്ധികേന്ദ്രം കൂടി ജന്മം കൊള്ളുകയായിരുന്നു. 1965ല്‍ തിരഞ്ഞെടുപ്പ് വന്നപ്പോൾ പാലാ മണ്ഡലത്തിൽ ആര് മത്സരിക്കണമെന്ന ചോദ്യത്തിന് ഉത്തരം കെഎം മാണി എന്നായിരുന്നു. തന്റെ ഗുരുവായ കെഎം ജോർജിന്റെ ജീപ്പിൽ കറങ്ങി നടന്ന് പാർട്ടിക്ക് അടിത്തറ പാകുന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ച മാണി പിന്നീട് തിരുവിതാംകൂർ മേഖലയുടെ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരോടിയ പ്രസ്ഥാനമായി മാറി.


Next Story

Related Stories