Top

'എതിര്‍ക്കുന്നവര്‍ അവര്‍ക്ക് തീവ്രവാദികള്‍; ഇത് നിലനില്‍പ്പിനായുള്ള സമരം'- ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ മുക്കത്തുകാര്‍ പറയുന്നു

കോഴിക്കോട് മുക്കം എരിഞ്ഞമാവില്‍ ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരേ പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്താന്‍ നോക്കുകയാണെന്ന് ആക്ഷേപം. ക്രൂരമായി തങ്ങളെ മര്‍ദ്ദിച്ചുകൊണ്ട് പ്രതിഷേധത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ലാത്തിച്ചാര്‍ജ് നടത്തിയും സമരപന്തല്‍ പൊളിച്ചും പൊലീസ് നടത്തുന്ന തേര്‍വാഴ്ച്ചയില്‍ ആറുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് സമരക്കാര്‍ പറയുന്നുത്.

പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ സമരസമിതി പ്രവര്‍ത്തകന്‍ നൂറുദ്ധീന്‍ പറയുന്നത്; "മുക്കം പോലീസ് സ്റ്റേഷനില്‍ ചര്‍ച്ചയ്‌ക്കെത്തിയവരെ പോലും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമരസമിതി നേതാക്കളും പോലീസും സംസാരിക്കുന്നതിനിടയില്‍ മുക്കം എസ് ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസ് അക്രമം അഴിച്ചു വിടുകയായിരുന്നു. പൊലീസിന്റെ അടിയില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ പോലീസ് കോമ്പൗണ്ടിലേക്ക് ചാടി. അകത്തു സമരനേതാക്കള്‍ ഉള്ളതുകൊണ്ട് ഉപദ്രവിക്കില്ല എന്നു കരുതി. എന്നാല്‍ അവിടെ വച്ചു പോലും മര്‍ദ്ദിച്ചു. തലയ്ക്കു നാല് അടിയേറ്റ എന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ ഒരു ദിവസം കിടക്കേണ്ടി വന്നു.


ഈ സമരം നിലനില്‍പ്പിനായി
ഗെയ്ല്‍ സമരം തങ്ങളുടെ നിലനില്‍പ്പിന്റെ പോരാട്ടമാണെന്നാണ് നൂറുദ്ധീനെ പോലുള്ളവര്‍ പറയുന്നത്. "2008ല്‍ കുടിവെള്ളത്തിന് പൈപ്പ് ഇടാന്‍ എന്ന വ്യാജേനയാണ് ഇവര്‍ ആദ്യം വരുന്നത്. കാര്യമായ കുടിവെള്ള പ്രശനം ഒന്നും ഇവിടെ ഇല്ല എന്നു പറഞ്ഞു അന്നേ ഞങ്ങള്‍ വിലക്കിയിരുന്നു. 2009ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് എളമരം കരീം ഒപ്പുവച്ച ഈ നടപടി മുന്നോട്ടു പോയി. വീടും സ്ഥലങ്ങളും ഏറ്റെടുക്കുന്നു എന്ന് പറഞ്ഞ് ഒരു നോട്ടീസ് പോലും ഞങ്ങള്‍ക്കയച്ചില്ല.


ഞങ്ങളുടെ അനുവാദം ഇല്ലാതെയാണ് പൈപ്പിനായ് കുഴി എടുക്കാന്‍ തുടങ്ങിയത്. ഒരു ഹിയറിങ് പോലും ഞങ്ങളോട് നടത്തിയില്ല. ഹിയറിങ് നടന്നു എന്ന് പറഞ്ഞ് കള്ള ഒപ്പ് ഇട്ടൊക്കെയാണ് അവര്‍ പോയത്. ഞങ്ങളാരും ഗെയ്ല്‍ പദ്ധതിക്ക് എതിരല്ല. പക്ഷെ ജനവാസ കേന്ദ്രങ്ങളിലൂടെ ഉള്ള പൈപ്പ് ഇടലിന് എതിരാണ്.

ഈ പൈപ്പ് ലൈന്‍ വന്നാല്‍ ഞങ്ങളില്‍ പലര്‍ക്കും വീടും സ്ഥലവും പോകും. അതുകൊണ്ട് ഞങ്ങള്‍ക്കിതു നിലനില്പിന്റെ പോരാട്ടമാണ്. അതിനു ഈ കിട്ടിയ അടിയൊക്കെ നാടിനു വേണ്ടി അല്ലേ എന്ന് ഓര്‍ത്തു സമാധാനിക്കും"-
 നൂറുദ്ധീന്‍ പറയുന്നു.പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കുന്നു
"1962ലെ പിഎന്‍പി ആക്ടിന്റെ വ്യക്തമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. ഒരു പ്രകൃതി വാതക പൈപ്പ് ലൈന്‍ കടന്നുപോകുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇവര്‍ മുന്നോട്ട് പോകുന്നത്. 650 മീറ്റര്‍ ദൂരം ജനവാസകേന്ദ്രങ്ങളില്‍ നിന്ന് വേണം എന്നുണ്ട്. എന്നാല്‍ പലയിടത്തും അഞ്ചു മീറ്റര്‍ ദൂരം ഒക്കെയാണ് വീടുകളില്‍ നിന്നുള്ളത്. ആരാധനാലയങ്ങള്‍ക്ക് പരിസരത്തുകൂടെ കടന്നുപോകരുത് എന്നുണ്ട്. എന്നാല്‍ ഉത്സവം നടക്കുന്ന മടകശ്ശേരി ക്ഷേത്ര പരിസരത്തൂടെയാണു പൈപ്പ് ലൈന്‍ പോകുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ റവന്യു അധികൃതര്‍ പോലുമല്ല, ഗെയ്‌ലിന്റെ ആളുകളാണ് വന്നത്. ഇത്തരത്തില്‍ ഒട്ടനവധി നിയമലംഘനങ്ങളാണ് ഈ പദ്ധതിയുടെ മറവില്‍ നടക്കുന്നത്. ഒരുപാട് വയലുകള്‍, നീര്‍ത്തടങ്ങള്‍ ഒക്കെ നശിപ്പിക്കപ്പെട്ടു.


http://www.azhimukham.com/kazhchzppadu-cr-neelakandan-asking-vital-questions-about-gail-pipe-line/

2014ല്‍ ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയില്‍ ഉണ്ടായ ഗെയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിയില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനങ്ങളാകെ ഭീതിയിലാണ്. അവരുടെ ജീവനും സ്വത്തും ഭീഷണിയിലാണ്. പലരും വിവാഹാലോചനകള്‍ മുടങ്ങുമോ , ഭൂമി വില്‍ക്കാന്‍ കഴിയുമോ എന്നൊക്കെയുള്ള പേടിയിലാണ്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് ഇവര്‍ ഉപയോഗിക്കുന്നത് തന്നെ. 2009ല്‍ കൊണ്ടുവന്ന പൈപ്പുകളില്‍ പലതും തുരുമ്പെടുത്തു തുടങ്ങി. അമേരിക്കന്‍ നിര്‍മിത പൈപ്പുകളാണെങ്കിലും അവിടെയും ഇത് പൊട്ടിത്തെറിച്ച ചരിത്രമുണ്ട്. സമരത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം ഭരണകൂടം കാണിക്കുന്നു. ഇതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. അതുകൊണ്ട് സമരങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു"-
 ഗെയ്ല്‍ വിരുദ്ധ സമര സമതി പ്രവര്‍ത്തകന്‍ മുഹമ്മദ് ദിശാല്‍ പറയുന്നു."ഗെയില്‍ പൈപ്പ് ലൈന്‍ വഴി വീടുകളില്‍ പാചക വാതകം എത്തിക്കാന്‍ കഴിയും എന്നാണ് പറയുന്നത്. എന്നാല്‍ ഇതിലൂടെ CNG (compressed natural gas ) ആണ് കടന്നുപോകുന്നത്. അത് വീടുകളില്‍ ഉപയോഗിക്കാറില്ല. ജനകീയ സമരത്തെ ടാങ്കര്‍ ലോറിക്കാരുടെ ആസൂത്രിത നീക്കമാണെന്ന് പറഞ്ഞ് എളമരം കരീമിനെ പോലുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇവിടെ എല്ലാ പാര്‍ട്ടിക്കാരും സമരത്തിലുണ്ട്. സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വം ഇല്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരരംഗത്തുണ്ട്. വളരെ ഐക്യത്തോടെയാണ് ഇവിടുത്തുകാര്‍ ജീവിക്കുന്നത്, അവരെയാണ് തീവ്രവാദികള്‍ എന്ന് മുദ്രകുത്തുന്നത്.


http://www.azhimukham.com/kerala-gail-pipeline-project-people-dont-be-panic-industrial-minister-explain/

പോലീസ് നടപടി അങ്ങേയറ്റം അപലപനീയമാണ്. ലാത്തി വീശിയും ടിയര്‍ ഗ്യാസ് പൊട്ടിച്ചുമാണ് സമരക്കാരെ നേരിടുന്നത്. രാത്രിയില്‍ പോലും വീടുകളില്‍ കയറി ആക്രമിക്കുന്നു, അറസ്റ്റ് ചെയ്യുന്നു. സ്ത്രീകളെ, കുട്ടികളെ ഒക്കെ ഉപദ്രവിക്കുന്നു. നിരപരാധികളായ പലരെയും അറസ്റ്റ് ചെയ്തു. കോട്ടയത്തു പഠിക്കുന്ന ഫായിസ് എന്ന വിദ്യാര്‍ത്ഥി നാട്ടിലെത്തി വീട്ടിലേക്ക് വരുന്ന വഴി പിടിച്ചുകൊണ്ടുപോയി. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്നു 18ഉം 20ഉം വയസ്സുള്ള രണ്ടു കുട്ടികളെ അറസ്റ്റ് ചെയ്തു. കാവന്നൂരില്‍ മകളുടെ വീട്ടില്‍ നിന്നും വരികയായിരുന്ന വൃദ്ധനെ തുടങ്ങി ഒരുപാട് നിരപരാധികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പള്ളിയില്‍ കയറി വരെ അറസ്റ്റുണ്ടായി. 31 പേരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ജാമ്യാപേക്ഷ കോടതി തള്ളി. ഇന്നു ഞങ്ങള്‍ ജില്ല കോടതിയെ സമീപിക്കുന്നുണ്ട്.
മുന്‍പ് ഗെയില്‍ വിരുദ്ധ സമരത്തിന് മുന്നിലുണ്ടായിരുന്ന സിപിഎം ഔദ്യോഗിക നേതൃത്വം ഇന്ന് നിലപാട് മാറ്റിയിരിക്കുകയാണ്. ഗെയില്‍ പൈപ്പ് ലൈന്‍ തന്റെ നെഞ്ചത്തൂടെ മാത്രമേ കടന്നു പോകു എന്ന് പറഞ്ഞു വോട്ട് വാങ്ങിയ ജോര്‍ജ് എം തോമസ് എംഎല്‍ ഇന്ന് സമരത്തെ എതിര്‍ക്കുകയാണ്. ഇവരും ഗെയില്‍ കമ്പനിയുമായി ഒത്തുകളി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു"- മുഹമ്മദ് ദിശാല്‍ ആരോപിക്കുന്നു.

http://www.azhimukham.com/trending-ajith-medachirayil-take-on-cr-neelakandan/

സിപിഎം പ്രവര്‍ത്തകരും സമരത്തില്‍
സിപിഎം ഔദ്യോഗിക നേതൃത്വം സമരത്തില്‍ നിന്നും വിട്ടുനില്‍കുകയാണെങ്കിലും പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരരംഗത്ത് ഉള്ള കാഴ്ചയാണ് മുക്കത്ത് കാണാവുന്നത്. കാരശ്ശേരി പഞ്ചായത്തിലെ സിപിഎം പ്രതിനിധി അബ്ദുല്‍ അക്ബറിനെ പോലുള്ള പാര്‍ട്ടിപ്രവര്‍ത്തകരെ സമര മുന്നണിയില്‍ കാണാം. "ഞാന്‍ ഏഴുവര്‍ഷമായി സമരംഗത്തുണ്ട്. ഇതൊരു ജനകീയ സമരമാണ്. ഞങ്ങളാരും ഗെയില്‍ പദ്ധതിക്ക് എതിരല്ല. അത് ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്നത് എതിര്‍ക്കുന്നവരാണ്. ഇവര്‍ക്കിത് ബദല്‍ സംവിധാനമായി കടലിനടിയിലൂടെ കൊണ്ടുപോകാം. കൊച്ചിയിലും മംഗലാപുരത്തും ഒക്കെ കടലിനടിയിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. എന്തിനു വെറുതെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കണം എന്ന് പറഞ്ഞ് മൂന്ന് തവണ കാരശ്ശേരി പഞ്ചായത്ത് ബില്ല് പാസാക്കിയതാണ്. പോലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു" അബ്ദുല്‍ അക്ബര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റെയും നിലപാടുകള്‍ക്കെതിരേ പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായില്ല.

http://www.azhimukham.com/news-wrap-islamic-extremist-organisations-behind-gail-protest-says-cpm-bjp-and-police-sajukomban/

Next Story

Related Stories