Top

"ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല"-അഭിമുഖം

"ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല"-അഭിമുഖം
ഗാന്ധിയെ കൊലപ്പെടുത്തിയ പാരമ്പര്യമുള്ളവര്‍ക്ക് തന്നെ കൊലപ്പെടുത്തല്‍ അത്ര ബുദ്ധിമുട്ടുണ്ടാകില്ലെന്ന് സുനില്‍ പി ഇളയിടം. തനിക്ക് നേരെയുയര്‍ന്ന വധഭീഷണിയെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ഭീഷണികള്‍ കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജായ സുദര്‍ശനത്തില്‍ സുനില്‍ പി ഇളയിടത്തിന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോയുടെ ഭാഗം പോസ്റ്റ് ചെയ്താണ് വധഭീഷണി ഉയര്‍ത്തിയത്. പ്രസംഗത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ ഭയപ്പെടേണ്ടതാണെന്ന്‌ സുനില്‍ പറയുന്നു. പൊളിറ്റിക്കല്‍ ഇസ്ലാമില്‍ അല്ല, മറിച്ച് അവരുയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ ന്യായമുണ്ടെന്നുമാണ്‌ സുനില്‍ പറയുന്നത്. കൂടാതെ തനിക്ക് നേരെ ഭീഷണി ഉയരാറുണ്ടെന്നും എന്നാല്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു. എറണാകുളത്ത് മൂഴിക്കുളം ചാലയില്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു ചെറിയ കാമ്പിലാണ് താന്‍ ഈ പ്രസംഗം നടത്തിയതെന്ന് സുനില്‍ പി ഇളയിടം അഴിമുഖം പ്രതിനിധിയോട് പറഞ്ഞു. ഈ പ്രസംഗം ആദ്യം പൊക്കിക്കൊണ്ട് വന്നത് ആര്‍എസ്എസ് അല്ല. അഭിമന്യൂവിന്റെ കൊലപാതകം നടന്നപ്പോള്‍ എസ്ഡിപിഐ പ്രതിരോധത്തിലായി. ആ സമയത്ത് അവര്‍ തന്നെയാണ് ഇത് പൊക്കിക്കൊണ്ട് വന്നതെന്നും സുനില്‍ വ്യക്തമാക്കി. സുനില്‍ പി ഇളയിടവുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം:

ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തില്‍ നിന്നാണല്ലോ ഈ എതിര്‍പ്പുകളും വരുന്നത്. അടിസ്ഥാനപരമായി നമുക്കിതിനെ ഭയപ്പെടാനോ പ്രതിരോധിക്കാനോ നൂറ് ശതമാനം കഴിയണമെന്നൊന്നുമില്ല. പക്ഷെ, എന്നെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. പല രൂപത്തില്‍ ഇത്തരം ഭീഷണികളും സമൂഹമാധ്യമങ്ങളിലെ അതിക്രമങ്ങളും അപവാദങ്ങളോ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളോയെല്ലാം പലരൂപത്തിലും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളായിരിക്കണം അവരുടെ ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. ഒരുഭാഗത്ത് ഭീഷണിപ്പെടുത്തിയും മറുഭാഗത്ത് അപകീര്‍ത്തിപ്പെടുത്തിയും നിശബ്ദനാക്കിക്കളയാം എന്ന് കരുതുന്നുണ്ടാകും.


ഞാനങ്ങനെ മഹാധീരനായ മനുഷ്യനൊന്നുമല്ല. പക്ഷെ, നമ്മുടെ പ്രാഥമികമായ നീതിബോധമെന്ന നിലയ്ക്കാണ് ഹൈന്ദവ വര്‍ഗ്ഗീയതയ്‌ക്കെതിരെ നിലപാടെടുക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. നമ്മുടെ നൈതിക അടിസ്ഥാനമായാലും ചരിത്ര വസ്തുതകളുടെ അടിസ്ഥാനമായാലും രാഷ്ട്രീയമായ അടിസ്ഥാനമായാലും ഹൈന്ദവ വര്‍ഗ്ഗീയത എന്നത് എല്ലാത്തരത്തിലും എതിര്‍ക്കപ്പെടേണ്ട ഒന്നാണെന്നാണെന്ന കാര്യത്തില്‍ തുടക്കം മുതല്‍ എനിക്ക് സംശയമുണ്ടായിട്ടില്ല. ഇപ്പോഴും അതിന് സംശയമില്ല. അക്കാദമികിന്റെ സുരക്ഷിത ലോകത്ത് ഇത് പറഞ്ഞ് ജീവിക്കാന്‍ എനിക്ക് വ്യക്തിപരമായി പ്രയാസമൊന്നുമില്ല.


നമ്മുടേത് പോലൊരു കാലത്ത് ഈ ലോകം പോരാ എന്നുള്ളത് കൊണ്ടാണ് ഞാനിപ്പോള്‍ റോഡിലിറങ്ങി നില്‍ക്കുന്നത്. അതുകൊണ്ട് എന്റെ ഒരു തോന്നലെന്നത് കൂടുതല്‍ ശക്തമായി തന്നെ ഇതില്‍ പറയേണ്ടതുണ്ടെന്നാണ്. ഞാനൊരാളല്ല, എല്ലാവരും. നമ്മുടെ സൈദ്ധാന്തിക മണ്ഡലത്തില്‍ കാലങ്ങളായി നിലവിലുള്ളതാണ് ഇത്. അതിനാല്‍ തന്നെ ഈ പറയുന്നത് കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് കൂടുതല്‍ ശക്തമായി തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഇതുകൊണ്ട് അവര്‍ പ്രതീക്ഷിക്കുന്ന ഫലമൊന്നും ഇതുകൊണ്ടുണ്ടാകില്ല.


പല വിധത്തിലുമുള്ള സമ്മര്‍ദ്ദം ചെലുത്തുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. സൗമ്യമായി വീട്ടിലുള്ള ആളുകളോട് ശ്രദ്ധിക്കണം കരുതല്‍ വേണമെന്നൊക്കെ പറയുക, സാമൂഹ്യ മാധ്യമങ്ങളില്‍ ഭീഷണി ഉയര്‍ത്തുക, തെറിക്കത്ത് അയയ്ക്കുക, അതുപോലെ അപവാദ പ്രചരണങ്ങള്‍ നടത്തുക ഇങ്ങനെ ആകാവുന്ന എല്ലാ രീതിയില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമമാണ് ഒരു രണ്ട് മൂന്ന് ആഴ്ചയായി നടക്കുന്നത്.

ഗാന്ധിയെ കൊലപ്പെടുത്തിയ ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തിനെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല. പക്ഷെ അങ്ങനെ ഒരു ഭീഷണിയുടെ പേരില്‍ ഈ ശബ്ദം ഇല്ലാതാക്കാനൊന്നും അവരെക്കൊണ്ട് പറ്റില്ല. ഇപ്പോള്‍ അവരെ പ്രകോപിപ്പിച്ചിട്ടുണ്ടാകുക ആ ഭീഷണിക്കൊപ്പം ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയിലെ ഹിന്ദുത്വ രാഷ്ട്രീയവും ഇസ്ലാം രാഷ്ട്രീയവും താരതമ്യമാകാം. ഹിന്ദുത്വമെന്നതും ഹിന്ദുവെന്നതും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്തവരാണ് ഇവര്‍. നമ്മള്‍ ഹിന്ദുത്വം എന്ന് പറയുന്നത് ഹിന്ദു മതത്തിനെതിരെയല്ല, അവര്‍ക്കിടയിലുണ്ടായിട്ടുള്ള ഹിന്ദുത്വ വ്യക്തിത്വത്തിനെതിരെയാണ്.


പൊളിറ്റിക്കല്‍ ഇസ്ലാമിനോട് ഏതെങ്കിലും വിധത്തില്‍ ആഭിമുഖ്യമുള്ള ആളല്ല ഞാന്‍. അതിനെ കൃത്യമായി എതിര്‍ക്കുന്ന ആളുമാണ്. പക്ഷെ അവര്‍ മുന്നോട്ട് വയ്ക്കുന്ന ഒരു വിഷയമുണ്ടല്ലോ? ആധുനിക ഇന്ത്യയില്‍ ഇസ്ലാം നേരിടുന്ന അപരവല്‍ക്കരണം. മാര്‍ജിനലൈസേഷന്റെ പ്രശ്‌നങ്ങള്‍. എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് കാണാതിരിക്കാന്‍ പറ്റില്ല. അതിന്റെ അര്‍ത്ഥം പൊളിറ്റിക്കല്‍ ഇസ്ലാമിനോട് അഫിലിയേറ്റ് ചെയ്യുകയാണെന്ന് അല്ല. രാഷ്ട്രീയമായി പൊളിറ്റിക്കല്‍ ഇസ്ലാം ഏതെങ്കിലും തരത്തില്‍ ഹിന്ദുത്വത്തേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് യാതോരു ധാരണയും എനിക്കില്ല. ഒരിക്കലും ഞാന്‍ വച്ച് പുലര്‍ത്തിയിട്ടുമില്ല. പക്ഷെ, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അക്കൗണ്ടിലാണെങ്കിലും ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യം നമ്മള്‍ കാണാതിരുന്ന് കൂടാ.


അതേസമയം ഹിന്ദുത്വം ഉന്നയിക്കുന്ന പ്രശ്‌നങ്ങളുണ്ടല്ലോ. ഇപ്പോള്‍ മുസ്ലീങ്ങളുള്ളതുകൊണ്ട് പീഡനം വര്‍ദ്ധിക്കുന്നു, മുസ്ലീങ്ങളാണ് വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കുന്നതെന്നൊക്കെയുള്ള വാദങ്ങള്‍ അടിസ്ഥാനപരിമായി നുണയാണ്. നമ്മുടെ ചരിത്രത്തിന്റെയും സാമൂഹിക അനുഭവങ്ങളുടെയും ഉള്ളില്‍ നോക്കിയാല്‍ ആധുനികഘട്ടം മുതല്‍ ഇസ്ലാം നേരിടുന്ന ഒരു മാര്‍ജിനലൈസേഷന്റെ, ഒരു ഒഴിച്ചുനിര്‍ത്തലിന്റെ പ്രശ്‌നമുണ്ട്. ഇത് ജനാധിപത്യപരമായി നോക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നു. എന്ന് പറഞ്ഞാല്‍ പൊളിറ്റിക്കല്‍ ഇസ്ലാം ശരിയാണെന്നല്ല. പൊളിറ്റിക്കല്‍ ഇസ്ലാം ഒരു വിധത്തിലും ശരിയല്ല.


ഇപ്പോള്‍ എസ്ഡിപിഐയോ എന്‍ഡിഎഫോ അതുപോലുള്ള ആവിഷ്‌കാരങ്ങളോ ഒന്നും തന്നെ മതവര്‍ഗ്ഗീയതയുടെ കാര്യത്തില്‍ ഹിന്ദുത്വത്തേക്കാള്‍ ഏതെങ്കിലും അളവില്‍ കുറഞ്ഞവരുമല്ല. ഒരു സംശയവും എനിക്ക് അതിലില്ല. അത് ഞാന്‍ പലവിധത്തില്‍ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതേസമയം ഹിന്ദുത്വം ഉയര്‍ത്തുന്ന ഭീഷണി അവരേക്കാളൊക്കെ എത്രയോ പതിന്മടങ്ങ് വലുതാണ്. ഇന്ത്യയിലെ മുസ്ലിം സമൂഹം നേരിടുന്ന ഒഴിച്ചുനിര്‍ത്തല്‍ ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണ്. ഈ രണ്ട് കാര്യങ്ങള്‍ നമ്മുടെ പരിഗണനയിലുണ്ടാകണം എന്നാണ് എനിക്ക് പറയാനുള്ളത്. അത് സ്വാഭാവികമായും അവര്‍ക്ക് ഇഷ്ടമാകില്ലല്ലോ?


പിന്നെ ഒരു കാര്യം കൂടി പറയാം. പ്രഖ്യാപിത ഹിന്ദു സംഘടനക്കാരേക്കാള്‍ നൂറ് മടങ്ങ് അതിന്റെ ചരിത്രത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഇതിലെ ആധികാരിക ഗ്രന്ഥങ്ങളെക്കുറിച്ചുമെല്ലാം പഠിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്ന ആള്‍ കൂടിയാണ് ഞാന്‍. ഈ ഹിന്ദുവാദികള്‍ വായിച്ചതിന്റെ എത്രയോ മടങ്ങ് ഞാന്‍ മഹാഭാരതവും രാമായണവും നോക്കിയിട്ടുണ്ട്. അതുകൊണ്ട് അതിന്റെ അക്കൗണ്ടിലൊന്നും അവര്‍ സംസാരിക്കേണ്ട യാതൊരു കാര്യവുമില്ല. നമ്മുടെ മുന്നിലെ അടിസ്ഥാന പ്രശ്‌നം സോഷ്യല്‍ ജസ്റ്റിസിനെക്കുറിച്ചുള്ളതാണ്. അതിന് ഹൈന്ദവ വര്‍ഗ്ഗീയത നമ്മുടെ മുന്നില്‍ മാരക ഭീഷണിയാണ്. അതുകൊണ്ട് അതിനെ എതിര്‍ത്തുകൊണ്ടിരിക്കുന്നു.


ഭീഷണിപ്പെടുത്തിയോ വീട്ടുകാരെക്കൊണ്ട് സംസാരിച്ചോ ഒക്കെ അതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ട്. അതില്‍ ഫലമില്ലെന്ന് അവര്‍ക്കെപ്പോഴെങ്കിലും മനസിലാകും.

https://www.azhimukham.com/trending-murder-threat-on-sunil-p-ilayidam/

https://www.azhimukham.com/trending-writer-sunil-p-ilayidom-speech-sabarimala-women-entry-based-on-renaissance-video/

https://www.azhimukham.com/video-protecting-indian-constitution-campaign-we-the-people-supported-by-sunil-p-ilayidom/

https://www.azhimukham.com/updates-sunil-p-ilayidam-ilayadim-deny-one-statement-spreading-on-social-media-in-his-name/

https://www.azhimukham.com/kerala-sunil-p-ilayidam-speaks-about-sachidhanandahn-award-controversy/

Next Story

Related Stories