TopTop
Begin typing your search above and press return to search.

വര്‍ഷം മുഴുവന്‍ മാലിന്യം ശ്വസിച്ച് ഒരു ഗ്രാമം; സാങ്കേതികത പറഞ്ഞ് അധികൃതരും

വര്‍ഷം മുഴുവന്‍ മാലിന്യം ശ്വസിച്ച് ഒരു ഗ്രാമം; സാങ്കേതികത പറഞ്ഞ് അധികൃതരും

ഉപയോഗശൂന്യമായി കിടക്കുന്ന ക്വാറിയിലെ മാലിന്യ നിക്ഷേപം കൊണ്ട് ദുരിതമനുഭവിക്കുകയാണ് വയനാട്ടിലെ ഒരു ഗ്രാമം. പുല്‍പ്പള്ളി പഞ്ചായത്തിലെ കുളത്തൂര്‍ ഗ്രാമമാണ് കാലങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന ക്വാറി കാരണം കഷ്ടത അനുഭവിക്കുന്നത്. 60 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന ഈ ക്വാറിയിലാണ് പുറത്ത് നിന്നടക്കമുള്ളര്‍ മാലിന്യം നിക്ഷേപിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ രീതിയിലുള്ള ദുര്‍ഗന്ധമാണ് വര്‍ഷം മുഴുവന്‍. മഴക്കാലമാകുന്നതോടെ ഇതിന്റ ആഘാതം ഇരട്ടിയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗികളും അര്‍ബുദ രോഗികളും വസിക്കുന്ന ആദിവാസി കോളനിക്ക് സമീപമാണ് മാലിന്യം നിക്ഷേപിക്കുന്ന ഈ ക്വാറി. കൂടാതെ ഇതിന്റെ അടുത്ത് തന്നെയാണ് അങ്കണവാടിയും കോളനിയിലേക്കുള്ള കുടിവെള്ള ടാങ്കും എല്ലാമുള്ളത്. .

'ഞങ്ങളെന്തു ചെയ്യാനാ? ഞങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് പോലും തന്നത് ഈ മാലിന്യത്തിന്റ മുന്‍പിലാണ്. വെള്ളം എടുക്കാന്‍ പോകുമ്പോഴും മൂക്ക് പൊത്തി വേണം പോകാന്‍. കുറെ പരാതിയൊക്കെ കൊടുത്തതാണ്. പക്ഷെ ഒരു കാര്യവും ഉണ്ടായില്ല. കാറ്റടിക്കുമ്പോള്‍ പുരയ്ക്കകത്തേക്ക് മണം കേറും. ഇനി ആരോട് പരാതി പറയും എന്നറിയില്ല. കോളനിക്കാരായ ഞങ്ങളുടെ ആവശ്യം ആരും അംഗീകരിക്കുന്നില്ല. എങ്ങനെയെങ്കിലും മണ്ണിട്ട് മൂടി തന്നാല്‍ മതിയാരുന്നു. മഴക്കാലത്താണ് ഏറ്റവും ബുദ്ധിമുട്ട്' എന്നാണ് കോളനിയില്‍ താമസിക്കുന്ന വീട്ടമ്മ ഗൗരി പറയുന്നത്. അങ്കണവാടി അധ്യാപികയായ സീത തങ്ങളുടെ ദുരിതങ്ങളെകുറിച്ച് പറയുന്നത് ഇങ്ങനെയാണ്- 'മഴക്കാലം ഞങ്ങള്‍ക്ക് തീരാദുരിതമാണ്. രാവിലെ ജോലിക്ക് എത്തി വൈകുന്നേരം വരെ തുടര്‍ച്ചയായി ദുര്‍ഗന്ധം അനുഭവിക്കേണ്ടി വരുന്നതുകൊണ്ട് ശാരീരിക അസ്വസ്ഥത വളരെയധികം ഉണ്ടാകുന്നുണ്ട്. കുഞ്ഞുങ്ങളുടെ കാര്യമാണ് വളരെ കഷ്ടം. വൃത്തിഹീനമായ ഈ സാഹചര്യം കുട്ടികളെ സംബന്ധിച്ച് വലിയ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കും. മഴക്കാലത്ത് ഈ ക്വാറിയില്‍ വെള്ളം നിറഞ്ഞ് മലിന ജലം പുറത്തേക്ക് ഒഴുകുകയാണ്. ഇരുപതിനടുത്ത് കുട്ടികള്‍ പഠിക്കുന്നുണ്ട്. ക്വാറിക്ക് കൈവരി പോലും ഇല്ലാത്തതിനാല്‍ രാവിലെ അംഗണ്‍വാടി എത്തിയാല്‍ മുതല്‍ ഇമ ചിമ്മാതെ കുട്ടികളെ തന്നെ നോക്കി ഇരിക്കണം. ഇതൊന്ന് മണ്ണിട്ട് മൂടി തരണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല.'

നിരവധി ക്ഷയരോഗികള്‍ ഉള്ളപ്പോള്‍ തന്നെ അര്‍ബുദ രോഗത്താല്‍ ബുദ്ധിമുട്ടുന്നവരും ഈ കുളത്തൂര്‍ ഗ്രാമത്തില്‍ വസിക്കുന്നുണ്ട്. 35-ലധികം ആദിവാസി കുടുംബങ്ങളാണ് ഇവിടെ വസിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ക്വാറിയാണ് ഇവിടെ ഉള്ളത്. ക്വാറി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഇവിടെയുണ്ടായ ഒരപകടത്തില്‍ 2 പേര്‍ മരിക്കുകയും ചെയ്തിരുന്നു. കാലങ്ങളായി നാട്ടുകാര്‍ ഈ ക്വാറി മൂടി കിട്ടുന്നതിനായി പഞ്ചായത്ത്, കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു വിധത്തിലുള്ള പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. 'വലിയ ഒരു സാമൂഹിക വിപത്താണിത്. ഞങ്ങളെ കൊണ്ടു കഴിയുന്നത് ഞങ്ങള്‍ ചെയ്യുന്നുണ്ട്. കുറച്ചുകാലം മുന്‍പ് നാട്ടുകാര്‍ തന്നെ പിരിവെടുത്ത് കുറച്ചു മണ്ണു കൊണ്ടുവന്ന് നിക്ഷേപിച്ചതാണ്. എന്നാല്‍ അതു പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലം ആയതിനാല്‍ പഞ്ചായത്തിന് ഇടപെടാന്‍ പരിമിതി ഉണ്ട്. മുഖ്യമന്ത്രിക്കും ഇപ്പോള്‍ പരാതി നല്‍കിയിട്ടുണ്ട്. എത്രയും വേഗം അതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ' എന്ന് കുളത്തൂര്‍ ഗ്രാമം ഉള്‍പ്പെടുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ 3-ാം വാര്‍ഡ് മെമ്പര്‍ അജിത് കുമാര്‍ അഴിമുഖത്തോടു പറഞ്ഞു.

നേരത്തെ വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അടക്കമുള്ളവര്‍ ക്വാറി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് മുന്നിട്ടിറങ്ങി ക്വാറി നികത്താന്‍ ക്വാറി ഉടമയും, പഞ്ചായത്തിന് എഴുതി നല്‍കാതെ ക്വാറി ഏറ്റെടുക്കാനോ നികത്താനോ കഴിയില്ലെന്ന് പഞ്ചായത്ത് ഭരണസമിതിയും പഞ്ചായത്ത് സെക്രട്ടറിയും നിലപാടെടുത്തതോടെ തീരുമാനം അനശ്ചിതത്വത്തിലാവുകയായിരുന്നു. 'മൂന്ന് പ്രാവശ്യം ക്വാറി ഉടമയുമായി ചര്‍ച്ച നടത്തിയതാണ്. എന്നാല്‍ അവര്‍ ഈ കാര്യത്തില്‍ അയവു വരുത്തുന്നില്ല. അവര്‍ ഈ കാര്യത്തില്‍ സമ്മതം തന്നാല്‍ ഏതെങ്കിലും വിധത്തില്‍ എങ്ങനെയെങ്കിലും ചെറു ഫണ്ട് കണ്ടെത്തി ക്വാറി മൂടാവുന്ന പ്രശനമെ ഉള്ളു. പഞ്ചായത്തിന്റ സ്വത്ത് രേഖയില്‍ ഈ ഭൂമി ഉള്‍പ്പെടാതിരിക്കുന്നിടത്തോളം കാലം ഇതില്‍ ഞങ്ങള്‍ക്ക് തീരുമാനമെടുക്കുക ബുദ്ധിമുട്ടാണ്. ഇനി അഥവാ ഞങ്ങള്‍ സ്വയം തീരുമാനമെടുത്ത് ക്വാറി മൂടാനുള്ള തീരുമാനത്തില്‍ വന്നാല്‍ നാളെ ഈ ക്വാറി ഉടമ മറ്റു നിയമ നടപടികളുമായി വന്നാല്‍ അതും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. എങ്കിലും ഏതു വിധേനയും ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്' ഇവിടുത്തെ സാഹചര്യത്തെ കുറിച്ച് പുല്‍പ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ പ്രതികരിച്ചത്.

പഞ്ചായത്തിന്റ നേതൃത്വത്തില്‍ അടിയന്തരമായി തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. പുല്‍പ്പള്ളി പ്രദേശത്തേക്ക് മഴ ഇതുവരെ ലഭിച്ചു തുടങ്ങിയിട്ടില്ലെങ്കിലും ജില്ലയില്‍ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ മഴ പെയ്തു തുടങ്ങിയാല്‍ ക്വാറി മാലിന്യം പുറത്തേക്ക് ഒഴുകുകയും അത് കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാക്കുമെന്നുള്ള ആശങ്കയും കുളത്തൂരിലെ ജനങ്ങള്‍ക്കുണ്ട്. 'ഈ ദിവസങ്ങളില്‍ തന്നെ എ.ഡി.എമ്മിനെക്കണ്ട് പ്രശ്‌നത്തിന്റ ഗൗരവം മനസ്സിലാക്കാന്‍ ശ്രമിക്കും. ഭൂമി ക്വാറി ഉടമ വിട്ടു നല്‍കാന്‍ തയാറായാല്‍ എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ഇനി അതല്ലെങ്കില്‍ പോലും ബദല്‍ മാര്‍ഗം ആലോചിക്കുന്നുണ്ട്. ഇപ്പോഴുള്ള ഭരണസമിതി വളരെ ഗൗരവമായിട്ടാണ് ഈ പ്രശ്‌നത്തെ കാണുന്നത് ' എന്ന് പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശും പറയുന്നു.

ഒരോ ദിവസം കഴിയുംന്തോറും കോളനികളിലെ ക്ഷയരോഗികള്‍ക്ക് ബുദ്ധിമുട്ട് കൂടി വരികയാണ്. ക്വാറി ഉടമ ഈ കാര്യത്തില്‍ വിട്ടു വീഴ്ചക്ക് തയാറായാല്‍ എത്രയും വേഗം കാര്യങ്ങള്‍ക്ക് തീരുമാനം നല്‍കി ജനങ്ങളെ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കാമെന്ന് കണക്ക് കൂട്ടുന്നുണ്ടെങ്കിലും അതിന് ഇനി എത്ര കാലം എന്നുള്ള ചോദ്യം മാത്രം ബാക്കി നില്‍ക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories