TopTop
Begin typing your search above and press return to search.

ഗാസ സ്ട്രീറ്റ്: കാസര്‍ഗോഡിനെ വര്‍ഗീയഭൂമിയാക്കാന്‍ മറ്റൊരു വിവാദം

ഗാസ സ്ട്രീറ്റ്: കാസര്‍ഗോഡിനെ വര്‍ഗീയഭൂമിയാക്കാന്‍ മറ്റൊരു വിവാദം

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ ചെറിയ ഒരു തെരുവായ തുരുത്തിയില്‍ പുതുതായി നിര്‍മിച്ച റോഡിന് സമീപം ഗാസ സ്ട്രീറ്റ് എന്ന ബോര്‍ഡ് സ്ഥാപിച്ചത് ആശങ്ക നിറയ്ക്കുന്ന സംഭവമാണെന്നും, സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നുവെന്നുമുള്ള രാഷ്ട്രീയാരോപണങ്ങളും ഇതുസംബന്ധിച്ച വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ ചിരിച്ചു തള്ളുകയാണ് കാസര്‍ഗോട്ടുകാര്‍. എന്‍ഐഎയ്ക്ക് വേറെ പണിയൊന്നുമില്ലേ...? എന്ന് പറഞ്ഞ് ഒരു വിഭാഗം വാര്‍ത്തയെ തള്ളിക്കളയുമ്പോള്‍, ഇത് വര്‍ഗ്ഗീയത ആഴത്തില്‍ വേരോടിക്കാനും അതിനെ പരിപോഷിപ്പിക്കാനും പലരും ശ്രമിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുറത്തുവരുന്ന വാര്‍ത്തകളെന്ന് മറ്റൊരു വിഭാഗം ഗൗരവത്തോടെ അനുമാനിക്കുന്നു.

'ഗാസ ബോര്‍ഡ്' കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വഴി സംസ്ഥാന നേതൃത്വത്തിലൂടെയാണ് വാര്‍ത്തയും വിവാദവുമായി മാറുന്നത്. പള്ളിയില്‍ കയറി റിയാസ് മൗലവയെ കൊലപ്പെടുത്തിയ വിഷയത്തില്‍ അസാമാന്യ സംയമനം കാണിച്ച ഈ ജില്ലയെ ഒരിക്കല്‍ക്കൂടി വര്‍ഗ്ഗീയതയുടെ പുകമറയ്ക്കുള്ളില്‍ ആക്കാനുള്ള ശ്രമാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. പുറത്തു വരുന്ന വാര്‍ത്തകളുടെ മറുപുറം തുറന്നുപറഞ്ഞുകൊണ്ട് തുരുത്തി പ്രദേശവാസികളും, കാസര്‍ഗോഡ് മുനിസിപ്പാലിറ്റി പ്രദേശത്ത് ജീവിക്കുന്നവരുമായ പലരും കുറിപ്പുകളെഴുതി പോസ്റ്റ് ചെയ്തു. ജില്ലയില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചാരണത്തിനൊപ്പം നിന്നില്ല.

ഐ.എസ് ബന്ധം സ്ഥിരീകരിച്ച യുവാക്കളുടെ പ്രദേശമായ പടന്നയ്ക്കടുത്ത് തുരുത്തി എന്ന് പേരുള്ള ഒരു പ്രദേശമുണ്ട്. എന്നാല്‍ പടന്നയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന തുരുത്തിയിലാണ് ഗാസ സ്ട്രീറ്റ് എന്ന ബോര്‍ഡ് ഉള്ളത്. പല മാധ്യമങ്ങളും ധാരണ പിശകില്‍, തുരുത്തിയെ പടന്നയ്ക്കടുത്ത പ്രദേശമായി ചിത്രീകരിച്ച് വാര്‍ത്തയുടെ വ്യാപ്തി വര്‍ധിപ്പിച്ചു.

കോഴിക്കോട് ബംഗ്ലാദേശ് കോളനി, പത്തനംതിട്ട ഫായിസമുക്ക്, മറ്റ് പലയിടങ്ങളിലുമായി ലെനിന്‍ കോര്‍ണര്‍, ക്യൂബ സിറ്റി, ശിവജി സെന്റര്‍ പോലെ പ്രത്യയശാസ്ത്രങ്ങളെയും മറ്റും ഏറ്റെടുത്ത് നാമകരണം ചെയ്യപ്പെട്ടതും പില്‍ക്കാലത്ത് സര്‍ക്കാര്‍ രജിസ്റ്ററുകളില്‍ പോലും ഇടം പിടിച്ചതുമായ സംഭവങ്ങള്‍ കേരളത്തിന് പരിചിതമാണെന്നിരിക്കെ, ഇന്ത്യ എക്കാലത്തും പിന്തുണച്ച പലസ്തീനിലെ ഗാസയുടെ പേര് ഒരു തെരുവിന് നല്‍കിയെന്ന സംഭവം ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്നതിന് പിന്നിലെ തത്പര ബുദ്ധികളെ തിരിച്ചറിയാന്‍ പല മാധ്യമങ്ങള്‍ക്കും കഴിയാതെപോയതായി നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. തുരുത്തി പ്രദേശത്തെ ചില യുവാക്കള്‍ തന്നെയാണ് ഈ പേരിന് പിന്നില്‍... എന്നാല്‍ ഇത്തരത്തില്‍ ഒരു ഗുലുമാല്‍ ഈ പേര് വരുത്തി തീര്‍ക്കുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല.

സംഭവത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാനും ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തും വിശദീകരണവുമായി രംഗത്ത് വന്നു. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന പ്രദേശങ്ങളെ തെരഞ്ഞുപിടിച്ച് തീവ്രവാദ പ്രവര്‍ത്തന കേന്ദ്രങ്ങളായി മുദ്ര കുത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ബിജെപി നേതാവിന്റെ നീക്കം കരുതിയിരിക്കണമെന്ന് അബ്ദുര്‍ റഹ്മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ തുരുത്തിയില്‍ ഒരു തെരുവിന് ഗാസ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തുവെന്നാരോപിച്ച് തുരുത്തിയെ തീവ്രവാദ റിക്രൂട്ട്മെന്റ് കേന്ദ്രമെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് സുരേന്ദ്രന്‍ രംഗത്ത് വരികയും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുകയും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുകയും ചെയ്തത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ് എന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഒരു പെറ്റികേസ്സില്‍ പോലും ഉള്‍പ്പെടാത്ത ജനങ്ങള്‍ അധിവസിക്കുന്ന സമാധാനവും സൗഹാര്‍ദവും നിലനില്‍ക്കുന്ന തുരുത്തി പ്രദേശത്തെ കളങ്കപ്പെടുത്താനാണ് ബിജെപി നേതാവ് മുന്നോട്ടു വന്നതെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കേസില്‍ നേരിട്ട് കൊണ്ടിരിക്കുന്ന തിരിച്ചടി മറച്ച് വെക്കാനും നാട്ടില്‍ വര്‍ഗീയ വിഷം ചീറ്റാനുമാണ് ഇത്തരമൊരു പരാതി നല്‍കിയതെന്നും എ. അബ്ദുര്‍ റഹ്മാന്‍ കുറ്റപ്പെടുത്തി.

സുരേന്ദ്രന്‍ കാസര്‍ഗോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ കാസര്‍ഗോഡിന്റെ സമാധാനം നഷ്ടപ്പെടുകയും നാട് കലാപഭൂമിയാക്കുകയും ചെയ്തിരിക്കുകയാണ്. മിതവാദികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നും അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. രാജ്യത്ത് കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ ചൂരിയില്‍ മദ്രസാധ്യാപകനെ താമസസ്ഥലത്തു കയറി മൃഗീയമായി വെട്ടി കൊലപ്പെടുത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കിയത് സുരേന്ദ്രന്റെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ചില പ്രസ്താവനകളും നിര്‍ദ്ദേശങ്ങളുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാസര്‍ഗോഡും പരിസര പ്രദേശങ്ങളിലും നിലനില്‍ക്കുന്ന സമാധാനന്തരീക്ഷവും മത സൗഹാര്‍ദവും തകര്‍ക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന സുരേന്ദ്രനെ നിയന്ത്രിക്കാന്‍ ബി.ജെ.പി തയ്യാറാവണമെന്നും അല്ലാത്ത പക്ഷമുണ്ടാവുന്ന മുഴുവന്‍ ഭവിഷ്യത്തുകള്‍ക്കും ബിജെപിയായിരിക്കും ഉത്തരവാദിയെന്നും അബ്ദുര്‍ റഹ്മാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തുരുത്തിയുടെ പേരുമാറ്റി ഗാസാ തെരുവ് എന്ന് പേരുമാറ്റിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ബിജെപി ജില്ലാ പ്രസിഡണ്ട് ശ്രീകാന്തിന്റെ ആവശ്യം. തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതും അതിന് ശ്രമിക്കുന്നതും രാജ്യദ്രോഹക്കുറ്റമാണ്. കാസര്‍ഗോഡ് നഗരസഭ പണം ചെലവഴിച്ച് നിര്‍മ്മിച്ച റോഡിന് ഗാസ എന്ന് പേര് മാറ്റിയത് പ്രതിഷേധാര്‍ഹമാണ്. ഗാസ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിനെതിരെ നടപടി സ്വീകരിക്കണമെന്നും ശ്രീകാന്ത് പറഞ്ഞു.

നഗ്നമായ രാജ്യദ്രോഹ കുറ്റത്തിന് ബഷീര്‍ കൂട്ടുനില്‍ക്കുകയാണെന്നും പണം ചെലവഴിച്ച കാസര്‍ഗോഡ് നഗരസഭ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന മുസ്ലിംലീഗ് ജനപ്രതിനിധികള്‍ കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. രാജ്യദ്രോഹ കുറ്റത്തിന് സംസ്ഥാന പോലീസും കൂട്ടുനില്‍ക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ശ്രീകാന്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയക്കാര്‍ ആരോപണപ്രത്യോരോപണങ്ങളുമായി മുന്നേറുമ്പോഴും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിലാണ് കാസര്‍ഗോട്ടെ മനുഷ്യര്‍. പെരുന്നാള്‍ തിരക്കിലാണ് ഇവിടുത്തെ ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാമെന്ന് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സമൂസയും, കല്ലുമ്മക്കായിയും പത്തലും കിളിക്കൂടും ഒക്കെയാണ് അവരുടെ വര്‍ത്തമാനത്തില്‍ നിറയുന്നത്. വര്‍ഗ്ഗീയതയെക്കുറിച്ചോര്‍ക്കാന്‍ പോലും ഞങ്ങള്‍ക്ക് സമയമില്ല; കാസര്‍ഗോട്ടുകാര്‍ അവരുടെ നയം വ്യക്തമാക്കുന്നു.


Next Story

Related Stories