TopTop
Begin typing your search above and press return to search.

ശരീരത്തിന്റെ നിറം കൊണ്ടാണ് ഈ ഗവ. നഴ്‌സിനെ ആള്‍ക്കൂട്ടം ആക്രമിച്ചതെങ്കില്‍ ഈ കേരളത്തെ ഭയക്കണം

ശരീരത്തിന്റെ നിറം കൊണ്ടാണ് ഈ ഗവ. നഴ്‌സിനെ ആള്‍ക്കൂട്ടം ആക്രമിച്ചതെങ്കില്‍ ഈ കേരളത്തെ ഭയക്കണം
പൊതുബോധങ്ങള്‍ രൂപപെടുന്നതില്‍ എല്ലാ തരത്തിലുള്ള മാധ്യമങ്ങള്‍ക്കുമുള്ള പങ്ക് ചെറുതൊന്നുമല്ല. അടുത്തിടെയായി ആള്‍ക്കൂട്ടാക്രമണ പ്രവണത രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത് വളരെ നിഷ്‌കളങ്കമായി സംഭവിക്കുന്ന ഒന്നാണെന്ന് കരുതാന്‍ വയ്യ. പലപ്പോഴും ജാതി, മത, ലിംഗ, വര്‍ഗ ഭേദങ്ങളും മുന്‍കൂട്ടി ഉണ്ടായിത്തീര്‍ന്ന പല പൊതുബോധങ്ങളുമാണ് ഇതിലേക്കെത്തിക്കുന്നത്. ഉത്തരേന്ത്യയില്‍ പലയിടത്തും മുസ്ലിം, ദളിത്‌ വിരുദ്ധതയുടെയും ഗോസംരക്ഷണത്തിന്റെയും പേരിലാണ് ആള്‍ക്കൂട്ടാക്രമണങ്ങള്‍ നടന്നു വരുന്നത്. എന്നാല്‍ കേരളത്തില്‍ കുറച്ച് കൂടി മാറി കുട്ടികളെ തട്ടി കൊണ്ടു പോകാനെത്തുന്ന സംഘമോ, മോഷ്ടാക്കളോ എന്നൊക്കെ ആരോപണം ഉന്നയിച്ചാണ് ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നത്. ആദിവാസി യുവാവ് മധുവിനെ നമ്മളാരും മറന്നിട്ടില്ലെന്നു കരുതുന്നു!

മലയാളികളുടെ പൊതുബോധത്തില്‍ യാചകരും വീട് കയറി വില്‍പന നടത്തുന്നവരും കൂട്ടികളെ തട്ടി കൊണ്ടു പോകുന്നവരാണെന്നുള്ള ബോധം കയറി കൂടിയിട്ട് അധിക നാളായില്ല. തുടര്‍ന്ന് പലയിടങ്ങളിലായി ആളുകളുടെ രൂപം വെച്ച് മുന്‍ധാരണയോടെ പെരുമാറുന്നതും സംഘം ചേര്‍ന്ന് അക്രമിക്കുന്നതും കേരളത്തില്‍ തുടര്‍ക്കഥയായിരിക്കുകയാണ്. ഏതെങ്കിലും ഒന്നോ രണ്ടോ സംഭവങ്ങളെ സാമാന്യവത്കരിച്ച് യാചകരെ ബഹിഷ്‌കരിക്കാന്‍ സംസ്ഥാനത്ത് മുഴുവന്‍ ഉയര്‍ന്ന ഫ്ലക്സ് ബോര്‍ഡുകള്‍ ഇന്നും അവിടെ തന്നെയുണ്ട്.

സാധാരണക്കാരില്‍ മാത്രമല്ല അധികാര വര്‍ഗങ്ങളിലും പോലീസിലും ഇത്തരത്തിലുള്ള മുന്‍ധാരണ വളരെ ആഴത്തില്‍ തന്നെ കടന്നു കൂടിയിട്ടുണ്ട്. കേരളത്തിലെ ജാതിയതയും വംശീയതയും അതിന്റ മൂലകാരണങ്ങളെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ അടക്കം സൃഷ്ടിക്കുന്ന പൊതുബോധത്തിന് അതിലുള്ള പങ്ക് ചെറുതല്ല.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പേരാമ്പ്രയിലെ താലൂക്ക് ആശുപത്രി നഴ്‌സായ പത്മാവതി. നിപാ എന്നാ മാരക വൈറസ് ബാധയില്‍ നിന്നും രക്ഷപെട്ട് സാധാരണ ഗതിയിലേക്ക് മടങ്ങുന്ന പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍വേയ്ക്കിറങ്ങിയ പത്മാവതി സിസ്റ്ററിന് കുട്ടികളെ തട്ടികൊണ്ട് പോകാനെത്തിയ സ്ത്രീയാണെന്ന പേരില്‍ ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വരികയായിരുന്നു.

"ഏല്‍പ്പിക്കപെട്ട പ്രകാരം വീടുകള്‍ തോറും ആളുകളുടെ എണ്ണവും അസുഖ വിവരങ്ങള്‍, ആധാര്‍ കാര്‍ഡ്, അക്കൌണ്ട് വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കുകയായിരുന്നു ഞാന്‍. പാണ്ടിക്കോടെന്ന സ്ഥലത്ത് മറ്റു ചില വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് യൂസഫ് എന്നയാളുടെ വീട്ടിലെത്തിയത്. വീട്ടില്‍ എത്തിയ പാടെ അയാള്‍ സംശയത്തോടെയാണ് എന്നെ നോക്കിയത്. വന്ന കാര്യം പറഞ്ഞപ്പോള്‍ മലപ്പുറത്തും വയനാടും ഇത്തരത്തിലുള്ള ഒരുപാട് പേര്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇവറ്റകളുടെയൊക്കെ ഉദ്ദേശമെന്താണെന്ന് അറിയില്ലെന്നുമൊക്കെ അര്‍ത്ഥം വച്ച രീതിയില്‍ അയാള്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി. അയാളുടെ സംസാരം ആ വിധത്തിലായപ്പോള്‍, എന്റെ കഴുത്തില്‍ കിടന്ന ഐഡി കാര്‍ഡ് കാണിച്ച്, ഞാന്‍ താലൂക്ക് ആശുപത്രിയില്‍ നിന്നാണെന്നും ഇതും പറഞ്ഞോന്നും തട്ടിപ്പിനിറങ്ങേണ്ട ആവശ്യം എനിക്കില്ലെന്നും അയാളോട് പറഞ്ഞു.


ഞാനവരോട് എന്റെ ഡ്യൂട്ടിയുടെ ഭാഗമായി ചോദിക്കേണ്ട വിവരങ്ങള്‍ ആരാഞ്ഞിട്ടും ഒന്നിനും മറുപടി പറഞ്ഞില്ല. അതേ തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങി അടുത്ത വീടുകളിലേക്ക് ഞാന്‍ നടന്നു. എന്നാല്‍ യൂസഫിന്റെ വീട്ടുകാര്‍ എന്റെ പിറകെ വരികയാണ്, അവര്‍ എന്നെ നിരീക്ഷിക്കുകയാമെന്ന പോലെയാണ് പിറകെ വരുന്നത്. തുടര്‍ന്ന് ഒരു വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ യൂസഫ് എന്റെ കഴുത്തില്‍ കിടന്ന ഐഡി കാര്‍ഡില്‍ കയറിപ്പിടിക്കുകയും ബാഗിലുണ്ടായിരുന്ന ഫോണ്‍ തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അവിടെയൊരു ആള്‍ക്കൂട്ടം ഉണ്ടായി. ഇവരെയൊന്നും അങ്ങനെ വിടാന്‍ പാടില്ലെന്നും തെളിയിച്ചിട്ട് മാത്രമെ അവിടെ നിന്നും വിടൂ എന്നും വന്നവരോട് എന്നെ ലക്ഷ്യം വച്ച് പറയുകയായിരുന്നു. അവിടെ നിന്നും എന്നെ വിടാതായതോടെ ഹോസ്പിറ്റലില്‍ വിളിച്ച് കാര്യമറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്നും മേലുദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് എന്നെ അവിടെനിന്നും രക്ഷപ്പെടുത്തിയത്",
പത്മാവതി സിസ്റ്റര്‍ പറയുന്നു.

പറവര്‍കണ്ടി യൂസഫ്, പറവര്‍കണ്ടി അബ്ദുള്‍ വഹാബിന്റെ ഭാര്യ നൗഷത്ത് എന്നിവരാണ് തന്നെ ആക്രമിച്ചതെന്നാണ് പത്മാവതി പരാതിയില്‍ പറയുന്നത്. തിരിച്ചറിയല്‍ കാര്‍ഡിന്റെ ടാഗ് കഴുത്തിന് ചുറ്റും കൂട്ടിപ്പിടിക്കുകയായിരുന്നുവെന്നും പത്മാവതി പേരാമ്പ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വയനാട് സ്വദേശിയാണ് പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സി.ജി പത്മാവതി.

"ആശുപത്രിക്കാര്‍ വരുന്നത് വരെ എന്നെ ആ മഴയത്ത് നിര്‍ത്തി അവര്‍ ചോദ്യം ചെയ്തു. അവിടെ കൂടിയവരില്‍ സ്ത്രീകളടക്കമുണ്ടായിരുന്നു. കൂടിയിരുന്ന ആരും ഒന്നും തന്നെ പറഞ്ഞില്ല. സ്ത്രീകള്‍ പോലും ഒന്നും പറയാത്തതാണ് എന്നെ കൂടുതല്‍ സങ്കടത്തിലാക്കിയത്"
; പത്മാവതി പറയുന്നു. ബുധനാഴ്ച്ച വൈകിട്ടോടെ പേരാമ്പ്ര പുറ്റംപൊയിലില്‍ വെച്ചായിരുന്നു സംഭവം. പത്മാവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം പ്രതികളായി കണ്ടെത്തിയവരെ പിറ്റേദിവസം തന്നെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

മര്‍ദ്ദനത്തില്‍ പത്മാവതിയുടെ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയ പത്മാവതി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും പത്മാവതി പറയുന്നു. "
രണ്ട് കുട്ടികളുടെ അമ്മയാണ് താനെന്നും പ്രശ്‌നങ്ങള്‍ക്ക് ഒട്ടും താത്പര്യമില്ലെന്നും എന്നെ വിചാരണ ചെയ്യാന്‍ കൂടിയവരോട് പറഞ്ഞതാണ്. എന്നിട്ടും എന്നെ പീഡിപ്പിക്കുന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റം"
; പത്മാവതി പറയുന്നു.

കേരളത്തെ, പ്രത്യേകിച്ച് മലബാറിനെ പിടിച്ചുകുലിക്കിയ നിപ്പ വൈറസ് ആദ്യമായി സ്ഥിതീകരിച്ച പ്രദേശമായിരുന്നു പേരാമ്പ്ര. സര്‍ക്കാറിന്റേയും ആരോഗ്യപ്രവര്‍ത്തകരുടെയും ഒറ്റക്കെട്ടായ ഇടപെടലിലൂടെ നിപയെ വിജയകരമായി പ്രതിരോധിച്ച പ്രദേശം കൂടിയാണ് ഇവിടം. പത്മാവതി ജോലി ചെയ്യുന്ന അതേ ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി നിപ രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം പടര്‍ന്ന് മരിച്ചിരുന്നു. നിപയ്ക്ക് ശേഷവും തുടരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ചപ്പനിയെക്കുറിച്ച് വിവരശേഖരണം നടത്താന്‍ എത്തിയപ്പോഴാണ് പത്മാവതിക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത് എന്നതാണ് ഇതിലെ ദു:ഖകരമായൊരു അവസ്ഥ.

എന്നാല്‍ അതിനെക്കാള്‍ ഗൗരവകരമായൊരു വിഷയമായി കാണേണ്ട മറ്റൊന്നുണ്ട്. ദളിത് സ്ത്രീയായ സിസ്റ്ററുടെ ശരീര പ്രകൃതമാണ് അവരുടെ മേല്‍ സംശയത്തിന് ഇടനല്‍കിയതും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതെന്നും നാട്ടുകാര്‍ പറയുന്നുണ്ടത്രേ! ശരീരം കറുത്തവനും ദളിതനും ആദിവാസിയുമെല്ലാം ഒറ്റനോട്ടത്തില്‍ തന്നെ കള്ളനും പിടിച്ചു പറിക്കാരനും തട്ടിക്കൊണ്ടുപോകുന്നവനുമൊക്കെയായി മാറുന്ന പൊതുബോധം ശക്തിപ്രാപിക്കുകയാണിവിടെയെങ്കില്‍, അങ്ങനെയുള്ള കേരളം അത്യന്തം അപകടം പിടിച്ചൊരിടമായി മാറി എന്നു തന്നെ തീര്‍ച്ചപ്പെടുത്തേണ്ടി വരികയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories