Top

വീട്ടില്‍ കയറി തന്നെ തിരക്കണം; കാരണം, കേരളത്തിലെ 11.72 ലക്ഷം കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ല

വീട്ടില്‍ കയറി തന്നെ തിരക്കണം; കാരണം, കേരളത്തിലെ 11.72 ലക്ഷം കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ല
രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജനങ്ങളും കൈകോര്‍ത്തതിന്റെ വാര്‍ത്തകള്‍ അടുത്തടുത്ത ദിവസങ്ങളിലാണ് നാം വായിച്ചത്. ശ്വാസം കിട്ടാതെ മരിച്ചുപോയ കുഞ്ഞുങ്ങളുടെ അതേ ഇന്ത്യയിലെ തന്നെ ഒരു കൊച്ചു സംസ്ഥാനത്താണ് ഭരണാധികാരികളും ജനപ്രതിനിധികളും സാധാരണക്കാരും ഒരുമിച്ച് നിന്നു രണ്ടു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്‌നിച്ചത്. മലയാളിക്ക് അഭിമാനിക്കാനും സന്തോഷിക്കാനുമുള്ള കാര്യങ്ങള്‍. പക്ഷേ...

എന്തുകൊണ്ടു പക്ഷേ? എന്നു ചോദിക്കുന്നവര്‍ക്ക് മുന്നില്‍ മറ്റൊരു ചോദ്യം ഉയര്‍ത്തുകയാണ്. ഇതേ, കേരളത്തില്‍ നമ്മുടെ കുട്ടികളെല്ലാവാരും സുരക്ഷിതരാണോ? തെരുവുകളിലെയോ പൊതുവിടങ്ങളിലെയോ കാര്യമല്ല, സ്വന്തം വീടുകളില്‍ നമ്മുടെ കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണ് എന്നാണ് ചോദിക്കുന്നത്. ആണോ?

ആയിരുന്നുവെങ്കില്‍ ഒരു മാസത്തിനുള്ളില്‍ നമ്മളെ ഞെട്ടിക്കുന്ന രണ്ടു മരണ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നല്ലോ. തൊടുപുഴയില്‍ അമ്മയുടെ പങ്കാളിയുടെ ക്രൂരമര്‍ദ്ദനമേറ്റ് തലയോട് തകര്‍ന്ന് ഒരു ഏഴു വയസുകാരന് ദാരുണാന്ത്യം സംഭവിച്ചിട്ട് എത്ര ദിവസങ്ങള്‍ കഴിഞ്ഞു? ആ കുഞ്ഞ് ബാക്കി വച്ച വേദന മറക്കും മുന്നേയാണ് ആലുവയായില്‍ സ്വന്തം അമ്മയുടെ ക്രൂരതയാല്‍ ഒരു മൂന്നു വയസുകാരനും ജീവന്‍ നഷ്ടമായത്.

തൊടുപുഴയിലേയും ആലുവയിലെയും കുഞ്ഞുങ്ങള്‍ എങ്ങനെയാണ് മരിച്ചതെന്നു കൂടി നാം ആലോചിക്കണം. എല്ലുകള്‍ ഉറയ്ക്കാന്‍ പോലും പ്രായം ആകുന്നതിനു മുന്നേ, ആ ശരീരങ്ങള്‍ക്ക് ഏല്‍ക്കാന്‍ കഴിയാത്തവിധം ക്രൂരമര്‍ദ്ദനങ്ങള്‍ ഏറ്റ്. തൊടുപുഴയില്‍ അമ്മയുടെ പങ്കാളി ആ എഴു വയസുുകാരനെ കൊന്നത്, തറയില്‍ അടിച്ചും, താഴെയിട്ട് ചവിട്ടും അടിച്ചും ഇടിച്ചുമൊക്കെയാണെങ്കില്‍ ആലുവയിലെ ഏഴു വയസുകാരനെ 'ശിക്ഷിച്ചത്' തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചും ചട്ടുകം കൊണ്ടു പൊള്ളിച്ചുമൊക്കെയാണ്. സ്വന്തം വീടിനുള്ളില്‍ വച്ച് ഏറ്റവുമടുത്തവരില്‍ നിന്നും കൃത്യമായ വധശ്രമമായിരുന്നു ഈ രണ്ടു കുട്ടികള്‍ക്കും നേരെ നടന്നത്. അബദ്ധത്തില്‍ സംഭവിച്ചതോ ഒരു സമയത്തെ പ്രകോപനം കൊണ്ടോ ചെയ്തുപോയ ക്രൂരതകളുമായിരുന്നില്ല. നാളുകളോളം ആ കുട്ടികള്‍ രണ്ടും ക്രൂരതകള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയായിരുന്നു. എന്തിനായിരുന്നു അവരങ്ങനെ ശിക്ഷിക്കപ്പെട്ടത്? അനുസരണക്കേട് കാട്ടിയതിന്. യജമാനന്‍ പറഞ്ഞത് അനുസരിക്കാത്ത അടിമകളോട് ചെയ്യുന്ന ക്രൂരതയാണ് സ്വന്തം കുട്ടികളോട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം സാമൂഹിക നീതി വകുപ്പ് നടത്തിയ ഒരു സര്‍വേ പുറത്തു വിട്ടിരുന്നു. സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷയില്ലെന്നും അവര്‍ക്കു നേരെ വിവിധ അതിക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നുമായിരുന്നു സാമൂഹിക നീതി വകുപ്പിന്റെ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. വളര്‍ത്തു മാതാപിതാക്കള്‍, മനോദൗര്‍ബല്യമുള്ളവരോ അല്ലെങ്കില്‍ മദ്യപരോ ആയ മതാപിതാക്കളുള്ള കുടുംബങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവരായ സഹോദരങ്ങളോ മാതാപിതാക്കളോ ഉള്ള കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് കൂടുതല്‍ അരക്ഷിതാവസ്ഥയിലുള്ള കുട്ടികള്‍. ഇതുകൂടാതെ അച്ഛനോ അമ്മയോ മരണപ്പെട്ടവരോ, വിവാഹമോചിതരായ മാതാപിതാക്കളില്‍ അമ്മയ്‌ക്കോ അച്ഛനോ ഒപ്പം നില്‍ക്കേണ്ടി വരുന്ന കുട്ടികളും ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നു. ഈ പൊതുവിവരം തന്നെ നമ്മുടെ കുട്ടികള്‍ സ്വന്തം വീടുകളില്‍ എത്രമാത്രം അപകടാവസ്ഥയിലാണെന്നു മനസിലാക്കി തരുന്നുണ്ട്.

സാമൂഹിക നീതി വകുപ്പ് ഈ സര്‍വേ തയ്യാറാക്കുന്നത് മാസ്റ്റര്‍ ഷഫീക്ക് കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇങ്ങനെയൊരു കമ്മിഷനെ നിയോഗിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് നാം മറന്നു കാണില്ല. 2013 ഇടുക്കി കുമളിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഢനങ്ങള്‍ക്കൊടുവില്‍ ജീവച്ഛവമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാലര വയസുകാരന്‍. തൊടപുഴയിലെയും ആലുവയിലേയും കുട്ടികളുടെ അതേ അവസ്ഥയിലൂടെ ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണത്തിനും ജീവിതത്തിനുമിടയിലൂടെ സഞ്ചരിച്ച ഷഫീക്ക്. ആ കുട്ടി ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. തൊടുപുഴ അല്‍-അസര്‍ മെഡിക്കല്‍ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ അവന്റെ അമ്മ രാഗണിയുടെ സ്‌നേഹത്തിലും സംരക്ഷണയിലും ഷഫീക്ക് ജീവിക്കുന്നുണ്ട്.

ഷഫീക്കിനുണ്ടായ ദുരന്തത്തിന്റെ പുറത്താണ് കുട്ടികളുടെ അവസ്ഥകളെ കുറിച്ചും അവരുടെ സംരക്ഷണത്തിനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയും 2014 ല്‍ സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി മാസ്റ്റര്‍ ഷഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇനിയൊരു കുട്ടിക്കും ഷഫീക്കിന്റെ അവസ്ഥയുണ്ടാകരുതെന്നായിരുന്നു അത്തരമൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട് അഞ്ചു വര്‍ഷത്തോളമാകുമ്പോഴും അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെടുകയുണ്ടായോ? തൊടുപുഴയിലെയും ആലുവായിലേയും കുട്ടികളുടെ മരണത്തിനു മുന്നില്‍ നിന്നുകൊണ്ട് ആത്മാര്‍ത്ഥതയോടെ നമുക്കതിന് ഉത്തരം പറയാന്‍ കഴിയില്ല.

2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 10.4 ശതമാനം കുട്ടികളാണ്(333.38 ലക്ഷം). കുട്ടികള്‍ക്കെതിരേയുള്ള ക്രൈം നിരക്ക് ആകട്ടെ 4.4 ശതമാനവും. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒമ്പതാം സ്ഥാനമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അത് കൂടിയുട്ടള്ളതല്ലാതെ കുറഞ്ഞിട്ടില്ല. ശാരീരികമായി, ലൈംഗികമായി, മാനസികമായി ലക്ഷക്കണക്കിനു കുട്ടികളാണ് ഈ കേരളത്തില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതും ശിശുസൗഹാര്‍ദ്ദമെന്നും എണ്ണിപ്പറയാന്‍ ശിശുക്ഷേമ സംവിധാനങ്ങള്‍ പലതുമുള്ള ഒരു സംസ്ഥാനത്ത്. ഇത്രയൊക്കെ സജ്ജീകരണങ്ങളും സംവിധാനങ്ങളും ഉയര്‍ന്ന സാക്ഷരതയും സാമൂഹികബോധവും കുടുംബബന്ധങ്ങളിലെ ദൃഢതയുമൊക്കെ പറയാവുന്ന ഒരിടത്ത് കുട്ടികള്‍ സ്വന്തം വീടുകളില്‍ നരകയാതന അനുഭവിക്കേണ്ടി വരുന്നതും ക്രൂരമായി കൊല്ലപ്പെടുകയുമൊക്കെ ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും?

നമ്മുടെ കുട്ടികളെ നാം വേണ്ടത്ര ശ്രദ്ധിക്കുന്നില്ല, അതുകൊണ്ട് തന്നെ. കുട്ടികളുടെ മാനസികവും ശാരീരികവുമായ സുരക്ഷിതത്വവും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും മാതാപിതാക്കളോ രക്ഷിതാക്കളോ മാത്രമല്ല, ഭരണകൂടത്തിനും ആ ഉത്തരവാദിത്വമുണ്ട്. കുട്ടികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും സുരക്ഷിതമായ ജീവിതത്തിനും വിദ്യാഭ്യാസപരമായ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളാന്‍, അവര്‍ക്കെതിരേയുള്ള ഏതു തരത്തിലുള്ള പീഡനങ്ങളും തടയാനും ഒരുക്കിയിട്ടുള്ള വിവിധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ഭരണകൂടം ആദ്യം ചെയ്യേണ്ടത്. കുട്ടികള്‍ക്കു വേണ്ടി രൂപീകരിക്കപ്പെട്ട അധികാര സംവിധാനങ്ങള്‍ കുട്ടികള്‍ക്കൊപ്പമാണോ എതിരാണോ നില്‍ക്കുന്നതെന്ന കാര്യം ആദ്യം പരിശോധിച്ച് അറിയുക. മാതാപിതാക്കള്‍ക്കും സമൂഹത്തിനും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവര്‍ക്കെതിരേയുള്ള പീഡനങ്ങള്‍ക്കുള്ള ശിക്ഷകളെക്കുറിച്ചും വിവരണങ്ങളും ബോധവത്കരണങ്ങളും നടത്തേണ്ടതും ഭരണകൂടത്തിന്റെ അതല്ലെങ്കില്‍ അവര്‍ നിയോഗിച്ചിരിക്കുന്ന സംവിധാനങ്ങളുടെ ചുമതലയാണ്. അത് നടപ്പാക്കുക തന്നെ വേണം. അംഗനവാടി വര്‍ക്കേഴ്‌സ് മുഖാന്തരം ഓരോ വീടുകളിലും കയറിയിറങ്ങി കുട്ടികളുടെ ക്ഷേമവിവരങ്ങള്‍ അന്വേഷിക്കണം, മാതാപിതാക്കളോട് സംസാരിക്കണം, കുറ്റകരമായ എന്തെങ്കിലും കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. വിദ്യാലയങ്ങള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം. ഇപ്പോള്‍ സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ കേള്‍ക്കാന്‍ തയ്യാറാകണം. അവര്‍ പറയുന്ന ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. അവഗണിക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യരുത്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മാതാപിതാക്കളെ വിളിച്ച് പരിഹരിക്കാന്‍ മാത്രം നോക്കരുത്. വീടുകളില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന കുട്ടികളെക്കുറിച്ച് അതേ വീട്ടിലുള്ളവരോട് പറഞ്ഞിട്ട് എന്തുകാര്യം? ചൈല്‍ഡ് ലൈന്‍, ശിശുക്ഷേമ സമിതി, ബാലാവാകശ കമ്മിഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ അവരുടെ ഉത്തരവാദിത്വം പൂര്‍ണമായി നടപ്പിലാക്കിയേ പറ്റൂ. അതേപോലെ ഇതരസംസ്ഥാനങ്ങളില്‍ വരുന്നവരുടെ കുടുംബങ്ങളിലെ കുട്ടികളുടെ കാര്യത്തിലും ഇടപെടല്‍ ഉണ്ടാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ കാര്യത്തില്‍ ഉത്തരവാദിത്വം കാണിക്കാം. പഞ്ചായത്ത് തലങ്ങളില്‍ ഓരോ വീട്ടിലേയും കുട്ടികളുടെ കാര്യത്തില്‍ നിരീക്ഷണവും ഇടപെടലും ഉണ്ടായേ പറ്റൂ. മാസ്റ്റര്‍ ഷഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇനിയെങ്കിലും ഉചിതമായ തീരുമാനമെടുത്ത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

വീടുകളില്‍ കയറി ചെയ്യുന്നതിനൊക്കെ ഒരു പരിധിയില്ലേ എന്നാണ് അല്‍പ്പം താമശ കലര്‍ന്ന മട്ടില്‍ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. കുട്ടികളുടെ കാര്യം തമാശയല്ല. അതീവഗൗരവമുള്ള വിഷയമാണ്. വീട്ടില്‍ കയറി കളിക്കേണ്ടെന്ന മലയാളിയുടെ ആ വെല്ലുവിളി കുട്ടികളുടെ കാര്യത്തില്‍ തള്ളിക്കളയാന്‍ ഭരണകൂടം തയ്യാറാകണം. ഇനിയും നമ്മുടെ കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ നരകിച്ച് മരിക്കരുത്. അതുകൊണ്ട് വീട്ടില്‍ കയറി ഭരിക്കാന്‍ വരേണ്ടെന്നു പറയുന്നവരോട് വരും വന്നിരിക്കും എന്നു തന്നെ പറയണം ഇനി. കാരണം, ഇത് നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യമാണ്.

Next Story

Related Stories