ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. കമ്മീഷന് റിപ്പോര്ട്ടുകള്ക്കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെന്ന് വിലയിരുത്താറുമില്ല. സാധാരണഗതിയില്‍ ആറ് മാസത്തേക്ക് നിയമിക്കുന്ന കമ്മീഷനുകള്‍ നിരവധി തവണയാണ് കാലാവധി നീട്ടിവാങ്ങാറുള്ളത്.
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് പിഎ മുഹമ്മദ് കമ്മീഷന് ആറ് തവണയാണ് കാലാവധി നീട്ടിവാങ്ങിയത്. ഇതുവരെ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കാരണം കണ്ടെത്താനും കമ്മീഷന് കഴിഞ്ഞിട്ടില്ല. ഇതിനകം കമ്മീഷനായി ചിലവഴിച്ചത് 1.84 കോടി രൂപയാണ്.
ഇങ്ങനെ കമ്മീഷനുകള്‍ അനന്തമായി കാലാവധി നീട്ടിവാങ്ങുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നെടുങ്കണ്ടത്ത് നടന്ന രാജ് കുമാര്‍ കസ്റ്റഡി കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച കെ നാരയണകുറുപ്പ് കമ്മീഷനോട് ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു കാരണവശാലും കാലവധി നീട്ടിനല്കാന് കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കാലാവധിയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതിന് പുറമെ ചിലവ് ചുരുക്കാനുളള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കമ്മീഷന് നല്കുന്ന ജീവനക്കാരുടെ രണ്ടായി ചുരുക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് കമ്മീഷനിലേക്ക് ഡെപ്യൂട്ടേഷന് നല്‍കേണ്ടെന്നും തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് പേരെ കമ്മീഷന് നിയമിക്കാം.
മറ്റൊരു പ്രധാന നിര്‍ദ്ദേശം ഓഫീസ് സംബന്ധിച്ചുള്ളതാണ്. ഇനി മുതല്‍ കമ്മീഷന് വീട്ടില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വാഹനം അനുവദിക്കുന്ന സമ്പ്രദായവും നിര്‍ത്തലാക്കും. കമ്മീഷന് ആവശ്യങ്ങള്‍ക്കായി വണ്ടി വാടകയ്ക്ക് എടുക്കാവുന്നതാണ്.
കമ്മീഷനെ നിയമിച്ചതിന് ശേഷവും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കാരണമായി പലപ്പോഴും പറയുന്നത് ഓഫീസ് ആരംഭിക്കാത്തതാണ്. അതൊഴിവാക്കാനാണ് വിട്ടില്‍നിന്നുതന്നെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെടുന്നത്.
നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന നാരായണകുറുപ്പ് കമ്മീഷന് പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം അന്വേഷിച്ച ഗോപിനാഥന് കമ്മീഷന്റെ ഓഫീസ് നല്കാന് തീരുമാനിച്ചിട്ടുണ്ട്. പുറ്റിങ്ങല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് കസ്റ്റഡി കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചത്.
2016 ലാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പി എ മുഹമ്മദ് കമ്മീഷനെ നിയമിച്ചത്. റിപ്പോര്‍ട്ട് ഇനിയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. 2017-ല്‍ നിയമിച്ച പി എസ് ഗോപിനാഥന് കമ്മീഷന് പുറ്റിങ്ങല്‍ അപകടത്തെക്കുറിച്ച് കഴിഞ്ഞ മാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2017 ല്‍ തന്നെയാണ് വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിന് നല്‍കിയതിനെക്കുറിച്ച് പഠിക്കാന്‍ സി എന്‍ രാമചന്ദ്രനെ കമ്മീഷനായി നിയമിച്ചത്. കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സോളാര്‍ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച ശിവരാജന് നായര്‍ കമ്മീഷന് കാലാവധി നിരവധി തവണ നീട്ടിയതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Azhimukham Read: 28 വര്‍ഷം കോഴിക്കോട് അടിമവേല; അട്ടപ്പാടിയിലെ ആദിവാസി യുവതിക്ക് നല്കാന് തീരുമാനിച്ച 8.86 ലക്ഷം രൂപ ശമ്പള കുടിശ്ശിക ചെറിയ തുകയെന്ന് ആരോപണം