TopTop

ആധാറില്ലെങ്കില്‍ പെന്‍ഷനില്ല; ആധാര്‍ കാര്യത്തില്‍ സിപിഎമ്മിനും കേരള സര്‍ക്കാരിനും രണ്ടു നിലപാടുകളോ?

ആധാറില്ലെങ്കില്‍ പെന്‍ഷനില്ല; ആധാര്‍ കാര്യത്തില്‍ സിപിഎമ്മിനും കേരള സര്‍ക്കാരിനും രണ്ടു നിലപാടുകളോ?
"ആധാര്‍ നമ്പര്‍ നല്‍കാത്ത 1,84,827 പേരുടെ പെന്‍ഷന്‍ നല്‍കാതെയുണ്ട്. ആധാര്‍ നമ്പര്‍ നല്‍കുന്ന മുറയ്ക്ക് ഇവരില്‍ അര്‍ഹതയുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കും" എന്ന്‍ കേരള ധനമന്ത്രിയുടെ കാര്യാലയം അറിയിക്കുന്നു. ഇരട്ട പെന്‍ഷനുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടിക കുറ്റമറ്റതാക്കുന്നതിന് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്ടെത്തിയ വഴികളിലൊന്ന് ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് (ചില ഒഴിവുകളോടെ) പെന്‍ഷന്‍ നല്‍കണ്ട എന്നാണ്. സര്‍ക്കാരും സിപിഎമ്മും വ്യക്തമാക്കേണ്ട കാര്യം ആധാര്‍ കാര്‍ഡുകള്‍ അടിച്ചേല്‍പ്പിക്കരുതെന്നും അത് സേവനങ്ങള്‍ക്കുള്ള മാനദണ്ഡമാക്കരുതെന്നുമുള്ള നിലപാട് മാറ്റിയോ എന്നാണ്.

എന്താണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സിപിഎം എടുത്തിരുന്ന നിലപാട്? പൊതുസമൂഹം ഉയര്‍ത്തിയ പ്രശ്നങ്ങള്‍? പൌരന്റെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ പ്രത്യക്ഷമായ കടന്നുകയറ്റം എന്ന വിശാലമായ പ്രശ്നം ഇതിലുണ്ട്. അതായത് നിങ്ങളെ ഒരു ജീവി എന്ന നിലയില്‍ എവിടെ വെച്ചും രേഖപ്പെടുത്തിയെടുക്കാന്‍/തിരിച്ചറിയാന്‍ ഭരണകൂടം സജ്ജമാകുമ്പോള്‍ ഒരാള്‍ക്ക് അയാളുടെ മേലുള്ള നിര്‍ണ്ണയാധികാരമാണ് നഷ്ടമാകുന്നത്. ഇതൊരു വിശാല പ്രശ്നമാണ്. പ്രത്യക്ഷത്തില്‍ നിരുപദ്രവകരം എന്നു തോന്നുമെങ്കിലും ഇത് മനുഷ്യരും ഭരണസംവിധാനവും തമ്മില്‍ എന്തുതരത്തിലുള്ള ബന്ധമാണ് ഉണ്ടാകേണ്ടത് എന്നതിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സ്വകാര്യത എന്നത്-ആര്‍ജ്ജിച്ചെടുക്കുന്നതും സ്വാഭാവികമായതുമായ- ഭരണകൂടത്തിന്റെ നിര്‍ണയമാണോ അതോ വ്യക്തിയുടെ നിര്‍ണയാവകാശമാണോ എന്നതാണ് വലിയൊരു തര്‍ക്കം.

ഭരണകൂടം തന്നെ, അതിന്റെ രാഷ്ട്രീയ സ്വഭാവങ്ങള്‍ മാറുന്നതിനനുസരിച്ച് ഈ വ്യക്തിവിവരങ്ങളെ ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്തും എന്ന വലിയ ആശങ്കയ്ക്ക് ചരിത്രപരമായിത്തന്നെ ഇടമുണ്ട്. ഒരു ഫാഷിസ്റ്റ് സര്‍ക്കാര്‍ ‘അപര ജനതയുടെ’ അടയാളപ്പെടുത്തലിന് ഇതുപോലൊരു മാര്‍ഗം ഉപയോഗിക്കുമെന്നതില്‍ സംശയമില്ല. യൂറോപ്പിലെ ജൂതന്മാരിലേക്കൊന്നും പോകണ്ട, ബോംബെ കലാപത്തില്‍ ശിവസേന മുസ്ലീങ്ങളെ കൊല്ലാന്‍ വീടുകള്‍ കണ്ടെത്താന്‍ ഉപയോഗിച്ചത് വോട്ടര്‍പ്പട്ടിക ആയിരുന്നു എന്നറിയുമ്പോഴാണ് ആധാര്‍ പോലൊരു സംവിധാനം എത്ര ഭീകരമായ സാധ്യതകള്‍ ഉണ്ടാക്കുന്നു എന്നു മനസിലാക്കാവുന്നത്.ആ വിഷയം നില്‍ക്കട്ടെ. ക്ഷേമ പെന്‍ഷന്‍ ആധാറുമായി ബന്ധപ്പെടുത്തുമ്പോള്‍ കേരള സര്‍ക്കാരും രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കണം. ഒന്ന്, ആധാര്‍ ഒരു നിര്‍ബന്ധിത മാനദണ്ഡമാക്കരുതെന്ന സുപ്രീം കോടതി നിര്‍ദേശത്തെ എന്തുകൊണ്ട് മറികടക്കുന്നു? രണ്ട്, ആധാര്‍ അടിച്ചേല്‍പ്പിക്കരുതെന്നും അത് ഒരുതരത്തിലുള്ള പൊതുസേവനങ്ങള്‍ ലഭിക്കാനുള്ള മാനദണ്ഡമാകരുതെന്നുമുള്ള സിപിഎം നിലപാടിനെ എന്തുകൊണ്ട് തള്ളിപ്പറയുന്നു. അല്ലെങ്കില്‍ നിലപാട് മാറിയോ എന്നു സിപിഎം പറയണം.

ആധാര്‍ കാര്‍ഡ് പൌരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അതിന്റെ ലംഘനമാണെന്നും കാണിച്ചുകൊണ്ടു നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇനിയും അന്തിമ വിധി പറഞ്ഞിട്ടില്ല. അതുവരേക്കും യാതൊരുതരത്തിലും ആധാറിനെ നിര്‍ബന്ധമായ ആധികാരിക രേഖയാക്കാന്‍ ആകില്ലെന്നും സ്വയം സന്നദ്ധമായി നല്‍കുകയാണെങ്കില്‍ മാത്രമേ അത് തിരിച്ചറിയല്‍/ആധികാരിക രേഖയായി കണക്കാക്കാന്‍ പാടുള്ളൂ എന്നും സുപ്രീം കോടതി കഴിഞ്ഞ കാലങ്ങളില്‍ പല ഉത്തരവുകളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ കോടതിയുടെ മുന്നില്‍ ഓരോ തവണയും എത്തിക്കുക എന്ന ചുമതല ദുഷ്കരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അത്രയേറെ സങ്കീര്‍ണമാക്കിയാണ് ഓരോ മേഖലയിലും ആധാര്‍ കാര്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയിണക്കുന്നത്.

ബംഗാള്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സമിതി നല്‍കിയ ഒരു കേസില്‍ പുറപ്പെടുവിച്ച വിധിയില്‍ (14-09-2016) സുപ്രീം കോടതി ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചു. സ്കോളര്‍ഷിപ്പുകള്‍ക്ക് ആധാര്‍ നിര്‍ബന്ധിത മാനദണ്ഡമാക്കുന്നു എന്നു കാണിച്ചായിരുന്നു ഹര്‍ജി. ആധാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കോടതിയുടെ അന്തിമവിധി വരും വരെ ആധാറിനെ പൊതുസേവനങ്ങള്‍ക്ക് നിര്‍ബന്ധിത മാനദണ്ഡമാക്കരുതെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. നേരത്തെ സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട് 2015-ല്‍ ഉറപ്പെടുവിച്ച വിധിയിലും ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് പൊതുവിതരണ സംവിധാനത്തിനും എല്‍പിജി സേവനത്തിനും മാത്രം ആധാര്‍ മാനദണ്ഡമാക്കാനാണ് സര്‍ക്കാരിന് കോടതി അനുമതി നല്‍കിയത്. സിപിഎമ്മാകട്ടെ അതിനെയും എതിര്‍ത്തിരുന്നു എന്നും ഓര്‍ക്കണം. വിരമിച്ച ഹൈക്കോടതി ന്യായാധിപന്‍ ജസ്റ്റിസ് കെ. പുട്ടസ്വാമി നല്കിയ കേസില്‍ സുപ്രീം കോടതി ആധാര്‍ സംബന്ധിച്ച സുപ്രധാനമായ മൌലികാവകാശ തര്‍ക്കങ്ങളില്‍ ഇനിയും തീരുമാനം എടുക്കേണ്ടതുണ്ട്.

സ്കോളര്‍ഷിപ്പുകളെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്താന്‍ യുജിസി എടുത്ത തീരുമാനം വലിയ എതിര്‍പ്പുകളെ തുടര്‍ന്ന് അവര്‍ക്ക് പിന്‍വലിക്കേണ്ടിവന്നു. 2016 ജൂണ്‍ 29-ന്, സ്കോളര്‍ഷിപ് നല്‍കുന്നത് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയാകണം എന്ന നിര്‍ബന്ധിത മാനദണ്ഡം യുജിസി പുറപ്പെടുവിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 14-നു ഇത് സംബന്ധിച്ചു പുറപ്പെടുവിച്ച ഒരു വിശദീകരണത്തില്‍ ഈ നിര്‍ബന്ധിത മാനദണ്ഡം കണക്കാക്കേണ്ടതില്ലെന്ന് യുജിസി വ്യക്തമാക്കി.Aadhaar Act, 2016 (Targeted Delivery of Financial and Other Subsidies, Benefits and Services) എന്ന പേരില്‍, സുപ്രീം കോടതിയിലെ ആധാര്‍ സംബന്ധിച്ച ഭരണഘടനാപരമായ പ്രശ്നങ്ങളും മൌലികാവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള തര്‍ക്കങ്ങളും മറികടക്കാന്‍ കൊണ്ടുവന്ന നിയമവും ആധാര്‍ നിര്‍ബന്ധിത രേഖയാക്കാന്‍ കഴിയില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ മറികടക്കാന്‍ പ്രാപ്തമായില്ല. ആ നിയമത്തിന് ശേഷം ബംഗാള്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സമിതി കേസില്‍ കോടതി നല്കിയ ഉത്തരവും യുജിസി ഉത്തരവ് പിന്‍വലിച്ചതും ഇത് സംബന്ധിച്ച നിയമ, ഭരണഘടനാ പ്രതിസന്ധി തുടരുന്നു എന്നാണ് വ്യക്തമാക്കുന്നത്. അന്ന് ആ നിയമനിര്‍മ്മാണത്തെ സിപിഎം ശക്തിയായി എതിര്‍ത്തിരുന്നു എന്നും ഓര്‍ക്കണം. പാര്‍ലമെന്റിന്റെ കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ ആധാര്‍, പൊതുസേവനങ്ങള്‍ക്കുള്ള നിര്‍ബന്ധിത മാനദണ്ഡമാക്കുന്നതിനെതിരെ ബഹളം കൂട്ടിയ പ്രതിപക്ഷ കക്ഷികളില്‍ സിപിഎമ്മും ഉണ്ടായിരുന്നു. ചരക്ക്, സേവന, നികുതി നിയമത്തിന്റെ കാര്യത്തില്‍ കണ്ടതുപോലെ കേന്ദ്രനേതൃത്വത്തിന് താത്വിക വഴി, കേരളത്തിന് പ്രായോഗിക വഴി എന്ന മലക്കം മറിച്ചിലാണോ നടക്കുന്നതെന്ന് വെളിവാക്കേണ്ടതുണ്ട്.

2014-ജനുവരിയില്‍ത്തന്നെ അന്നത്തെ യു‌പി‌എ സര്‍ക്കാര്‍ പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തുകൊണ്ട് സിപിഎം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 2015 മെയ് 20-നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതിയത്.

അതായത് ആധാര്‍ കാര്‍ഡ് പൊതുസേവനങ്ങള്‍ക്ക് നിര്‍ബന്ധിത മാനദണ്ഡമാക്കുന്നതിനെതിരെ മാത്രമല്ല, അതുയര്‍ത്തുന്ന സ്വകാര്യത, സുരക്ഷാ, ഭരണകൂട കടന്നുകയറ്റ വിഷയങ്ങളിലും തുടക്കം മുതലേ ആ പ്രക്രിയക്കെതിരായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തില്‍ വിദേശ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള ആധാര്‍ പ്രക്രിയ, ദരിദ്രരായ പൌരന്മാരെ സര്‍ക്കാരിന്റെ പൊതുസേവനങ്ങളുടെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള ഗൂഢശ്രമമാണ് ആധാര്‍ എന്ന്‍ സിപിഎം പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്.

പെന്‍ഷന്‍ പട്ടികയില്‍ നിന്നും ആളുകളെ ഒഴിവാക്കുന്നതിനുള്ള ഒരു മാനദണ്ഡം ആധാര്‍ ഇല്ലാത്തതാണ് എന്നത് ഈ വിമര്‍ശനത്തിനെ ശരിവെക്കുന്നു. അപ്പോള്‍ ഇനി സുപ്രീം കോടതി അന്തിമവിധിയില്‍ ആധാര്‍ നിര്‍ബന്ധിത മാനദണ്ഡമാക്കാമെന്ന് വിധിച്ചാല്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള ഒരു ക്ഷേമ പെന്‍ഷനും പൊതുസേവനത്തിനും ആധാര്‍ മാനദണ്ഡമാക്കില്ലെന്ന ഉറച്ച നിലപാടാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ അതിനൊരു രാഷ്ട്രീയ ചെറുത്തുനില്‍പ്പിന്റെ സ്വഭാവം കൂടി കൈവരുമായിരുന്നു.ആധാറിനോടുള്ള എതിര്‍പ്പ് അതിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിലല്ല, ആ സങ്കല്‍പ്പത്തെത്തന്നെ ചോദ്യം ചെയ്യുന്നതും ഭരണകൂടത്തിന് ഒരു മനുഷ്യന്റെ ജനിതക രേഖകള്‍ കൈവശമാക്കാന്‍ എന്തവകാശമാണുള്ളതെന്ന നൈതികമായ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ്. യു.എസിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്കൊപ്പമെന്നും ഞങ്ങള്‍ക്കെതിരെന്നും പറഞ്ഞ് യു.എസ് ലോകത്തെ വിഭജിച്ച നാളുകള്‍ മുതല്‍ വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്കുള്ള ഭരണകൂടത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ കടന്നുകയറ്റം യു.എസിലും യൂറോപ്പിലും നിയമപരമായിത്തന്നെ സാധൂകരിക്കാന്‍ ശ്രമം തുടങ്ങി. നിയമപരമായ അനുമതി കൂടാതെയും യു.എസ് ഇത് വന്‍തോതില്‍ നടത്തിയിരുന്നു എന്നത് എഡ്വാര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളോടെ ലോകം അറിയുകയും ചെയ്തു. വ്യക്തികളുടെ സ്വകാര്യതയുടെ കാര്യത്തില്‍ ഉദാര മൂല്യങ്ങള്‍ കൈക്കൊള്ളുന്നു എന്നവകാശപ്പെടുന്ന ഭരണസംവിധാനങ്ങള്‍ ആയതിനാലാണ് യൂറോപ്പും യു.എസും എന്ന് എടുത്തു പറയുന്നത്.

വിവര സാങ്കേതിക വിദ്യയുടെ കാലത്തെ ഏറ്റവും വലിയ ചോദ്യങ്ങളിലൊന്ന് ഈ സ്വകാര്യതയും അവനവനെക്കുറിച്ചുള്ള വിവരങ്ങളില്‍ വ്യക്തികള്‍ക്കുള്ള നിര്‍ണയാധികാരവുമാണ്. ജനസംഖ്യ കണക്കെടുപ്പ് സംബന്ധിച്ച ഒരു തര്‍ക്കത്തില്‍ ജര്‍മ്മന്‍ ഭരണഘടനാ കോടതി 1983-ല്‍ത്തന്നെ ‘information self-determination’ – വിവര സ്വയംനിര്‍ണയാധികാരം- ഒരു അവകാശമായി അംഗീകരിച്ചുകൊണ്ട് സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. വ്യക്തികളെ സംബന്ധിച്ച ഭരണകൂടത്തിന്റെ വിവരശേഖരണത്തിന്റെ വ്യാപ്തി കൂടുന്തോറും അത് സുപ്രധാനമായ അസ്തിത്വ തര്‍ക്കങ്ങളും വ്യക്തി സ്വാതന്ത്ര്യ വ്യാഖ്യാനങ്ങളും സ്വയം നിര്‍ണായവകാശമുള്ള ഒരു ജീവി എന്ന നിലയ്ക്കുള്ള മനുഷ്യന്റെ തര്‍ക്കങ്ങളും ഉയര്‍ത്തുകയാണ്. ലോകമെമ്പാടുമുള്ള സമൂഹങ്ങളില്‍ പല തരത്തില്‍ ഇത് വലിയ തര്‍ക്കമാണ്. മനുഷ്യരുടെ നാഗരികതപ്രയാണത്തിലെ ‘അവനവനെ’ നഷ്ടപ്പെടുത്താതിരിക്കാനുള്ള ഒരു വലിയ സംഘര്‍ഷത്തിന്റെ ഭാഗം എന്നുകൂടി പറയാം. ‘Digital privacy’ സംബന്ധിച്ച തര്‍ക്കങ്ങളിലും (പലതും ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍) ജര്‍മ്മന്‍ കോടതി വ്യക്തികളുടെ വിവര സ്വകാര്യതയെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്.
ഇന്ത്യന്‍ കോടതികള്‍ ‘വ്യക്തി സ്വകാര്യത’യുടെ വിഷയത്തില്‍, എന്താണ് സ്വകാര്യത അതില്‍ ഭരണകൂടത്തിന്റെ ഇടപെടലിന് എന്താണ് പരിധി എന്നൊക്കെയുള്ള കാര്യത്തില്‍ വിപുലവും ആഴത്തിലുള്ളതുമായ വിധികള്‍ നല്‍കിയിട്ടില്ല എന്ന് വേണമെങ്കില്‍ പറയാം. ആധാര്‍ കേസ് അതിനുള്ള വലിയ അവസരമാണ്.

ഖരക് സിംഗ് കേസില്‍ (1963) സ്വകാര്യത ഭരണഘടനയിലെ മൌലികാവകാശങ്ങളില്‍ നിര്‍വ്വചിച്ച ഒന്നല്ല എന്നാണ് മറ്റ് മൂര്‍ത്തമായ തരത്തിലുള്ള ഭരണകൂട മേല്‍നോട്ടങ്ങള്‍ക്കെതിരെ വിധി പറഞ്ഞപ്പോഴും സുപ്രീം കോടതി പറഞ്ഞത്. അതേസമയം ജസ്റ്റിസ് സുബ്ബറാവുവിന്റെ വേറിട്ട വിധിന്യായത്തില്‍ സ്വകാര്യതയ്ക്കുള്ള അവകാശം വ്യക്തി സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും നിരീക്ഷിച്ചു. യു.എസില്‍ നാലാം ഭേദഗതിയുടെ വ്യാഖ്യാനത്തില്‍ കാറ്റ്സ് കേസില്‍ (1963) വ്യക്തികള്‍ക്ക് വസ്തുവഹകളുടെ കാര്യത്തില്‍ മാത്രമല്ല സ്വകാര്യതയുടെ കാര്യത്തിലും ‘reasonable expectation of privacy’ അവകാശമാണെന്ന് വ്യാഖ്യാനിച്ചത് സ്വകാര്യത സംബന്ധിച്ച ആഗോള നിയമ സംവാദങ്ങളില്‍ അന്ന് കൂടുതല്‍ തെളിച്ചമുണ്ടാക്കിയിരുന്നു.എന്നാല്‍ ഇന്ത്യന്‍ കോടതി 1975-ലെ ഗോബിന്ദ് v. സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസില്‍ സ്വകാര്യതയെ സംബന്ധിച്ചും ഭരണകൂടത്തിനുള്ള നിരീക്ഷണാധികാരങ്ങളെക്കുറിച്ചും വീണ്ടും പ്രതിലോമകരമായ വിധിയാണ് പുറപ്പെടുവിച്ചത്. ‘പൊതുതാത്പര്യത്തിന്റെ’ അടിസ്ഥാനത്തില്‍ സ്വകാര്യതാ ഭഞ്ജനത്തിനുള്ള ഭരണകൂടാധികാരത്തെ കോടതി അനുവദിച്ചു. ഈ ‘പൊതുതാത്പര്യം’ കേവലം ഭരണകൂട വ്യാഖ്യാനമാകുന്നത് പിന്നീട് നിരവധി അവസരങ്ങളില്‍ നാം കണ്ടു.

1994-ല്‍ ആര്‍. രാജഗോപാല്‍ v. സ്റ്റേറ്റ് ഓഫ് തമിഴ്നാട്  കേസില്‍ സ്വകാര്യതയുടെ ഭരണഘടനാപരമായ സ്ഥാനം വ്യാഖ്യാനിക്കുന്നതിന് പകരം (ഭരണഘടനാപരമായ സ്വകാര്യതാ അവകാശം എന്ന സങ്കല്‍പ്പത്തെ കോടതി എടുത്തു പറഞ്ഞെങ്കിലും) അതിനെ ‘law of tort’ പരിധിയില്‍ വ്യാഖ്യാനിക്കാനാണ് കോടതി മുതിര്‍ന്നത്. ഇത് ലളിതമായ ഒരു കാര്യമായിരുന്നു എന്ന് ഈ നിരീക്ഷണത്തിലൂടെ പറയുന്നില്ല. എന്നാല്‍ ‘സ്വകാര്യത’, ‘സ്വകാര്യമായ വിവരങ്ങള്‍’, ‘അവയുടെ വെളിപ്പെടുത്തലുകള്‍’ എന്നിവയെല്ലാം (HIV കേസ് (1998), ഷാര്‍ദ v. ധര്‍മപാല്‍ (2003) ഒരേ സമയം ഭരണഘടനാപരമായ മൌലികാവകാശവും വ്യക്തികളുടെ സ്വകാര്യ അവകാശവുമാണെന്ന വിധി വരാതെ വഴുതിപ്പോവുകയാണ് ചെയ്തത്. PUCL (1997) വിധിയടക്കം ഇതരത്തിലെ നിരവധി തര്‍ക്കങ്ങളില്‍ കോടതി, പൊതു താത്പര്യം തുടങ്ങിയ പല ന്യായങ്ങളും പറഞ്ഞ് വ്യക്തി സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായ സ്വകാര്യതയെക്കുറിച്ചുള്ള കൃത്യമായ വ്യാഖ്യാനം നല്‍കാതെ പോവുകയായിരുന്നു.

അതേസമയം ലോകത്ത് ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളില്‍ ഭരണകൂട കടന്നുകയറ്റം വര്‍ദ്ധിക്കുന്തോറും അതിനെതിരായ നിയമപോരാട്ടങ്ങളും ഉയരുന്നുണ്ട്. യു.എസില്‍ സ്നോഡന്‍ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടന്ന ഇത്തരം കേസുകളില്‍ കോടതി കണ്ടെത്തിയത് വിപുലമായ നിരീക്ഷണം (bulk surveillance) NSA നല്കിയ 54 സംഭവങ്ങളിലും അനാവശ്യമായിരുന്നു എന്നാണ്. 2015-ല്‍ കാനഡ സുപ്രീം കോടതി R v. Spencer കേസില്‍ വ്യക്തികള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ സര്‍ക്കാരിന് കൈമാറരുതെന്നും അങ്ങനെ ചെയ്യുന്നത് സ്വകാര്യത/വിവര അവകാശങ്ങളുടെ ലംഘനമാണെന്നും വിധിച്ചു. ഈ ആഗോള നിയമസംവാദങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടി ഇന്ത്യന്‍ കോടതികള്‍ ‘പൊതുതാത്പര്യം’ എന്ന വളരെ അയഞ്ഞ അനുമതിയെ സ്വകാര്യത സംബന്ധിച്ച തര്‍ക്കങ്ങളില്‍ കൂടുതല്‍ കര്‍ക്കശമാക്കേണ്ടതുണ്ട്.ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരായ പോരാട്ടത്തിനെ കേവലം പ്രായോഗിക പ്രശ്നയുക്തികളില്‍ മാത്രമല്ല, മനുഷ്യരുടെ സാമൂഹ്യക്രമങ്ങളുടെ, ഭരണസംവിധാനത്തെ തങ്ങളെത്തന്നേ വിഴുങ്ങുന്ന ഭീകരരൂപമാക്കി മാറ്റാതിരിക്കാനുള്ള വലിയൊരു സമരത്തിന്റെ ഭാഗം കൂടിയായാണ് കാണേണ്ടത്. ഭരണകൂടത്തിന്റേത് ഭീകരമായ വിധത്തില്‍ മര്‍ദനവും അടിച്ചമര്‍ത്തലും നടത്തുന്ന ഒരു യന്ത്രത്തിന്റെ സ്വഭാവം എന്നത് മാത്രമാവുകയും അതില്‍ യാതൊരു വിധത്തിലുള്ള ജനാധിപത്യ നാട്യങ്ങളും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളെ ചാപ്പ കുത്തിയ അക്കങ്ങളില്‍ നിന്നും നിങ്ങള്‍ എല്ലായ്പ്പോഴും തിരിച്ചറിയപ്പെടുന്നു എന്നത് നിങ്ങളില്ല, മറിച്ച് ഭരണകൂടം ആഗ്രഹിക്കുന്ന നിങ്ങള്‍ മാത്രമേയുള്ളൂ എന്ന്‍ ഉറപ്പുവരുത്തലാണ്.

ക്ഷേമ പെന്‍ഷന് ആധാര്‍ കാര്‍ഡ് മാനദണ്ഡമാക്കുമ്പോള്‍ (ഇനിയത് വാദത്തിന് പല മാനദണ്ഡങ്ങളില്‍ ഒന്നു മാത്രമാണെങ്കില്‍ക്കൂടി) ഈ ഭരണകൂടയുക്തിയെയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ രാഷ്ട്രീയ പ്രശ്നത്തിന് കൂടിയാണ് അവര്‍ മറുപടി നല്‍കേണ്ടത്. ഒരു യുക്തിയേയും അതിന്റെ രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നു വേറിട്ട് കാണാനാകില്ല എന്നതുകൊണ്ട് അത് മറ്റ് പല രാഷ്ട്രീയ നിലപാടുകളെക്കൂടി വ്യക്തമാക്കുന്നു എന്നും പറയേണ്ടിവരും.

(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories