TopTop
Begin typing your search above and press return to search.

പാഠപുസ്തകം സമയത്തിന് കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് എന്ത് സ്കൂള്‍ വിക്കി?

പാഠപുസ്തകം സമയത്തിന് കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് എന്ത് സ്കൂള്‍ വിക്കി?

ഉണ്ണികൃഷ്ണന്‍ വി

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐടി അറ്റ് സ്കൂളിന്‍റെ നേതൃത്വത്തില്‍ പുറത്തിറക്കിയ സ്കൂള്‍ വിക്കി എന്ന സംരംഭം ഇപ്പോള്‍ നിര്‍ജ്ജീവമായ അവസ്ഥയിലാണ്. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളെയും ഉള്‍പ്പെടുത്തി 2009 കേരളപ്പിറവി ആഘോഷങ്ങള്‍ നടന്ന അവസരത്തിലാണ് സ്കൂള്‍ വിക്കി നിലവില്‍ വരുന്നത്. ആദ്യപാദത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സംവിധാനം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ നിലവില്‍ വന്ന സ്കൂള്‍ വിക്കി ഐടിഅറ്റ് സ്കൂളും ബന്ധപ്പെട്ട മറ്റു വകുപ്പുകളും തിരിഞ്ഞു നോക്കാത്തതിനാല്‍ കാലഹരണപ്പെട്ട വിവരങ്ങള്‍ മാത്രമുള്ള വെറുമൊരു വെബ്‌സൈറ്റ് മാത്രമാവുകയാണ്.

അധ്യാപകര്‍ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക സൃഷ്ടികളും സ്കൂളുകളുടെയും വിവരങ്ങളും കേരളത്തിലെ എല്ലാ സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കുവാനും അതുവഴി വിവരങ്ങള്‍ കൈമാറ്റം ചെയ്യുവാനും ഉതകുന്ന രീതിയിലുള്ള ഒരു വിവരശേഖരണ ഉപാധി എന്ന നിലയിലാണ് സ്കൂള്‍ വിക്കി നിലവില്‍ വരുന്നത്. സ്വതന്ത്ര പ്ലാറ്റ്ഫോമായ വിക്കിമീഡിയ സോഫ്റ്റ്‌ അടിസ്ഥാനമാക്കി നിലവില്‍ വന്ന സ്കൂള്‍ വിക്കി സാധാരണ കണ്ടു വരാറുള്ള സംവിധാനത്തില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിച്ചിരുന്നത്.

സാമാന്യ സാങ്കേതിക പരിജ്ഞാനം ഉള്ളവര്‍ക്ക് ലോകത്തെവിടെ നിന്നും ഇതിലെ വിവരങ്ങള്‍ മാറ്റം വരുത്താന്‍ കഴിയുമായിരുന്നു. സംസ്ഥാനത്തെ ഓരോ സ്കൂളുകളുടെയും അടിസ്ഥാന വിവരങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍, ഭൌതിക സൗകര്യങ്ങള്‍, ക്ലബ്ബുകള്‍, സ്കൂളുകള്‍ തയ്യാറാക്കുന്ന കൈയ്യെഴുത്തു മാസികകള്‍, പ്രാദേശിക ചരിത്രം, പ്രാദേശിക പത്രങ്ങള്‍, നാടോടി വിജ്ഞാന കോശം എന്നിവ കൂടാതെ ഓരോ വിദ്യാര്‍ത്ഥികളും പഠനത്തിന്‍റെ ഭാഗമായി ചെയ്യുന്ന പ്രോജക്ടുകള്‍ വരെ സ്കൂള്‍ വിക്കിയില്‍ ലഭ്യമായിരുന്നു. ഈ ദൌത്യം മുന്‍പോട്ടു കൊണ്ടുപോകാന്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലെയും ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു.

നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ സ്കൂള്‍ വിക്കിയുടെ അവസ്ഥ വളരെ പരിതാപകരമാണ്. കേരള സര്‍ക്കാറിന്റെ മറ്റു പല പ്രോജക്ടുകളെയും പോലെ സ്കൂള്‍ വിക്കിയും ഇപ്പോള്‍ എങ്ങുമെത്താതെ നില്‍ക്കുകയാണ്.
ഇപ്പോഴത്തെ സ്കൂള്‍ വിക്കിയുടെ അവസ്ഥ

ഇറോം സയന്റിഫിക് സോല്യുഷന്‍സ് സിഇഒ ആയ അന്‍വര്‍ സാദത്ത്‌ ഐടി@സ്കൂള്‍ ഡയറക്ടര്‍ പദവി വഹിക്കുമ്പോഴാണ് സ്കൂള്‍ വിക്കി നിലവില്‍ വരുന്നത്. അന്നു ചേര്‍ക്കപ്പെട്ട പല വിവരങ്ങളും പൂര്‍ണ്ണമായി നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകള്‍ക്കും റജിസ്റ്റര്‍ ചെയ്ത് അതാത് ജില്ലകളുടെ കീഴില്‍ അവരവര്‍ക്കനുവദിച്ച സ്ഥലത്ത് അവരവരുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് സ്കൂള്‍ വിക്കി രൂപകല്പന ചെയ്തിരുന്നത്. ഇതോടൊപ്പം തന്നെ ഓരോ സ്കൂളും സ്കൂള്‍തലത്തില്‍ വികസിപ്പിക്കുന്ന ഐ.ടി.അധിഷ്ഠിത പഠന വിഭവങ്ങള്‍ പ്രസിദ്ധീകരിക്കാനായി ഒരു ഐ.സി.ടി പഠന മൂലക്കും സ്കൂള്‍ വിക്കിയില്‍ ഇടം നല്‍കിയിരുന്നു ഏറ്റവും മികച്ച തരത്തില്‍ വിഭവങ്ങള്‍ ചേര്‍ക്കുന്ന വിദ്യാലയങ്ങള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാര്‍ഡുകള്‍ നല്‍കാന്‍ ഐടി അറ്റ്സ്കൂള്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഭാഷാപഠനത്തില്‍ കുട്ടികളില്‍ താത്പര്യം വര്‍ദ്ധിപ്പിക്കുവാനും കൂട്ടായ്മയുടെ പുത്തന്‍ മാതൃക സൃഷ്ടിക്കാനും കഴിയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു-നാലു വർഷങ്ങളായി പുതുതായി ഒരു വിവരവും സൈറ്റില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. 2011 വരെ ഇതില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പലപ്പോഴും ഡൊമൈൻ പോലും കിട്ടാറില്ല , അന്‍വര്‍ സാദത്ത്‌ പറഞ്ഞു. ആദ്യ ഘട്ടങ്ങളില്‍ 93,37,666 സന്ദര്‍ശകരും രജിസ്റ്റര്‍ചെയ്ത 9,755 അംഗങ്ങളും 22,507 പേജുകളും ഈ സംരംഭത്തിനുണ്ടായിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.

ഒരു സമയത്ത് കേരളത്തിന് അഭിമാനമായി പ്രവര്‍ത്തിച്ച ഈ സംരഭത്തിന് എന്തുകൊണ്ടിങ്ങനെ ഒരവസ്ഥ വന്നു എന്ന ചോദ്യം അന്നതിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച പലരും ഉയര്‍ത്തുന്നു.

സ്കൂള്‍വിക്കിയുടെ ഈ അവസ്ഥയ്ക്കു കാരണം
ഈ പ്രോജക്റ്റില്‍ പ്രവര്‍ത്തിച്ച പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു അധ്യാപകന്‍ പറയുന്നതിതാണ്.

‘കേരളത്തിലെ ഐടി വകുപ്പിന് വളരെയധികം അഭിമാനിക്കാവുന്ന ഒരു നേട്ടമായിരുന്നു സ്കൂള്‍ വിക്കി. തുടക്കത്തില്‍ ചിട്ടയായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഈ സംരഭം പിന്നീട് മേല്‍നോട്ടമില്ലാത്ത ഒരു അവസ്ഥയിലേക്ക് വന്നതോടെ നശിക്കാന്‍ തുടങ്ങുകയായിരുന്നു. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് സ്കൂളിലെ കോര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും ഒരു മോണിറ്ററിംഗ് സംവിധാനം ഇല്ലാതിരുന്നതു കാരണം ആര്‍ക്കും അത്ര താല്‍പ്പര്യമില്ലാതെയായി. ഇപ്പോള്‍ സ്കൂള്‍ വിക്കിയുടെ അവസ്ഥയ്ക്ക് കാരണം അതൊക്കെത്തന്നെയാണ്.’ അധ്യാപകന്‍ പറയുന്നു.


എന്തുകൊണ്ട് സ്കൂള്‍ വിക്കി ഇങ്ങനെ ഒരവസ്ഥയിലെത്തി എന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ ബാധ്യസ്ഥനായ ഐടി.@സ്കൂള്‍ ഡയറക്ടര്‍ ഇപ്പോള്‍ വിദേശരാജ്യത്ത് ഔദ്യോഗിക സന്ദര്‍ശനത്തിലാണ്.സെക്ഷനുകളില്‍ നിന്നും സെക്ഷനുകളിലേക്ക് ഫോണ്‍ കൈമാറുന്നതല്ലാതെ വകുപ്പിലെ മറ്റുദ്യോഗസ്ഥര്‍ക്ക് തരാന്‍ വ്യക്തമായ ഒരു മറുപടിയുമില്ല.

ഇപ്പോഴത്തെ അവസ്ഥയില്‍ സ്കൂള്‍ വിക്കിയില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരങ്ങളുടെ പകര്‍പ്പ് സെര്‍വറില്‍ നിന്നും കണ്ടെത്തുന്നത് ശ്രമകരമാണെങ്കിലും സാധ്യമാണ്. എന്നാല്‍ ഇനിയും താമസമുണ്ടാവുകയാണെങ്കില്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടേക്കാം എന്ന് അന്‍വര്‍ സാദത്ത്‌ മുന്നറിയിപ്പു നല്‍കുന്നു.

വിവരസാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ച ഈ സമയത്ത് സ്കൂള്‍ വിക്കിയുടെ അറ്റകുറ്റപ്പണികള്‍ നടത്തി നിലനിര്‍ത്തുന്നത് തികച്ചും അനായാസമായ ഒന്നാണ്. ചെറിയ കുട്ടികള്‍ സങ്കീര്‍ണ്ണമായ പ്രോഗ്രാമുകള്‍ പോലും കൈകാര്യം ചെയ്യുന്ന സമയമാണ് ഇത്. വിക്കിമീഡിയ സോഫ്റ്റ്‌ പോലെയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാധാരണ ബ്രൌസര്‍ മൂലം തന്നെ മാറ്റങ്ങള്‍ വരുത്താവുന്ന ഒരു പ്ലാറ്റ്ഫോം ആണ്. പ്രത്യേകിച്ച് സാങ്കേതിക പരിജ്ഞാനം പോലും അതിനാവശ്യമില്ല. മൊബൈലില്‍ പോലും മലയാളം ടൈപ്പ് ചെയ്യാന്‍ ആപ്ലിക്കേഷന്‍ ഉള്ളതിനാല്‍ കൂടുതല്‍ എളുപ്പത്തില്‍ വിവരങ്ങള്‍ ചേര്‍ക്കാനാകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ മുന്‍കൈ എടുക്കാന്‍ തയ്യാറല്ലെങ്കില്‍ ഈ സംരഭം മുന്നോട്ടു കൊണ്ട് പോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സ്വതന്ത്ര കമ്പ്യൂട്ടിംഗ് മേഖലയില്‍ ഉള്ളവരുടെ സഹായത്തോടെ സാധാരണക്കാര്‍ക്ക് തന്നെ സ്കൂള്‍ വിക്കി മുന്‍പോട്ടു കൊണ്ട് പോകാന്‍ സാധിക്കും എന്ന് അന്‍വര്‍ സാദത്ത്‌ പറയുന്നു.

സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ നമുക്കു ലഭിക്കുക സ്കൂൾ വിദ്യാഭ്യാസ രംഗത്ത്‌ ഇന്ത്യയിലെ തന്നെ ഏറ്റവും ബൃഹത്തായ സൈബർ വിവര സംഭരണിയാണ് അതും പൂർണമായും മലയാളത്തിൽ ലഭ്യമായത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories