TopTop

ജിഷ്ണു കേസ്: സര്‍ക്കാര്‍ പരസ്യത്തില്‍ പറയുന്നതല്ല വസ്തുതകള്‍

ജിഷ്ണു കേസ്: സര്‍ക്കാര്‍ പരസ്യത്തില്‍ പറയുന്നതല്ല വസ്തുതകള്‍
ജിഷ്ണു കേസില്‍ സത്യം തമസ്കരിക്കാനും സര്‍ക്കാരിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതായും ആരോപിച്ച് എല്ലാ പത്രങ്ങളിലും ഇന്ന് പിആര്‍ഡിയുടെ പരസ്യം വന്നിട്ടുണ്ട്. ജിഷ്ണു കേസ് - പ്രചരണമെന്ത്? സത്യമെന്ത്? എന്ന തലക്കെട്ടോടുകൂടിയാണ് പരസ്യം. അടിയില്‍ പൊതുജനങ്ങളുടെ അറിവിലേക്ക് കേരള സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുന്നത് എന്ന് പറയുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ ചില വാദങ്ങളും അതിലെ വസ്തുതകളും എന്താണ് എന്ന് നോക്കാം.

1. ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായ നടപടികള്‍ എടുത്ത് മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍

കേസിലെ മൂന്ന് പ്രതികളെ ഇപ്പോഴും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍കെ ശക്തിവേല്‍, അധ്യാപകന്‍ സിപി പ്രവീണ്‍, ഇന്‍വിജിലേറ്റര്‍ ഡിബിന്‍ എന്നിവരാണ് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനും പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനും പുറമെ കേസിലെ പ്രതികള്‍. കൃഷ്ണദാസിനും സഞ്ജിത്തിനും മാത്രമാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളത്. ശക്തിവേലും സിപി പ്രവീണും ജിഷ്ണുവിനെ മര്‍ദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസെടുത്തത് മുതല്‍ ഇവര്‍ ഒളിവിലാണെന്നും ഏഴ് സംസ്ഥാനങ്ങളില്‍ അരിച്ച് പെറുക്കിയിട്ടും കണ്ടെത്തിയില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍, മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കി കൊടുക്കുന്ന ഒത്തുകളിയാണ് അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്ന ആക്ഷേപം ശക്തമാണ്.

2. നെഹ്രു ഗ്രൂപ്പ് ഉടമ കൃഷ്ണദാസ് അടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജിഷ്ണു മരിച്ചത് ജനുവരി ആറിന്. കൃഷ്ണദാസ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ഫെബ്രുവരി 13ന്.

3. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ എല്ലാ ശാസ്ത്രീയ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് കേസ് തെളിയിക്കാന്‍ പൊലീസ് ശ്രമിക്കുന്നത്. കേസിനെ സംബന്ധിച്ച തുറന്ന സമീപനമാണ് പൊലീസിനുള്ളത്. ജിഷ്ണുവിന്റെ കുടുംബവുമായി സംസാരിച്ചതിന് ശേഷം നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസ് തയ്യാറാണ്.


തോര്‍ത്ത് മുണ്ടില്‍ തൂങ്ങിയാണ് ജിഷ്ണു മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്, എന്നാല്‍ അങ്ങനെയൊരു തോര്‍ത്തുമുണ്ടു പോലും പൊലീസ് ഇതുവരെ ഹാജരാക്കിയിട്ടില്ല. മരണം നടന്ന മുറി യഥാവിധി സീല്‍ ചെയ്യാതെ ഹോസ്റ്റലില്‍ നിന്നു തന്നെ ഒരു ലോക്ക് വാങ്ങിയാണ് മുറി പൂട്ടിയത്. മരണവിവരം അറിഞ്ഞ്‌ ബന്ധുക്കള്‍ എത്തുന്നതിനു മുമ്പു തന്നെ പൊലീസ് ഇന്‍ക്വിസ്റ്റ് തയ്യാറാക്കിയിരുന്നു. മരണത്തില്‍ ദുരൂഹയുള്ളതുകൊണ്ട് പൊലീസ് സര്‍ജന്‍ ചെയ്യേണ്ട പോസ്റ്റുമോര്‍ട്ടം ചെയ്തത് ഒരു പിജി സ്റ്റുഡന്റ്. പോസ്റ്റുമോര്‍ട്ടം, വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാനും തയ്യാറായില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വിദ്യാര്‍ത്ഥി ഇതൊരു ആത്മഹത്യയാണെന്ന് മൊഴിയും നല്‍കി. എന്നാല്‍ ജിഷ്ണുവിന്റെ ശരീരത്തും മുഖത്തുമെല്ലാം ഉണ്ടായിരുന്ന പാടുകളെ കുറിച്ചൊന്നും തൃപ്തികരമായ വിശദീകരണവുമില്ല. മുഖത്ത് കാണപ്പെട്ട മുറിവ് മൃതദേഹം എവിടെയെങ്കിലും തട്ടിയപ്പോള്‍ ഉണ്ടായതായിരിക്കാമെന്നും ദേഹത്ത് കാണപ്പെടുന്ന പാടുകള്‍ മൃതദേഹം താഴെ കിടത്തിയപ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം രക്തം താഴേയ്ക്കിറങ്ങി കട്ടപിടിച്ചതാവാം എന്നുമാണ്. പിആര്‍ഒയുടെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയത് തന്നെ സംഭവം നടന്ന് 40 ദിവസങ്ങള്‍ക്ക് ശേഷമാണ്.

3. മുന്‍കൂര്‍ ജാമ്യമുള്ള കൃഷ്ണദാസിനേയും സഞ്ജിത്തിനേയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധം ശക്തമായപ്പോള്‍ മാത്രമാണ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഒപ്പം കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇതിനെ വേണ്ട വിധത്തില്‍ എതിര്‍ക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നുമില്ല.

4. പുറത്തു നിന്നുള്ള സംഘം നുഴഞ്ഞുകയറി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു

എന്നാല്‍ പുറത്ത് നിന്നുള്ള ആരേയും കൂടെ വിളിച്ചിട്ടില്ലെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ പറയുന്നു. നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള തോക്ക് സാമി എന്ന ഹിമവല്‍ ഭദ്രാനന്ദ ഡിജിപിയുടെ തന്നെ അപ്പോയിന്‍മെന്റ് നേടി എത്തിയതായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്രയും മുഖ്യമന്ത്രി പിണറായി വിജയനും നുഴഞ്ഞുകയറ്റം സംബന്ധിച്ച് പറഞ്ഞത് കള്ളമാണെന്ന് ഇത് വ്യക്തമാക്കുന്നു. എസ് യു സി ഐ നേതാക്കളായ ഷാജിര്‍ ഖാന്‍, ഭാര്യ മിനി, പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു. ഇവരാരും സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് യാതൊരു തെളിവുമില്ല.

എന്നാല്‍ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഇവര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതായും പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായും പൊതുമുതല്‍ നശിപ്പിച്ചതായുമാണ് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടാനുള്ള കാര്യങ്ങളായി സര്‍ക്കാര്‍ നിരത്തിയത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരു തെളിവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നാട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ജിഷ്ണുവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തത് ഷാജിര്‍ ഖാനും ഭാര്യയുമാണ്‌. ഇവരാണ് ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നത്. ഷാജഹാനേയും തോക്ക് സാമിയേയും അറിയില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലത്തെ സംഘര്‍ഷമറിഞ്ഞെത്തിയ ഷാജഹാനേയും ഇവരോടൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു സമരം നടക്കുമ്പോള്‍ പുറത്ത് നിന്നുള്ള പലരും അതില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തുന്നത് സ്വാഭാവികമായിരിക്കെ പൊലീസിന്റെ ഗൂഢാലോചനാ വാദം ബാലിശമാണ്.

5. പൊലീസ് അതിക്രമത്തിന് തെളിവില്ല

മ്യൂസിയം എസ്‌ഐ സുനിലും എസിപി ബിജുവും കഴുത്തിന് പിടിക്കുകയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ജിഷ്ണുവിന്റെ അമ്മാവന്‍ അടക്കമുള്ളവര്‍ ആരോപിച്ചിട്ടുണ്ട്. മഹിജയ്ക്ക് വയറിന് ക്ഷതമേറ്റിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


Next Story

Related Stories