Top

മുഖ്യമന്ത്രീ, പ്ലാച്ചിമടയൊന്നും മറക്കരുത്; തുള്ളിവെള്ളം കുടിക്കാനില്ലാതാക്കും ജലമൂറ്റാനുള്ള ആ ഓര്‍ഡിനന്‍സ്

മുഖ്യമന്ത്രീ, പ്ലാച്ചിമടയൊന്നും മറക്കരുത്; തുള്ളിവെള്ളം കുടിക്കാനില്ലാതാക്കും ജലമൂറ്റാനുള്ള ആ ഓര്‍ഡിനന്‍സ്
ഇപ്പോള്‍ നിയമസഭ ചേരുന്ന സമയമല്ല. അതിനാല്‍ തന്നെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ഓര്‍ഡിനന്‍സ് വഴി നിയമമാക്കാം. എന്നാല്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവച്ച് ഒരു ഓര്‍ഡിനന്‍സ് കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഏഴ് നിയമങ്ങളാണ് ഒരു ഓര്‍ഡിനന്‍സ് വഴി അന്ന് ഭേദഗതി ചെയ്തത്. പഞ്ചായത്ത് രാജ് ആക്ട്, ചുമട്ടുതൊഴിലാളി നിയമം, നഗരപാലികാ നിയമ, ഭൂജല നിയമം, സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആക്ട് തുടങ്ങി ഏഴ് നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തു. ഇതില്‍ നാല് നിയമങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇത് ചെയ്യുന്നത് ഒരു ഇടത് സര്‍ക്കാരും. ആ ഓര്‍ഡിനന്‍സിന്റെ അടിയന്തിര പ്രാധാന്യം എന്തായിരുന്നു?


‘കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്’ – കഴിഞ്ഞ ഒക്ടോബര്‍ ഇരുപതിന് കേരളസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ്. എന്നാല്‍ ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് ഇറങ്ങിയ കാര്യം കേരളത്തിലെ പ്രതിപക്ഷം പോയിട്ട് ഭരണപക്ഷത്തുള്ളവരില്‍ പോലും പലരും അറിഞ്ഞില്ല. ആരെയും അറിയിക്കാതെ രഹസ്യമായി അടിയന്തിര പ്രാധാന്യത്തോടെ ഇറക്കാന്‍ മാത്രം ആ ഓര്‍ഡിനന്‍സില്‍ എന്താണുള്ളത്?

അധികാരഘടനയേയും, അടിസ്ഥാന വര്‍ഗത്തിനായി നിര്‍മ്മിച്ച നിയമങ്ങളേയും ഭരണഘടനയെ തന്നെയും അട്ടിമറിക്കുന്ന നിയമഭേദഗതികളാണ് ഈ ഒറ്റ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നതുകൊണ്ടാവണം അങ്ങനെ സംഭവിച്ചത്. ലോകബാങ്ക് വികസിപ്പിച്ചെടുത്ത ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങില്‍ മുന്‍നിരയിലേക്കെത്താനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ് ഓര്‍ഡിനന്‍സ് ഉണ്ടായിരിക്കുന്നത്. 189 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ 134-ാം സ്ഥാനത്താണ്. റാങ്കിങ്ങില്‍ മുന്നേറാനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച 231 ഇന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വിമുഖത പ്രകടിപ്പിച്ച് നില്‍ക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. 10 സംസ്ഥാനങ്ങളില്‍ കേന്ദ്രാവിഷ്‌കൃത പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ തൊണ്ണൂറ് ശതമാനത്തിലേറെ നടപ്പാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായങ്ങള്‍ക്ക് സുഗമമായ വഴിയൊരുക്കി നല്‍കാന്‍ നിയമങ്ങളില്‍ ഇളവ് വരുത്തുകയേ മാര്‍ഗമുള്ളൂ എന്ന് മനസ്സിലാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍, നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ വിവാദമായേക്കാവുന്ന പല നിയമഭേദഗതികളും ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കുകയായിരുന്നു.


നരേന്ദ്ര മോദി അധികാരത്തിലെത്തിയ ഉടന്‍ ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മ്മാണം നടത്തുന്നതിനെ കടുത്ത വിമര്‍ശനങ്ങളുമായി നേരിട്ട ഇടതുപക്ഷമാണ് ഇതേ സമീപനത്തിലൂടെ ഏഴ് നിയമങ്ങളെ ഭേദഗതിചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിയ നിയമഭേദഗതികള്‍ കേരളത്തെ, ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കെ.ആര്‍ ധന്യ നടത്തിയ അന്വേഷണ പരമ്പരയുടെ അവസാനഭാഗം.

http://www.azhimukham.com/kerala-kr-dhanya-investigative-report-on-ordinance-that-set-to-seek-sanction/

ഇനി പറയുന്നത് ജീവിക്കാന്‍ ഏറ്റവും അനിവാര്യമായ ഒന്നിനെക്കുറിച്ചാണ്; വെള്ളത്തെ കുറിച്ച്. കുടിക്കാനോ, മറ്റ് ജീവിതാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ വെള്ളമില്ലെങ്കില്‍ പിന്നെ മറ്റെന്ത് പറഞ്ഞിട്ട് എന്ത് കാര്യം. ആര്‍ക്കും മനസ്സിലാവുന്ന ഇത്രയും ലളിതമായ സംഗതി പോലും സര്‍ക്കാരിന് മനസ്സിലായിട്ടില്ല. ഇത് തെളിയിക്കുന്നത് കൂടിയാണ് വ്യവസായ വാണിജ്യ സംരംഭങ്ങള്‍ക്ക് വലിയവാതില്‍ തുറന്നു കൊടുക്കുന്ന കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്.

2002-ലെ കേരള ഭൂഗര്‍ഭ ജല നിയമം ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഭൂഗര്‍ഭ ജലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന നാട്ടില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഒരു നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നു. ഭൂജലം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണിതെന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ തെറ്റി. പകരം ഇനി ഭൂഗര്‍ഭ ജലം എടുക്കുന്നതിന് അനുമതി തന്നെ വേണ്ടതില്ല എന്ന നിയമ പരിഷ്‌ക്കാരമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് വേണ്ടിടത്തോളം ഭൂജലം ഊറ്റാം, ഇനി അതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. ഒരു കുടം വെള്ളത്തിനായി നീണ്ടനിരയില്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കുന്നവരേ, പരിസ്ഥിതി സ്‌നേഹികളേ നിങ്ങള്‍ക്കുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

ഭൂജല നിയമം ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സില്‍ പറയുന്ന കാര്യങ്ങളിങ്ങനെ- ഭൂജലം ഉപയോഗിക്കുന്നതിന് ഇനി അനുമതി ആവശ്യമില്ല. ഭൂജലവകുപ്പ് നിര്‍ദ്ദേശിക്കുന്ന അളവില്‍ കൂടരുതെന്ന് മാത്രം. അളവില്‍ കൂടുതല്‍ ജലമെടുക്കുന്നത് കണ്ടെത്തിയാല്‍ പരമാവധി അഞ്ച് ലക്ഷം രൂപ മാത്രം പിഴയീടാക്കുക. എത്ര ജലം എടുക്കുന്നു എന്നത് ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. അതനുസരിച്ചുള്ള ഫീസ് അടച്ചാല്‍ മതിയാവും. ജലാശയങ്ങള്‍ വറ്റിവരളുന്ന, ഉള്ളത് തന്നെ മലിനമായി, ഉപയോഗശൂന്യമായിരിക്കുന്ന, ഭൂജലത്തിന്റെ അളവ് നിമിഷം പ്രതി കുറഞ്ഞുവരുന്ന കേരളത്തിലാണ് ആവശ്യം കണക്കിന് വെള്ളം ഊറ്റിയെടുക്കാന്‍ ഇനി അനുമതിക്ക് പോലും കാത്ത് നിന്ന് ബുദ്ധിമുട്ടേണ്ട എന്ന ഉദാരസമീപനം സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വെള്ളത്തിന്റെ കാര്യത്തില്‍ ഏറ്റവും ഭീതിതമായ അവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുന്ന, അതിലും ഭയാനകമായ ഒരു നാളെയെ മാത്രം പ്രതീക്ഷിക്കാന്‍ വകയുള്ളപ്പോഴാണ് അവശേഷിക്കുന്നതും തടസ്സമില്ലാതെ എടുത്തുകൊള്ളാനുള്ള സര്‍ക്കാര്‍ വക നിയമഭേദഗതി.

http://www.azhimukham.com/investigative-report-on-ordinance-rule-vy-pinarayivijayan-government/

'ഈസ് ഓഫ് ഡൂയിങ് ബിസിനസി'ന്റെ ഭാഗമായി, സര്‍ക്കാര്‍ വ്യവസ്ഥകള്‍ ലളിതമാക്കി വ്യവസായസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്ത് കൊടുക്കുന്നതിനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതികള്‍ നടപ്പാക്കിയത്. വെള്ളത്തിനും, ഭൂജലത്തിനും അങ്ങേയറ്റം ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് തോന്നുംപടി ഭൂജലമെടുക്കാനുള്ള അനുമതി നല്‍കിയതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ എസ്.പി രവി പറയുന്നു: "
വര്‍ഷത്തിന്റെ ആറ് മാസവും കുടിവെള്ളത്തിനായി കാത്തുനില്‍ക്കേണ്ടി വരുന്ന ജനങ്ങളുള്ള നാടാണിത്. നാട്ടിലെ ഭൂഗര്‍ഭ ജലത്തിന്റെ അവസ്ഥ കണക്കിലെടുത്താല്‍ ഇപ്പോള്‍ അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ശ്രമിക്കേണ്ടത്. ഇവിടെ അതിനുപകരം കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യവും വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിരിക്കുകയാണ്. കുടിവെള്ളത്തിനായി സാധാരണക്കാര്‍ എടുക്കുന്ന വെള്ളത്തിന് മാത്രമേ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുള്ളൂ. കൃഷിക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ പോലും നിയന്ത്രണം കൊണ്ടുവരണമെന്നാണ് പലപ്പോഴായി പലരും ഉന്നയിച്ചിട്ടുള്ള ആവശ്യം. എന്നാലിപ്പോള്‍ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വെള്ളം അനുവദിക്കപ്പെടുമെന്ന് വരുന്നത് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതാണ്. എന്നുമുതലാണ് കച്ചവടം നല്ലതാണെന്ന ഫിലോസഫിയില്‍ ഇവര്‍ വിശ്വസിച്ച് തുടങ്ങിയത്? വ്യവസായികളും മുതലാളിമാരും പറയുന്നതെല്ലാം ശരി എന്ന നിഗമനത്തിലേക്ക് എന്നാണ് ഇവര്‍ എത്തിച്ചേര്‍ന്നത്? അവര്‍ പറയുന്നതെല്ലാം ശരി ആണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ഇപ്പോള്‍ വെള്ളമെടുക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ പറഞ്ഞ കണക്കില്‍ തന്നെയാണോ വെള്ളമെടുക്കുന്നതെന്ന് മോണിറ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് നിയമഭേദഗതിയില്‍ പറയുന്നുമില്ല. പലയിടത്തും അനുവദിക്കപ്പെട്ട അളവിനേക്കാള്‍ എത്രയോ മടങ്ങ് വെള്ളമാണ് വ്യവസായ സ്ഥാപനങ്ങള്‍ എടുക്കുന്നത്. അങ്ങനെയിരിക്കെ പുതിയ ഭേദഗതി കൂടി വരുന്നതോടെ അതിന് ഒരു കടിഞ്ഞാണ്‍ ഇല്ലാതെയാവും."


ഭീതിപ്പെടുത്തുന്ന കണക്കുകള്‍
ഭൂജല വകുപ്പ് കൃത്യമായ ഇടവേളകളില്‍ ഭൂജലത്തിന്റെ അളവ് രേഖപ്പെടുത്താറുണ്ട്. എന്നാല്‍ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ജലത്തിന്റെ അളവില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് കാര്യമാണ് കാണിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ കാണുന്നതും അനുഭവിക്കുന്നതും അതില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ്. ഭൂജലനിരപ്പിനോട് അടുത്ത് കിടക്കുന്നതാണ് കിണറുകള്‍. ആവശ്യത്തിന് മഴ ലഭിച്ചാല്‍ തുടര്‍ന്നുള്ള രണ്ടോ മൂന്നോ മാസത്തേക്ക് കിണറുകളില്‍ ജലനിരപ്പ് കാര്യമായി വ്യത്യാസപ്പെടാതെയിരിക്കുന്ന കാഴ്ചയാണ് മുന്‍കാലങ്ങളില്‍ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശക്തമായ മഴ ലഭിക്കുന്ന സമയങ്ങളില്‍ പോലും ഒരാഴ്ച മഴ മാറി നിന്നാല്‍ കിണറുകളിലെ ജലനിരപ്പ് ഏറെ താഴ്ന്നു പോവുന്ന അനുഭവമാണുള്ളത്.

പുഴകളുടെ കാര്യവും വ്യത്യസ്തമല്ല. നല്ല മഴ ലഭിക്കുന്ന സമയങ്ങളില്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴകളില്‍ മഴ മാറിയാല്‍ വലിയ കാലതാമസമില്ലാതെ ജലനിരപ്പ് താഴേക്ക് പോവുന്നതാണ് കണ്ടുവരുന്നത്. ഭൂജലനിരപ്പില്‍ അത്രകണ്ട് കുറവ് സംഭവിച്ചിട്ടുണ്ടെന്ന കാര്യമാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. ജലനിരപ്പ് താഴുന്നതിനനുസരിച്ച് വെള്ളത്തിന്റെ ഗുണത്തിലും മാറ്റം വരുന്നതായി പലയിടത്തും കണ്ടുവരുന്നു. ചിറ്റൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇക്കാരണത്താല്‍ തന്നെ കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ഭേദഗതി ചെയ്ത നിയമം പ്രാബല്യത്തില്‍ വന്നാല്‍ ചിറ്റൂര്‍ പോലുള്ള മേഖലകളെ ഒഴിവാക്കാനിടയുണ്ടെങ്കിലും മറ്റ് പ്രദേശങ്ങളെ ചിറ്റൂരിന് സമാനമായ രീതിയിലേക്കെത്തിക്കുന്നതാവുമത് എന്ന ആശങ്കയാണ് ഭൂരിഭാഗം പരിസ്ഥിതി പ്രവര്‍ത്തകരും ഉന്നയിക്കുന്നത്.കഴിഞ്ഞമാസം പുറത്തുവന്ന സാക്ഷരതാ മിഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഏറെ ചിന്തിപ്പിക്കുന്നതാണ്. ഓരോ നിമിഷവും ശുദ്ധജലത്തിന്റെ അളവ് കുറയുന്നതായി ചൂണ്ടിക്കാട്ടുന്ന പഠന റിപ്പോര്‍ട്ട് കേരളത്തിലെ 73 ശതമാനം ജലാശയങ്ങളും മലിനമാണെന്നും ഉപയോഗയോഗ്യമായത് വെറും 27 ശതമാനം വെള്ളം മാത്രമാണെന്നും വ്യക്തമാക്കുന്നു. മലിനമായ 73 ശതമാനത്തില്‍ 26.9 ശതമാനം ജലാശയങ്ങളും പൂര്‍ണമായും മലിനപ്പെട്ടിരിക്കുന്നതായും 46.1 ശതമാനം ഭാഗികമായി മലിനപ്പെട്ടിരിക്കുന്നതായും പറയുന്നു. ജലാശയങ്ങള്‍ മലിനമാവുക മാത്രമല്ല മരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സാക്ഷരതാ മിഷന്റെ കണ്ടെത്തല്‍. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വലിയ ജലദുരന്തത്തിനാവും കേരളം സാക്ഷ്യം വഹിക്കുക. അമ്പത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാനപ്പെട്ട ആറ് പുഴകള്‍ (അച്ചന്‍കോവില്‍, മണിമല, ചാലക്കുടിപ്പുഴ, പമ്പ, മീനച്ചില്‍, മൂവാറ്റുപുഴ) ഓര്‍മ്മയാവുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ വേദിയില്‍ വച്ച് അച്ചന്‍കോവില്‍, മണിമലയുള്‍പ്പെടെയുള്ള നദികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പുഴ സംരക്ഷണത്തിനായി ബൃഹത് പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഹരിത കേരള മിഷന്‍ വഴിയും കേരളത്തിലെ നദികളുടേയും ജലാശയങ്ങളുടേയും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ ഇതിനിടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെയെല്ലാം തകിടം മറിക്കുന്ന തരത്തില്‍ ഭൂജലം സ്വതന്ത്രമായി ഊറ്റാനുള്ള നിയമം സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നതാണ് വിരോധാഭാസം. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ യാതൊരു സാമൂഹിക ഉത്തരവാദിത്തം കാണിക്കാത്ത വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കാണ് ഇത്തരത്തില്‍ സ്വതന്ത്രാനുമതി നല്‍കുന്നതെന്നതും ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്.

http://www.azhimukham.com/kerala-reclamation-of-varattar-river-by-people-dhanya/

പ്ലാച്ചിമടയും പുതുശേരിയും നല്‍കുന്ന പാഠങ്ങള്‍
കേരളത്തില്‍ ആകെയുള്ള ഭൂജലം 14.5 ക്യുബിക് കിലോമീറ്റര്‍ ആണ്. ഇതില്‍ 12 ക്യുബിക് കിലോമീറ്റര്‍ ഭൂജലവും പശ്ചിമഘട്ടത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയ പാലക്കാടന്‍ ചുരവുമായി ബന്ധപ്പെട്ട മേഖലകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബാക്കി വരുന്ന വെള്ളം മാത്രമാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലുമായുള്ളത്. ഭൂജലത്തിന്റെ ഈ സമ്പുഷ്ടത തന്നെയാണ് പിന്നീട് പാലക്കാട് ജില്ലയ്ക്ക് തിരിച്ചടിയായതും, ഇപ്പോഴും തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും. വലിയ തോതില്‍ ഭൂജലം ഈ പ്രദേശത്തുണ്ടെന്ന് മനസ്സിലാക്കിയാണ് ആഗോള കുത്തക കമ്പനികളുള്‍പ്പെടെ പാലക്കാട് വന്ന് തമ്പടിച്ചതും.

പ്ലാച്ചിമടയില്‍ കൊക്ക കോള കമ്പനിയും പുതുശേരിയില്‍ പെപ്‌സി കമ്പനിയും എത്തിയപ്പോഴും ജലമെടുക്കുന്ന അളവിന്റെ കാര്യത്തില്‍ കൃത്യമായ വ്യവസ്ഥകളുണ്ടായിരുന്നു. എന്നാല്‍ ഈ നിയമങ്ങളെയെല്ലാം പാടെ അവഗണിച്ചുകൊണ്ട് പരമാവധി ജലം ഊറ്റി ജനജീവിതം തന്നെ ദുഷ്‌ക്കരമാക്കിയ അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. വര്‍ഷങ്ങള്‍ നീണ്ട സമരത്തിലൂടെയാണ് കൊക്ക കോള കമ്പനിയെ പ്ലാച്ചിമടയില്‍ നിന്ന് ഓടിക്കാന്‍ അവിടുത്തെ ജനങ്ങള്‍ക്കും പ്രാദേശിക ഭരണസമിതിക്കുമായത്. സമരക്കാരെ പേടിച്ചിട്ടല്ല, ഇനി ഊറ്റിയെടുക്കാന്‍ വെള്ളമില്ലാത്തതുകൊണ്ടാണ് കൊക്ക കോള നാട് വിട്ടതെന്ന അഭിപ്രായങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയാനുമാവില്ല. കാരണം പ്രവര്‍ത്തനം അവസാനിപ്പിച്ച് കൊക്ക കോള കമ്പനി മടങ്ങുമ്പോഴേക്കും കുടിക്കാന്‍ ഒരു തുള്ളി ശുദ്ധജലം പോലും കിട്ടാത്ത അവസ്ഥയിലേക്ക് പ്ലാച്ചിമടയിലെ ജനങ്ങളുടെ ജീവിതം മാറിയിരുന്നു. തങ്ങള്‍ക്ക് നഷ്ടമായ ജീവിതത്തിന്റെ നഷ്ടപരിഹാരമായി പ്ലാച്ചിമടക്കാര്‍ ചോദിച്ച തുക ഇതേവരെ കമ്പനി നല്‍കിയിട്ടുമില്ല.

മൃതദേഹത്തെ കുളിപ്പിക്കാന്‍ അഞ്ഞൂറ് രൂപയ്ക്ക് ടാങ്കര്‍ വെള്ളം വരുത്തിക്കേണ്ടി വന്ന ഗതികേട് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍ അതാണ് പുതുശേരി പഞ്ചായത്ത് നിവാസികളുടെ ഗതി. മഴക്കാലത്ത് പോലും കുടിവെള്ള വിതരണ ടാങ്കറുകളെ ആശ്രയിച്ചാണ് ഇവിടത്തുകാരുടെ ജീവിതം. കടുത്ത വേനല്‍ക്കാലത്ത് പോലും വറ്റാത്ത കിണറുകളും ജലാശയങ്ങളുമുണ്ടായിരുന്ന പുതുശേരി പഞ്ചായത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരായാത് ജലചൂഷകരായ പെപ്‌സി കമ്പനിയാണ്. ദിവസേന ആറ് മുതല്‍ ഏഴ് ലക്ഷം ലിറ്റര്‍ വെള്ളം എടുക്കാനുള്ള അനുമതിയാണ് പെപ്‌സി കമ്പനിയ്ക്ക് ഭൂജല വകുപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥാനത്ത് ഇരുപത് ലക്ഷം ലിറ്ററിലധികം ഭൂജലം കമ്പനി ഊറ്റിയെടുക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

http://www.azhimukham.com/water-scarcity-groundwater-depletion-cola-liquor-company-in-palakkad/

പുതുശേരി പഞ്ചായത്ത് അംഗമായ ബാലമുരളി പറയുന്നു, "25 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം പെപ്‌സ് കമ്പനി മണ്ണില്‍ നിന്നെടുക്കുന്നത്. പോരാത്തതിന് ഇപ്പോള്‍ മലമ്പുഴ ഡാമില്‍ നിന്ന് നേരിട്ട് വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങളും തയ്യാറാക്കുകയാണ്. കിന്‍ഫ്രയിലേക്ക് വെള്ളമെത്തിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ തന്നെയാണ് 30 ഇഞ്ച് വ്യാസമുള്ള പൈപ്പിട്ട് അവിടേക്ക് വെള്ളമെത്തിക്കുന്നത്. നാട്ടുകാര്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് പോലും ടാങ്കറിലെത്തുന്ന വെള്ളമാണ് ഇവിടുത്തെ ജനങ്ങള്‍ കുടിക്കുന്നത്. അപ്പോഴും വെള്ളമൂറ്റുന്ന കമ്പനിയ്ക്ക് പുതിയ കുഴല്‍ക്കിണറുകള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കിക്കൊണ്ടിരിക്കുകയാണ് ഭൂഗര്‍ഭ ജലവകുപ്പ്. കമ്പനിയുടേതായി എത്ര കുഴല്‍ക്കിണറുകള്‍ ഉണ്ടെന്ന കണക്ക് പോലും ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്കില്ല. എത്ര വെള്ളം എടുക്കുന്നു എന്ന് പരിശോധിക്കാറുമില്ല. കഴിഞ്ഞ വേനലില്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതായതോടെ പെപ്‌സിക്കമ്പിനി വേനല്‍ക്കാലത്തെങ്കിലും ജലമൂറ്റരുതെന്ന് പറഞ്ഞ് പഞ്ചായത്ത് സ്റ്റോപ്‌ മെമ്മോ നല്‍കിയിരുന്നു. അവര്‍ അത് പൂര്‍ണമായും നടപ്പാക്കിയോ എന്ന കാര്യം സംശയമാണ്. ഭാഗികമായാണ് നിര്‍ത്തിയതെങ്കില്‍ പോലും ആ പ്രദേശത്ത് കുഴല്‍കിണറുകളോ കിണറുകളോ വറ്റിയില്ല. അപ്പോള്‍ അതിന്റെ വ്യത്യാസം ഞങ്ങള്‍ തിരിച്ചറിഞ്ഞതാണ്. വ്യാവസായിക മേഖലയിലായതിനാല്‍ പഞ്ചായത്തിന് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള അധികാരമില്ലെന്ന് പറഞ്ഞ് അവര്‍ ജനങ്ങളേയോ പഞ്ചായത്ത് അധികാരികളേയോ അവിടേക്ക് പ്രവേശിപ്പിക്കാറില്ല. പെപ്‌സി കമ്പനി, കോടതിയില്‍ പഞ്ചായത്തിനെതിരായി ഒരു സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. ആ സ്റ്റേ ഒഴിവാക്കാനായി കോടതിയില്‍ പോവാന്‍ പഞ്ചായത്തോ സംസ്ഥാന സര്‍ക്കാരോ ശ്രമിച്ചിട്ടില്ല. പ്രതിപക്ഷം പോലും ഒന്നും മിണ്ടാതാവുന്നതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം. ഇപ്പോള്‍ വ്യവസായ മേഖലയ്ക്കായി ഭൂജലമെടുക്കാന്‍ അനുമതിയേ വേണ്ടെന്നു തുടങ്ങിയ നിയമങ്ങള്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കാന്‍ പോവുന്നതാണ്."


http://www.azhimukham.com/kerala-facing-worst-drought-state-may-impose-water-rationing/

വെള്ളമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചാല്‍ തോന്നും പോലെ പരമാവധി വെള്ളം ഊറ്റാന്‍ നോക്കുന്ന കമ്പനികളുടെ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. ഭൂജലവകുപ്പ് അനുവദിക്കുന്ന അളവില്‍ കൂടുതല്‍ വെള്ളമെടുക്കാന്‍ പാടില്ല എന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിലും നടപടി എടുക്കുന്നതിലും വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കാണിക്കാറുണ്ടോയെന്ന ചോദ്യമാണുള്ളത്. ബാലമുരളി തന്റെ അനുഭവത്തില്‍ നിന്ന് പറഞ്ഞ കാര്യങ്ങളും പ്ലാച്ചിമടസമരക്കാര്‍ പങ്കുവച്ച കാര്യങ്ങളും കണക്കിലെടുക്കുകയാണെങ്കില്‍ അങ്ങനെയൊരു നിരീക്ഷണമോ പരിശോധനയോ ഇക്കാര്യത്തില്‍ നടക്കുന്നില്ല എന്ന് വ്യക്തം. ഇനി അഥവാ അമിതമായ ജലചൂഷണം ശ്രദ്ധയില്‍ പെടുന്ന സാഹചര്യത്തിലും അഞ്ച് ലക്ഷം രൂപ പരമാവധി പിഴ ഈടാക്കിക്കൊണ്ട് സ്ഥാപനത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് നിയമഭേദഗതിയില്‍ പറഞ്ഞിരിക്കുന്നത്. ജനുവരി മാസം കഴിഞ്ഞാല്‍ കുടിവെള്ളത്തിനായുള്ള നീണ്ടനിരകള്‍ രൂപംകൊള്ളുന്ന സംസ്ഥാനത്ത് ആ അവസ്ഥയില്ലാതാക്കാനുള്ള ദ്രുതകര്‍മ്മ പദ്ധതികള്‍ തയ്യാരാക്കുന്നതിനുപകരം ജലചൂഷകര്‍ക്കനുകൂലമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. ഇനിയൊരു ലോകയുദ്ധമുണ്ടെങ്കില്‍ അത് വെള്ളത്തിനായായിരിക്കും എന്ന് പറയുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, കുടിവെള്ളത്തിന്റെ രാഷ്ട്രീയം ജീവന്റേയും ജീവിതത്തിന്റേയും കൂടിയാണ്.

http://www.azhimukham.com/kerala-story-of-reclamation-of-a-river-by-ordinary-people-dhanya/

Next Story

Related Stories