TopTop
Begin typing your search above and press return to search.

മൊബൈലില്ല, ടിവിയില്ല, പത്രമില്ല, അമ്മയോട് സംസാരിക്കാറുമില്ല; ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യവകാശ ലംഘനം

മൊബൈലില്ല, ടിവിയില്ല, പത്രമില്ല, അമ്മയോട് സംസാരിക്കാറുമില്ല; ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യവകാശ ലംഘനം

വിവാഹം അസാധുവാക്കി ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പമയച്ച ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് സൂചന. ഹാദിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരിലൊരാളാണ് ഇക്കാര്യം അഴിമുഖത്തോട് വെളിപ്പെടുത്തിയത്.

മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാവാതെ, പോലീസ് അകമ്പടിയോടെയുള്ള ജീവിതം ഹാദിയയെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരിക്കുന്നതായും ഈ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 'മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാനാവില്ല എന്നത് പോട്ടെ, ടിവി കാണാനോ പത്രം വായിക്കാനോ പോലും ഹാദിയയ്ക്ക് അനുവാദമില്ല. മതാചാരപ്രകാരമുള്ള നോമ്പ് ആചരിച്ചും പകല്‍ മുഴുവന്‍ ഉറങ്ങിയുമാണ് അവര്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. രാത്രി നേരങ്ങളില്‍ മിക്കപ്പോഴും ഖുര്‍-ആന്‍ വായനയിലായിരിക്കും. 'എന്തിനാണീ കോലാഹലമെല്ലാം' എന്ന് ഇടയ്ക്കിടെ അച്ഛനോട് ചോദിക്കുന്നത് കേള്‍ക്കാം. അമ്മയോട് സംസാരിക്കാറേയില്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പോലീസുകാര്‍ അവരോടൊപ്പമുണ്ടാവും.

ഞങ്ങളുമായി അവര്‍ സംസാരിക്കാറുണ്ട്. താന്‍ ഈ മതം തിരഞ്ഞെടുത്തതിനുള്ള കാരണങ്ങളും ഭര്‍ത്താവിനൊപ്പം ജീവിക്കാനുള്ള ആഗ്രഹവുമെല്ലാമാണ് പറയുന്നത്. ഈ അവസ്ഥയിലും തന്റെ വഴി തന്നെയാണ് ശരിയെന്ന് മാത്രമേ അവര്‍ പറയാറുള്ളൂ. മുറിക്കകത്ത് തന്നെയുള്ള കുളിമുറിയില്‍ വസ്ത്രങ്ങള്‍ കഴുകും. കഴുകിയ വസ്ത്രങ്ങള്‍ പുറത്തുകൊണ്ട് വന്ന് ഉണക്കാനിടാന്‍ അവര്‍ക്ക് അനുവാദമില്ല. അമ്മയോട് സംസാരമില്ലാത്തതിനാല്‍ വസ്ത്രങ്ങള്‍ കഴുകിക്കഴിഞ്ഞ് മുറിയില്‍ കിടക്കുന്ന മേശമേല്‍ രണ്ട് മൂന്ന് തവണ മുട്ടി ഇക്കാര്യം അമ്മയെ അറിയിക്കും. അവരെ സംബന്ധിച്ച് സ്വന്തം വീട് തടവറയാണ്. പലപ്പോഴും ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരം മാത്രമേ കഴിക്കുന്നുള്ളൂ. അതിനാല്‍ വളരെ ക്ഷീണിതയാണ്. സ്ഥലത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും മൊബൈല്‍ ഫോണ്‍ അകത്തേക്ക് കൊണ്ടുപോവാന്‍ അനുവാദമില്ല. വീടിനകത്തേക്ക് കയറുന്നതിന് മുമ്പ് പുറത്ത് കാവലുള്ള പുരുഷ പോലീസുകാരെ ഫോണ്‍ ഏല്‍പ്പിക്കണം. ശാരീരിക പീഡനം അനുഭവിക്കുന്നില്ലെന്ന് മാത്രമേയുള്ളൂ. മാനസികമായി അത്രത്തോളം അവര്‍ പീഢിപ്പിക്കപ്പെടുകയാണ്‌' - സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു.

ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വൈക്കം ടി.വി പുരം സ്വദേശിനി അഖിലയെന്ന ഹാദിയയുടെ വിവാഹം കഴിഞ്ഞ മാസം 24ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പെണ്‍കുട്ടിയുടെ വിവാഹത്തില്‍ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്ന കോടതി വിധി നിരവധി ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെയാണ് ഹാദിയ വിവാഹം കഴിച്ചത്. എന്നാല്‍ ഹാദിയയുടെ രക്ഷിതാവായിരിക്കാന്‍ ഷെഫിന് അധികാരമോ അവകാശമോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി യുവതിയെ പോലീസ് സംരക്ഷണയില്‍ വൈക്കത്തെ വീട്ടിലെത്തിക്കാനും നിര്‍ദ്ദേശം നല്‍കി. മതം മാറിയത് തന്റെ ഇഷ്ടപ്രകാരമാണെന്നും ഷെഫിന്‍ തന്റെ ഭര്‍ത്താവാണെന്നും ഹാദിയ കോടതിയിലുള്‍പ്പെടെ പറഞ്ഞിരുന്നെങ്കിലും ഇത് വിലപ്പോയില്ല. കോടതി ഉത്തരവ് പ്രകാരം മെയ് 26ന് പോലീസ് കാവലില്‍ ഹാദിയയെ വൈക്കത്തെ വീട്ടിലെത്തിച്ചു.

ആ ദിവസം മുതല്‍ ഹാദിയയുടെ വീട്ടിലും സമാധാനാന്തരീക്ഷം നിലനിന്നിരുന്ന ടി.എന്‍ പുരം എന്ന ഗ്രാമത്തിലും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഹാദിയയുടെ അയല്‍വാസിയും സാമൂഹ്യപ്രവര്‍ത്തകനുമായ അമൃതനാഥ് പറയുന്നു. 'മൂന്ന് ടെന്റുകള്‍ കെട്ടി പോലീസുകാര്‍ ആ വീട്ടില്‍ താമസമാക്കിയിരിക്കുകയാണ്. ചുറ്റുപാടുമുള്ള ചെറിയ ഇടവഴികളിലുള്‍പ്പെടെ റോഡിലും ജംഗ്ഷനുകളിലുമെല്ലാം പോലീസുകാര്‍ മഫ്ടിയില്‍ നിരീക്ഷണത്തിലാണ്. ഹാദിയയുടെ വീടിന് മുന്നില്‍ വലിയ സര്‍ച്ച് ലൈറ്റുകള്‍ വച്ചിട്ടുണ്ട്. രാത്രിയില്‍ ഈ സര്‍ച്ച് ലൈറ്റുകള്‍ സദാ തെളിഞ്ഞിരിക്കും. പരിസരവാസികള്‍ക്ക് പോലും റോഡിലൂടെ നടക്കണമെങ്കില്‍ പോലീസിന്റെ അനുവാദം വേണം. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയുള്‍പ്പെടെ നടത്തിയതിന് ശേഷമേ ഈ വീടിനടുത്ത് താമസിക്കുന്ന ഞങ്ങളെപ്പോലും റോഡിലൂടെ കടത്തിവിടൂ. അഞ്ചും ആറും ജീപ്പുകളിലായി പോലീസുകാര്‍ എപ്പോഴും റോന്ത് ചുറ്റിക്കൊണ്ടിരിക്കും, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. പോലീസുകാരുടെ പെരുമാറ്റത്തിലും നാട്ടിലാകമാനം ഭീകരാന്തരീക്ഷമുണ്ടാക്കുന്നതിലും നാട്ടുകാരില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. പക്ഷേ എസ്.ഡി.പി.ഐ എന്നോ, ഐ.എസ് എന്നോ ഒക്കെ പറഞ്ഞ് നാട്ടുകാരെ പോലീസ് ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ട് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഇതിനെതിരെ ശബ്ദിക്കുന്നില്ല'. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അമൃതനാഥ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് ഹാദിയയെ കാണാനെത്തിയ ശാസ്ത്രസാഹിത്യ പരിഷത് ജനറല്‍ സെക്രട്ടറി മീരയും സംഘാംഗങ്ങളും നേരിട്ട് കണ്ടതും അനുഭവിച്ചതും ഇതിന് സമാനമായ കാര്യങ്ങളാണ്.

'വൈക്കം പോലീസ് സ്‌റ്റേഷനിലെത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഹാദിയയെ കാണുന്നതിന് അനുവാദം വാങ്ങാനായി ചെന്നപ്പോള്‍, അവര്‍ക്ക് കാണാന്‍ സമ്മതമാണെങ്കില്‍ കാണാമെന്നാണ് പറഞ്ഞത്. പക്ഷെ ഹാദിയയുടെ വീട്ടിലെത്തിയപ്പോള്‍ സുരക്ഷാ ചുമതലയുള്ള എസ്.ഐ. പറഞ്ഞത് ഹൈക്കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ കാണാന്‍ അനുവദിക്കൂ എന്നാണ്. അവിടെയെത്തിയ ഞങ്ങള്‍ കണ്ടത് ഭരണകൂടം സൃഷ്ടിച്ചിരിക്കുന്ന ഭീകരാന്തരാക്ഷമാണ്. ചുറ്റും പോലീസുകാര്‍, പട്ടാള ക്യാമ്പിന് സമാനമായ രീതികള്‍, നിരീക്ഷണങ്ങള്‍, ചോദ്യം ചെയ്യലുകള്‍. ഞങ്ങളുടെ കൂടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവരെ പോലും കോമ്പൗണ്ടിനകത്ത് കടക്കാന്‍ പോലീസുകാര്‍ അനുവദിച്ചില്ല. ഹാദിയയുടെ അച്ഛനെ കാണണമെന്ന് പറഞ്ഞപ്പോള്‍, അവിടെ നിന്ന് കാണാനും സംസാരിക്കാനും പറ്റില്ല എന്നാണ് പറഞ്ഞത്. അയല്‍വീട്ടില്‍ കാത്തിരിക്കൂ, അവിടെ ഹാദിയയുടെ അച്ഛന്‍ നിങ്ങളെ കാണാനായി വരുമെന്നും നിര്‍ദ്ദേശം ലഭിച്ചു. പിന്നീട് അയല്‍പക്കത്തെ വീട്ടില്‍ വച്ചാണ് അദ്ദേഹത്തോട് സംസാരിച്ചത്. പക്ഷെ 'ഒന്നും പുറത്ത് പറയരുതെന്നാണ് എനിക്ക് വക്കീലില്‍ നിന്ന് കിട്ടിയ ഉപദേശം. അതുകൊണ്ട് എനിക്കൊന്നും പറയാനാവില്ല' എന്നാണ് ഹാദിയയുടെ അച്ഛന്‍ ഞങ്ങളോട് പറഞ്ഞത്. എന്തിനാണ് പോലീസുകാര്‍ ഇങ്ങനെ ഒരന്തരീക്ഷം അവിടെ ഉണ്ടാക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. കോടതിവിധിയനുസരിച്ചാണെങ്കില്‍, ഹാദിയയ്ക്ക് രക്ഷിതാക്കള്‍ സംരക്ഷണം നല്‍കണമെന്നും, അതിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മാത്രമേയുള്ളൂ. പക്ഷെ അവിടെ നടക്കുന്നത് അതൊന്നുമല്ല. ഭരണകൂട ഭീകരതയാണ്. ഒരു വ്യക്തി എന്ന നിലയ്ക്ക് ലഭിക്കേണ്ട എല്ലാ സ്വാതന്ത്യങ്ങളുടേയും അവകാശങ്ങളുടേയും ലംഘനം പ്രത്യക്ഷത്തില്‍ തന്നെ കാണാം. ഇതിനേക്കാള്‍ ഞങ്ങളെ ഭയപ്പെടുത്തിയത് സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടിക്കാരുടെ മൗനമാണ്.' ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ ജോജി കൂട്ടുമ്മേല്‍ പറയുന്നു


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories