UPDATES

ശബരിമലയിലേക്കുള്ള വഴിയില്‍ വെള്ളം തേടി പലായനം ചെയ്യേണ്ടി വരുന്ന കുറച്ച് മനുഷ്യര്‍ ജീവിക്കുന്നുണ്ട്‌: മലംപണ്ടാരങ്ങള്‍

ദാരിദ്ര്യം, പ്രായപൂര്‍ത്തിയാകുന്നതിനു മുന്നേ വിവാഹം , സന്താന നിയന്ത്രണമില്ലായ്മ, സുരക്ഷിതമല്ലാത്ത ജീവിതം: ഒരുകാലത്ത് കാടിന്റെ അവകാശികളായിരുന്നവരുടെ അവസ്ഥയാണ്

കുടിവെള്ള സ്രോതസുകള്‍ മലിനമാക്കപ്പെടുന്നത് കൊണ്ട് നിലയ്ക്കലില്‍ നിന്ന് ളാഹയിലേക്കും പ്ലാപ്പള്ളിയിലേക്കും നിരന്തരം കൂടുമാറേണ്ടി വരുന്ന ആദിവാസി കുടുംബങ്ങളെക്കുറിച്ച് അറിഞ്ഞാണ് ളാഹയിലേക്ക് പുറപ്പെട്ടത്. ശബരിമല സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് സംഘര്‍ഷാഭരിതമായ ഒരു അന്തരീക്ഷത്തില്‍ നിന്ന് പത്തനംതിട്ട ജില്ല തന്നെ വിമുക്തമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ളാഹയിലിറങ്ങി ശബരിമലയിലേക്ക് നീളുന്ന വഴിയിലൂടെ നടന്നു. ദൂരെ നിന്നു തന്നെ നീല ടാര്‍പ്പോളിനുകള്‍ കാണാം. വഴിയില്‍ നിന്ന് കുറച്ച് അകലെയായി തന്നെ നീരൊഴുക്കിന്റെ ശബ്ദം കേള്‍ക്കാം. ടാര്‍പോളിന്‍ ടെന്റുകള്‍ക്കടുത്ത് എത്തിയപ്പോളാണ് റോഡിനരുകിലായി സ്ഥാപിച്ചിരിക്കുന്ന മഞ്ഞ ബോര്‍ഡ് കണ്ടത്. ശബരിമലയിലേക്ക് എത്തുന്ന ഭക്തന്മാര്‍ക്ക് സ്വാഗതം. പ്ലാസ്റ്റിക് ഫ്രീ സോണ്‍ ശബരിമല. അതിന് താഴെ അഞ്ചടി മാറിയാണ് 7 ടാര്‍പോളിന്‍ കുടിലുകളുള്ളത്. അതിലെ വിരോധോഭാസം കണ്ട് എന്തോ ചിന്തിച്ച് വരുമ്പോഴാണ് റോഡിലേക്കിറങ്ങി ഒരാള്‍ ഇരിക്കുന്നു. രണ്ട് മനുഷ്യര്‍ വരുന്നുവെന്ന് പോലും ശ്രദ്ധിക്കാതെ പട്ടിയോ പൂച്ചയോ തൊട്ടടുത്തു കൂടെ കടന്നുപോയാലുള്ള നിസംഗ ഭാവത്തോടെ അയാള്‍ കാലിന്‍മേല്‍ കാലിട്ട് കൊണ്ട് ഇരുന്നു. പരിചിതരല്ലാത്തവരെ കണ്ടപ്പോഴേക്കും മൂന്ന് പട്ടികള്‍ കുരക്കാനും അതിലൊന്ന് മുരണ്ട് കൊണ്ട് കടിക്കാനെന്ന പോലെ ഓടിയെത്തി. പട്ടികളുടെ നിര്‍ത്താതെയുള്ള കുര കേട്ട് ടാര്‍പോളിന്‍ കൂടാരങ്ങളില്‍ നിന്ന് ചെറിയ കുഞ്ഞുങ്ങളെ ഒക്കത്ത് വെച്ച് പതിനഞ്ചും പതിനെട്ടും വയസ് തോന്നിക്കുന്ന കുട്ടികള്‍ ഇറങ്ങി വന്നു. പിറകെ കുറച്ച് മുതിര്‍ന്ന സ്ത്രീകളും. പട്ടികളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു കൊണ്ട് അവിടെ നിസംഗ ഭാവത്തിലിരുന്ന ആളോട് അവരില്‍ ഒരാള്‍ ദേഷ്യത്തോടെ പറഞ്ഞു. “ആളുകള്‍ വന്നാല്‍ മിണ്ടാതെയിരുന്നോണം. കണ്ണില്ലേ നിങ്ങക്ക്, പട്ടികള്‍ കടിക്കുമെന്ന് അറിയില്ലേ…”, അപ്പോഴും അയാള്‍ അതേ ആലസ്യഭാവത്തില്‍, മിണ്ടാതിരി പട്ടീ എന്ന് പറഞ്ഞ് എഴുന്നേറ്റു. പട്ടികള്‍ കടിച്ചാലോ എന്ന പേടിയോടെ ഞങ്ങള്‍ അവരുടെയടുത്തേക്ക് നടന്നു. ഞങ്ങളെ കണ്ടതും കുഞ്ഞുങ്ങളെ ഒക്കത്ത് വെച്ച് കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ അകത്തേക്ക് ഉള്‍വലിഞ്ഞു. രാധാമണി മാത്രം ഞങ്ങളെ നോക്കി ചിരിച്ചു.

“ഞങ്ങളിവിടെ ഏഴ് കുടുംബക്കാരുണ്ട്. ഇന്നലെയാണ് ഏഴാമത്തെ ആളുകള്‍ ഇവിടെ വന്നത്. വെള്ളം കിട്ടാതെ വരുമ്പോള്‍ വെള്ളമുള്ള ഇടങ്ങളിലേക്ക് ഞങ്ങള്‍ കുടുംബത്തോടെ മാറും” രാധാമണി അവരുടെ നിലക്കാതെ തുടരുന്ന പലായനങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങി.

നിലയ്ക്കല്‍ മെയിന്‍ റോഡിന് സമീപത്ത് ടാര്‍പോളിന്‍ കൂടാരങ്ങളിലാണ് ഇവര്‍ നാല് വര്‍ഷമായി താമസിച്ചിരുന്നത്. എന്നാല്‍ ശബരിമലയില്‍ നട തുറക്കുമ്പോഴെല്ലാം ഇവര്‍ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കും. “കുടിക്കാനുള്ള വെള്ളം കിട്ടുന്ന ഒരു സിമന്റ് ടാങ്കുണ്ട്. അതില്‍ നിന്നാണ് ഞങ്ങള്‍ കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എടുക്കുന്നത്. സ്വാമിമാര്‍ വന്ന് ആ ടാങ്കില്‍ ഇറങ്ങിക്കുളിക്കും ചിലപ്പോള്‍ പൈപ്പ് പൊട്ടിച്ചിടും. സ്വാമിമാരല്ലേ… ഒന്നും പറയാന്‍ പറ്റില്ലല്ലോ… അതുകൊണ്ട് ഞങ്ങള്‍ അവിടെ നിന്ന് നല്ല വെള്ളം കിട്ടുന്ന സ്ഥലങ്ങളിലേക്ക് മാറും”, രാധാമണി വിശദീകരിച്ചു.

വെള്ളം തേടിയുള്ള പലായനം

മനോജ് കൂറൂറിന്റെ നിലം പൂത്ത മലര്‍ന്ന നാള്‍ എന്ന പുസ്തകം മാത്രമാണ് രാധാമണി സംസാരിക്കുമ്പോള്‍ എനിക്ക് ഓര്‍മ വന്നത്. വറുതി മാറ്റാന്‍ സമൃദ്ധിയുടെ തീരങ്ങള്‍ തേടിയലയുന്ന പാണര്‍ സമൂഹത്തിന്റെ യാത്രകള്‍. ചെല്ലുന്ന ഇടങ്ങളില്‍ ജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവര്‍. പക്ഷേ ഒരിടവും അവരുടെ വറുതി മാറ്റുന്നില്ല. കൂടുതല്‍ അഴലുകളിലേക്ക് അവരുടെ കൂട്ടത്തെ എത്തിക്കുന്നുവെന്ന് മാത്രം. രണ്ടായിരം വര്‍ഷത്തിനപ്പുറം സംഘകാലത്തിലെപ്പോഴോ നടന്നതെന്ന് വായിച്ച ജീവിതങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി മുന്നില്‍ നിന്ന് സംസാരിക്കുകയായിരുന്നു. പക്ഷേ ഇവര്‍ യാഴുകള്‍ മീട്ടി അരചന്മാരുടെ വീരകഥകള്‍ പാടുന്ന പാണന്മാരല്ല, മലംപണ്ടാരങ്ങളാണ്. കാട്ടു വിഭവങ്ങളായ കുന്തിരിക്കം, തേന്‍, പട്ട തുടങ്ങിയവ ശേഖരിച്ച് വിറ്റാണ് ഇവിടെ ഉപജീവനം. വിഭവശേഖരണത്തിനായി ഇവര്‍ ഉള്‍ക്കാടുകളില്‍ പോയി രണ്ടാഴ്ചയോ ഒരു മാസത്തിനോ ശേഷം തിരികെ വരും. ഇപ്പോള്‍ കുടിവെള്ളം തേടി ളാഹയിലും പ്ലാപ്പള്ളിയിലും അട്ടത്തോടിലുമായി സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.

“വെള്ളമാണ് ഇല്ലാത്തത്. ഇവിടെ അടുത്ത് പുഴയുണ്ട്. ആണുങ്ങും പെണ്ണുങ്ങളും രാവിലെ വെള്ളം എടുത്തോണ്ട് വരും. പക്ഷേ വെള്ളത്തിനൊക്കെ നല്ല ചിലവാ… കുറെ പ്രാവശ്യം വെള്ളം എടുക്കാന്‍ പോകണം. തലച്ചുമടായി കൊണ്ടുവരണം”, ബുദ്ധിമുട്ടുകള്‍ ഓരോന്നായി രാധാമണി പറഞ്ഞു. “നാല് വര്‍ഷമായി നിലയ്ക്കലിലായിരുന്നു. സ്വാമിമാര്‍ വരുമ്പോള്‍ മാത്രം ഞങ്ങള്‍ മാറിത്താമസിക്കുമായിരുന്നു. ഇനി ഒരിടത്തേക്കും മാറില്ല. ളാഹയില്‍ തന്നെയുണ്ടാകും ഞങ്ങള്‍”.

രാധാമണിയെ കണ്ട സ്ഥലത്ത് മാത്രമായി ഏഴ് കുടുംബങ്ങളാണ് ഉള്ളത്, ഏഴ് കുടുംബങ്ങളിലായി 33 പേര്‍. അവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ട് നടന്നാല്‍ ഇതുപോലെ ടാര്‍പോളിന്‍ ചായ്പ്പില്‍ കഴിയുന്ന മൂന്ന് കുടുംബങ്ങള്‍ കൂടിയുണ്ട്. “ഇവരുടെ വയസിനെപ്പറ്റി യാതൊരു ധാരണയുമില്ല. തന്തയ്ക്കും തള്ളയ്ക്കും ചിലപ്പോള്‍ അറിയാമായിരിക്കും. പക്ഷേ ഞങ്ങളുടെ മക്കളുടെ വയസ് ഞങ്ങള്‍ക്കറിയാം”, രാധാമണിയുടെ വയസ് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമിങ്ങനെയായിരുന്നു. 3 വയസിന് താഴെയുള്ള ഏഴോളം കുട്ടികള്‍ ഇവിടെയുണ്ട്. കൈക്കുഞ്ഞുങ്ങളെയും വെച്ചുകൊണ്ടാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഇവര്‍ പോകുന്നത്. ഇനി ഒരിടത്തേക്കും പോകില്ല എന്ന് പറയുമ്പോഴും അവര്‍ക്ക് പ്രതീക്ഷകളുള്ളതായി തോന്നാറില്ല.

ഓരോ ഇടത്തേക്കും ഇങ്ങനെ മാറിത്താമസിക്കുമ്പോള്‍ കുടില്‍ കെട്ടാന്‍ ഇവര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വിളിച്ചു പറയും. ഫോറസ്റ്റില്‍ നിന്നാണ് ഇവര്‍ക്ക് കുടില്‍ കെട്ടാനുളള ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ടെത്തിക്കുന്നത്. അവര്‍ മറ്റിടങ്ങളിലേക്ക് പോകുമ്പോഴോ, കാറ്റിലും മഴയിലും ടാര്‍പോളിന്‍ കീറിപ്പോകുമ്പോഴോ അവര്‍ താമസിച്ചിരുന്നിടത്ത് തന്നെ ഇത് ഉപേക്ഷിക്കുകയാണ് പതിവ്.

“മഴ പെയ്യുമ്പോള്‍ വെള്ളം ഇടയിലൂടൊക്കെ കയറും. ചിലപ്പോ കീറിപ്പോകും. അപ്പോള്‍ ഫോറസ്റ്റില്‍ വിളിച്ചു പറയും. അവര്‍ പുതിയ പടുത കൊണ്ടു തരും. വെള്ളം കിട്ടാതെ വരുമ്പോള്‍ ഞങ്ങള്‍ പുതിയ ഇടങ്ങളിലേക്ക് മാറും. അതിന് മുമ്പ് പ്രൊമോട്ടര്‍മാരെയും ഫോറസ്റ്റിലും വിളിച്ച് പറയും. ഫോറസ്റ്റുകാര്‍ അപ്പോഴും പുതിയ പടുത എത്തിക്കും”, അതുവരെ അടുപ്പിനടുത്ത് നിന്ന് എന്തോ പാകം ചെയ്തുകൊണ്ടിരുന്ന രജനി പറഞ്ഞു. രജനിയുടെ കൈയിലാണ് ഒരു ബേസ് മോഡല്‍ ഫോണ്‍ കാണാന്‍ കഴിഞ്ഞത്.

ടാര്‍പോളിനുകള്‍ അവിടെ ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഇവരുടെ കുടിലിന് പത്തടി മാറിയുള്ള ബോര്‍ഡിലെ അക്ഷരങ്ങളുടെ വൈരുദ്ധ്യമാണ് ഓര്‍മ വന്നത്. പ്ലാസ്റ്റിക് ഫ്രീ സോണ്‍ എന്ന് പറയുമ്പോള്‍ അതില്‍ ടാര്‍പോളിന്‍ വരില്ലേ?

വനാവകാശ നിയമപ്രകാരം നിങ്ങള്‍ക്ക് സ്ഥലവും വീടും തന്നിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അവര്‍ ദൂരേക്ക് നോക്കി, “ഇല്ല. ഇവിടെ ഞങ്ങളില്‍ ചിലര്‍ക്ക് റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ഇല്ല” എന്നാണ് രാധാമണി ഉത്തരം പറഞ്ഞത്. വീട് കെട്ടിത്തന്നാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ എന്ന് ചോദിക്കുമ്പോള്‍, “ഓ… നമുക്കൊരു ബുദ്ധിമുട്ടുമാകില്ല. വെള്ളം ഇല്ലാത്തതുകൊണ്ടാണ് ഞങ്ങളിങ്ങനെ മാറുന്നത്. ഞങ്ങള്‍ക്ക് എവിടെയും നല്ലതാ… വെള്ളം ഉണ്ടായിരുന്നാല്‍ മതി”, രാധാമണി പറയുന്നു.

അമ്പിളി, മിനി, രജനി… നിരവധി രാധാമണിമാര്‍

രാധാമണി സംസാരിക്കുന്നതിനിടെയിലെല്ലാം ചിലമ്പിച്ച സ്വരത്തില്‍ മറുപടി എതിര്‍വശത്തുള്ള കുടിലില്‍ നിന്ന് വന്നിരുന്നു. എന്തുകൊണ്ട് കുടിലിന്റെ മറവില്‍ നിന്നവര്‍ പുറത്തു വരുന്നില്ല എന്ന് എത്തിനോക്കുമ്പോഴാണ് കട്ടിലില്‍ കിടക്കുന്ന അമ്പിളിയെ കാണുന്നത്. അമ്പിളിയുടെ ചുറ്റും അടുക്കിവെക്കാന്‍ സ്ഥലമില്ലാതെ കൂട്ടി ഇട്ടിരിക്കുന്ന മുഷിഞ്ഞ തുണികളായിരുന്നു. തറയില്‍ അരിച്ചാക്കില്‍ നിന്ന് ചിതറിവീണ അരിമണികള്‍ കിടന്നു. സമയം പത്തരയായി. വെയില്‍ ടാര്‍പാളിനുള്ളിലെ വിടവിലൂടെ അകത്തേക്ക് വരുന്നുണ്ടായിരുന്നു. അമ്പിളി പുതച്ചിരുന്ന പുതപ്പില്‍ മുഖത്തെ വിയര്‍പ്പ് തുടച്ചു. കട്ടിലിനോട് ചേര്‍ന്ന് ഒരു വയസ് തോന്നിക്കുന്ന കുഞ്ഞ് ഉണ്ടക്കണ്ണുകള്‍ മിഴിച്ച് നില്‍പ്പുണ്ടായിരുന്നു. അവന്റെ വയറും കണ്ണും മാത്രമാണ് ആ ശരീരത്തില്‍ ആകെ കാണാനുണ്ടായിരുന്നത്. ദേഹത്ത് ഒരു അരഞ്ഞാണവും. വാവേടെ പേരെന്താന്ന് ചോദിച്ച് ചങ്ങാത്തം കൂടാന്‍ ശ്രമിക്കുമ്പോഴും അവന്‍ മിഴിച്ച് നോക്കി നില്‍ക്കുകയായിരുന്നു. പേര് പറഞ്ഞു കൊടുക്കെടാ മോനേ എന്ന് അമ്പിളി പറയുമ്പോഴാണ് എന്റെ ശ്രദ്ധ പിന്നെയും അമ്പിളിയിലേക്ക് പോയത്. ഞങ്ങള്‍ അമ്പിളിയെ പിടിച്ച് എഴുന്നേല്‍പ്പിച്ചിരുത്തി. പാറിപ്പറന്ന മുടിയുമായി ടാര്‍പാളിനിലെ വിടവിലേക്ക് നോക്കിക്കൊണ്ട് ഞങ്ങള്‍ക്ക് മുഖം തരാതെയിരുന്നു. എഴുന്നേറ്റ് നടക്കാന്‍ ബുദ്ധിമുട്ടാണോ എന്ന് ചോദിക്കുമ്പോഴാണ് അമ്പിളി അവരുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്.

“നാല് മാസം മുമ്പാണ് കാലും കൈയും തളര്‍ന്നു പോയത്. ബിപി കൂടിപ്പോയി. ഇപ്പോള്‍ പിടിച്ച് എഴുന്നേല്‍ക്കാനൊക്കെ പറ്റുന്നുണ്ട്. ഇവന് മൂന്ന് മാസമായപ്പോഴേക്കും ഇവന്റെ തന്ത കളഞ്ഞിട്ട് പോയി”, 37 വയസുള്ള അമ്പിളിക്ക് ഏഴ് കുട്ടികളാണ് ഉള്ളത്. അതില്‍ ഏഴാമത്തേതാണ് അമ്മയെടുക്കണമെന്ന് ചിണുങ്ങിക്കൊണ്ട് നിന്നിരുന്ന അനന്തു. “ആദ്യ കല്യാണത്തില്‍ നിന്ന് ആറ് മക്കളുണ്ടായി. ഭര്‍ത്താവ് മരിച്ചപ്പോള്‍ വേറെ കല്യാണം കഴിച്ചു. അയാള്‍ കോന്നിയിലേക്ക് ഞങ്ങളെ വിട്ടിട്ട് പോയി. ഇപ്പോള്‍ മൂത്ത മകളുടെ ഭര്‍ത്താവാണ് ഈ കുടുംബത്തില്‍ നിന്ന് പണിക്ക് പോകുന്നത്”, അമ്പിളി പറഞ്ഞു.

37 വയസുള്ള അമ്പിളിയുടെ മൂത്ത മകളുടെ കല്യാണം കഴിഞ്ഞിരിക്കുന്നു. ഏഴ് മക്കളുള്ള അമ്പിളിയുടെ ഇളയമകന് വെറും രണ്ട് വയസ്. ഇവരുടെ വയസുകള്‍ തമ്മില്‍ എത്ര അന്തരമുണ്ടാകുമെന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് ഇളയമകന്‍ അനന്തുവിന്റെ ജനനത്തെക്കുറിച്ച് അമ്പിളി സംസാരിക്കാന്‍ തുടങ്ങിയത്. “കാട്ടില്‍ വിറകെടുക്കാന്‍ പോയപ്പോള്‍ കാല് തെന്നി വീണു. അന്ന് ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. അപ്പോള്‍ തന്നെ പത്തനംതിട്ട ആശുപത്രിയില്‍ കൊണ്ടുപോയി. അന്ന് തന്നെ പ്രസവിച്ചു. ജനിക്കുമ്പോള്‍ ഇവന് 900 ഗ്രാമായിരുന്നു ഭാരം”, അമ്പിളി അനുഭവിച്ച വേദന എനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അമ്പിളി ഇപ്പോഴും പ്രസവം നിര്‍ത്തിയിട്ടില്ല. ഇവരില്‍ സ്ത്രീകളില്‍ ഭൂരിഭാഗം പേരും പ്രസവം നിര്‍ത്താറില്ല.

ഞങ്ങളോട് സംസാരിക്കുമ്പോഴൊക്കെയും അമ്പിളി ടാര്‍പോളിനിടയിലൂടെ പുറത്തേക്ക് നോക്കിയാണ് അധികവും ഇരുന്നത്. മഴയത്ത് വെള്ളം അകത്ത് കയറില്ലേ എന്ന് ചോദിക്കുമ്പോള്‍ അമ്പിളി ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞു. “ആ കയറും. ഇന്നലെ രാത്രി മഴയില്‍ ആന ഇറങ്ങിയിരുന്നു. ആനയെ കണ്ട് പട്ടികള്‍ കുരച്ചു കൊണ്ടിരുന്നു. അതിനാണ് പട്ടികളെ ഇവിടെ വളര്‍ത്തുന്നത്” അമ്പിളി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

ഞങ്ങള്‍ അമ്പിളിയുടെ കൂര വിട്ട് പുറത്തിറങ്ങി. അമ്പിളിയുടെ കൂരയ്ക്ക് മുകളിലായി മരത്തടി കൊണ്ട് തട്ട് ഉണ്ടാക്കി അതില്‍ വല വിരിച്ച് മരത്തൊലികള്‍ (പട്ട) ഉണക്കാനിട്ടിരിക്കുന്നു. പ്രത്യേക മരങ്ങളുടെ തോലാണ് ഇവര്‍ ഇങ്ങനെ ചീകി ഉണക്കി വില്‍ക്കുന്നത്. പക്ഷേ അത് എന്തിനാണ് ഉപയോഗിക്കുകയെന്ന് ഇവര്‍ക്ക് അറിയില്ല. പട്ട ഉണങ്ങാന്‍ വെച്ചതിനരികിലായി മൂന്ന് ചെറുപ്പക്കാര്‍ നില്‍പുണ്ടായിരുന്നു. രാജു, സായിവ്, രാജകുമാരന്‍ എന്നായിരുന്നു അവരുടെ പേരുകള്‍. എന്ത് പണിക്കു പോകണമെന്ന ആലോചനയില്‍ നില്‍ക്കുവാണന്നാണ് അവര്‍ പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞത്. രാജുവും സായ്‌വും നാല് വരെ പഠിച്ചിട്ടുള്ളവരാണ്. രാജകുമാരന്‍ സ്‌കൂളിന്റെ പടി കൂടി കണ്ടിട്ടില്ലാന്ന് പറഞ്ഞ് അവര്‍ കളിയാക്കി. അതുവരെ അവിടെ നിന്ന രാജകുമാരന്‍ കളിയാക്കലുകള്‍ പേടിച്ചിട്ടാകണം പതിയെ സ്ഥലത്ത് നിന്ന് മാറി. അവര്‍ നിന്നതിനടുത്തുള്ള കൂട്ടത്തില്‍ വലിയ ടാര്‍പോളിന്‍ കൂടാരത്തിനുള്ളിലാണ് മിനി ഇരുന്നത്. പക്ഷേ മിനി ഞങ്ങളോട് മിണ്ടാന്‍ കൂട്ടാക്കിയതേയില്ല. മിനിയുടെ കൈയില്‍ ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉണ്ടായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അവിടെ കളിപറഞ്ഞു കൊണ്ടിരുന്ന രാജുവിന്റെയും സായ്‌വിന്റെയും രണ്ടാനമ്മയാണ് ഇരുപത്തിയഞ്ചുകാരിയായ മിനി എന്ന് മനസിലാക്കിയത്. മിനിയുടെ ഭര്‍ത്താവായ അയ്യപ്പന് വയസ് അമ്പതാണ്. അഞ്ചു മക്കളാണ് അയ്യപ്പന്. ആദ്യ ഭാര്യയിലുണ്ടായ രാജു, സായവ്, അലീനയും രണ്ടാം ഭാര്യയായ മിനിയിലുണ്ടായ ബിനുവും വിനീതയും. നാലും രണ്ടും വയസുള്ള ബിനുവും അലീനയും അംഗന്‍വാടിയില്‍ പോകുന്നുണ്ടെന്ന് മുതിര്‍ന്ന സഹോദരന്‍ രാജു പറഞ്ഞു. കാഴ്ചയില്‍ രാജുവിനും രണ്ടാനമ്മ മിനിക്കും ഒരേ പ്രായമാണ് തോന്നുക.

“ഇവരില്‍ ഭൂരിഭാഗം പേരും പ്രായം അറിയില്ലെന്ന് വെറുതെ പറയുന്നതാണ്. ഇവരുടെ കൈയില്‍ വയസുതെളിയിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റൊന്നും ഇല്ല. കൂടാതെ ഇവര്‍ നേരത്തെ കല്യാണം കഴിക്കും. ഇത് അറിയുമ്പോള്‍ മഹിളാ സമഖ്യയില്‍ നിന്ന് വന്ന് പോക്‌സോ ചുമത്തി ഭര്‍ത്താവിനെ കൊണ്ടുപോകും. ഇത് ഭയന്നാണ് ഇവര്‍ പേര് പറയാതിരിക്കുന്നത്” എന്റെ കൂടെയുണ്ടായിരുന്ന മഹിളാ സമഖ്യയുടെ പത്തനംതിട്ട ജില്ലാ റിസോഴ്‌സ് പേഴ്‌സണായ ശാന്തി രാജശേഖര്‍ പറഞ്ഞു.

ഞങ്ങള്‍ വയസിനെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് മങ്ങിയ ഓറഞ്ച് നിറത്തിലുള്ള ഉടുപ്പുമിട്ട് രജിത വരുന്നത്. ക്യാമറ കണ്ടതും തെല്ലൊരു നാണത്തോടെ അവള്‍ കൂരയ്ക്കുള്ളിലേക്ക് പോയി. ഞാന്‍ അവളുടെ കൂരക്കുള്ളില്‍ പോയപ്പോള്‍ അവളുടെ അമ്മ രജനി പാചകം തുടരുകയാണ്. രജനിയുടെ മൂത്ത മകളാണ് രജിത. കിസുമം സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ് രജിത എന്ന് രജനി പറഞ്ഞു. ഓണപ്പരീക്ഷ നടക്കുകയാണല്ലോ… സ്‌കൂളില്‍ പോയില്ലേ എന്ന് ഞാന്‍ ചോദിച്ചു. വണ്ടി വരാത്തത് കൊണ്ട് പോയില്ല എന്നാണ് രജിത മറുപടി പറഞ്ഞത്. “കിസുമം സ്‌കൂളിലാണ് രജിത പഠിക്കുന്നത്. പ്ലാപ്പള്ളി വരെയാണ് ഇവര്‍ക്ക് പോകാനുള്ള വണ്ടി വരുകയുള്ളൂ. അതുകൊണ്ട് കുറച്ച് ദിവസമായി പഠിക്കാന്‍ പോകുന്നില്ല” രജനി പറഞ്ഞു.

അട്ടത്തോട്, കിസുമം, വടശ്ശേരിക്കര എന്നിവിടങ്ങളിലായാണ് ഇവിടുത്തെ കുട്ടികള്‍ പഠിക്കാന്‍ പോകുന്നത്. തീരെ ചെറിയ കുട്ടികളെ പഠിപ്പിക്കാന്‍ ഫോറസ്റ്റില്‍ നിന്നും ആളുകള്‍ വരുമെന്ന് രജനി പറഞ്ഞു. രജനിയും മറ്റ് സ്ത്രീകളും ചെറിയ ചില ജോലികള്‍ കൂടി ചെയ്യുന്നുണ്ട്. “ടെലഫോണിന്റെ പണിക്ക് പോയാല്‍ 450 രൂപയൊക്കെ കിട്ടും”, രജനി പറഞ്ഞു.

“ഫോറസ്റ്റില്‍ നിന്നും ട്രൈബലില്‍ നിന്നും അരി, വെളിച്ചെണ്ണ, പയര്‍, കിഴങ്ങ്, ഉള്ളിയൊക്കെ എത്തിക്കാറുണ്ട്. പിന്നെ വല്ലപ്പോഴുമായി തുണികളും കൊണ്ടുവരും. ചില പള്ളിയില്‍ നിന്നും ആളുകള്‍ വന്ന് സാധനങ്ങള്‍ തരാറുണ്ട്. വഴിയാത്രക്കാര്‍ ചിലപ്പോള്‍ കാശ് തരും” രജനി വിശദമാക്കി.

ആര്‍ത്തവം, വിശ്വാസം, ദുരവസ്ഥ

ഞാന്‍ ബാഗെടുക്കാനായി തിരികെ അമ്പിളിയുടെ വീട്ടിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അമ്പിളിയുടെ മകന്‍ ഒരു ചെറിയ മരത്തൈ സാമാന്യം വലിപ്പമുള്ള കത്തി കൊണ്ട് വെട്ടുകയാണ്. കത്തി കൊണ്ട് കൈമുറിയുമെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവന്‍ മരം വെട്ടുന്ന തിരക്കില്‍ തന്നെയായിരുന്നു. അവന്റെ അടുത്ത് ചെന്ന് ഞങ്ങള്‍ ചോദിച്ചു: “മരം വെട്ടിയിട്ട് എന്ത് ചെയ്യും?” ‘ഞാന്‍ വില്‍ക്കും‘, ഒട്ടും ആലോചിക്കാതെ അവന്‍ പറഞ്ഞു. കുടിലിനുള്ളിലിരുന്ന് അമ്പിളി ഉറക്കെ ചിരിച്ചു. ഒരു രണ്ട് വയസുകാരനാണ് അത് പറഞ്ഞതെന്ന് വിശ്വസിക്കാനാകാതെ ഞാന്‍ നില്‍ക്കുമ്പോഴാണ് രാധാമണിയോട് മുകളിലേക്ക് പോയി നിന്ന് സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞത്. “ഞാന്‍ വരില്ല. എനിക്കിപ്പോള്‍ അങ്ങോട്ട് കയറാന്‍ പാടില്ല”, ആര്‍ത്തവം നിലയ്ക്കുന്നത് വരെ വീടുകളില്‍ കയറാന്‍ പാടില്ലെന്ന് മലംപണ്ടാരങ്ങളുടെ ഇടയില്‍ ഇപ്പോഴും വിശ്വാസം തുടരുന്നുണ്ട്. വീടുകള്‍ കഴിഞ്ഞ് കുറച്ച് ദൂരെയായി ഓരാള്‍ക്ക് കഷ്ടിച്ച് കയറിച്ചെല്ലാവുന്ന കുടില്‍ ഉണ്ടാക്കിയിരുന്നു. “പാടില്ലാതാകുമ്പോള്‍ ഞങ്ങള്‍ അവിടെയാണ് കിടക്കുക. ഞങ്ങള്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും അവിടെ കൊണ്ടുതരും”, രാധാമണി തുടര്‍ന്നു.

ആര്‍ത്തവ സമയത്ത് തുണിയാണോ ഉപയോഗിക്കുക എന്ന് ചോദിച്ചപ്പോള്‍ ഒച്ച വളരെ താഴ്ത്തി രാധാമണി പറഞ്ഞു: “എട്ട് പത്ത് വര്‍ഷമായി പാഡാണ് ഉപയോഗിക്കുന്നത്. ഫോറസ്റ്റില്‍ നിന്നൊക്കെ കൊണ്ടുവരും”.

ഞാന്‍ ആ കുടിലിനടുത്തേക്ക് നടന്നു. വളരെ ചെറിയ കുടിലാണ് ടാര്‍പോളിന്‍ കൊണ്ട് ഉണ്ടാക്കിയിട്ടുള്ളത്. വാതിലായി ഒരു തുണി മൂടിയിട്ടുണ്ട്. അതിനുള്ളില്‍ പായ, വിരിപ്പ്, പാത്രം, മഗ്, സാനിറ്ററി നാപ്കിന്‍ തുടങ്ങിയവ വെച്ചിട്ടുണ്ട്. വലിയ ചൊറിയന്‍ പുഴുക്കള്‍ അതിന് ചുറ്റും ഉണ്ടായിരുന്നു. അങ്ങനെയൊരു സ്ഥലത്താണ് ഒട്ടും സുരക്ഷിതരല്ലാതെ ആര്‍ത്തവമായ സ്ത്രീകള്‍ കഴിയേണ്ടത്.

“ഞങ്ങള്‍ക്ക് മലദൈവങ്ങളാണ് ഉള്ളത്. നിലയ്ക്കലില്‍ ഞങ്ങളുടെ അമ്പലമുണ്ട്. പാടില്ലാത്ത സമയത്തും നമുക്ക് പ്രാര്‍ത്ഥിക്കാം. പക്ഷേ ഞങ്ങള്‍ അമ്പലങ്ങളില്‍ പോകില്ല” രജനി പറഞ്ഞു തന്നു. ‘കല്യാണം നടത്തണമെങ്കില്‍ ഞങ്ങടെ മൂപ്പനെ കാട്ടില്‍ ചെന്ന് അറിയിച്ച് വിളിച്ചു കൊണ്ടുവരും. പെണ്ണിനാണ് സ്ത്രീധനം നല്‍കുക. കുഞ്ഞ് ജനിക്കുമ്പോ ഞങ്ങള്‍ പായസം വെക്കും” അവരുടെ ആചാരങ്ങളോരോന്നും രജനി എണ്ണിപ്പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ കയറാമോ പാടില്ലേ എന്നത് സത്യത്തില്‍ ഇവരെ സംബന്ധിച്ച് പ്രശ്‌നമല്ല. പക്ഷേ നിലയ്ക്കലില്‍ ഇവര്‍ക്കായുള്ള ടാങ്കിലെ വെള്ളം മലിനമാക്കുന്നത് ഇവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്. “സ്വാമിമാര്‍ ടാങ്കിലൊക്കെ ഇറങ്ങിക്കുളിക്കും. ആകെ വൃത്തികേടാക്കും. അവര്‍ പോയ്ക്കഴിയുമ്പോള്‍ ഞങ്ങള്‍ ഇറങ്ങിയത് വൃത്തിയാക്കണം”, രാജു ഈര്‍ഷ്യയോടെ പറഞ്ഞു.

ശബരിമലയിലേക്കുള്ള വഴിയില്‍ മനുഷ്യരുടെ കണ്ണിന് കാണാന്‍ പറ്റുന്ന സാഹചര്യത്തില്‍ മലംപണ്ടാരങ്ങളായ ഇവര്‍ ദുരിതമനുഭവിച്ചിട്ട് കിടന്നിട്ടും എന്തുകൊണ്ട് ഇവരുടെ അവകാശങ്ങള്‍ നടപ്പാക്കപ്പെടുന്നില്ല എന്ന് ചിന്തിച്ച് കൊണ്ടാണ് ഞാന്‍ അവിടുന്ന് ഇറങ്ങാനൊരുങ്ങിയത്. എന്റെ ബാഗിന് കാവല്‍ക്കാരനായി തുണിയില്ലാതെ നിന്നിരുന്ന രണ്ടുവയസുകാരനോട് ഞാന്‍ അടുത്ത തവണ വരുമ്പോള്‍ എന്തുകൊണ്ട് വരണമെന്ന് ചോദിച്ചു. സാധാരണ കുട്ടികള്‍ പറയുന്നത് പോലെ മിഠായിയോ ചോക്ലേറ്റോ അവന്‍ ചോദിക്കുമെന്ന് കരുതിയാണ് ഞാന്‍ അങ്ങനെ ചോദിച്ചത്. “എനിക്ക് ഉടുപ്പ് വേണം” എന്ന് അവന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറഞ്ഞു. അത്രയും നേരം ഒരു അരഞ്ഞാണം മാത്രമിട്ട് അവന്‍ അവിടെ നടന്നത് ചൂട് കൊണ്ടല്ല എന്ന് അപ്പോഴാണ് എനിക്ക് ബോധ്യമായത്. അത്രയും നേരം സംസാരിച്ച ഓരോരുത്തരുടെയും വസ്ത്രങ്ങള്‍ ഞാനോര്‍ത്തു. മുഷിഞ്ഞ, ചെളിയുള്ള, കീറിയ വസ്ത്രങ്ങളായിരുന്നു അവരില്‍ ഭൂരിഭാഗവും ധരിച്ചിരുന്നത്. അവിടുന്ന് തിരികെ ടാറിട്ട് മിനുക്കിയ റോഡിലൂടെ ബസ് സ്‌റ്റോപ്പിലേക്ക് നടക്കുമ്പോഴും അനന്തുവിന്റെ എണ്ണക്കറുപ്പുള്ള ചെറിയ നഗ്നശരീരവും എനിക്ക് തുണി വേണമെന്ന പറച്ചിലും മാത്രമായിരുന്നു ഉള്ളില്‍.

(തുടരും)

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

നിലയ്ക്കലില്‍ ആദിവാസികളെ രംഗത്തിറക്കി മാറി നിന്ന് കളിക്കുന്ന വിഎച്ച്പിയും ബിജെപിയും

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍