TopTop
Begin typing your search above and press return to search.

പ്രസംഗവും സ്വീകരണവും കൊണ്ടു പാര്‍ട്ടി വളരില്ല, അതിന് പണിയെടുക്കണം; സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ താക്കീത്

പ്രസംഗവും സ്വീകരണവും കൊണ്ടു പാര്‍ട്ടി വളരില്ല, അതിന് പണിയെടുക്കണം; സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ താക്കീത്
മോദി തരംഗമെന്നു പറയുമ്പോഴും ഇന്ത്യയില്‍ ബിജെപി മുന്നേറ്റത്തിനു തന്ത്രങ്ങളൊരുക്കുന്നതും അത് നടപ്പാക്കിക്കുന്നതും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ആണെന്നത് എല്ലാവര്‍ക്കും അറിയാവുന്നത്. അതേ അമിത് ഷാ പോലും കേരളത്തില്‍ കാര്യത്തില്‍ തീര്‍ത്തും നിരാശനാണെന്നാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ഷായുടെ ശരീരഭാഷ വ്യക്തമാക്കുന്നത്. പ്രതീക്ഷ പൂര്‍ണമായും വിട്ടിട്ടില്ലെന്നു മാത്രം. കേരളം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് അമിത് ഷാ നന്നായി മനസിലാക്കിയിട്ടുണ്ട്.

സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടു തന്നെയാണ് പാര്‍ട്ടിക്ക് ഇവിടെ തിരിച്ചടിയാകുന്നതെന്ന് ഷാ അവരോട് തന്നെ തുറന്നടിച്ചു. അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ പദവി പോകുമെന്ന മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. ഒരുഘട്ടത്തില്‍ തനിക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ വേറെ സംസ്ഥാനങ്ങള്‍ ഉണ്ടെന്നു പൊട്ടിത്തെറിക്കുക വരെ ഉണ്ടായെന്നാണ് മാധ്യമ വാര്‍ത്തകളിലൂടെ പുറത്തു വരുന്നത്. പക്ഷേ ഒരവസരം കൂടി നേതാക്കള്‍ക്ക് നല്‍കിയാണ് അമിത് ഷാ ഡല്‍ഹിയിലേക്കു പോയത്.

ഇനി കൃത്യമായ നിരീക്ഷണം കേരളത്തിന്റെ കാര്യത്തില്‍ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പും മടക്കത്തിനു മുമ്പ് ഷാ നല്‍കിയിരുന്നു. അടുത്ത ഒക്ടോബറില്‍ വീണ്ടും ഇങ്ങോട്ടു വരും. തുടര്‍ന്നു മൂന്നുമാസം കൂടുമ്പോഴെല്ലാം വരും. കേരളം കൈവിട്ട് കളയാന്‍ ഉദ്ദേശമില്ലെന്നു തന്നെ ഷാ വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം ഉണ്ടാക്കിയേ മതിയെന്നു നിര്‍ബന്ധം പിടിച്ചു. ശനിയാഴ്ച കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഉന്നത നേതാക്കന്മാരോട് എന്തു പറഞ്ഞോ, അതു തന്നെയാണ് അതിനടുത്ത ദിവസങ്ങളിലെല്ലാം ഷാ ആവര്‍ത്തിച്ചിരുന്നത്.
സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനത്തിലെ പോരായ്മകളും ഷാ ചൂണ്ടിക്കാട്ടുകയുണ്ടായി.

ഇവിടെ നേതാക്കളുടെ പ്രവര്‍ത്തനം പ്രസംഗത്തിലും സ്വീകരണയോഗത്തിലും ഒതുങ്ങുകയാണ്. അതുപോരെന്നും പാര്‍ട്ടിക്കു പുറത്തുള്ള ജനങ്ങളെയും ആകര്‍ഷിക്കാന്‍ നേതാക്കള്‍ക്കു കഴിയണമെന്നും ഷാ പറഞ്ഞു. കൂട്ടത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്താനും നിര്‍ദേശം നല്‍കി. രാഷ്ട്രീയേതര വിഷയങ്ങള്‍ മാറ്റിവച്ച് പൂര്‍ണമായി സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകാനാണ് കുമ്മനത്തോട് ദേശീയധ്യക്ഷന്‍ ആവശ്യപ്പെട്ടത്.നേതാക്കളെക്കാള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുക പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകരെയാണെന്ന തിരിച്ചറിവ് അമിത് ഷായ്ക്കുണ്ട്. അതുകൊണ്ടു തന്നെയാണ് അവരുടെ ഒരു യോഗം അദ്ദേഹം വിളിച്ചു ചേര്‍ത്തതും. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചു മനസിലാക്കി. സംഘടനയുടെ വളര്‍ച്ചയ്ക്കായി എല്ലാം മാറ്റിവച്ചു പ്രവര്‍ത്തിക്കുന്ന ഇവരുടെ രീതി പിന്തുടരാനാണ് അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടത്. രാജ്യത്തെ പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളും ഇതിനു തയ്യാറാകണമെന്നാണ് ഷായുടെ നിര്‍ദേശം. വര്‍ഷത്തില്‍ 15 ദിവസം ഇതിനായി മാറ്റിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്ക് എങ്ങനെ ജനപിന്തുണ കൂട്ടാം എന്ന കാര്യത്തില്‍ ശ്രദ്ധവയ്ക്കണമെന്നാണ് കേരളത്തില്‍ പാര്‍ട്ടി വളര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുന്ന തന്ത്രങ്ങളുടെ ഭാഗമായി അദ്ദേഹം പറഞ്ഞത്. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കഴിയണം. അതേസമയം ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്തുകയും വേണം. രണ്ടു വിഭാഗങ്ങള്‍ക്കിടയിലും ഇറങ്ങി പ്രവര്‍ത്തിക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോട് അകല്‍ച്ചയുണ്ടെന്ന മുന്‍വിധി മാറ്റിവച്ച് അവര്‍ക്കിടയില്‍ ഇറങ്ങണം എന്നാണ് ഷാ പറയുന്നത്.

പാളിപ്പോയ കൂടിക്കാഴ്ച്ച എന്നു പുറത്ത് അറിയുമ്പോഴും ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംതൃപ്തിയാണ് ഷാ പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. എതിര്‍പ്പുകള്‍ ഉണ്ടായാലും ന്യൂനപക്ഷ വിശ്വാസം എങ്ങനെയും ആര്‍ജ്ജിച്ചെടുക്കണം എന്നു തന്നെയാണ് അമിത് ഷാ കണക്ക് കൂട്ടിയിരിക്കുന്നത്. കൊച്ചിയിലും പിന്നീട് തിരുവനന്തപുരത്തും മതമേലധ്യക്ഷന്മാരുമായി ചര്‍ച്ചയ്ക്കിരുന്നതിനു കാരണവും അതു തന്നെ.
ബിഡിജെഎസ്, യുഡിഎഫിലേക്ക് പോകുന്നു, ബിജെപിയോട് തെറ്റുന്നൂ എന്നു വാര്‍ത്തകള്‍ വരുമ്പോഴും ആ അധ്യായവും അമിത് ഷാ തുറന്നു തന്നെ വച്ചിരിക്കുകയാണ്. പറഞ്ഞു പരിഹരിക്കാവുന്ന വിഷയമേയുള്ളൂ ഇതിലെന്നു ഷാ മനസിലാക്കിയിട്ടുണ്ട്. കൊച്ചിയില്‍ വന്നുകണ്ട തുഷാര്‍ വെള്ളാപ്പള്ളിയോട് ഡല്‍ഹിയില്‍ എത്താന്‍ പറഞ്ഞതിനു കാരണവും അതാണ്.

കേരളത്തില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു കിടക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടരുതെന്ന് എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കാന്‍ ദേശീയ പ്രസിഡന്റ് ശ്രമിച്ചിട്ടുണ്ട്. ഭരണം കിട്ടുന്നതിനു മുമ്പ് മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം പാര്‍ട്ടി ഇവിടുത്തേക്കാള്‍ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. കേരളത്തിലും അതുപോലെ മാറ്റം വരും. പക്ഷേ അതിനു പണിയെടുക്കണം എന്നും അമിത് ഷാ എല്ലാവരേയും ഓര്‍മ്മിപ്പിച്ചു.

Next Story

Related Stories