TopTop
Begin typing your search above and press return to search.

ദളിത്-ആദിവാസി പ്രശ്‌നങ്ങളെ എന്തുകൊണ്ട് പിന്തുണയ്ക്കണമെന്ന് മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തിയ ഹര്‍ത്താല്‍

ദളിത്-ആദിവാസി പ്രശ്‌നങ്ങളെ എന്തുകൊണ്ട് പിന്തുണയ്ക്കണമെന്ന് മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തിയ ഹര്‍ത്താല്‍

കേരളത്തിലെ ദളിത് സംഘടനകള്‍ക്കകത്ത് നേരത്തെ ഇല്ലാതിരുന്ന വിശാലമായ ഒരു ഐക്യവും രാഷ്ട്രീയ ബോധ്യവും സംഭവിച്ചിരിക്കുന്നു എന്നതാണ് ദളിത് ഹര്‍ത്താല്‍ തെളിയിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം. ദേശീയമായി ഉയര്‍ന്ന് വന്ന ഒരു ഉണര്‍വിനോട് ഐക്യപ്പെടാന്‍ സാധിച്ചിരിക്കുന്നു. എസ്‌സി/എസ് ടി അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ടിനെതിരെ സുപ്രീംകോടതിയുടെ വിധിപ്രഖ്യാപനത്തിനെതിരെയാണ് ഭാരത് ബന്ദ് നടക്കുന്നത്. അതില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെടുന്നു. സുപ്രീംകോടതിയുടെ വിധിക്കെതിരെയാണ് ദളിതര്‍ പ്രക്ഷോഭം നടത്തുന്നത്. ഇത്രയും പ്രധാനപ്പെട്ട ഒരു നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് സുപ്രീം കോടതിക്കെതിരെ സമരം ചെയ്യേണ്ടി വന്നത്. അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍, അതായത് പാര്‍ലമെന്റ് ഇടപെട്ട് ഒരു നിയമനിര്‍മ്മാണത്തിലൂടെ വളരെ മര്‍മപ്രധാനമായ നിയമത്തെ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിന്റെ ഭാഗമായിട്ടാണ് ദളിതര്‍ക്ക് കോടതിക്കെതിരെ യുദ്ധം ചെയ്യേണ്ടി വന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുന്നത് അവിടെയാണ്. ഇത്രയും പ്രധാനപ്പട്ട ഒരു നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സുപ്രീംകോടതി ശ്രമിക്കുമ്പോള്‍ അടിയന്തിരമായി ഇടപെടുകയും വേണ്ടിവന്നാല്‍ പാര്‍ലമെന്റില്‍ പുതിയൊരു നിയമനിര്‍മ്മാണത്തിലൂടെ അതിനെ മറികടക്കാനുള്ള രാഷ്ട്രീയമായ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അവരത് ചെയ്തില്ലെന്ന് മാത്രമല്ല പത്ത് ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത്. വലിയ പ്രക്ഷോഭം നടക്കുമെന്ന് അറിയിപ്പ് ഉണ്ടായിവരുന്ന സമയത്താണ് പുനഃപരിശേധന ഹര്‍ജിയും ഉണ്ടാവുന്നത്. കോടതി റദ്ദ് ചെയ്യുകയാണെങ്കില്‍ ചെയ്‌തോട്ടെ എന്ന ആലോചന സര്‍ക്കാരിനും ഉണ്ടായിരുന്നു എന്ന് വേണം അതില്‍ നിന്ന് മനസിലാക്കാന്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് ജനങ്ങള്‍ അണിചേര്‍ന്നുകൊണ്ടാണ് ഭാരത്ബന്ദ് നടന്നത്. അവിടെ കൊല്ലപ്പെട്ടതെല്ലാം ദളിതരാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട ഒന്നുരണ്ട് സംഘടനകളും വലിയ ആള്‍ക്കൂട്ടമൊന്നുമില്ലാത്ത ചെറിയ സംഘടനകളും കൂടിയിട്ടാണ് കേട്ടയത്തുവച്ച് തീരുമാനം എടുത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. അതിന് ശേഷം വളരെ വ്യാപകമായ ഒരു പ്രതികരണം കേരളത്തിലെ ദളിത് സംഘടനകലില്‍ നിന്നുണ്ടായിട്ടുണ്ട്. ഓരോ ദിവസവും അത് വര്‍ധിച്ചുവരികയായിരുന്നു. ഈ സമയത്താണ് കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെ സംഘവും വ്യാപാരി വ്യവസായി ഏകോപന സമിതിയും എന്ത് ഹര്‍ത്താലുണ്ടായാലും ഞങ്ങള്‍ കടതുറക്കും, വാഹനമോടിക്കും എന്ന് പറയുന്നത്. സാധാരണ എല്ലാ ഹര്‍ത്താലിനും പറയുന്ന കാര്യമാണിത്. വാഹനമോടിക്കുമെന്ന് പറയും, പക്ഷെ ഓടിക്കില്ല. കടതുറക്കുമെന്ന് പറയും, തുറക്കില്ല. ഇത് ആരും ചര്‍ച്ച ചെയ്യാറില്ല. കാരണം അവര്‍ കടതുറക്കില്ലെന്നും വാഹനമോടിക്കില്ലെന്നും എല്ലാവര്‍ക്കുമറിയാം. പക്ഷെ ഇതങ്ങനെയായിരുന്നില്ല. ഹര്‍ത്താല്‍ പ്രഖ്യാപിച്ചയുടനെ വലിയ ചര്‍ച്ചയുണ്ടാവുകയും ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചില മുറുമറുക്കലുകള്‍ കേരളീയ സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടു. ബസ് ഓടും കടകള്‍ തുറക്കും, കുഴപ്പമൊന്നുമില്ല എന്നുള്ള പറച്ചിലുകള്‍ എല്ലാ സ്ഥലത്തും പടര്‍ന്നുപിടിച്ചു. ഹര്‍ത്താല്‍ പരാജയമാവുമെന്ന് മുന്‍കൂട്ടിത്തന്നെ ചിലര്‍ പ്രഖ്യാപിക്കുന്നു. ഈ മുറുമുറുപ്പ് ശരിക്കും ജാതിയാണ്. കേരളത്തിലെ ദളിതര്‍ക്കും ആദിവാസികള്‍ക്കും അവരുടെ സംഘടനകള്‍ക്കും സമുദായത്തിനും കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി വിജയിപ്പിക്കാനുള്ള ശേഷി ഇല്ല എന്ന മുന്‍കൂര്‍ പ്രഖ്യാപനമായിരുന്നു അത്. ഈ പ്രഖ്യാപനത്തിന് വഴിതുറന്നിടുന്നത് ബസ് ഓപ്പറേറ്റേഴ്‌സിന്റെ സംഘവും വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും പ്രഖ്യാപനങ്ങളാണ്. ഇങ്ങനെ ഒരു നിഷേധം ഉണ്ടാവാനും, പ്രഖ്യാപനമുണ്ടാവാനും ആ പ്രഖ്യാപനത്തില്‍ തലേദിവസം വരെ ഉറച്ചുനില്‍ക്കുവാനും തയ്യാറായത് കേരളത്തിലെ സാമ്പത്തിക ശക്തികളുടെ ജാതീയമായ മനോഭാവമാണ്. എന്നാല്‍ ഇങ്ങനെയൊരു പ്രഖ്യാപനം വന്നതോടെ അതിനെതിരേ ദളിത് സമൂഹത്തില്‍ നിന്നും വളരെ പെട്ടെന്ന് പ്രതികരണം രൂപപ്പെട്ടു. അങ്ങനെയാമെങ്കില്‍ അത് കണ്ടിട്ടേയുള്ളൂ എന്ന് നിലപാടിലേക്ക് ദളിത് സമുദായങ്ങള്‍ മാറി. അതോടെ, ആദ്യം പിന്തുണ പ്രഖ്യാപിക്കാതിരുന്ന സംഘടനകളും സംഘങ്ങളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചെത്തി. ചെറുകിടരാഷ്ട്രീയ പാര്‍ട്ടികള്‍, ജനാധിപത്യ സംഘടനകള്‍ തുടങ്ങി പൊതുസമൂഹത്തില്‍ നിന്ന് ഒരു വിഭാഗവും പിന്തുണയുമായി എത്തുകയും ചെയ്തു. കേരളത്തിലെ ചെറിയ പാര്‍ട്ടികള്‍ക്ക് വരെ ഹര്‍ത്താല്‍ നടത്താമെന്നിരിക്കെ ദളിതരും ആദിവാസികളും വളരെ പ്രധാനപ്പെട്ട ഒരു ആവശ്യത്തിന് വേണ്ടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍, അത് നടത്താന്‍ പാടില്ല എന്ന ജാതീയ മനോഭാവത്തിനെതിരെ കേരളത്തിലെ പൊതു സമൂഹത്തില്‍ ഒരു അഭിപ്രായമുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് രണ്ടാമത്തെ വിജയം.

കേരളത്തിലെ ദളിതരും ആദിവാസികളും മാത്രമല്ല, ജനാധിപത്യത്തെ കാംക്ഷിക്കുന്ന മനുഷ്യരും അവരുടെ സംഘങ്ങളുമെല്ലാം ഈ സമരത്തിന് പിന്തുണയുമായി എത്തുന്ന സ്ഥിതി വിശേഷം ഹര്‍ത്താലിന് തലേദിവസത്തോടെ രൂപപ്പെട്ടു. കേരളത്തില്‍ ഗ്രാമപ്രദേശങ്ങള്‍ മുതല്‍ പട്ടണങ്ങള്‍ വരെ വളരെ വ്യാപകമായ പ്രകടനങ്ങളും വിളംബരജാഥയും നടന്നു. അഭൂതപൂര്‍വമായി ഈ ആവശ്യത്തിനുമേല്‍ കിട്ടിയ ജനപിന്തുണയാണ് യഥാര്‍ഥത്തില്‍ ബസ് ഓപ്പറേറ്റേഴ്‌സിനേയും വ്യാപാരി വ്യവസായി ഏകോപന സമിതിയേയും സര്‍ക്കാരിനെത്തന്നെയും ഹര്‍ത്താലിന് എതിരായ മനോഭാവത്തില്‍ മാറ്റം വരുത്തിയത്. യഥാര്‍ഥത്തില്‍ ബസ് ഉടമ സംഘങ്ങള്‍ ഹര്‍ത്താലിനു തലേദിവസം തന്നെ ബസ് ഓടിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. പ്രത്യേകിച്ചും തിരുവിതാംകൂറില്‍. തിരുവിതാംകൂറില്‍ ഹര്‍ത്താല്‍ ശക്തമായിരിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. കാരണം ദളിത് സംഘടനകള്‍ തീരെ ഇല്ലാത്തതോ, ദുര്‍ബല സംഘങ്ങളോ ആണ് വടക്കേമലബാറില്‍. പ്രശ്‌നമുണ്ടാക്കി ബസ് ഓടിക്കേണ്ടതില്ലെന്ന തീരുമാനം ബസ് ഉടമകള്‍ തലേന്ന് തന്നെ എടുത്തിരുന്നു. വ്യാപാരിവ്യവസായി ഏകോപന സമിതി കടകള്‍ തുറക്കേണ്ടെന്ന തീരുമാനമെടുത്തിരുന്നു. കോട്ടയത്തെല്ലാം അത് വളരെ പ്രകടമായിരുന്നു. രാവിലെ ഏഴ് മണി മുതല്‍ ഞാനടക്കമുള്ളവര്‍ കോട്ടയത്തുണ്ടായിരുന്നു. പക്ഷെ ഒരാള്‍ പോലും കടതുറക്കാനോ വാഹനമോടിക്കാനോ ശ്രമിച്ചില്ല. കെഎസ്ആര്‍ടിസി പോലും ഒരു തവണ മാത്രമാണ് കോണ്‍കോയ് ആയി മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയത്.

ഇത് കേവലം ദളിതരുടെ സംരക്ഷണ നിയമത്തിന് വേണ്ടിയുള്ള പ്രക്ഷോഭമെന്നതിനപ്പുറം രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള കാര്യമായി മനസ്സിലാക്കണം. ഇന്ന് ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരെ മുഖാമുഖം നില്‍ക്കുവാന്‍, പുതിയൊരു രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടുവക്കുവാന്‍, പുതിയ രാഷ്ട്രീയ ഭാവനയെ മുന്നോട്ടുവക്കാന്‍ കഴിയുന്ന സാമൂഹിക വിഭാഗം ഇന്ത്യയിലെ ദളിതരാണെന്നാണ് മോദി ഭരണത്തിന് ശേഷമുള്ള സംഭവവികാസങ്ങള്‍ കാണിക്കുന്നത്. രോഹിത് വെമുലയുടെ ആത്മാഹുതിയ്ക്ക് ശേഷം വളരെ വ്യാപകമായി ഇന്ത്യന്‍ കാമ്പസുകളില്‍ പടര്‍ന്നുപിടിച്ച അംബേദ്കറൈറ്റ് മുന്നേറ്റമുണ്ടായിരുന്നു. മറ്റൊന്ന് ഉനയില്‍ നടന്നദളിത് പീഡനമായിരുന്നു. അത് ജാതീയമായ അതിക്രമവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനത്തില്‍ തീരാവുന്ന കാര്യം വളര്‍ന്നുവളര്‍ന്ന് ഇപ്പോള്‍ ജിഗ്‌നേഷ് മേവാനി അവിടത്തെ നവജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ദളിതരുടെ പൊളിറ്റിക്കല്‍ റപ്രസന്റേറ്റീവ് ആയി മാറിയതില്‍ എത്തി. ആ ഒരു സംഭവം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു ട്വിസ്റ്റാണ് ഉണ്ടാക്കിയത്. അതിന് ശേഷം ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ യുപി പോലെയുള്ള വളരെ ജാതീയയുള്ള, ഒരുതരത്തിലും വഴങ്ങാത്ത ഒരു സമൂഹത്തിനകത്ത് വന്‍ പ്രതിരോധമുണ്ടാക്കുവാനായി. അതില്‍ ഭയന്നാണ് അദ്ദേഹത്തെ ഇപ്പോഴും ജയിലിലിടുന്നതും കൊലക്കേസില്‍ പെടുത്തുന്നതിലും മറ്റും എത്തിനില്‍ക്കുന്നത്. പിന്നീട് നമ്മള്‍ കൊറേഗാവില്‍ കാണുന്നത് അത്ഭുതകരമായ ഒരു ദളിത് കൂട്ടായ്മയാണ്. പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തില്‍. രോഹിത് വെമുലയുടെ ആത്മാഹുതിയിലായാലും, ഉനയിലായാലും, ചന്ദ്രശേഖര്‍ ആസാദിന്റെ കേസിലായാലും, കൊറേഗാവിലായാലും ഇവിടെയല്ലാം വളരെ വ്യക്തമായ രീതിയില്‍ മുഖാമുഖം നിന്നത് ഇന്ത്യയിലെ ഹിന്ദുത്വശക്തികളുടെ നേരെയാണ്. അതിന്റെ തുടര്‍ച്ചയിലാണ് ഭാരതബന്ദ് നടക്കുന്നത്. ദളിത് അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ട് നിലവില്‍ ഉണ്ടായിരിക്കെ അതിഭീകരമായ അട്രോസിറ്റികള്‍ നടന്നുവരികയാണ്. ഈ നിയമം തന്നെ ദുര്‍ബലമായ ഒന്നാണ്. അതില്‍ ആകെക്കൂടെയുള്ള പ്രധാനപ്പെട്ട കാര്യമെന്നത് ജാമ്യം അനുവദിക്കാന്‍ പാടില്ല എന്നതാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ കുറ്റക്കാരായവര്‍ അകത്തുപോവും. പക്ഷെ ഇതിലൂടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ തൊണ്ണൂറ് ശതമാനത്തിലധികവും പരാജയപ്പെടുകയാണ്. കേസിന്റെ ഫ്രെയിം വര്‍ക് തന്നെ ദുര്‍ബലമാണെന്നതാണ് പരാജയപ്പെടാനുള്ള കാരണം. എങ്കിലും എന്തെങ്കിലും പീഡനങ്ങള്‍ നടന്നാല്‍ ദളിതര്‍ക്ക് ആശ്രയിക്കാവുന്ന ഒരേയൊരു നിയമം അതാണ്. അതില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാമെന്ന് തീരുമാനിക്കുന്നതോടെ അതിന്റെ മുഴുവന്‍ സംഗതികളും പോയിക്കഴിഞ്ഞു. അതിനെതിരെയുള്ള സമരം എന്ന് പറയുന്നത് കേവലം അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ട് നിലനിര്‍ത്തുന്നതിന്റെ മാത്രം പ്രശ്‌നമല്ല, ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന പ്രത്യേകമായ സംരക്ഷണ നിയമങ്ങള്‍ റദ്ദ് ചെയ്യുന്ന ഒരു പ്രവണതക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. അത് പലരൂപത്തിലാണ് നടക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങള്‍ റദ്ദ് ചെയ്യണമെന്നുള്ളത് ഇന്ത്യഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ എല്ലാക്കാലത്തേയും പ്രധാനകാര്യമാണ്. ന്യൂനപക്ഷ പദവി, ന്യൂനപക്ഷ അവകാശങ്ങള്‍ എന്ന് പറയുന്നത് ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കുന്ന ഭരണഘടനാ പദവിയാണ്. അത് റദ്ദ് ചെയ്യണമെന്നുള്ളതാണ് അവരുടെ ആവശ്യം. കശ്മീര്‍ എന്ന് പറയുന്ന സംസ്ഥാനത്തിന് പ്രത്യേക പദവി കൊടുത്തിട്ടുണ്ട്. ആ പദവി നല്‍കാന്‍ ചരിത്രപരമായ കാരണങ്ങളുമുണ്ട്. അത് റദ്ദ് ചെയ്യണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അതുപോലെ സംവരണം റദ്ദ് ചെയ്യണമെന്ന് എപ്പോഴും കേള്‍ക്കാം. മോഹന്‍ ഭാഗവത് നാലോ അഞ്ചോ തവണ അത് പറഞ്ഞിട്ടുണ്ട്. അടുത്ത ദിവസം മാത്രമാണ് ഞങ്ങളാരും സംവരണത്തിനെതിരല്ല എന്ന് അയാള്‍ പറഞ്ഞത്. ദളിത് ഉണര്‍വിന്റെ ഭാഗമായാണ് അങ്ങനെ മാപ്പുപറയുന്ന ഒരു സാഹചര്യത്തിലേക്ക് അയാള്‍ എത്തിയത്. ആദിവാസികള്‍ക്ക്, ദളിതര്‍ക്ക്, ന്യൂനപക്ഷങ്ങള്‍ക്ക്, സ്ത്രീകള്‍ക്ക്, അല്ലെങ്കില്‍ ചില സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന പ്രത്യേക പദവിയെന്ന് പറയുന്നത് ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ പദവികളാണ്. ആ പദവിയിലാണ് അവര്‍ കൈവക്കുന്നത്. വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നതുകൊണ്ട് മാത്രമാണ് ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരുന്നത്. അത് റദ്ദ് ചെയ്യുക എന്ന് പറഞ്ഞാല്‍ ഇന്ത്യ പരിപൂര്‍ണമായി ഫാസിസത്തിലേക്കും സവര്‍ണാധിപത്യത്തിലേക്കും പോവുക എന്ന് തന്നെയാണ് അര്‍ഥം. ഇതിനെയാണ് ഭാരത് ബന്ദ് യഥാര്‍ഥത്തില്‍ പ്രതിരോധിക്കുന്നത്. അതാണ് അതിന്റെ രാഷ്ട്രീയപ്രാധാന്യം. അതിന്റെ ഭാഗമായിക്കൊണ്ടാണ് കേരളത്തിലെ ദളിതര്‍ ഒരു ഹര്‍ത്താല്‍ നടത്തി അതിന്റെ ഭാഗമായി മാറുന്നത്.

ഹര്‍ത്താല്‍ ദിവസം ഉച്ചയായപ്പോള്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. അവര്‍ക്ക് പിന്തുണയ്ക്കണമെങ്കില്‍ തലേദിവസമോ അല്ലെങ്കില്‍ ചുരുങ്ങിയത് ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെയെങ്കിലും പിന്തുണക്കാമായിരുന്നു. ഉച്ചയായപ്പോഴാണ് പിന്തുണക്കുന്നത്. കേവലമായ രാഷ്ട്രീയ കാപട്യം എന്നതിനപ്പുറം അത്രമാത്രം കടുത്ത സമ്മര്‍ദ്ദത്തില്‍ അവര്‍ വീണു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന്റെ സംഘടതിമായ താത്പര്യങ്ങള്‍ കൊണ്ട് ദളിതര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പുതിയ രാഷ്ട്രീയത്തിന്റെ ഗ്രാമര്‍ അവര്‍ക്ക് പിടികിട്ടുന്നില്ല. അവര്‍ കരുതുന്നത് സംഘടിതമായ മൂന്നോ നാലോ സമുദായങ്ങളെ വച്ച് കേരളത്തിലെ രാഷ്ട്രീയത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയിലാണ് യുഡിഎഫ് നേതൃത്വം നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ ദളിതരോ ആദിവാസികളോ സമരം ചെയ്താല്‍ അവര്‍ക്ക് അതിനെ നോക്കേണ്ടതില്ല, കാണേണ്ടതില്ല, പരിഗണിക്കേണ്ടതില്ല എന്നത് കേരളത്തിലെ പരമ്പരാഗതമായ ബോധ്യമാണ്. ആ ബോധ്യത്തില്‍ നിന്നതുകൊണ്ടാണ് ഉച്ചയായപ്പോള്‍ തലക്കിട്ട് ആരോ അടിച്ചത് പോലെ കോണ്‍ഗ്രസുകാര്‍ രംഗത്ത് വരുന്ന കാര്യം. കോണ്‍ഗ്രസ് വരുന്നതിന് മുമ്പ് തന്നെ യൂത്ത് ലീഗും, മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ആര്‍എംപി, വെല്‍ഫെയര്‍പാര്‍ട്ടി, സിപിഎംഎല്‍ റെഡ്സ്റ്റാര്‍, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളെല്ലാം എല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ധാര്‍മികമായോ പിന്തുണച്ചുകൊണ്ട് രംഗത്തുണ്ട്. കേരളത്തിലെ ദളിതര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആവശ്യം എന്ന് പറയുന്നത് കേവലമായ ഒരു ദളിത് ആദിവാസി പ്രശ്‌നമല്ലെന്നും അതിനപ്പുറം ഇത് ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന മൗലികമായ വെല്ലുവിളിയുടെ ഒരുവശം ആണെന്നും അതുകൊണ്ട് ജനാധിപത്യത്തെ കാംക്ഷിക്കുന്നവര്‍ ഇതിനെ പിന്തുണക്കേണ്ടതുണ്ട് എന്നുള്ള ഒരു ബോധ്യത്തിലേക്ക് മലയാളി സമൂഹത്തെ എത്തിക്കാന്‍ ഈ ഹര്‍ത്താലിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ പിന്തുണ. അത് ചെറുതല്ല. അതായത് കാലങ്ങളായി ദളിതരുടേയോ ആദിവാസികളുടേയോ പ്രതിനിധാനം രാഷ്ട്രീയത്തില്‍ അനുവദിക്കേണ്ടതില്ല എന്ന മലയാളിയുടെ അലിഖിത നിയമമാണ് ഇന്ന് റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഒരു ദളിത് നേതാവിനെ ദളിത് എന്ന നിലക്കെടുത്താല്‍ ആ എടുക്കുന്ന മുന്നണി പരാജയപ്പെടുമെന്നതാണ് കേരളത്തിലെ പൊളിറ്റിക്‌സിന്റെ കെമിസ്ട്രി. ആര്‍.ബാലകൃഷ്ണപിള്ളയുടെ കൂടെ എത്രപേരുണ്ടെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. പക്ഷെ അദ്ദേഹം രണ്ട് മുന്നണിയുടെയും ഭാഗമായി. എന്നാല്‍ പതിനാല് ജില്ലകളിലും അനുയായികളുള്ള പതിനായിരക്കണക്കിന് വോട്ട് സ്വന്തം നിലക്കുള്ള കല്ലറ സുകുമാരനെ പോലുള്ള ബിഎസ്പിയുടെ ഇവിടുത്തെ സ്ഥാപക നേതാക്കളായിട്ടുള്ളവര്‍ ഈ രാഷ്ട്രീയത്തിന് പുറത്താണ് നില്‍ക്കുന്നത്. പ്രശ്‌നം ഇത്രയേയുള്ളൂ, കല്ലറ സുകുമാരനെ ഏതെങ്കിലും മുന്നണിയിലെടുത്താല്‍ മറ്റേ മുന്നണിയേ ജയിക്കുകയുള്ളൂ. എന്തുകൊണ്ടെന്നാല്‍, കേരളത്തിന്റെ രാഷ്ട്രീയം മൊത്തത്തില്‍, അതിന്റെ ആന്തരിക യുക്തിയില്‍ സവര്‍ണമാണെന്നതാണ് അതിന്റെ പ്രശ്‌നം. അതുകൊണ്ട് ഈ രാഷ്ട്രീയപാര്‍ട്ടികളൊരിക്കലും ദളിതരുടെയും ആദിവാസികളുടേയും കാര്യം വന്നാല്‍ ഒരിക്കലും തുറന്ന് അഭിപ്രായം പറയില്ല. മുത്തങ്ങ വെടിവപ്പ് പോലെ വളരെ വൈകാരികമായ സംഭവമുണ്ടാവുമ്പോള്‍ പോലും ഇവരാരും അഭിപ്രായം പറഞ്ഞില്ല. എന്നാല്‍ ആന്റണിക്കും രമേശ് ചെന്നിത്തലക്കുമൊക്കെ ഇന്നലെ അത് പറയേണ്ടി വന്നു. കാരണം അത്രമാത്രം ജനപിന്തുണയോടെ നടന്ന ഒരു സമരത്തെ അവര്‍ക്ക് പിന്തുണക്കേണ്ടതായി വന്നു.

ബിജെപിയുടേയും കോണ്‍ഗ്രസിന്റേയുമൊക്കെ പിന്തുണയുടെ പിന്നില്‍ ഒരു ദുഷ്ടലാക്ക് കൂടെയുണ്ട്. ഒരുപക്ഷേ മലബാര്‍ മേഖലകളില്‍ അങ്ങനെ നടന്നില്ലെങ്കിലും തിരുവിതാംകൂരില്‍ ഏതാണ്ട് സമ്പൂര്‍ണമായി തന്നെ ഹര്‍ത്താല്‍ വിജയകരമായി നടന്നിരുന്നു. അത് രാഷ്ട്രീയ വിജയമാണെന്ന് ഉറപ്പിക്കാനുള്ള കാരണം പൊതുസമൂഹത്തില്‍ നിന്ന് അതിന് കിട്ടിയ പിന്തുണയാണ്. അത് ഹര്‍ത്താലിന്റെ രാഷ്ട്രീയ വിജയമാണ്. അങ്ങനെ വിലയിരുത്താന്‍ കേരളത്തിലെ ദളിതര്‍ക്ക് അവകാശമുണ്ട്. ദളിതരുടെ മുന്‍കയ്യില്‍ ഉച്ചവരെ വിജയകരമായി നടന്ന ഹര്‍ത്താല്‍, ആ വിജയത്തെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള മ്ലേഛമായ നീക്കമാണ് ഉച്ചകഴിഞ്ഞുള്ള പിന്തുണയിലൂടെ കോണ്‍ഗ്രസും ബിജെപിയും നടത്തിയത്. അതവര്‍ക്ക് കിട്ടില്ല എന്നാണ് എനിക്ക് പറയാനുള്ളത്. എ കെ ആന്റണിയൊക്കെ പറഞ്ഞ ഹര്‍ത്താലിന്റെ ജെന്യൂനിറ്റി ഉച്ചയായപ്പോള്‍ ഉണ്ടായതല്ലല്ലോ? പിന്നെ എന്തുകൊണ്ട് അവര്‍ രാവിലെ പിന്തുണച്ചില്ല? ഈ കള്ളത്തരത്തെ അങ്ങനെ തന്നെ കേരളത്തിലെ ദളിതര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അതവര്‍ക്ക് തട്ടിയെടുക്കാന്‍ പറ്റില്ല എന്ന് പറയുന്നത്. പഴയതുപോലെ പാട്ടിലാക്കാനോ വിലക്കെടുക്കാനോ കഴിയുന്ന ജനതയല്ല ദളിതര്‍ എന്ന തുറന്ന പ്രഖ്യാപനവും കൂടിയാണ് ഈ ഹര്‍ത്താല്‍. നിങ്ങളാരുമില്ലെങ്കിലും ഞങ്ങളുടെ അവകാശത്തിനായി കേന്ദ്രസര്‍ക്കാരല്ല, സുപ്രീംകോടതിക്കെതിരെയായാലും ഞങ്ങള്‍ സമരം ചെയ്യും എന്നാണ് ദലിതര്‍ തെളിയിച്ചത്. ചരിത്രപരമായി ഹിന്ദുത്വത്തിനെതിരെ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ഇന്നലെ നടന്ന കേരളത്തിലെ ഹര്‍ത്താലും അതിന് മുമ്പ് നടന്ന ഭാരതബന്ദും.

ഭാരത ബന്ദ് നടക്കുന്ന സമയം രാഹുല്‍ഗാന്ധി, നിതീഷ്‌കുമാര്‍, മമത ബാനര്‍ജി, മായാവതി തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ അതിനെ പിന്തുണക്കുകയാണ് ചെയ്തത്. അവരാരും ആഹ്വാനം ചെയ്തതല്ല ആ ബന്ദ്. പക്ഷെ ബന്ദ് കത്തിക്കയറിയപ്പോള്‍ അതിനെ ന്യായീകരിച്ചും പിന്തുണച്ചും ആ അക്രമങ്ങളെ അപലപിച്ചുകൊണ്ടും അവര്‍ രംഗത്തെത്തുകയാണുണ്ടായത്. അതുപോലൊരു സ്ഥിതി കേരളത്തില്‍ രൂപപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്. ഉച്ചയോടെ ഹര്‍ത്താല്‍ കേരളത്തിലെമ്പാടും വ്യാപിക്കുന്നു, അതിന് വളരെ വ്യാപകമായ പിന്തുണ കിട്ടുന്നു എന്ന് മനസ്സിലാക്കിയ രാഷ്ട്രീയ നേതാക്കള്‍ അതിനെ പിന്തുണച്ചു. സാങ്കേതികമായി ഞങ്ങള്‍ ആ പിന്തുണ സ്വീകരിച്ചു. അതിനപ്പുറമെല്ലാം ഈ ഹര്‍ത്താല്‍ മുന്നോട്ടുവക്കുന്ന രാഷ്ട്രീയമുണ്ട്. അത് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന പുതിയൊരു തിരിച്ചരിവാണ്. അതിലെ പ്രധാനപ്പെട്ട സാമൂഹ്യധാര ദളിതരാണ്. അതാണ് തെളിഞ്ഞുകൊണ്ടിരിക്കുന്ന കാര്യം. രോഹിതവെമുല മുതല്‍ കേരള ഹര്‍ത്താല്‍ വരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ അതെല്ലാം ദളിതര്‍ തന്നെയാണ് ചെയ്തത്. അവര്‍ തന്നെ പറഞ്ഞുതുടങ്ങി, തന്നേ ചെയ്തുതുടങ്ങി. ഇപ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളിലേക്ക് രാഷ്ട്രീയ ധാരകള്‍ വന്നടിയുന്ന കാഴ്ചയ്ക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. എന്നുപറഞ്ഞാല്‍ ഈ ധാരയെ ഇനി അംഗീകരിക്കാതെ, അതിനെ ഭാഗമാക്കാതെ ഒരു രാഷ്ട്രീയത്തിനും മുന്നോട്ടുപോവാന്‍ കഴിയില്ല എന്നു തന്നെയാണ്. അത് കേരളത്തില്‍ പോലും കഴിയില്ല. പ്രായോഗികമായി അതെങ്ങനെയാണ് രൂപപ്പെട്ടുവരിക എന്ന് നമുക്ക് പ്രവചനം ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ ഇത് വളരെ പ്രധാനമാണ്. കൂടെയയുള്ള പട്ടികജാതിക്കാരെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് ഇത് അടക്കാമെന്ന് ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇനി വിചാരിക്കേണ്ടതില്ല. അവരെപ്പോഴും ചെയ്യുന്നതങ്ങനെയാണ്. കേരളത്തില്‍ ദളിത് ഉണര്‍വുണ്ടായിക്കഴിയുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലുള്ള ഏതെങ്കിലും പട്ടികജാതിക്കാരനെ സ്ഥാനാര്‍ഥിയാക്കിയോ മന്ത്രിയാക്കിയോ ആണ് ഇവരെപ്പോഴും കൈകാര്യം ചെയ്യുന്നത്. ആ പണിക്ക് ഇനി വലിയ സ്‌കോപ് ഇല്ല. അത് രാഷ്ട്രീയ നേതൃത്വങ്ങള്‍ മനസ്സിലാക്കിയാല്‍ നന്നായിരിക്കും. ഒരു സാമൂഹ്യധാരയായ ദളിതരുമായി രാഷ്ട്രീയധാരണക്ക് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവേണ്ടി വരുമെന്ന് തന്നെയാണ് കരുതുന്നത്.

ബിജെപി വളരെ കൗശലപൂര്‍ണമായ നീക്കമാണ് നടത്തിയത്. മാത്രവുമല്ല ഈ സംഭവവികാസങ്ങളുടെ പിന്നില്‍ ഇന്ത്യയിലെ ദളിതര്‍ ഇക്കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനേകംപേരുടെ ജീവന്‍ കൊടുത്ത് നടത്തുന്ന ഈ പ്രക്ഷോഭത്തിന്റെ കാരണക്കാര്‍ ബിജെപിക്കാരാണ്. അവര്‍ ഈ സമരത്തിന് പിന്തുണയുമായി വന്നാല്‍ കേരളത്തിലെ ദളിതര്‍ അടിച്ച് പുറത്താക്കും. അവരുടെ പിന്തുണ വേണ്ട. എന്നുമാത്രമല്ല അവരെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്തുക എന്നത് തന്നെയാണ് ഈ ഹര്‍ത്താലിന്റെ ഉദ്ദേശം. പിന്നെ സിപിഎം നേതൃത്വം, കോടിയേരി ബാലകൃഷ്ണനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഹര്‍ത്താലിന്റെ കാര്യം അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. പക്ഷെ അദ്ദേഹം ഇപ്പോള്‍ അതറിയും. ഹര്‍ത്താല്‍ നടന്നെന്ന് ഇനി അറിയുമല്ലോ? ഇങ്ങനെ കള്ളത്തരം പറയുന്ന ആളുകളെ തിരുത്തുക ജനങ്ങളുടെ ബാധ്യതയല്ല. ജനങ്ങള്‍ അവരുടെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോവുന്നു, ഹര്‍ത്താല്‍ നടത്തി അതിനെ വിജയിപ്പിക്കുകയും ചെയ്യുന്നു. അത് അവരുടെ കാര്യമാണ്. അതില്‍ ഇനി സിപിഎം പിന്തുണക്കുന്നുണ്ടോ, ബിജെപി പിന്തുണക്കുന്നുണ്ടോ എന്നതൊന്നും അവരെ അലട്ടുന്ന കാര്യമേയല്ല. അഞ്ചോ എട്ടോ സംഘടനകള്‍ മാത്രം കൂടി, ഇങ്ങനെയൊരു ഹര്‍ത്താല്‍ നടത്തിയേ പറ്റൂ എന്ന ഒരു വികാരമുണ്ടെന്ന് തോന്നിയ നേതൃത്വങ്ങള്‍ ചേര്‍ന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇത് എവിടെ വരെ എത്താന്‍ പറ്റും എന്നതൊന്നും അന്നത്തെ പ്രശ്‌നമായിരുന്നില്ല. പക്ഷെ ഇത് നടത്തിയേ പറ്റൂ എന്ന നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു. ആ നിലക്ക് കേരളത്തിലെ ദളിതരുടെ ചരിത്രത്തില്‍ വളരെ നിര്‍മായകമായ ഒരു ദിവസമായിരുന്നു അത്. കേരളത്തിലെ ദളിതര്‍ക്ക് മാത്രമല്ല, കേരളീയ സമൂഹത്തില്‍ തന്നെ പുതിയൊരു രാഷ്ട്രീയവും അധികാര പങ്കാളിത്ത രൂപവുമാണ് ഉണ്ടായി വന്നിരിക്കുന്നത്. കാലാകാലങ്ങളിലായി ദളിതര്‍, ആദിവാസികള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികളെപ്പോലുള്ള സമൂഹങ്ങള്‍, ഇവരെ മുഴുവന്‍ സമ്പത്തില്‍ നിന്നും അധികാരത്തില്‍ നിന്നും നിയമവത്കരിച്ച് പുറത്തുനിര്‍ത്തിക്കൊണ്ട് നില്‍ക്കുന്ന കാപട്യം നിറഞ്ഞ സമൂഹമാണ് കേരളം. ഇത്രയും അനീതി നിറഞ്ഞ ഒരു സമൂഹം ഇന്ത്യയിലുണ്ടാവില്ല. അതിന് ഒരറുതി വരാനുള്ള എല്ലാ ലക്ഷണങ്ങളും കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇനി കണക്ക് പറയാതെ മുന്നോട്ട് പോവാന്‍ പറ്റില്ല എന്നതാണ് സ്ഥിതി. അതുകൊണ്ട് ഇത് മുന്നോട്ട് പോയാല്‍ അക്ഷരാര്‍ഥത്തിലുള്ള ഒരു ജനാധിപത്യ കേരളം പിറവികൊള്ളും എന്ന പ്രതീക്ഷയാണ് അക്കാര്യത്തിലുള്ളത്.

(സണ്ണി എം കപിക്കാടുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)


Next Story

Related Stories