UPDATES

പാവങ്ങൾക്കായി ചികിത്സാസഹായം പിരിച്ച് തട്ടിപ്പ്: മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി ആരോഗ്യമന്ത്രി

സമൂഹമാധ്യമങ്ങളിലൂടെ സഹായ അഭ്യർത്ഥന നടത്തി പ്രവാസികളിൽ നിന്നടക്കം പണം പിരിച്ച് നടത്തുന്ന തട്ടിപ്പ് തുറന്നു കാട്ടപ്പെടേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ പാവപ്പെട്ടവരുടെ ചികിത്സയ്ക്കെന്നും മറ്റും പറഞ്ഞ് പണം പിരിച്ചെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ഈ സംഘത്തിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച കാര്യം മന്ത്രി വിശദീകരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ സഹായ അഭ്യർത്ഥന നടത്തി പ്രവാസികളിൽ നിന്നടക്കം പണം പിരിച്ച് നടത്തുന്ന തട്ടിപ്പ് തുറന്നു കാട്ടപ്പെടേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയെന്നും ശൈലജ ടീച്ചർ അറിയിച്ചു.

പിഞ്ചുകുഞ്ഞിന്റെ ചികിത്സാസഹായത്തിനു വേണ്ടി ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് ലഭിച്ച പണം സ്വന്തം ചാരിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഫിറോസ് കുന്നുംപറമ്പിൽ എന്നയാൾ ബാങ്ക് ഓഫ് ഇന്ത്യയുമായുണ്ടായ തർക്കം ചർച്ചയായതിനു പിന്നാലെയാണ് മന്ത്രിയുടെ നടപടി. ചികിത്സയ്ക്ക് ആവശ്യമായതിലധികം തുക ഫിറോസ് കുന്നുംപറമ്പിലിന്റെ അക്കൗണ്ടിലേക്ക് വന്നിരുന്നു. ഈ തുക തന്റെ പേരിലുള്ള ചാരിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റാനാണ് ഫിറോസ് ആവശ്യപ്പെട്ടത്. 10 ലക്ഷമാണ് ചികിത്സാച്ചെലവ് വന്നത്. അക്കൗണ്ടിലേക്ക് 1.15 കോടി രൂപ എത്തിയിരുന്നു. ബാക്കി തുക ഇപ്രകാരം നീക്കം ചെയ്യണമെങ്കിൽ ബാങ്കിന്റെ പ്രത്യേക അനുമതി വേണമെന്ന് ബാങ്ക് ഓഫ് ഇന്ത്യ ഒറ്റപ്പാലം ശാഖ നിലപാടെടുത്തു.

സംഭവം വിവാദമായതോടെ ഫിറോസിനെതിരെ സോഷ്യൽ മീഡിയയിൽ ആരോപണങ്ങളുയർന്നു.

ചാരിറ്റിക്ക് ലഭിച്ച പണം സ്വന്തം അക്കൗണ്ടിലേക്കോ?; ഫിറോസ് കുന്നുംപറമ്പില്‍ പറയുന്നു

ചികിത്സാസഹായം ആവശ്യമായവർക്കു വേണ്ടി സർക്കാർ ആരംഭിച്ചിട്ടുള്ള പദ്ധതികൾ കൂടി വിശദീകരിച്ചാണ് ആരോഗ്യമന്ത്രിയുടെ പോസ്റ്റ്. സർക്കാരിന്റെ ‘വി കെയർ’ പദ്ധതിയിലേക്ക് ജനങ്ങൾക്ക് സഹായം നൽകാവുന്നതാണെന്ന് അവർ വ്യക്തമാക്കി. സർക്കാരിന്റെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.

വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ് (http://www.socialsecuritymission.gov.in). വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട്‌നമ്പര്‍ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവര്‍ എസ്.ബി.അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകള്‍ നല്‍കാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോര്‍ഡറായും സംഭാവനകള്‍ നല്‍കാവുന്നതാണ്.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഓണ്‍ലൈന്‍ ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബഹു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സ ചെലവുകള്‍ ആവശ്യമായി വരുന്നവര്‍ക്കും സഹായം എത്തിക്കാനായാണ് സര്‍ക്കാര്‍ തന്നെ വി കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പാവപ്പെട്ട നിരവധി ആളുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്‍കി വരുന്നത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സന്മസുള്ളവര്‍ ധാരളമുണ്ട്. അവര്‍ സംഭാവന നല്‍കുന്ന തുക അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കാന്‍ വി കെയര്‍ സഹായിക്കുന്നതാണ്.

സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയര്‍ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്. ഈ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്. (http://www.socialsecuritymission.gov.in). വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട്‌നമ്പര്‍ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവര്‍ എസ്.ബി.അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകള്‍ നല്‍കാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോര്‍ഡറായും സംഭാവനകള്‍ നല്‍കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍