TopTop

'നവോത്ഥാനത്തില്‍ ഇത്രയേറെ മുന്നിലുള്ള മലയാളികള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല', ഗീത ഗോപി എംഎല്‍എ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ കെ.കെ ഷൈലജ ടീച്ചര്‍

നാട്ടിക എംഎല്‍എ ആയ ഗീത ഗോപി സമരം ചെയ്തിടത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ച് 'ശുദ്ധം' വരുത്തിയ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. സംഭവത്തില്‍ എംഎല്‍എ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഗീത ഗോപി എംഎല്‍ഇ ജനകീയമായി സമരം ചെയ്ത ഒരിടത്ത് ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പറഞ്ഞു.

"നവോത്ഥാനത്തില്‍ ഇത്രയേറെ മുന്നിലുള്ള മലയാളികള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇത്തരക്കാരുടെ രാഷ്ട്രീയ സംസ്‌കാരമാണ് ഇതിലൂടെ കാണിക്കുന്നത്. അയിത്ത മനസ് തിരിച്ചു വരുന്നതില്‍ ആശങ്കയുണ്ട്", ടീച്ചര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനാവശ്യപ്പെട്ട് ഗീതാ ഗോപി പഞ്ചായത്തംഗങ്ങള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഇടപെട്ട് അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ദളിത് സമുദായാംഗം കൂടിയായ ഗീതാ ഗോപി ഇരുന്നു പ്രതിഷേധിച്ചയിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാറും ചേര്‍ന്ന് ചാണക വെള്ളം തളിച്ചത്. ഇതിനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് ന്യായീകരിക്കുകയും ചെയ്തിരുന്നു.

നിയമസഭാ സാമാജികയായ തനിക്ക് ഇത്രയേറെ കടുത്ത ജാതീയത നേരിടേണ്ടിവരുന്നുണ്ടെങ്കില്‍, സാധാരണക്കാരായ പട്ടികജാതിക്കാര്‍ക്കു നേരെ എന്തു തരത്തിലുള്ള അതിക്രമങ്ങള്‍ക്കും ഇവര്‍ മടിക്കുകയില്ലെന്നും, അതിനെതിരായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഗീതാ ഗോപി എംഎല്‍എ അഴിമുഖത്തോട് പ്രതികരിച്ചു.

ഗീത ഗോപി എംഎല്‍എയുടെ പ്രതികരണം

നാട്ടിക നിയമസഭയെ കഴിഞ്ഞ എട്ടു വര്‍ഷമായി പ്രതിനിധീകരിക്കുന്നയാളാണ് ഞാന്‍. മണ്ഡലത്തിനകത്ത് ഒരുപാട് പൊതുവിഷയങ്ങളുണ്ട്. ഒരു സാമാജിക എന്ന നിലയില്‍ അതില്‍ ഇടപെടുന്നതും ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹരിക്കുന്നതും സാധാരണ വിഷയമാണ്. ഇന്നലെ നടന്നത് പക്ഷേ, അസ്വാഭാവികമായ കാര്യമായിരുന്നു. റോഡില്‍ അപകട സാധ്യത കാണുകയും, ജനങ്ങള്‍ പ്രതിഷേധിക്കുകയും അതിനു പരിഹാരമുണ്ടാക്കാന്‍ എംഎല്‍എ എന്ന നിലയില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിക്കേണ്ടിവരികയുമാണ് ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മെംബര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളമാണ് ഞാന്‍ സിവില്‍ സ്‌റ്റേഷനു മുന്നിലിരുന്നത്. അപ്പോള്‍ത്തന്നെ പ്രശ്‌നം മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെട്ട് പരിഹരിച്ചു. റോഡിലെ കുഴികളടച്ച് ഗതാഗത സൗകര്യം പുനസ്ഥാപിക്കാനുള്ള ഉറപ്പ് കിട്ടിയ ശേഷമാണ് ഞാന്‍ സമരം അവസാനിപ്പിച്ചത്. ഞാനും മെമ്പര്‍മാരും ഇരുന്നു പ്രതിഷേധിച്ച അതേയിടത്ത് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് ബക്കറ്റും ചാണകവും വെള്ളവുമായി അടിച്ചു കഴുകുന്ന രംഗമാണ് ഞാന്‍ പിന്നെ സമൂഹമാധ്യമങ്ങള്‍ വഴി കാണുന്നത്.


Next Story

Related Stories