TopTop
Begin typing your search above and press return to search.

അരിയും ആഹാര സാധനങ്ങളും തീരുന്നു; പുറംലോകവുമായി ബന്ധം മുറിഞ്ഞ് ഇടമലക്കുടിക്കാര്‍

അരിയും ആഹാര സാധനങ്ങളും തീരുന്നു; പുറംലോകവുമായി ബന്ധം മുറിഞ്ഞ് ഇടമലക്കുടിക്കാര്‍
തുടരുന്ന കനത്ത മഴയും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും ഇടുക്കിയിലെ ഇടമലക്കുടി ആദിവാസി ഊരുകളെ സാരമായി ബാധിക്കുന്നു. ആളപായം ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും പുറംലോകവുമായി ബന്ധമറ്റ് നില്‍ക്കുന്നതിനാല്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ തീരുമെന്ന ഭീതിയിലാണ് ഇവിടെയുള്ളവര്‍. മൂന്നാര്‍ ടൗണ്‍ പ്രളയ ദുരിതത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ഇവിടെ നിന്നും സഹായം എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനൊപ്പമാണ് മഴയില്‍ റോഡുകളും പാലങ്ങളും നടപ്പാതകളും തകര്‍ന്നുപോവുകയും മരങ്ങള്‍ വീണ് വഴിയടയുകയും ചെയ്തതോടെ ഇടമലക്കുടയില്‍ നിന്നും പുറത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയില്‍ ജനങ്ങള്‍ അകപ്പെട്ടത്. മഴ ഇപ്പോഴും തുടരുന്നതിനാല്‍ നിലവിലെ അവസ്ഥ കൂടുതല്‍ പ്രതികൂലമാകുമെന്നാണ് ഇവിടെയുള്ളവരുടെ പേടി. അങ്ങനെ വന്നാല്‍ ആഹാര സാധനങ്ങള്‍ ഇല്ലാതാകും അതോടെ എല്ലാവരും പട്ടിണിയിലാകുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു. ആശുപത്രി സഹായം കിട്ടാനും മൂന്നാറിലേക്കോ വാള്‍പ്പാറ വഴി തമിഴ്‌നാട്ടിലേക്കോ പോണം, അതിനുളള വഴിയും അടഞ്ഞു കിടക്കുകയാണ്. ചുരുക്കത്തില്‍ ആള്‍നാശം ഒന്നും സംഭവിക്കുന്നില്ലെങ്കിലും സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ ഇടമലക്കുടിക്കാര്‍ വലിയ ദുരന്തം നേരിടേണ്ടി വരും.

ഭയങ്കര മഴ തുടരുകയാണ്, ഇപ്പോഴും മഴ പെയ്യുന്നുണ്ട്. വലിയ കാറ്റും വീശിക്കൊണ്ടിരിക്കുന്നു. ഉരുളും പൊട്ടിയിട്ടുണ്ട്. റോഡുകളും പാലങ്ങളുമൊക്കെ തകര്‍ന്നു. കുടികളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയല്ലെങ്കിലും ഭക്ഷണ സാധനങ്ങള്‍ തീരുന്നതോടെ പ്രശ്‌നമാകും. സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ല. ടൗണിലേക്ക് പോകാന്‍ പറ്റുന്നില്ല. അവധിയായതിനാല്‍ കുടികളില്‍ നിന്നും പുറത്തു പോയി പഠിക്കുന്ന കുട്ടികളെയൊക്കെ ഊരിലേക്ക് കൊണ്ടുവരാനും കഴിയുന്നില്ല. മാതാപിതാക്കളൊക്കെ ആ ടെന്‍ഷനിലാണ്. കുട്ടികളും വീടുകളിലേക്ക് വരാന്‍ കഴിയാതെ ആകെ പരിഭ്രമിച്ചു നില്‍ക്കുകയാണ്. ഹോസ്റ്റലുകളില്‍ നില്‍ക്കുന്നവര്‍ അവിടെ തന്നെ സുരക്ഷിതരായി നില്‍ക്കട്ടെയെന്ന് ഞങ്ങള്‍ ചിലര്‍ പറയുന്നുണ്ടെങ്കിലും മിക്ക മാതാപിതാക്കളും അത് കേള്‍ക്കുന്നില്ല. മറ്റെല്ലാവരും അവധിയായതുകൊണ്ട് വീട്ടിലേക്ക് പോയെന്നും ഞങ്ങള്‍ മാത്രം ഇവിടെ നില്‍ക്കേണ്ടി വരുമെന്ന് പറഞ്ഞ് കുട്ടികളും കരച്ചിലാണ്. ഇതോടെ ചില മാതാപിതാക്കളൊക്കെ കുട്ടികളെ കൂട്ടിക്കൊണ്ടിവരാന്‍ കുടികളില്‍ നിന്നും പോയിട്ടുണ്ട്. അത് വലിയ റിസ്‌കാണെന്നു പറഞ്ഞിട്ടും അവര്‍ പോയി. പലരും നടന്നാണ് പോയിരിക്കുന്നത്. അവര്‍ എങ്ങനെ പോകുമെന്നോ കുട്ടികളുമായി തിരിച്ച് എങ്ങനെ വരുമെന്നോ അറിയില്ല. അതൊക്കെ ഞങ്ങളെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്
; ആണ്ടവന്‍കുടിയില്‍ താമസിക്കുന്ന ചന്ദ്രു ഇടമലക്കുടിയിലെ അവസ്ഥകള്‍ പറയുകയായിരുന്നു.

വീടുകളും മനുഷ്യരും സുരക്ഷിതരാണെങ്കിലും ഇടമലക്കുടിയിലെ അവസ്ഥ ആശങ്ക ജനിപ്പിക്കുന്നതു തന്നെയാണെന്നാണ് കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് പറയാനുള്ളത്. ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലാണ് താമസിക്കുന്നതെന്നതും വെള്ളപ്പൊക്കമോ ഉരുള്‍പ്പൊട്ടലോ മനുഷ്യവാസ സ്ഥലങ്ങളില്‍ സംഭവിച്ചിട്ടില്ലെന്നതും ആശ്വാസം നല്‍കുന്നുണ്ടെങ്കിലും പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ വരുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ആഹാരസാധനങ്ങള്‍ ലഭിക്കാതെ വന്നാല്‍ അതാണ് പ്രശ്‌നം.

26 സെറ്റില്‍മെന്റുകളാണ് ഇടമലക്കുടിയില്‍ ഉള്ളത്. മൂവായിരത്തോളം മനുഷ്യര്‍ ജീവിക്കുന്നു. ഇടലിപ്പാറ,സൊസൈറ്റിക്കുടി വരെയൊക്കെയാണ് വാഹനങ്ങള്‍ വരുന്നത്. ഇവിടെ നിന്നും മറ്റ് ഊരുകളിലേക്ക് കാട്ടിലൂടെയുള്ള വഴിയാണ്. കിലോമീറ്ററുകള്‍ നടക്കണം, മണിക്കൂറുകള്‍ എടുക്കും ഓരോ ഊരിലും എത്താന്‍. മരങ്ങള്‍ വീണും മണ്ണിടിഞ്ഞും ഈ വഴികളെല്ലാം അടഞ്ഞതോടെ ഊരുകള്‍ പരസ്പരം ബന്ധമില്ലാത്ത അവസ്ഥയായി. പാലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. കണ്ടത്തുപ്പടി, കാരത്തുപ്പടി തുടങ്ങിയ ഊരുകളുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ പാലം തകര്‍ന്നതായും വിവരം ഉണ്ട്. ഇടമലയാറിനോട് ചേര്‍ന്നുള്ള മുളകുതറ സെറ്റില്‍മെന്റ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഊരാണ്. മറ്റ് ഊരുകള്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്നില്ല. മുളകുതറയിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് കൃത്യമായി വിവരം ഇല്ല. വെള്ളം കയറിയിരിക്കാനാണ് സാധ്യത. ആളുകള്‍ സുരക്ഷിതരാണെന്ന് മറ്റുള്ള ഊരുകളില്‍ നിന്നും ലഭിക്കുന്ന വിവരം മാത്രമാണ്. മൂന്നാറില്‍ നിന്നും രാജമല വഴി വരുമ്പോഴുള്ള പെട്ടിമുടിയാലാണ് ഇടമലക്കുടയിലേക്കുള്ള അരിയും മറ്റ് ഭക്ഷണസാധനങ്ങളും എത്തിക്കുന്ന റേഷന്‍ ഡിപ്പോ. ഇവിടെയ്ക്കുള്ള വഴിയടഞ്ഞതോടെയാണ് സാധനങ്ങള്‍ സൊസൈറ്റിക്കുടിയിലുള്ള റേഷന്‍ കടയിലേക്ക് എത്തിക്കാന്‍ കഴിയാതെ വന്നിരിക്കുന്നത്. സൊസൈറ്റിക്കുടിയാണ് അവശ്യഭക്ഷണസാധനങ്ങള്‍വാങ്ങിക്കാന്‍ ഊരുകാരെല്ലാം ആശ്രയിക്കുന്നത്. നിലവിലുള്ള സാധനങ്ങള്‍ തീര്‍ന്നാല്‍ എന്തുചെയ്യുമെന്നാണ് ഇവരുടെ ആശങ്ക.

ഊരുള്‍പൊട്ടലില്‍ ആള്‍നാശം ഉണ്ടായില്ലെങ്കിലും വ്യാപക കൃഷിനാശം ഇടമലക്കുടിയില്‍ ഉണ്ടായിട്ടുണ്ട്. കൃഷിയാണ് ഇവരുടെ പ്രധാന ഉപജീവന മാര്‍ഗം. മിക്കവാറും എല്ലാവരും തന്നെ കൃഷി ചെയ്ത് ജീവിക്കുന്നവരാണ്. കനത്തമഴയില്‍ വെള്ളം പൊങ്ങിയും മണ്ണിടിഞ്ഞും ഉരുള്‍പ്പൊട്ടിയും തങ്ങളുടെ കൃഷിയെല്ലാം നശിച്ചെന്നാണ് ഇടമലക്കുടിക്കാര്‍ പറയുന്നക്. ഏക്കറുകണക്കിന് ഏലക്കൃഷി നശിച്ചിട്ടുണ്ട്. നാലിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. ഇത് നാലും കൃഷിയിടങ്ങളാണ്. ഇരിപ്പുകല്ലും മുളകുതറ പോകുന്നവഴിയും നെല്‍മണിക്കുടിയില്‍ രണ്ടിടത്തുമാണ് ഉരുള്‍പൊട്ടിയത്.
കൃഷി മൊത്തെം കൊണ്ടുപോയി. കൃഷിയുണ്ടായിരുന്നുവെന്നും പോലും അറിയാന്‍ കഴിയാത്തവിധം വെറും മണ്ണ് മാത്രമാണ് ഇപ്പോഴുള്ളത്
; ചന്ദ്രു പറയുന്നു.

കനത്ത മഴ തുടരുന്നതും മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതും ഇടമലക്കുടിയുടെ അവസ്ഥ ഗുരുതരമാക്കാനാണ് സാധ്യത. മഴക്കെടുതിയില്‍ ആളപായം നേരിട്ട് ഉണ്ടാകാന്‍ സാധ്യത വരുത്തില്ലെങ്കിലും ഭക്ഷണസാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ വലയാന്‍ സാധ്യത ഉണ്ട്. ഇത് മറികടന്ന് ഈ ജനങ്ങള്‍ക്ക് ആവശ്യമായ സഹായം എത്തിക്കണമെന്നാണ് അഭ്യര്‍ത്ഥന.

Next Story

Related Stories